ഫ്രാൻസിസ്ക്കൻ അൽമായ സഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരുമായി പാപ്പാ... ഫ്രാൻസിസ്ക്കൻ അൽമായ സഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരുമായി പാപ്പാ...  

അടുപ്പം, അനുകമ്പ, ആർദ്രതയിലേക്കുള്ളള വിളിയെ കുറിച്ച് ഫ്രാൻസിസ്ക്കൻ അൽമായ സഭാംഗങ്ങളോടു പാപ്പാ

റോമിലെ ഫ്രാൻസിസ്‌ക്ക൯ അൽമായ സഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്ത് കൊണ്ട് അവർക്ക് നീതിക്കുവേണ്ടി പോരാടാനും, അവിഭാജ്യമായ ഒരു പരിസ്ഥിതിശാസ്‌ത്രത്തിനായി പ്രവർത്തിക്കാനും, മിഷനറി പദ്ധതികളിൽ സഹകരിക്കാനും, സമാധാനത്തിന്റെ വിദഗ്ധരും ശ്രേഷ്ഠതയുടെ സാക്ഷികളാകാനും കഴിയുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വഴിയിൽ കണ്ടുമുട്ടുന്നവരോടു "ദൈവം നിങ്ങൾക്ക് സമാധാനം നൽകട്ടെ " എന്ന് ആശംസിക്കാറുണ്ടായിരുന്ന വിശുദ്ധ ഫ്രാൻസിസിന്റെ അഭിവാദ്യത്തോടെ ഞാനും നിങ്ങളെ അഭിവാദ്യം ചെയ്യുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. അവരെ സ്വാഗതം ചെയ്യുന്നതിലുള്ള തന്റെ സന്തോഷം പ്രകടിപ്പിച്ച പാപ്പാ അവരുടെ വിളിക്കും ദൗത്യത്തിനും അനുയോജ്യമായ ചില ഘടകങ്ങൾ അവരെ ഓർമ്മപ്പെടുത്തി.

വിശുദ്ധിയിലേക്കുള്ള സാർവ്വത്രിക വിളിയിൽ നിന്നാണ് അവരുടെ വിളി ജന്മമെടുത്തത് എന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 941 ഉദ്ധരിച്ചു കൊണ്ടു പാപ്പാ അവരെ അനുസ്മരിപ്പിച്ചു.

വിശുദ്ധ പോൾ ആറാമൻ പാപ്പാ അംഗീകരിച്ച അവരുടെ സഭയുടെ പൊതുവായ നിയമാവലിയും, നിയമങ്ങളും ആവശ്യപ്പെടുന്ന ഈ വിശുദ്ധിയിലേക്കാണ് ഫ്രാൻസിസ്ക്കൻ അൽമായ സഭാംഗങ്ങൾ എന്നു വിളിക്കപ്പെടുന്ന അവരുടെ വിളിയെന്നും പാപ്പാ പറഞ്ഞു.  ഈ വിശുദ്ധി ഹൃദയത്തിന്റെ പരിവർത്തനം ആവശ്യപ്പെടുന്നു. അത് വിശുദ്ധിയിൽ "നല്ലവനും, എല്ലാറ്റിലും നല്ലവനും, ഏറ്റവും നല്ലവനുമായ ഏക വിശുദ്ധനായവനാൽ  ആകർഷിക്കപ്പെടുകയും കീഴടക്കപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്തുകൊണ്ടാണ്" എന്ന് വി. ഫ്രാൻസിസ് അസ്സിസിയുടെ ഉന്നതനായ ദൈവത്തിനു സ്തുതി  എന്ന കൃതി ഉദ്ധരിച്ചു കൊണ്ട് പാപ്പാ അവരെ ഓർമ്മിപ്പിച്ചു. ഇതാണ് അവരെ യഥാർത്ഥ പശ്ചാത്താപമുള്ളവരാക്കുന്നത്, പാപ്പാ വ്യക്തമാക്കി.

മാനസാന്തരത്തെ കുറിച്ചും പാപ്പാ പങ്കുവച്ചു. മാനസാന്തരപ്രക്രയിൽ ദൈവമാണ് മുൻകൈയെടുക്കുന്നത് എന്ന് ചൂണ്ടി കാണിച്ച പാപ്പാ വി. ഫ്രാൻസിസിന്റെ മാനസാന്തരം അദ്ദേഹത്തെ കുഷ്ഠരോഗികളുടെ ഇടയിലേക്ക്  അയച്ചത് പോലെ നാം ഒരിക്കലും പോകാൻ ആഗ്രഹിക്കാത്ത ഇടങ്ങളിലേക്ക് നമ്മെ നയിക്കുമെന്നും പാപ്പാ പറഞ്ഞു.

പശ്ചാത്തപിക്കുന്നയാൾ മറ്റുള്ളവരുടെ സേവനത്തിനായി തന്നെത്തന്നെ നൽകുകയും അവരോടു കരുണ കാണിക്കുകയും ചെയ്തുകൊണ്ട് തന്റെ അനുതാപം വെളിപ്പെടുത്തുന്നു. അതിന്റെ ഫലമാകട്ടെ സന്തോഷവും: "എനിക്ക് കയ്പുള്ളതായി തോന്നിയത് ആത്മാവിന്റെയും ശരീരത്തീന്റെയും മധുരമായി മാറ്റി " എന്ന വി. ഫ്രാൻസിസ് അസ്സീസിയുടെ വചനം പാപ്പാ എടുത്തു പറഞ്ഞു.

പ്രായശ്ചിത്തം നിർവ്വഹിക്കുന്നതിനെ  പരിഹാര പ്രവർത്തികളുമായി ആശയ കുഴപ്പത്തിലാക്കരുത്. ഉപവാസം, ധർമ്മദാനം, ആശയടക്കം എന്നിവ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് തുറക്കാനുള്ള തീരുമാനത്തിന്റെ അനന്തരഫലങ്ങളാണ് അതിനാൽ ദൈവത്തോടു ഹൃദയം തുറക്കുക. വി. ഫ്രാൻസിസ് അസ്സിസിയുടെ ശൈലിയിൽ  സാധാരണ ജനങ്ങൾക്കിയിൽ ജീവിച്ച ക്രിസ്തുവിന് നിങ്ങളുടെ ഹൃദയത്തെ തുറക്കുക. ഫ്രാൻസിസ് "ക്രിസ്തുവിന്റെ കണ്ണാടി"യായിരുന്നത് പോലെ നിങ്ങളും "ക്രിസ്തുവിന്റെ കണ്ണാടികളായി" മാറുക. പാപ്പാ ഓർമ്മിപ്പിച്ചു.

ഫ്രാൻസിസ്‌ക്കാൻ സിദ്ധിയനുസരിച്ച് ഈ ലോകത്തിൽ ജീവിക്കാൻ പ്രതിജ്ഞാബദ്ധരായ സ്ത്രീ പുരുഷന്മാരാണ് ഫ്രാൻസിസ്ക്കൻ അൽമായ സഭാംഗങ്ങൾ എന്ന് പറഞ്ഞ പാപ്പാ ആ സിദ്ധി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വിശുദ്ധ സുവിശേഷം അനുഷ്ഠിക്കുന്നതിൽ അടിസ്ഥാനമായിരിക്കുന്നുവെന്നും സുവിശേഷത്തെ ജീവിതത്തിന്റെ  രൂപവും നിയമവുമായി കണക്കാക്കണമെന്നും പാപ്പാ  ആഹ്വാനം ചെയ്തു.

"നിങ്ങൾ പുറത്തേക്കിറങ്ങുന്ന  സഭയുടെ ഭാഗമാണ് " എന്ന് പറഞ്ഞ പാപ്പാ ഫ്രാൻസിസ്ക്കൻ അൽമായ സഭാംഗങ്ങൾ എന്ന അനന്യതയിൽ അവരുടെ പ്രിയപ്പെട്ട ഇടം ജനമധ്യത്തിലായിരിക്കണം. അവിടെ അൽമായർ, ബ്രഹ്മചാരികൾ - വിവാഹിതർ പുരോഹിതർ, മെത്രാന്മാർ എന്ന നിലയിൽ ഓരോർത്തരും അവരവരുടെ പ്രത്യേക വിളിയനുസരിച്ച് ലളിതമായ ജീവിതത്തോടെ കപടതയില്ലാതെ യേശുവിന് സാക്ഷ്യം നൽകണം. വിശുദ്ധ പ്രാൻസിസ് അസ്സീസിയും, അവരുടെ സഭാസമൂഹത്തിലെ അനേകം സ്ത്രീ പുരുഷന്മാരും അനുഷ്ഠിച്ചത് പോലെ എപ്പോഴും സംതൃപ്തിയോടെ ദരിദ്രനും ക്രൂശിതനുമായ ക്രിസ്തുവിനെ അനുഗമിക്കണം പാപ്പാ അവരോടു പറഞ്ഞു.

അസ്തിത്വപരമായ പ്രാന്തപ്രദേശങ്ങളിലേക്ക് ചെല്ലാനും അവിടെ സുവിശേഷത്തിന്റെ മാറ്റൊലിയാകാനും പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു. അടുപ്പം, അനുകമ്പ, ആർദ്രത എന്നിവ നിറഞ്ഞവരായിരിക്കണം അവർ എന്ന് ആവശ്യപ്പെട്ട പാപ്പാ പ്രത്യാശയുടെ സ്ത്രീ പുരുഷന്മാരും അൽമായ സഭയിൽ ജീവിക്കാൻ പ്രതിബദ്ധരും, എന്നാൽ അനുദിന ജീവിതത്തിൽ മൂർത്തമായ സാഹചര്യത്തിലേക്കും, മനുഷ്യബന്ധങ്ങളിലേക്കും, സാമൂഹീക, രാഷ്ട്രീയ പ്രതിബന്ധതയിലേക്കും പ്രത്യാശയുടെ  സംഘാടകരും, വിവർത്തകരും ആയിരിക്കണം. ഇന്നത്തെ വേദനയെ നിർമ്മൂലമാക്കുന്നത് വഴി നാളെ പ്രത്യാശയെ പരിപോഷിപ്പിക്കാനാകും.

ഓരോ അംഗത്തിന്റെയും വൈവിധ്യത്തെയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കുകയും മുഴുവൻ കുടുംബവും ഐക്യത്തോടെ നിലനിൽക്കുകയും ചെയ്യണം. എപ്പോഴും വളരെ പ്രാധാന്യമർഹിക്കുന്ന പരസ്പര കൂട്ടായ്മയിൽ പ്രവർത്തിച്ചു കൊണ്ട് എല്ലാവരും സഹോദരൻമാരാണെന്ന് അനുഭവമേകുന്ന ഒരു ലോകത്തെ സ്വപ്നം കാണുക. അത് കെട്ടിപ്പടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കുക. നീതിക്കുവേണ്ടി പോരാടാനും, സമഗ്രമായ ഒരു പരിസ്ഥിതിക്കായി പ്രവർത്തിക്കാനും, പ്രേഷിത പദ്ധതികളിൽ സഹകരിക്കാനും, സമാധാനത്തിന്റെ വിദഗ്ധരും  അഷ്ടസൗഭാഗ്യങ്ങളുടെ സാക്ഷികളാകാനും അവർക്ക് കഴിയട്ടെയെന്നും  പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 November 2021, 14:53