അപ്പത്തിന്റെ രൂപത്തിൽ ഒപ്പമായിരിക്കുന്ന ദിവ്യകാരുണ്യം. അപ്പത്തിന്റെ രൂപത്തിൽ ഒപ്പമായിരിക്കുന്ന ദിവ്യകാരുണ്യം. 

പാപ്പാ: അവഗണിക്കുമ്പോഴും അടുപ്പം കാണിക്കുന്ന ദൈവം

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 117 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

നാലാം അദ്ധ്യായം

മഹത്തായ ഒരു സന്ദേശം എല്ലാ യുവജനങ്ങൾക്കും.

നാലാമത്തെ അദ്ധ്യായം ആരംഭിക്കുന്നതുതന്നെ സ്നേഹമാകുന്ന ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്ന് യുവജനങ്ങൾക്ക് ഉറപ്പു നൽകിക്കൊണ്ടാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ ഹൃദയം നിറയ്ക്കുന്ന പരിശുദ്ധാത്മാവ്, നിങ്ങളുടെ (യുവജനങ്ങളുടെ) ജീവിതത്തിലേക്ക് ഒഴുകുകയാണെന്ന്  പാപ്പാ പറയുന്നു.

117.അവിടുന്ന് നിന്നോടു എന്തെങ്കിലും ചോദിക്കുമ്പോൾ അല്ലെങ്കിൽ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ നിയോഗിക്കുമ്പോൾ നിന്നെ മുന്നോട്ട് തള്ളാൻ, വളരാൻ നിന്നെ സഹായിക്കാൻ നീ അവിടുത്തെ അനുവദിക്കുമെന്ന് അവിടുന്ന് പ്രതീക്ഷിക്കുന്നു. നീ അവിടുത്തോടു ചോദ്യങ്ങൾ പങ്കുവയ്ക്കുമ്പോൾ അവിടുന്ന് പരിഭ്രമിക്കുന്നില്ല. നീ അവിടുത്തോടു മിണ്ടാത്തപ്പോഴും തുറവോടെ സംഭാഷണത്തിലേർപ്പെടാത്തപ്പോഴും അവിടുന്ന് നിന്നെക്കുറിച്ച് ആകുലപ്പെടുന്നു. യാക്കോബ് ദൈവവുമായി മൽപ്പിടുത്തം നടത്തിയെന്ന് ബൈബിൾ പറയുന്നു (cf.ഉൽപ്പ.32:25-31). പക്ഷേ അത് യാത്രതുടരുന്നതിന് തടസ്സമായില്ല. കർത്താവ് തന്നെ നമ്മെ ഇങ്ങനെ നിർബന്ധിക്കുന്നു: “വരുവിൻ നമുക്ക് രമ്യതപ്പെടാം” (ഏശ.1:18). അവിടുത്തെ സ്നേഹം യഥാർത്ഥവും സത്യസന്ധവും വസ്തുനിഷ്ഠവുമാണ്. അത് തുറവിന്റെ ബന്ധത്തിലേക്കും ഫലപൂർണ്ണമായ സംവാദത്തിലേക്കും നമ്മെ ക്ഷണിക്കുന്നു. ഭൂമിയിൽ ധീരതയോടെ സാക്ഷ്യം നൽകിയവരുടെ സ്നേഹപൂർണ്ണമായ മുഖത്ത് നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ അടുപ്പം അന്വേഷിക്കുക. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

ഇന്ന് നാം വിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ അവഗണിക്കുമ്പോഴും അടുപ്പം കാണിക്കുന്ന ദൈവസ്നേഹത്തെ കുറിച്ച് ഫ്രാൻസിസ് പാപ്പാ നമ്മോടു പങ്കുവയ്ക്കുന്നു. യേശുവുമായുള്ള കണ്ടുമുട്ടൽ മാറ്റിമറിച്ച ജീവിതങ്ങളുടെ ഒരു നീണ്ടനിരയാണ് കത്തോലിക്കാ സഭയിലുള്ളത്. യേശുവിന്റെ സ്നേഹപ്പുണരലിൽ മറ്റെല്ലാ തിരഞ്ഞെടുപ്പുകളും നിസ്സാരമായി കണ്ട ജീവിതങ്ങൾ. അവയിൽ നിന്ന് യുവതീയുവാക്കളായ കുറച്ച് ജീവിതോദാഹരണങ്ങൾ തിരഞ്ഞെടുത്ത് കഴിഞ്ഞ രണ്ടാം അദ്ധ്യായത്തിൽ ഫ്രാൻസിസ് പാപ്പാ നിരത്തി വച്ചിരുന്നു. ജന്മം കൊണ്ടും, സ്ഥാനം കൊണ്ടും, ധനം കൊണ്ടും സമൂഹത്തിന്റെ ഔന്നത്യങ്ങളിൽ വാണിരുന്നവർ മുതൽ പാവപ്പെട്ട, സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽപെട്ടവർ വരെ അക്കൂട്ടത്തിലുണ്ട്. പക്ഷേ അവരിൽ എല്ലാവരിലും ഉണ്ടായിരുന്ന ഒരേ ഒരു പൊതുവായ കാര്യം യേശു അനുഭവം മാത്രമായിരുന്നു. അത്തരം ഒരനുഭവം അവരെ അവരുടെ ജീവിതത്തിന്റെ തിരഞ്ഞെടുപ്പുകളിൽ എത്ര സ്വാധീനിച്ചു എന്ന് നമ്മെ കാണിച്ചുതന്നു.  അതിനുദാഹരണമായി യുവ വിശുദ്ധരായ വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ ഫ്രാൻസിസ് അസീസി, വിശുദ്ധ ജൊവാൻ ഓഫ് ആർക്ക്, വാഴ്ത്തപ്പെട്ട ആൻഡ്രൂ ഫു യെൻ, വിശുദ്ധ ഡൊമിനിക് സാവിയോ, ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ തുടങ്ങീ നിരവധി പേരുടെ ജീവിതത്തെ പാപ്പാ ഇന്നത്തെ യുവജനങ്ങളുടെ  മാതൃകയാക്കി.   ഇവരൊക്കെ ദൈവ സ്നേഹത്തിന്റെ ആഴത്തിൽ തങ്ങളുടെ ജീവിത വലകളെ ഇറക്കിയവരാണ്.  അങ്ങനെ ചെയ്യാ൯ ഇവരെ പ്രേരിപ്പിച്ച ഘടകം സ്നേഹം മാത്രമായിരുന്നു.

സ്നേഹത്തെ  കുറിച്ച് ഫാ. ബോബി ജോസ് പറയുന്നത്;

“സ്നേഹമെന്നാൽ  ഉപാധികളില്ലാതെയാകണം.

ഉപാധികൾ ഉള്ളതിന് പേര് വെറുമിഷ്ടം

നീയിങ്ങനെയാൽ എനിക്കിഷ്ടമെന്നോ,

ഞാനങ്ങനെയായാൽ ഇഷ്ടപ്പെട്ടേക്കുമെന്ന് ഓരോ

ഉപാധികൾ വെയ്ക്കുമ്പോഴതു വെറും ഇഷ്ടമായ് മാറുന്നു. തിരികെയൊന്നും കിട്ടാനില്ലെന്നറിഞ്ഞിട്ടും ചേർത്തു നിർത്തുന്നതാണ് സ്നേഹം.”

ദൈവ സ്നേഹത്തെ കുറിച്ച്  വചന വിചിന്തനം നൽകിയ ഒരവസരത്തിൽ പാപ്പാ  ഇങ്ങനെ ഉദ്ബോധിപ്പിച്ചതോർക്കുന്നു. ദൈവത്തിന്റെ സ്നേഹത്തിന് ഒരു പേരും മുഖവുമുണ്ട്. അത് യേശുവാണ്. ദൈവത്തോടുള്ള സ്നേഹം യേശുവിൽ പ്രകടമാണ്. നമ്മുടെ ഇടയിലെ പിതാവിന്റെ ദാനമാണ് യേശു. മറ്റെല്ലാറ്റിനും മൂല്യവും ഭംഗിയും നൽകുന്ന സ്നേഹമാണത്; നമ്മുടെ കുടുംബത്തിനും, സൗഹൃദത്തിനും,തൊഴിലിനും, പഠനത്തിനും,കലയ്ക്കും, മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ശക്തി നൽകുന്ന സ്നേഹം. നിഷേധാത്മകമായ അനുഭവങ്ങൾക്ക് പോലും ഈ സ്നേഹം അർത്ഥം നൽകുന്നു. കാരണം ഈ അനുഭവങ്ങൾക്കപ്പുറത്തേക്ക് പോകാനും തിന്മയുടെ തടവുകാരായി തുടരാതിരിക്കാനും ഈ സ്നേഹം നമ്മെ അനുവദിക്കുന്നു. എല്ലായ്പ്പോഴും പ്രതീക്ഷയുടെ വാതിലുകൾ  നമുക്കായി തുറന്നു തരുന്നു. യേശുവിലുള്ള ദൈവസ്നേഹം എപ്പോഴും നമ്മെ പ്രത്യാശയിലേക്കും നമ്മുടെ തീർത്ഥാടനത്തിന്റെ അവസാന ചക്രവാളത്തിലേക്കും നയിക്കുന്നു. ഈ സ്നേഹത്തിൽ നമ്മുടെ അദ്ധ്വാനങ്ങളും, വിജയങ്ങളും പരാജയങ്ങളും അർത്ഥം കണ്ടെത്തുന്നു. നമ്മുടെ പാപങ്ങൾക്കു പോലും ദൈവസ്നേഹത്തിൽ അർത്ഥം കണ്ടെത്തുന്നു. കാരണം യേശുക്രിസ്തുവിലുള്ള ഈ ദൈവസ്നേഹം എപ്പോഴും നമ്മോടു ക്ഷമിക്കുന്നു. അവൻ നമ്മെ വളരെയധികം സ്നേഹിക്കുന്നു, അവൻ എപ്പോഴും നമ്മോടു ക്ഷമിക്കുന്നു.

ദൈവ സ്നേഹത്തിന്റെ മാധുര്യം അനുഭവിച്ച ഒരു വ്യക്തിക്കും ഒരിക്കലും ആ സ്നേഹത്തിൽ നിന്നും പിന്നീട് അകന്നു നിൽക്കാൻ, വിട്ടു പോകാൻ കഴിയുകയില്ല. നമ്മുടെ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടുതന്നെ നമ്മുടെ തിരിച്ചുവരവിനായി കാത്തിരുന്നും അതിനുള്ള സാഹചര്യങ്ങൾ ഒരുക്കിയും നമ്മെ തന്നിലേക്ക് ചേർക്കാൻ മടിക്കാത്ത സ്നേഹമാണ് ദൈവത്തിന്റേത്.  ദേവാലയങ്ങളിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന സക്രാരിയിൽ  അപ്പത്തിന്റെ രൂപത്തിൽ ജീവിക്കുന്ന ദൈവത്തിന്റെ മുന്നിൽ ചെന്നിരുന്നാൽ മാത്രമല്ല അവൻ നമ്മുടെ വിളിക്കു ഉത്തരം നൽകുന്നത്.  നാം എവിടെ നിന്ന്, എപ്പോൾ  വിളിച്ചാലും അവിടുന്നു നമ്മുടെ അരികിലെത്തും. കാരണം അവിടുന്ന് നമ്മോടു പറയുന്നുണ്ട്. നിന്നെ കുറിച്ച് എനിക്കു കരുതലുണ്ട്. നിനക്കു വേണ്ടി ഞാൻ ഉറങ്ങുകയില്ല മയങ്ങുകയില്ല. നീ എവിടെ ചെന്നാലും നിന്റെ കൂട്ടിനു ഞാനുണ്ടാകും. മരണത്തിന്റെ ഇരുൾ വീണ താഴ്വാരത്തിലൂടെ  സഞ്ചരിക്കേണ്ടി വന്നാലും നീ ഭയപ്പെടേണ്ട. നിന്റെ കൂടെ നിന്നെ ശക്തിപ്പെടുത്തുന്ന ദൈവമുണ്ട്. പഴയ നിയമത്തിൽ മനുഷ്യരിലൂടെ വെളിപ്പെടുത്തപ്പെട്ടെ ദൈവ സ്നേഹം പുതിയ നിയമത്തിൽ മനുഷ്യനായി തന്നെ അവതരിച്ചു തന്റെ സ്നേഹത്തെ വെളിപ്പെടുത്തി. അത് കൊണ്ടാണ് പാപ്പാ  ഓരോ യുവജനത്തെയും ദൈവം വ്യക്തിപരമായി വ്യവസ്ഥകൾ ഇല്ലാതെ സ്നേഹിക്കുന്നുവെന്നു പറയുന്നത്.

ദൈവ സ്നേഹത്തിന്റെ അനവധി മുഖങ്ങളെ എന്തുകൊണ്ടാണ് പാപ്പാ വരച്ചുകാണിക്കുന്നത്?  പ്രത്യേകിച്ച് യുവജനങ്ങളോടു പാപ്പാ ഈ സ്നേഹത്തെ കുറിച്ച് ആവർത്തിച്ച് പങ്കുവയ്ക്കന്നത് എന്തിനാണ്? എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കാനല്ല. ജീവിതത്തിൽ നാം അനുഭവിച്ചു പഠിക്കേണ്ട സത്യമാണ് ദൈവസ്നേഹം എന്നോർമ്മിപ്പിക്കാനാണ്. ആ സ്നേഹം അനുഭവിച്ചാൽ മാത്രമേ സഭയുടെ ഹൃദയത്തിൽ മക്കളായിരിക്കുന്ന യുവജനങ്ങളിലൂടെ ദൈവത്തെ അവന്റെ സ്നേഹത്തെ പങ്കു വയ്ക്കാൻ കഴിയുകയുള്ളൂ. പ്രായത്തിലും ജ്ഞാനത്തിലും മനുഷ്യ പ്രീതിയിലും വളർന്ന ബാലനാണ് എല്ലാ ചെറുപ്പക്കാരുടെയും മാതൃകയായി കുരിശിൽ കിടന്ന് മറ്റുള്ളവരുടെ ജീവിതത്തിന്റെ മീതേ പ്രകാശം പരത്താൻ സ്വജീവൻ അർപ്പിച്ചത്.  ആ സ്നേഹാനുഭവത്തിന്റെ സമ്പന്നതയിൽ നിന്ന് നമുക്ക് എല്ലാം നൽകാൻ ഒരു ദൈവം കാത്തിരിക്കുന്നു. ലോകത്തിന്റെ സന്തോഷങ്ങളിൽ സ്വയം നഷ്ടപ്പെടാതെ ദൈവത്തിന്റെ നിത്യമായ സ്നേഹം അനുഭവിക്കാൻ നമുക്ക് മടങ്ങി പോകാം.

"സ്നേഹം നിന്നെ വിളിക്കുമ്പോൾ അവനെ അനുഗമിക്കുക; അതിന്റെ വഴികൾ കഠിനമാണെങ്കിലും...സ്നേഹത്തിന്റെ ചിറകുകൾ നിന്നെ പൊതിയുമ്പോൾ അതിന് വഴങ്ങുക... അതിന്റെ ഇടയില്‍ മറഞ്ഞിരിക്കുന്ന വാൾ മുനകൾ നിന്നെ മുറിപ്പെടുത്തിയാലും ... വടക്കൻ കാറ്റ് പൂന്തോട്ടത്തെ നശിപ്പിക്കുന്നത് പോലെ നിന്റെ സ്വപ്നങ്ങളെ തകർക്കുമെങ്കിലും സ്നേഹം നിന്നോടു സംസാരിക്കുമ്പോൾ വിശ്വസിക്കുക... സ്നേഹം നിന്നെ കുരിശിലേറ്റുന്നത് പോലെ നിന്നെ കിരീടമണിയിക്കുക തന്നെ ചെയ്യും. നിന്റെ വളർച്ചയെ പ്രതി നിന്നെ വെട്ടിയൊരുക്കും. സ്നേഹം സ്നേഹത്തിൽ നിന്ന് സ്നേഹമല്ലാതെ മറ്റൊന്നും നൽകുന്നില്ല. സ്നേഹം സ്നേഹത്തിന് പര്യാപ്തമാണ്. മദ്ധ്യാഹ്നത്തിൽ വിശ്രമിക്കുകയും സ്നേഹത്തിന്റെ നിർവൃതിയെ ധ്യാനിക്കുകയും ചെയ്യുക. നിന്റെ സ്നേഹിതന് വേണ്ടി ഹൃദയത്തിൽ പ്രാർത്ഥിക്കുക. അധരത്തിൽ സ്തുതിഗീതവുമായി നിദ്രചെയ്യുക" (ഖലിൽ ജിബ്രാൻ).

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2021, 09:05