ബയോ മെഡിക്കൽ യൂണിവേഴ്സിറ്റി കാമ്പസ്സിലെ ബയോ മെഡിക്കൽ ഫൗണ്ടേഷന്റെ  60 അംഗങ്ങൾ പാപ്പായുമായി കുടികാഴ്ച്ചയിൽ പാപ്പാ... ബയോ മെഡിക്കൽ യൂണിവേഴ്സിറ്റി കാമ്പസ്സിലെ ബയോ മെഡിക്കൽ ഫൗണ്ടേഷന്റെ 60 അംഗങ്ങൾ പാപ്പായുമായി കുടികാഴ്ച്ചയിൽ പാപ്പാ...  

പാപ്പാ: രോഗത്തിനും ലാഭത്തിനു മേലെയായിരിക്കണം രോഗിയുടെ അന്തസ്സ്

റോമിലെ ക്യാമ്പസ് ബയോ മെഡിക്കൽ സർവ്വകലാശാല ആശുപത്രിയിൽ നിന്നുള്ള പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും ആരോഗ്യ പരിരക്ഷണത്തെക്കുറിച്ചുള്ള ക്രൈസ്തവ സമീപനത്തെക്കുറിച്ചും സംസാരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഒരു ജീവിതവും തള്ളിക്കളയത്തക്ക വിധം അയോഗ്യമായതും ലാഭത്തിനായി ഇരയാക്കപ്പെടേണ്ടതുമല്ല എന്ന് സാക്ഷ്യപ്പെടുത്താൻ കത്തോലിക്കരായ ആരോഗ്യപരിപാലകരോടു ബഹിർമുഖരും  പുറത്തേക്ക് കടക്കുന്നവരുമായിരിക്കാൻ തിങ്കളാഴ്ച പാപ്പാ ആഹ്വാനം ചെയ്തു. എല്ലാ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും, പ്രത്യേകിച്ച് ക്രൈസ്തവ ചൈതന്യമുള്ളവ, വ്യക്തികളിൽ കേന്ദ്രീകരിക്കുന്നവയായിരിക്കണം. അവിടെ  ഡോക്ടർമാരേയും രോഗികളെയും മാത്രമല്ല കാണുന്നതെന്നും  പരസ്പരം സ്വാഗതം ചെയ്യുകയും സഹായിക്കുകയും ചെയ്യുന്നവരെയാണ് കാണുന്നതെന്ന് പറയാൻ കഴിയണം. മനുഷ്യാന്തസ്സിന്റെ ചികിൽസ നിങ്ങൾക്കനുഭവിക്കാൻ കഴിയണം എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തന്റെ ഈ വീക്ഷണം കാമ്പസ് ബയോ മെഡിക്കോ യൂണിവേഴ്സിറ്റി ആശുപത്രിയുടെ പ്രതിനിധികളാടായാണ് പാപ്പാ പറഞ്ഞത്.

ഓപ്പൂസ് ദേയിയിലെ സ്പാനീഷ് മെത്രാനും ദൈവദാസനുമായ അൽവാരോ ദെൽ പൊർത്തില്ലോയുടെ പ്രചോദനത്തിൽ 1993 ൽ സ്ഥാപിതമായതാണ് ഈ കത്തോലിക്കാ സ്ഥാപനം. ദൈവദാസനായ ദെൽ പൊർത്തില്ലോ രോഗത്തേക്കാൾ രോഗിയെ മുൻനിറുത്താൻ അവരെ പ്രോൽസാഹിപ്പിച്ചിരുന്നു എന്ന് ഫ്രാൻസിസ് പാപ്പാ അവരെ ചൂണ്ടിക്കാണിച്ചു. ഇത് എല്ലാ വൈദ്യശാഖകളിലും ആവശ്യവും സമഗ്രവും മാനുഷീകവുമായ  ചികിൽസയിൽ അടിസ്ഥാനപരവുമാണെന്ന് പാപ്പാ അറിയിച്ചു.

ശാസ്ത്രവും ഗവേഷണവും

വൈദ്യശാസ്ത്രത്തിൽ  ശാസ്ത്രത്തിനും ഗവേഷണങ്ങൾക്കുമുള്ള പ്രാധാന്യം അടിവരയിട്ടു കൊണ്ട് " ശാസ്ത്രമില്ലാതെയുള്ള പരിചരണം വ്യർത്ഥമാണ്, അതേ പോലെ പരിചരണമില്ലാത്ത ശാസ്ത്രം വന്ധ്യവും" എന്ന് പാപ്പാ പറഞ്ഞു. ശാസ്ത്രവും ഗവേഷണവും ഒരുമിച്ച്,  വൈദ്യശാസ്ത്രത്തെ തലയും ഹൃദയവും, അറിവും അലിവും, പ്രൊഫഷണലിസവും ദയയും, കഴിവും സഹാനുഭൂതിയും  ഉൾപ്പെടുന്ന ഒരു കലയാക്കുന്നു. ഗവേഷണത്തിന്റെ മാനുഷീക വികസനത്തെ അനുകൂലിക്കുന്ന കാമ്പസ് ബയോ മെഡിക്കോ യൂണിവേഴ്സി ആശുപത്രിക്ക്  പാപ്പാ നന്ദി പറഞ്ഞു.  രോഗികളുടെയും പ്രായമായവരുടേയും  ആരോഗ്യ പരിരക്ഷണത്തിന് മേലെ ലാഭമുണ്ടാക്കാനുള്ള പ്രലോഭനത്തെക്കുറിച്ച് പരിതപിച്ച പാപ്പാ രോഗികൾക്കും മുതിർന്നവർക്കും ആരോഗ്യ പരിരക്ഷണം ഒരാവശ്യമാണെന്നും കാരണം പുതിയ രോഗങ്ങളും അസൗകര്യങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണെനും അറിയിച്ചു.  സർവ്വകലാശാലാ പഠനത്തിന് സാമ്പത്തിക സഹായം നൽകുന്ന കാമ്പസിനെ പാപ്പാ അഭിനന്ദിച്ചു. കൂടാതെ അവർ നടത്തുന്ന കോവിഡ്  സെന്റർ, അത്യാഹിത സംവിധാനം, മരണാസന്നർക്കായുള്ള അഭയകേന്ദ്രം(hospice) എന്നിവയേയും പാപ്പാ എടുത്തു പറഞ്ഞു.

പരസ്പര ബന്ധമുള്ള ശ്രുംഖല

ഈ പരിശ്രമങ്ങളെല്ലാം ഒരുമിച്ചു വേണം ചെയ്യാൻ എന്ന് പറഞ്ഞ പാപ്പാ മഹാമാരി പരസ്പരം കണ്ണി ചേരേണ്ടതിന്റെയും, സഹകരിക്കേണ്ടതിന്റെയും പൊതു പ്രശ്നങ്ങൾ ഒരുമിച്ച് അഭിമുഖീകരിക്കേണ്ടതിന്റെയും ആവശ്യകതയ്ക്ക് അടിവരയിട്ടു എന്നും ഓർമ്മിപ്പിച്ചു. കത്തോലിക്കാ ആരോഗ്യപരിപാലനം പ്രത്യേകം ശ്രുംഖല തീർക്കണമെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. ഉപവിക്ക് ഒരു സമ്മാനം വേണം: അറിവും കഴിവും ശാസ്ത്രവും പങ്കിടണം എന്ന് പാപ്പാ പറഞ്ഞു.

മൂലകാരണങ്ങൾ കൈകാര്യം ചെയ്യണം

ശാസ്ത്രവും അതിന്റെ ഉൽപ്പന്നങ്ങളും മാത്രം വാഗ്ദാനം ചെയ്യുന്നത് തിന്മ ഒരു ബാൻഡ് എയ്ഡുപോലെയാണ് അവിടെ ആഴത്തിലുള്ള ചികിൽസ നടക്കുന്നില്ല. ഉദാഹരണത്തിന് വാക്സിനുകളെക്കുറിച്ച് ഇത് സത്യമാണ്, കുറവുള്ള രാജ്യങ്ങളെ സഹായിക്കേണ്ടത് അടിയന്തിരമാണ് എന്നാൽ അത് ദീർഘവീക്ഷണത്തോടെയാവണം. അല്ലാതെ സമ്പന്നരാഷ്ട്രങ്ങൾക്ക് സുരക്ഷമായിരിക്കാനുള്ള തിടുക്കം കൊണ്ടാവരുതെന്നും പാപ്പാ പറഞ്ഞു. പരിഹാരങ്ങൾ അന്തസ്സോടെയാവണം വിതരണം ചെയ്യണ്ടത് അല്ലാതെ ദയനീയ കൈനീട്ടമായല്ല. ഈ പാതയിൽ തുടരാനും സാമിപ്യവും അനുകമ്പയും ആവശ്യമുള്ളിടത്ത് പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങൾക്കും ആശ്ചര്യങ്ങൾക്കും തുറവുള്ളവരായിരിക്കാൻ അവരെ പ്രോൽസാഹിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 October 2021, 15:10