ഫ്രാൻസീസ് പാപ്പാ ജനകീയ പ്രസ്ഥാനങ്ങളുടെ നാലാം ആഗോള സംഗമത്തിൻറെ രണ്ടാം ഘട്ടത്തിൽ വീഡിയൊ സന്ദേശവുമായി ഫ്രാൻസീസ് പാപ്പാ ജനകീയ പ്രസ്ഥാനങ്ങളുടെ നാലാം ആഗോള സംഗമത്തിൻറെ രണ്ടാം ഘട്ടത്തിൽ വീഡിയൊ സന്ദേശവുമായി 

സർക്കാരുകളും രാഷ്ട്രീയ നേതാക്കളും ജനസേവകരാകുക, പാപ്പാ!

സർക്കാരുകളും എല്ലാ രാഷ്ട്രീയ നേതക്കാളും സാമ്പത്തികമായി മുന്നോക്കം നില്ക്കുന്നവർക്കു വേണ്ടി മാത്രം നിലകൊള്ളാതെ, മണ്ണിനും തൊഴിലിനും പാർപ്പിടത്തിനും നല്ലൊരു ജീവിതത്തിനും വേണ്ടി യാചിക്കുന്ന ജനങ്ങളുടെ സേവകരാകണമെന്ന് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജനകീയ പ്രസ്ഥാനങ്ങൾ “സാമൂഹ്യ കവികൾ” ആണെന്ന് മാർപ്പാപ്പാ.

ജനകീയ പ്രസ്ഥാനങ്ങളുടെ നാലാം ആഗോള സംഗമത്തിൻറെ രണ്ടാം ഘട്ടത്തിൽ  ശനിയാഴ്‌ച (16/10/21) നല്കിയ ഒരു വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ വിശേഷണം നല്കിയിരിക്കുന്നത്. ത്സൂം (Zoom) വിനിമയ മാദ്ധ്യമത്തിലൂടെയുള്ള ഈ സമാഗമത്തിൽ പാപ്പാ ഈ വീഡിയൊ സന്ദേശത്തിലൂടെ തൻറെ സാന്നിധ്യം അറിയിച്ചു. തെക്ക്, വടക്ക്, മദ്ധ്യ അമേരിക്കകൾ, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ എന്നീ ഭൂപ്രദേശങ്ങളിൽ നിന്നുള്ള ജനകീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ ഈ സമാഗമത്തിൽ പങ്കുചേർന്നു.

വലിച്ചെറിയലും പുറന്തള്ളലും കാണപ്പെടുന്നവിടെ പ്രത്യാശ ഉളവാക്കാനുള്ള കഴിവും ധൈര്യവും ഈ പ്രസ്ഥാനങ്ങൾക്കുണ്ട് എന്നതാണ് ഈ വിശേഷണത്തിന് അവയെ അർഹമാക്കുന്നതെന്ന് പാപ്പാ വിശദീകരിക്കുന്നു. കവിത എന്നാൽ രചനാത്മകതയാണെന്നും ജനകീയ പ്രസ്ഥാനങ്ങൾ പ്രത്യാശയ്ക്ക് ജന്മമേകുന്നുവെന്നും പാപ്പാ പറയുന്നു.

മണ്ണ്, ഭവനം, തൊഴിൽ, പരിചരണം സമൂഹം എന്നിവ ഉപയോഗിച്ച് ഓരോരുത്തരുടെയും കുടുംബങ്ങളുടെയും സമൂഹം മുഴുവൻറെയും അന്തസ്സ് എങ്ങനെ വാർത്തെടുക്കാമെന്ന് ഈ പ്രസ്ഥാനങ്ങളുടെ കരങ്ങൾക്ക് അറിയാമെന്ന തൻറെ ബോധ്യം പാപ്പാ പ്രകടിപ്പിക്കുന്നു. പുറന്തള്ളലുകളിലും അസമത്വങ്ങളിലും വലിച്ചറിയലിലും നിസ്സംഗതയിലും തുടരാനൊ അവയിൽ അധിഷ്ടിതമായ ഒരു ഭാവി കെട്ടിപ്പടുക്കാനൊ വിധിക്കപ്പെട്ടവരല്ല നമ്മൾ എന്ന ഓർമ്മപ്പെടുത്തലാണ് ജനകീയ പ്രസ്ഥാനങ്ങളെ കാണുമ്പോൾ ഉണ്ടാകുന്നതെന്ന് പാപ്പാ പറയുന്നു.

ഉപരി നീതിയും ഐക്യദാർഢ്യവും സാഹോദര്യവും വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിനു വേണ്ടി യത്നിക്കാൻ പാപ്പാ വീഡിയൊ സന്ദേശത്തിലൂടെ ലോക നേതാക്കളെ, സർക്കാരുകളെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ദരിദ്രനാടുകളുടെ കടങ്ങൾ എഴുതിത്തള്ളാനും ആയുധങ്ങൾ നിരോധിക്കാനും ഉപരോധങ്ങളും ആക്രമങ്ങളും അവസാനിപ്പിക്കാനും എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാക്കുന്നതിന് കുത്തിവയ്പ്പൗഷധത്തിൻറെ നിർമ്മാണാവകാശം ഉദാരവത്ക്കരിക്കാനും പാപ്പാ ആവശ്യപ്പെടുന്നു.

സർക്കാരുകളും എല്ലാ രാഷ്ട്രീയ നേതക്കാളും സാമ്പത്തികമായി മുന്നോക്കം നില്ക്കുന്നവർക്കു വേണ്ടി മാത്രം നിലകൊള്ളാതെ, മണ്ണിനും തൊഴിലിനും പാർപ്പിടത്തിനും നല്ലൊരു ജീവിതത്തിനും വേണ്ടി യാചിക്കുന്ന ജനങ്ങളുടെ സേവകരാകണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. അതു പോലെ തന്നെ യുദ്ധങ്ങൾക്കൊ രാജ്യത്തെ അട്ടിമറിക്കുന്നതിനൊ ഒരിക്കലും ദൈവനാമം ഉപയോഗിക്കരുതെന്ന് പാപ്പാ മതനേതാക്കളെ ഉപദേശിക്കുന്നു. സ്നേഹത്തിൻറെ സേതുബന്ധം തീർക്കുകയാണ് വേണ്ടതെന്ന് പാപ്പാ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 October 2021, 12:49