സൗഹൃദം വളർത്താൻ ആഹ്വാനം - ഫയൽ ചിത്രം സൗഹൃദം വളർത്താൻ ആഹ്വാനം - ഫയൽ ചിത്രം 

പരസ്പരസംഭാഷണങ്ങളുടെയും സൗഹൃദത്തിന്റെയും ശില്പികളാകുക

ജൂലൈ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

എല്ലാത്തരം ധ്രുവീകരങ്ങളിൽനിന്നും പുറത്തുവരാനും, തിന്മ മാത്രം വിതയ്ക്കുന്ന സാമൂഹിക ശത്രുതകളിൽനിന്നും രക്ഷപ്പെടാനും ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം.

ജൂലൈ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗം നൽകിയ വീഡിയോ സന്ദേശത്തിലാണ്, കൂടുതൽ തുറവിയുള്ള മനുഷ്യനാകാൻ പാപ്പാ ജനങ്ങളെ ക്ഷണിച്ചത്.

ഒരു സുഹൃത്തിനെ കണ്ടെത്തുന്ന ഏതൊരാളും ഒരു നിധിയാണ് കണ്ടെത്തുന്നതെന്ന് ബൈബിൾ പറയുന്നു എന്ന് ഓർമിപ്പിച്ച ഫ്രാൻസിസ് പാപ്പാ, തങ്ങളുടെ ചെറിയ സുഹൃദ്വലയങ്ങളിൽനിന്ന് പുറത്തു വരാനും, സമൂഹത്തിലെ നല്ല സഹവർത്തിത്വത്തിന് ആവശ്യമായ സാമൂഹിക സൗഹൃദം വളർത്തിയെടുക്കാനും എല്ലാവരോടും നിർദ്ദേശിക്കുന്നു.

ഏറ്റവും ദരിദ്രരും ദുർബലരുമായി, പ്രത്യേകിച്ച് സമൂഹത്തിന്റെ താഴ്ത്തട്ടിൽ  ജീവിക്കുന്നവരുമായി സമയം പങ്കിടാനും. പരിഹാരങ്ങൾ നൽകാതെ, ഒന്നിനും പരിഹാരം കണ്ടെത്താൻ സഹായിക്കാത്ത ചിന്തകൾ പങ്കുവച്ച്, ജനങ്ങളുടെ വേദനയെ ചൂഷണം ചെയ്യുന്ന കപടജനകീയതകളിൽ നിന്ന് ഒഴിഞ്ഞുമാറാനും ആദ്ദേഹം ഉത്ബോധിപ്പിക്കുന്നു.

അധികാരനാടകത്തിന്റെ ഭാഗമായി, തങ്ങൾക്കുതന്നെ പിന്നീട് ഇല്ലായ്മചെയ്യാനായി, സ്വയം ശത്രുക്കളെ സൃഷ്ടിക്കുന്ന ആളുകൾ സമൂഹത്തിലും, രാഷ്ട്രീയത്തിലും, മാധ്യമങ്ങളിലും ഉള്ളപ്പോൾ, സാമൂഹികസൗഹൃദം വളർത്തിയെടുക്കുക എളുപ്പമല്ലെന്നും ഫ്രാൻസിസ് പാപ്പാ എടുത്തുപറഞ്ഞു.

പരസ്പരസംഭാഷണം, പൊതുനന്മ കെട്ടിപ്പടുക്കാനും, യാഥാർഥ്യങ്ങളെ പുതിയ രീതിയിൽ നോക്കിക്കാണാനും, സഹായിക്കുമെന്നും, സംഘർഷപരമായ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ, പരസ്പരചർച്ചകളുടെയും സൗഹൃദത്തിന്റെയും, ധൈര്യവും  അഭിനിവേശവുമുള്ള വാസ്തുശില്പികളാകാനും, സഹായമനസ്കതയുള്ള സ്ത്രീപുരുഷന്മാരായിരിക്കാനും ഒപ്പം ഇനിയും ലോകത്ത് ശത്രുതയ്ക്കും യുദ്ധത്തിനും ഇടമില്ലാതിരിക്കുവാനും വേണ്ടി പ്രാർത്ഥിക്കുവാനും മാർപാപ്പാ എല്ലാവരെയും തന്റെ സന്ദേശത്തിലൂടെ ക്ഷണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 July 2021, 13:15