ഫ്രാൻസിസ് പപ്പാ സീറോമലബാർ മെത്രാൻസംഘത്തോടൊപ്പം - ഫയൽ ചിത്രം ഫ്രാൻസിസ് പപ്പാ സീറോമലബാർ മെത്രാൻസംഘത്തോടൊപ്പം - ഫയൽ ചിത്രം 

സീറോമലബാർ സഭയ്ക്ക് മാർപാപ്പായുടെ കത്ത്

ഏകീകൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ ഉദ്ബോധിപ്പിച്ച് സീറോമലബാർ സഭയോട് മാർപ്പാപ്പ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധ കുർബാനയുടെ ഏകീകൃതരീതിയിലുള്ള അർപ്പണത്തെ സംബന്ധിച്ചുള്ള തീരുമാനം എടുത്തുപറഞ്ഞ് സഭയുടെ നന്മ ലക്ഷ്യമാക്കി പെരുമാറാൻ എല്ലാ സീറോമലബാർ സഭാങ്ങളോടും മാർപ്പാപ്പാ ഉത്ബോധിപ്പിച്ചു.  “ഏകീകൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനായി, 1999 ൽ സിറോ-മലബാർ സഭയിലെ ബിഷപ്പുമാരുടെ സിനഡ് ഏകകണ്ഠമായി എത്തിച്ചേരുകയും, തുടർ വർഷങ്ങളിൽ ആവർത്തിച്ച് അംഗീകരിക്കുകയും ചെയ്ത തീരുമാനത്തെ, മുഴുവൻ സഭാഗാത്രത്തിന്റെയും സ്ഥിരതയിലേക്കും സഭാ കൂട്ടായ്മയിലേക്കുമുള്ള ഒരു പ്രധാന ചവിട്ടുപടിയായി കണക്കാക്കി,  പ്രത്യേക അംഗീകാരത്തോടും പ്രോത്സാഹനത്തോടും കൂടി പരിശുദ്ധ സിംഹാസനം പരിഗണിക്കുന്നു” എന്ന് തുടങ്ങിയ കത്തിലൂടെയാണ് സീറോമലബാർ സഭയിലെ എല്ലാ മെത്രാന്മാരെയും പുരോഹിതരെയും സമർപ്പിതരെയും അത്മായരെയും ഫ്രാൻസിസ് പാപ്പാ അഭിസംബോധന ചെയ്തത്.

ഇങ്ങനെ ഒരു തീരുമാനം "തന്റെ മുൻഗാമിയായ വിശുദ്ധ ജോൺ പോൾ രണ്ടാമന് സീറോമലബാർ സഭയെക്കുറിച്ച് സന്തോഷകരമായ ആത്മവിശ്വാസം നൽകിയിരുന്നു" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഭയിൽ വലിയ രീതിയിൽ ഐക്യത്തിന്റെ പാത തുറക്കാൻ ഏകീകൃത വിശുദ്ധകുർബാനയർപ്പണത്തിന് സാധിച്ചിട്ടുണ്ടെന്ന് എഴുതിയ ഫ്രാൻസിസ് പാപ്പാ, വിശുദ്ധ ബലിയർപ്പണത്തിനായി അംഗീകരിക്കപ്പെട്ട പുതിയ ആരാധനാക്രമമാനദണ്ഡങ്ങൾക്ക് സഭാധികാരികൾ തുടർച്ചയായി നൽകിയ അംഗീകാരം, മിഷനറി രൂപതകളിൽ, സുവിശേഷവത്ക്കരണം പോലെ  നല്ല രീതിയിലുള്ള ഫലങ്ങൾ ഉളവാക്കിയിട്ടുണ്ട് എന്നും രേഖപ്പെടുത്തി.

സഭയുടെ വർദ്ധിച്ച നന്മയ്ക്കും ഒത്തൊരുമയ്ക്കുമായി ഏകീകൃതമായ രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം ഉടനടി നടപ്പിലാക്കുവാൻ എല്ലാ വൈദികരെയും, സമർപ്പിതരെയും, അല്മായരെയും ആഹ്വാനം ചെയ്ത പാപ്പാ, പുതിയ റാസ കുർബാന തക്‌സയെ അംഗീകരിച്ച സിനഡിന്റെ തീരുമാനം നടപ്പാക്കാൻ നിങ്ങൾ പരിശ്രമിക്കുമ്പോൾ, പരിശുദ്ധാത്മാവ് നിങ്ങളുടെ സഭയിലെ എല്ലാ അംഗങ്ങളിലും ചേർച്ചയും, സാഹോദര്യവും, ഐക്യവും വളർത്തട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

എല്ലാവരെയും വാഴ്ത്തപ്പെട്ട കന്യാമറിയത്തിന്റെയും പരിശുദ്ധ പാത്രിയർക്കീസ് വിശുദ്ധ ജോസഫിന്റെയും അപ്പസ്തോലനായ വിശുദ്ധ തോമസിന്റെയും മധ്യസ്ഥതയിലേക്ക് ഏൽപ്പിക്കുന്നു എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പാ എല്ലാവര്ക്കും തന്റെ ശ്ലൈഹീക ആശീർവാദം നൽകുകയും, തനിക്കായി പ്രാർത്ഥിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

2021 ജൂലൈ മൂന്നാം തീയതി, വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാൾ ദിനത്തിലാണ് അദ്ദേഹം സീറോമലബാർ സഭയിലെ എല്ലാവരെയും അഭിസംബോധന കത്തെഴുതിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 July 2021, 08:17