ഇമാം ഹുസൈൻ ആശുപത്രിയിലെ അപകടത്തിൽനിന്ന് - ഫയൽ ചിത്രം ഇമാം ഹുസൈൻ ആശുപത്രിയിലെ അപകടത്തിൽനിന്ന് - ഫയൽ ചിത്രം 

നസ്സീറിയ: തീപിടുത്തത്തിൽപ്പെട്ടവർക്ക് പാപ്പായയുടെ സന്ദേശം

നാസിരിയയിലെ "ഇമാം ഹുസൈൻ" ആശുപത്രിയിൽ തിങ്കളാഴ്ച ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പായുടെ ടെലിഗ്രാം സന്ദേശം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇറാഖിലെ നസ്സീറിയയിലുള്ള ഇമാം ഹുസ്സൈൻ ആശുപത്രിയിൽ ഇന്നലെയുണ്ടായ തീപിടുത്തത്തിൽ മരിച്ച ആളുകളുടെ കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കുമാണ് മാർപാപ്പാ സന്ദേശമയച്ചത്. ആശുപത്രിയിലെ കോവിഡ് ഐസോലേഷൻ വാർഡിൽ ഉണ്ടായ ഈ ദാരുണമായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ പാപ്പാ, ഇമാം ഹുസ്സൈൻ ആശുപത്രിയിലെ എല്ലാ രോഗികൾക്കും, അവിടുത്തെ സ്റ്റാഫിനും, പരിചരണം നല്കുന്നവർക്കും, ദൈവാനുഗ്രഹത്താൽ ആശ്വസവും ശക്തിയും സമാധാനവും ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ഫ്രാൻസിസ് പാപ്പായുടെ പേരിൽ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രോ പരോളിൻ (Cardinal Pietro Parolin) ഒപ്പിട്ട്, ഇറാഖിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ്പ് മിത്തിയ ലെസ്‌കോവാറിനയച്ച (Archbishop Mitja Leskovar) സന്ദേശത്തിലൂടെയാണ് പാപ്പാ തന്റെ ദുഃഖം അറിയിച്ചത്.

അപകടത്തിൽ ഏതാണ്ട് 90 പേരോളം മരണമടഞ്ഞതായും, നൂറിലേറെപ്പേർക്ക് പരിക്കേറ്റതായും ആണ് പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബാഗ്ദാദിൽ നടന്ന സമാനമായ സംഭവത്തിൽ എൺപതോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 July 2021, 09:01