ഒളിമ്പിക്സ് വളയം... ഒളിമ്പിക്സ് വളയം... 

സാഹോദര്യമാണ് ഏറ്റവും വിലയേറിയ മെഡൽ

കായികവിനോദത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കി അലെസ്സാന്ദ്രോ ഗിസോട്ടി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ടോക്കിയോ പകർച്ചവ്യാധിയുടെ നിഴലിൽ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്നു. ജനങ്ങൾക്കിടയിൽ ഐക്യം വളർത്താനുള്ള മാർഗ്ഗമാണ് കായീക വിനോദമെന്നാണ് കായികവിനോദത്തെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രബോധനങ്ങൾ കാണിക്കുന്നത്. 

ടോക്കിയോ ഒളിമ്പിക്സിനെ ചിലർ ഇതിനകം തന്നെ  "സങ്കടകരമായ ഒളിമ്പിക്സ്" എന്ന് വിളിച്ചു കഴിഞ്ഞു. കോവിഡ്-19 ന്റെ വ്യാപനം ഒഴിവാക്കുന്നതിന്, സ്റ്റേഡിയങ്ങളിൽ കാണികൾ ഉണ്ടാകില്ലെന്ന് അധികാരികൾ തീരുമാനിച്ചിരിക്കുന്നു. അത്ലറ്റുകൾ തമ്മിലുള്ള ആലിംഗനം അനുവദിക്കുകയില്ല, ഒളിമ്പ്യൻമാർ സമ്പർക്കം ഒഴിവാക്കാൻ മെഡലുകൾ സ്വയം  കഴുത്തിൽ അണിയേണ്ടിവരും. പകർച്ചവ്യാധി കാരണം മാറ്റിവച്ച, ലോകത്തിലെ ഏറ്റം പ്രധാന കായിക മത്സരങ്ങൾ അരങ്ങേറുന്ന ഒളിമ്പിക്സ് ഒരു വർഷത്തിനുശേഷം, സന്തോഷവും സങ്കടവും, അഭിമാനവും ആശങ്കയും നിറഞ്ഞ വിരുദ്ധവികാരങ്ങളോടെ അനുഭവിക്കാൻ ജപ്പാൻ തയ്യാറെടുക്കുകയാണ്. എന്നിരുന്നാലും, കർശനമായ കോവിഡ് വിരുദ്ധ നടപടികൾ കാരണം "ആദ്യത്തേത്" എന്ന് വിളിക്കാവുന്ന ഈ ഒളിമ്പിക്സിൽ, ഒരുപക്ഷേ അതിന്റെ അഞ്ച് പ്രതീകാത്മകമായി കെട്ടുപിണഞ്ഞ വളയങ്ങളും അതിൽ അടങ്ങിയിരിക്കുന്ന ജനതകൾ തമ്മിലുള്ള സാഹോദര്യമനോഭാവവും കൂടുതൽ പരിപൂർണ്ണതയോടെ ഉയർന്നുവരും. നാം എല്ലാവരും "ഒരേ തോണിയിൽ" എന്ന് തിരിച്ചറിയുകയും നിരവധി ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുകയും, ഇനിയും പ്രവചിക്കാനാവാത്ത പ്രത്യാഘാതങ്ങളുള്ള ഈ കാലഘട്ടത്തിന്റെ അപ്രതീക്ഷിത മാറ്റങ്ങളുടെ ഈ കാലത്ത് ഈ സന്ദേശം തീർച്ചയായും ആവശ്യമാണ്.

യുവജനങ്ങൾക്ക് അറിവു പകർന്നു കൊടുക്കാൻ കായിക വിനോദത്തിനുള്ള കഴിവ് ഫ്രാൻസിസ് പാപ്പാ ആവർത്തിച്ച് അടിവരയിട്ടുള്ള കാര്യമാണ്. "ഒരാളെ ശരിയായ വഴിയിൽ കൊണ്ടുവന്നെത്തിക്കാനും" കളികളിൽ സത്യസന്ധതയോടെ  നേടേണ്ട യോഗ്യതയെക്കുറിച്ചും, ഒരു  തോൽവി നൽകുന്ന മൂല്യത്തെക്കുറിച്ചും ഫ്രാൻസിസ് പാപ്പാ ആശുപത്രിയിലായിരുന്ന അവസരത്തിൽ പോലും സംസാരിച്ചിരുന്നു. ജീവിതത്തിലും കായിക വിനോദത്തിലും ഒരു വ്യക്തിയുടെ മാഹാത്മ്യം കൂടുതൽ വ്യക്തമാകുന്നത് അയാളുടെ വിജയ നിമിഷത്തേക്കാൾ വീഴ്ചയുടെ നേരത്താണെന്നാണ് പാപ്പാ വ്യക്തമാക്കിയത്. ഇറ്റലിയിലെ "ഗത്സെറ്റാ ദെല്ലോ സ്പ്പോർട്ട് " എന്ന പത്രത്തിന് ഈ കൊല്ലം തുടക്കത്തിൽ നൽകിയ അഭിമുഖത്തിൽ "വിജയം നമുക്ക് വിശദീകരിക്കാനാവാത്ത ഒരു പുളകം തരും, എന്നാൽ തോൽവിയിലും ചില അതിശയങ്ങളുണ്ട്. ചില തോൽവികളിൽ നിന്ന് അത്ഭുതകരമായ വിജയങ്ങൾ പിറക്കാറുണ്ട് കാരണം നിന്റെ  തെറ്റുകൾ തിരിച്ചറിഞ്ഞു രക്ഷപ്പെടാനുള്ള ആഗ്രഹത്തെ അത് തുറന്നു വിടുന്നു. അതു കൊണ്ട് ഞാൻ പറയും വിജയികൾക്കു നഷ്ടമാകുന്നതെന്തെന്ന് അവർക്ക് അറിയില്ലെന്ന് " പാപ്പാ അഭിമുഖത്തിൽ വിശദീകരിച്ചു. സ്പെഷ്യൽ ഒളിമ്പിക്കിനെത്തിയ താരങ്ങളെ ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചതു പോലെ എല്ലാത്തരത്തിലുള്ള വിള്ളലുകളാലും ധൃവീകരണങ്ങളാലും അടയാളപ്പെടുത്തപ്പെട്ട ഈ സമയത്ത് കായിക വിനോദം പാപ്പായെ സംബന്ധിച്ചിടത്തോളം സാംസ്കാരിക, സാമൂഹീക, മത, ശാരീരിക വൈവിധ്യങ്ങളെ മറികടന്ന്, ജനതകളെ ഒരുമിപ്പിച്ച് ഒരേ വിനോദത്തിൽ പങ്കെടുപ്പിച്ച് വിജയത്തിലും പരാജയത്തിലും നായകരാക്കാൻ കഴിവുള്ള സാർവ്വലൗകീക ഭാഷയാണ്.

ഇക്കഴിഞ്ഞ യൂറോപ്യൻ ഫുട്ബോൾ മൽസരങ്ങളിലും, കോപ്പ അമേരിക്കയിലും, ചാട്ട ഓട്ട കായീക മത്സരങ്ങളിലും (track and Field) പ്രകടമാക്കിയതുപോലെ വിജയത്തിനാവശ്യമായ ഒരു ഊർജ്ജവും കായിക താരങ്ങൾ ഒഴിവാക്കിക്കില്ല. 2016ലെ റിയോ ഡി ജനീരൊ ഒളിമ്പിക്സിന് ശേഷമുള്ള നീണ്ട കാത്തിരിപ്പും മൽസരത്തിന്റെ  ഉൽസാഹം കൂട്ടുന്നു. കായിക വിനോദത്തിന്റെ  സാമൂഹിക വശത്തെക്കുറിച്ചുള്ള തന്റെ  മതിപ്പ് പ്രകടിപ്പിച്ചിട്ടുള്ള ഫ്രാൻസിസ് പാപ്പായ്ക്ക് മൽസര മനസ്ഥിതിയും തങ്ങളുടെ വ്യക്തിപരമായ പരിമിതികൾ മറികടക്കാനുള്ള തൃഷ്ണയുമാണ്  പ്രൊഫഷണൽ കായീക തലത്തിലുള്ളതെന്ന് നല്ലവണ്ണം അറിയാം. "പരിശ്രമത്തിലൂടെയും പരിശീലനത്തിലൂടെയും എത്രമാത്രം തങ്ങളുടെ വ്യക്തിപരമായ പരിമിതികൾ മറികടക്കാൻ ഒരാൾക്ക് കഴിയുമെന്ന് കാണിക്കാൻ അഗാധമായ സമർപ്പണവും ത്യാഗവും ആവശ്യമാ" ണെന്നും “ഇതെല്ലാം ഒരു ജീവിത പാഠമാണ് നിങ്ങളുടെ സമകാലീനരിൽ  രൂപവൽക്കരിക്കുന്ന”തെന്നും 2018ൽ ഇറ്റാലിയൻ നീന്തൽക്കാരോട് സംസാരിക്കവേ പാപ്പാ പറഞ്ഞിട്ടുണ്ട്.

ഇവിടെയാണ്  ടോക്കിയോ ഒളിമ്പിക്സിന് പരിമിതികൾ മറികടന്നും ബലഹീനതകൾ പങ്കുവച്ചും മൽസരത്തിന്റെ  പിരിമുറുക്കങ്ങളും ഐക്യത്തിന്റെ  ചൈതന്യവും ഒരുമിപ്പിക്കാൻ കഴിയുമെന്ന പ്രത്യാശ. ഇന്ന് എന്നത്തേക്കാളും ഓരോ ഒളിമ്പിക് താരത്തിന്റെയും സ്വപ്നവും ലക്ഷ്യവും ഒരു സ്വർണ്ണ മെഡൽ  നേടുക എന്നതു മാത്രല്ല മറിച്ച് എല്ലാവരും ഒരുമിച്ച് മാനവ സാഹോദര്യത്തിന്റെ  മെഡൽ  നേടുക എന്നതാണ് വെല്ലുവിളി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 July 2021, 15:37