തെക്കൻ സുഡാനിലെ കുട്ടികൾ... തെക്കൻ സുഡാനിലെ കുട്ടികൾ... 

പാപ്പാ:സംവാദങ്ങളും അനുരഞ്ജനവുമാണ് ആവശ്യം

തെക്കൻ ആഫ്രിക്കയിലെ ഇസ്വാതിനി പ്രവിശ്യയിലെ അക്രമണങ്ങളെകുറിച്ച് ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ തന്റെ അഭ്യർത്ഥന മുന്നോട്ടുവച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ആഴ്ചകളായി ഇന്റർനെറ്റ് തടയുകയും പ്രകടനക്കാർക്കെതിരെ കർഫ്യൂ ഏർപ്പെടുത്തുകയും  ചെയ്ത മ്സ്വാതി മൂന്നാമൻ ചക്രവർത്തിക്കെതിരെ സമരവും അക്രമങ്ങളും അരങ്ങേറുകയാണ്. സമരക്കാർക്കെതിരെ ചക്രവർത്തി  സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. തീയെ തീ കൊണ്ട് പ്രതിരോധിക്കുന്നത് രാജ്യത്തെ ചാരമാക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് മൺസീനി മെത്രാനായ പോൺചെ ദെ ലെയോൺ പറഞ്ഞു

മെയ് മാസത്തിൽ   ആരംഭിച്ച സംഘർഷം

35 കൊല്ലമായി രാജ്യം ഭരിക്കുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മ്സ്വാതി മൂന്നാമനെതിരെ നടക്കുന്ന ശക്തമായ പ്രതിഷേധത്തിന് തുടക്കം കുറിച്ചത് നിയമ വിദ്യാർത്ഥിയായ  തബാനി ൻകോമോൻയെ (Thabani Nkomonye) യുടെ  കൊലപാതകമാണ്. പോലീസുകാരാണ് കൊലപാതകത്തിന്റെ ഉത്തരവദികളായി കരുതപ്പെടുന്നത്.  മേയ് മാസത്തിലാരംഭിച്ച പ്രതിഷേധം 2019 ൽ നടന്ന പ്രകടനങ്ങളേക്കാൾ വിപുലമായതോടെ ജൂൺ മാസാവസാനം മുതൽ അടിച്ചമർത്തൽ ആരംഭിച്ചു. ഇന്റർനെറ്റ് തടഞ്ഞും, കർഫ്യൂ പ്രഖ്യാപിച്ചും സൈന്യത്തെ വിന്യസിച്ചും രാജാവ് പ്രകടനക്കാരെ അടിച്ചമർത്താനാരംഭിച്ചു. സംഘട്ടനങ്ങളിൽ പത്തു പേരോളം കൊല്ലപ്പെടുകയും അനേകർക്ക് പരിക്കേൽക്കുകയും  ചെയ്തതായി പ്രതിപക്ഷ ശക്തികളും പ്രകടനക്കാരും ആരോപിച്ചു. എന്നാൽ ഇക്കാര്യം അധികാരികൾ നിഷേധിച്ചിട്ടുണ്ട്.

സംവാദമാണ് ഏക പോംവഴി എന്ന്  രാജ്യത്തെ മെത്രാൻ

രാജ്യത്തെ ഏക രൂപതയായ മൻസീനിയിലെ മെത്രാൻ ഹൊസെ ലൂയിസ്  പോൺചെ ദെ ലെയോൺ ശാന്തരാകാനും സംവാദത്തിലേർപ്പെടാനും അടിയന്തിര അഭ്യർത്ഥന നടത്തി. പ്രതിഷേധത്തിന്റെ കാരണങ്ങൾ അംഗീകരിക്കുന്നെങ്കിലും പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കാനുള്ള ഏക മാർഗ്ഗം എല്ലാ കക്ഷികളും ഉൾപ്പെട്ട ഒരു തുറന്ന സംവാദമാണെന്ന് അദ്ദേഹം ആവർത്തിച്ചു. അപരന്റെ വീക്ഷണങ്ങളെ ബഹുമാനിക്കാൻ വേണ്ട കഴിവിനെ മുൻകൂട്ടി കാണുന്ന ആധികാരികമായ സാമൂഹീക സംവാദത്തിൽ നിയമാനുസൃതമായ ബോധ്യങ്ങളും താല്പര്യങ്ങളും അടങ്ങിയിരിക്കുന്നു എന്ന് ഫ്രത്തേല്ലി തൂത്തി എന്ന ചാക്രീകലേഖനത്തിൽ ഫ്രാൻസിസ് പാപ്പാ എഴുതിയ വരികളെ ഉദ്ധരിച്ചു കൊണ്ടാണ് മോൺസിഞ്ഞോർ തന്റെ അഭിപ്രായങ്ങൾ അറിയിച്ചത്.

രാഷ്ട്രത്തിന്റെ ദാരിദ്ര്യം

വെറും പത്തു ലക്ഷത്തിലധികം നിവാസികളുള്ള ഇസ്വാതിനി വളരെ ദരിദ്രമായ സംസ്ഥാനമാണ്. ഇവിടത്തെ പ്രതിവർഷ വരുമാനം മുവായ്യായിരം ഡോളറും ആയുർദൈർഘ്യം 49 വർഷത്തിൽ താഴെയുമാണ്.  ലോകത്തിൽ ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികളുള്ളയിടവും കൂടിയാണിവിടം. അസംതൃപ്തരായ ജനങ്ങളിൽ പ്രത്യേകിച്ച് യുവജനങ്ങളുടെയിടയിൽ കുറെ വർഷങ്ങളായി രാഷ്ട്രീയ സ്വാതന്ത്ര്യവും, തൊഴിലും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട് അധികാരം നിർവ്വഹിക്കുന്ന പ്രധാനമന്ത്രിയും വേണമെന്ന ആവശ്യങ്ങൾ ഉയർന്നു വരുന്നു. വ്യാപകമായ അഴിമതികൾ ഈ വികാരങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. ജനങ്ങൾ ദുരിതത്തിൽ ജീവിക്കുമ്പോൾ ചക്രവർത്തിയുടെ ആഡംബര ജീവിതവും പലപ്പോഴും വിമർശനങ്ങൾക്കിടം നൽകുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 July 2021, 19:05