ഫ്രാന്‍സീസ് പാപ്പാ പ്രതിവാരപൊതുദര്‍ശനം അനുവദിക്കുന്നതിനെത്തുന്നു, വത്തിക്കാനില്‍ വിശുദ്ധ ദാമസ് പാപ്പായുടെ നാമത്തിലുള്ള ചത്വരത്തില്‍, 09/06/2021, ബുധന്‍ ഫ്രാന്‍സീസ് പാപ്പാ പ്രതിവാരപൊതുദര്‍ശനം അനുവദിക്കുന്നതിനെത്തുന്നു, വത്തിക്കാനില്‍ വിശുദ്ധ ദാമസ് പാപ്പായുടെ നാമത്തിലുള്ള ചത്വരത്തില്‍, 09/06/2021, ബുധന്‍ 

പ്രാര്‍ത്ഥനയില്‍ പുലര്‍ത്തേണ്ട സ്ഥൈര്യം!

ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാരപൊതുദര്‍ശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഈ ബുധനാഴ്ചയും (09/06/2021) വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാരപൊതുദര്‍ശന പരിപാടിയുടെ വേദി വത്തിക്കാന്‍ നഗരത്തില്‍ ഉള്ളിലേക്കു മാറിയുള്ള, വിശുദ്ധ ദാമസ് പാപ്പായുടെ നാമത്തിലുള്ള അങ്കണമായിരുന്നു. വിവിധ ഭാഷാക്കാരായിരുന്ന നിരവധിപ്പേ‍‍ര്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. അവിടെ എത്തിയ പാപ്പായെ ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ  വരവേറ്റു. ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ ഏതാണ്ട് 09.30 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തദ്ദനന്തരം ജനങ്ങളെ സംബോധനചെയ്ത പാപ്പാ, പ്രാര്‍ത്ഥനയെ അധികരിച്ചുള്ള തന്‍റെ വിചിന്തനം തുടര്‍ന്നു. പ്രാര്‍ത്ഥനയില്‍ പുലര്‍ത്തേണ്ട സ്ഥൈര്യം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് അവലംബം.

ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ പരിഭാഷ:

നിരന്തര പ്രാര്‍ത്ഥന

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

പ്രാർത്ഥനയെ അധികരിച്ചുള്ള പ്രബോധന പരമ്പരയുടെ ഈ ഉപാന്ത്യഭാഗത്ത്   നാം പ്രതിപാദിക്കുക പ്രാർത്ഥനയിലുണ്ടായിരിക്കേണ്ട സ്ഥൈര്യത്തെക്കുറിച്ചാണ്. തിരുലിഖിതത്തില്‍ നിന്നു വരുന്ന ഒരു ക്ഷണമാണ് ഇത്, അതിലുപരി ഒരു കൽപ്പനയാണ്. റഷ്യൻ തീർത്ഥാടകന്‍ ആത്മീയ യാത്ര ആരംഭിക്കുന്നത് വിശുദ്ധ പൗലോസ് തെസലോണിക്കാക്കാര്‍ക്കെഴുതിയ ഒന്നാം ലേഖനത്തിലെ ഒരു വാചകം കാണുന്നതോടെയാണ്: "ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍" (5:17-18). അപ്പസ്തോലന്‍റെ വാക്കുകള്‍ ആ മനുഷ്യനെ സ്വാധീനിക്കുന്നു, നിരന്തരം പ്രാർത്ഥിക്കാന്‍ സാധിക്കുന്നത് എങ്ങനെ എന്ന് അയാള്‍ ചിന്തിക്കുന്നു, കാരണം നമ്മുടെ ജീവിതം പല വ്യത്യസ്ത നിമിഷങ്ങളിലായി  ചിതറിക്കിടക്കുന്നു, ആകയാല്‍  അത് എല്ലായ്പ്പോഴും ഏകാഗ്രത പാലിക്കുക എന്നത് സാധ്യമാക്കുന്നില്ല. ഈ ചോദ്യത്തിൽ നിന്നാണ് അദ്ദേഹം അന്വേഷണം ആരംഭിക്കുന്നത്. അത് അവനെ ഹൃദയത്തിന്‍റെ പ്രാർത്ഥന കണ്ടെത്തുന്നതിലേക്കു നയിക്കുന്നു. "ദൈവപുത്രനായ കർത്താവായ യേശുക്രിസ്തുവേ, പാപിയായ എന്നോട് കരുണ കാണിക്കണമേ!" എന്ന് വിശ്വാസത്തോടെ ആവര്‍ത്തിക്കുന്നതില്‍ അടങ്ങിയിരിക്കുന്നു ആ പ്രാ‍ര്‍ത്ഥന. ഇത് നിങ്ങള്‍ കേട്ടല്ലൊ അല്ലേ? വളരെ ലളിതവും എന്നാല്‍ സുന്ദരവുമായ പ്രാര്‍ത്ഥനയാണിത്. പടിപടിയായി ശ്വാസോച്ഛ്വാസത്തിന്‍റെ താളവുമായി പൊരുത്തപ്പെടുകയും ദിവസം മുഴുവനിലേക്കും വ്യാപിക്കുകയും ചെയ്യുന്ന ഒരു പ്രാർത്ഥന. ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുക. വാസ്തവത്തിൽ, ശ്വാസം ഒരിക്കലും അവസാനിക്കുന്നില്ല, നമ്മള്‍  ഉറങ്ങുമ്പോള്‍ പോലും; പ്രാർത്ഥന ജീവിതത്തിന്‍റെ  പ്രാണവായുവാണ്.

ഇടവിടാതുള്ള പ്രാര്‍ത്ഥന സാധ്യമാണോ?

അങ്ങനെയെങ്കിൽ, നിന്തരം പ്രാർത്ഥനാവസ്ഥ നിലനിർത്താൻ എങ്ങനെ കഴിയും? ആത്മീയതയുടെ ചരിത്രത്തിൽ നിന്ന് എടുത്ത മനോഹരമായ ഉദ്ധരണികൾ കത്തോലിക്കാസഭയുടെ മതബോധനം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. അവ നിരന്തരമായ പ്രാർത്ഥനയുടെ ആവശ്യകത ഊന്നിപ്പറയുന്നു, ക്രൈസ്തവ അസ്തിത്വത്തിന്‍റെ ആധാരബിന്ദുവാണ് അത്. അവയിൽ ചിലത് ഞാൻ ആവര്‍ത്തിക്കുന്നു.

നിര്‍വിഘ്നമായ പ്രാര്‍ത്ഥന ഒരു കെടാവിളക്കിനു സമാനം

ഇവാഗ്രിയോ പോന്തിക്കോ എന്ന സന്യാസി ഇങ്ങനെ പറയുന്നു: "നിരന്തരം അദ്ധ്വാനിക്കാനും ജാഗ്രതപുലര്‍ത്താനും ഉപവസിക്കാനുമല്ല നമുക്കു ലഭിച്ചിരിക്കുന്ന കല്പന,, ഇതു നമ്മോടാവശ്യപ്പെട്ടിട്ടില്ല, പിന്നെയോ, ഇടമുറിയാതെ പ്രാര്‍ത്ഥിക്കാനാണ് നിയമം അനുശാസിക്കുന്നത്” (കത്തോലിക്കാസഭയുടെ മതബോധനം, 2742). പ്രാര്‍ത്ഥിക്കുന്ന ചിത്തമാണ് വേണ്ടത്. ആകയാല്‍, ഒരിക്കലും കുറഞ്ഞുപോകരുതാത്ത ഒരു തീക്ഷ്ണത ക്രിസ്തീയ ജീവിതത്തിലുണ്ട്. അത് പുരാതന ദേവാലായങ്ങളില്‍ സൂക്ഷിച്ചിരുന്ന പവിത്രാഗ്നി പോലെയാണ്, അത്, നിരന്തരായം ജ്വലിച്ചിരുന്നു. അതിനാവശ്യമായ എണ്ണയൊഴിക്കുക പുരോഹിതന്മാരുടെ കടമയായിരുന്നു. ഇതാ: നമ്മിലും നിരന്തരം കത്തിനില്ക്കുന്നതും യാതൊന്നിനും അണയ്ക്കാന്‍ കഴിയാത്തതുമായ ഒരു വിശുദ്ധ അഗ്നി ഉണ്ടായിരിക്കണം. ഇത് എളുപ്പമല്ല. എന്നാല്‍ അത് അങ്ങനെയായിരിക്കണം.

സദാ സാധ്യമായ പ്രാര്‍ത്ഥന

പ്രായോഗിക ജീവിതത്തില്‍ ശ്രദ്ധാലുവായിരുന്ന അജപാലകനായ വിശുദ്ധ ജോൺ ക്രിസോസ്റ്റം ഇപ്രകാരം പ്രസംഗിച്ചിരുന്നു: പൊതുസ്ഥലത്തുകൂടെ നടക്കുമ്പോഴോ ഏകാന്ത നടത്തത്തിനിടയിലോ പോലും നിന്തരവും തീക്ഷ്ണവുമായി പ്രാർത്ഥിക്കാൻ സാധിക്കും. നിങ്ങൾ കടയില്‍ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോഴോ പാചകം ചെയ്യുമ്പോഴോ ഇത് സാധ്യമാണ്" (കത്തോലിക്കാസഭയുടെ മതബോധനം 2743). ചെറു പ്രാര്‍ത്ഥനകള്‍: “കര്‍ത്താവേ എന്നില്‍ കനിയേണമേ”, കര്‍ത്താവേ എന്നെ സഹായിക്കേണമേ”. അതിനാൽ, പ്രാർത്ഥന എന്നത് ഒരുതരം സംഗീത പത്രികയാണ്, അതില്‍ നമുക്ക്  നമ്മുടെ ജീവിത ഗാനം ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും. ഇത് ദൈനംദിന അദ്ധ്വാനത്തിന് വിരുദ്ധമല്ല, നിരവധിയായ ചെറു ബാധ്യതകൾക്കും നിര്‍ണ്ണയനങ്ങൾക്കും എതിരല്ല, പ്രത്യുത, ഓരോ പ്രവൃത്തിയും അതിന്‍റെ പൊരുളും കാരണവും ശാന്തിയും കണ്ടെത്തുന്ന ഇടമാണ്.

ജീവിതവ്യഗ്രതകള്‍ക്കിടയില്‍ ആയാസകരമായ പ്രാര്‍ത്ഥന

തീർച്ചയായും, ഈ തത്ത്വങ്ങൾ പ്രയോഗത്തിൽ വരുത്തുക എളുപ്പമല്ല. ഒരായിരം ജോലികളിൽ മുഴുകിയ അപ്പനും അമ്മയ്ക്കും പ്രാര്‍ത്ഥനയ്ക്കനുയോജ്യമായ താളാത്മക സമയവും ഇടവും  സ്വന്തം ജീവിതത്തില്‍ കണ്ടെത്തുക എളുപ്പമായിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ഗൃഹാതുരത്വം അനുഭവപ്പെടാം. പിന്നെ, കുട്ടികൾ, ജോലി, കുടുംബജീവിതത്തിലെ കാര്യങ്ങൾ, പ്രായമാകുന്ന മാതാപിതാക്കൾ ... എല്ലാറ്റിന്‍റെയും അങ്ങേത്തലയ്ക്കലെത്താന്‍ ഒരിക്കലും കഴിയില്ലെന്ന തോന്നലുണ്ടാകുന്നു. അപ്പോള്‍, പ്രപഞ്ചത്തെ മുഴുവൻ പരിപാലിക്കേണ്ടവനായ നമ്മുടെ പിതാവായ ദൈവം നമ്മെ സദാ ഓര്‍ക്കുന്നുണ്ടെന്നു ചിന്തിക്കുന്നത് നല്ലതാണ്. അതിനാൽ, നമ്മളും എപ്പോഴും അവിടത്തെ ഓർക്കണം!

പ്രവര്‍ത്തനവും പ്രാര്‍ത്ഥനയും

ക്രിസ്തീയസന്ന്യാസജീവിതം അദ്ധ്വാനത്തെ എന്നും വലിയ ആദരവോടെയാണ് കരുതിയിരുന്നത്. തന്നെയും മറ്റുള്ളവരെയും പരിപാലിക്കണമെന്ന ധാർമ്മിക ഉത്തരവാദിത്വം കൊണ്ടു മാത്രമല്ല, ഒരുതരം ആന്തരിക സന്തുലിതാവസ്ഥയ്ക്കും വേണ്ടിയാണത്. അതായത്, യാഥാര്‍ത്ഥ്യവുമായുള്ള ബന്ധം കൈമോശം വരത്തക്കവിധം അമൂര്‍ത്തമായ ഒരു  താൽപ്പര്യം മനുഷ്യൻ വളർത്തുന്നത് അപകടകരമാണ്. യാഥാര്‍ത്ഥ്യവുമായി ബന്ധത്തിലായിരിക്കാന്‍ തൊഴില്‍ നമ്മെ സഹായിക്കുന്നു. സന്യാസിയുടെ കൂപ്പിയ കരങ്ങള്‍ മണ്‍കോരിയും മണ്‍വെട്ടിയും പിടിക്കുന്നവരുടെ കയ്യയിലെ തഴമ്പു പേറുന്നു. ലൂക്കായുടെ സുവിശേഷത്തിൽ (10: 38-42), യേശു വിശുദ്ധ മാർത്തയോട്, ദൈവത്തെ ശ്രവിക്കുക എന്നതാണ് യഥാര്‍ത്ഥത്തില്‍ ആവശ്യമായ ഏകകാര്യം എന്നു പറയുമ്പോൾ, അവൾ അര്‍പ്പണബുദ്ധിയോടെ ചെയ്തുകൊണ്ടിരുന്ന നിരവധിയായ സേവനങ്ങളെ അവമതിക്കുകയല്ല അവി‌ടന്ന് ചെയ്യുന്നത്. 

പരസ്പരപൂരകത്വം

മനുഷ്യനിൽ എല്ലാം "ജോഡി" ആണ്: നമ്മുടെ ശരീരം സുഘടിതമാണ്, നമുക്ക് രണ്ട് കൈയ്യുണ്ട്, രണ്ട് കണ്ണുണ്ട്, രണ്ട് കൈപ്പത്തിയുണ്ട്..... അപ്രകാരം, തൊഴിലും പ്രാർത്ഥനയും പോലും പരസ്പര പൂരകങ്ങളാണ്. സകലത്തിന്‍റെയും ശ്വാസമായ പ്രാർത്ഥന തൊഴിലിന്‍റെ സുപ്രധാന പശ്ചാത്തലമായി, അവ്യക്തമായ സന്ദര്‍ഭങ്ങളില്‍പ്പോലും, നില്ക്കുന്നു. പ്രാര്‍ത്ഥനയ്ക്ക് സമയം കണ്ടെത്താനാവാത്തവിധം  ജോലിയിൽ മുഴുകുന്നത് മനുഷ്യോചിതമല്ല.

ജീവിതവുമായി ഇഴ ചേരേണ്ട പ്രാര്‍ത്ഥന

അതേസമയം, ജീവിതത്തിന് അന്യമായ ഒരു പ്രാർത്ഥന ആരോഗ്യകരമല്ല. പ്രായോഗികജീവിതത്തില്‍ നിന്ന് നമ്മെ അകറ്റുന്ന ഒരു പ്രാർത്ഥന ആദ്ധ്യാത്മികവാദം അല്ലെങ്കിൽ, അതിലും താഴ്ന്ന, ആചാരാനുഷ്ഠാനമായി മാറുന്നു. താബോർ മലയില്‍ വച്ച് തന്‍റെ മഹത്വം ശിഷ്യന്മാര്‍ക്ക് വെളിപ്പെടുത്തിയതിനു ശേഷം,  ആ ആത്മീയനിര്‍വൃതി നീട്ടിക്കൊണ്ടുപോകാന്‍ യേശു ആഗ്രഹിച്ചില്ല, മറിച്ച് അവരോടൊപ്പം മലയില്‍ നിന്ന് ഇറങ്ങി അവരുടെ ദൈനംദിന യാത്ര പുനരാരംഭിക്കുന്നു. കാരണം ആ അനുഭവം അവരുടെ വിശ്വാസത്തിന്‍റെ  വെളിച്ചവും ശക്തിയും ആയി ഹൃദയങ്ങളിൽ നിലനിൽക്കേണ്ടതിനാണ്. ആസന്നമായിരിക്കുന്ന ദിനങ്ങളിലും, അതായത്, പീഢാസഹനത്തിന്‍റെ ദിനങ്ങളിലും വെളിച്ചവും ശക്തിയും ആയിരിക്കുന്നതിന് ആണ്. അങ്ങനെ, ദൈവത്തോടൊപ്പമായിരിക്കാന്‍ ചിലവിടുന്ന സമയങ്ങൾ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കുന്നു, ഇത് സമൂര്‍ത്തമായ ജീവിതത്തെ സഹായിക്കുന്നു.  വിശ്വാസം, പ്രാർത്ഥനയെ നിര്‍വ്വിഘ്നം പരിപോഷിപ്പിക്കുന്നു. ദൈവം, നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്ന ക്രിസ്തീയ സ്നേഹത്തിന്റെ അഗ്നി വിശ്വാസവും ജീവിതവും പ്രാർത്ഥനയും അടങ്ങിയ ഈ വൃത്തത്തില്‍ സൂക്ഷിക്കുന്നു.

ലളിതമായ പ്രാര്‍ത്ഥനയുടെ ആവര്‍ത്തനം

വളരെ മനോഹരവും ലളിതവുമായ ഈ പ്രാർത്ഥന ദിവസത്തില്‍ ആവർത്തിക്കുക. നിങ്ങൾ ഇപ്പോഴും ഇത് ഓർക്കുന്നുണ്ടോ എന്ന് നോക്കാം. എല്ലാവരും ഒത്തൊരുമിച്ചു ചൊല്ലുക: “കർത്താവായ യേശുവേ, ദൈവപുത്രാ, പാപിയായ എന്നോട് കരുണ കാണിക്കണമേ”. ഒരിക്കല്‍ക്കൂടി: “കർത്താവായ യേശുവേ, ദൈവപുത്രാ, പാപിയായ എന്നോട് കരുണ കാണിക്കണമേ". ഈ പ്രാർത്ഥന തുടർച്ചയായി ചൊല്ലുന്നത് യേശുവിനോട് ഐക്യപ്പെടാൻ നിന്നെ സഹായിക്കും. നന്ദി. 

സമാപനാഭിവാദ്യം

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

പൊതുദര്‍ശനപരിപാടിയുടെ അവസാനഭാഗത്ത് ഇറ്റലിക്കാരെ പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ  വെള്ളിയാഴ്ച (11/06/21) തിരുഹൃദയത്തിരുന്നാള്‍ തിരുസഭ ആചരിക്കുന്നത്  അനുസ്മരിച്ചു.

തിരുഹൃദയത്തിരുന്നാള്‍

യേശുവിന്‍റെ തിരുഹൃദയത്തിലൂടെ ദൈവം നരകുലം മുഴുവനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ തിരുഹൃദയത്തെ വിശ്വാസത്തോടെ നോക്കാനും യേശുവിന്‍റെ ശാന്തവും വിനീതവുമായ ഹൃദയമേ ഞങ്ങളുടെ ഹൃദയത്തെ പരിവര്‍ത്തനം ചെയ്യുകയും ദൈവത്തെയും അയല്‍ക്കാരനെയും ഉദാരതയോടെ സ്നേഹിക്കാന്‍ പഠിപ്പിക്കുകയും ചെയ്യണമേ എന്നു പ്രാര്‍ത്ഥിക്കാനും എല്ലാവരെയും ക്ഷണിച്ചു.

തുടര്‍ന്ന്, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനു ശേഷം  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 June 2021, 12:40