ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

ഭാരതമക്കൾക്ക് മാർപ്പാപ്പായുടെ സാന്ത്വനവും പ്രാർത്ഥനയും!

ഇന്ത്യയിൽ കോവിദ് രോഗ സംക്രമണം അതിതീവ്രമാകുകയും അനേകർ മരണമടയുകയും ചെയ്യുന്ന അവസ്ഥയിൽ ഇന്ത്യൻ ജനതയോടുള്ള ഐക്യദാർഢ്യം അറിയിക്കുന്ന ഒരു സന്ദേശം മാർപ്പാപ്പാ ബോംബെ അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന് അയച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19  പകർച്ചവ്യാധിയുടെ പിടിയിലമർന്നിരിക്കുന്ന ഭാരതത്തിലെ ജനങ്ങൾക്ക് പാപ്പായുടെ പ്രാർത്ഥനയും സാന്ത്വനവും സാമീപ്യവും.

ഇന്ത്യയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെയും ബോംബെ അതിരൂപതയുടെയും അദ്ധ്യക്ഷനായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന് (Cardinal Oswald Gracias) അയച്ച സാമാന്യം സുദീർഘമായ ഒരു കത്തിലാണ് ഫ്രാൻസീസ് പാപ്പാ ഭാരതീയരോടുള്ള തൻറെ ഐക്യദാർഢ്യം അറിയിച്ചിരിക്കുന്നതും പ്രാർത്ഥനയും സാമീപ്യവും ഉറപ്പേകിയിരിക്കുന്നതും.

കൊറോണവൈറസ് മൂലമുള്ള കോവിദ് 19 രോഗബാധിതരായ എല്ലാവർക്കും, അവരുടെ കുടുംബങ്ങൾക്കും ഈ രോഗം മൂലം നഷ്ടപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർത്തു കേഴുന്നവർക്കും ഭിഷഗ്വരന്മാരുൾപ്പെടെയുള്ള എല്ലാ ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ സേവകർക്കും പാപ്പാ സ്ഥൈര്യവും ശക്തിയും സമാധാനവും ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു.

കോവിദ് രോഗം ജീവനെടുത്ത വൈദികരും സമർപ്പിതരുമുൾപ്പടെയുള്ള എല്ലാവരെയും പാപ്പാ ദൈവികകാരുണ്യത്തിന് സമർപ്പിക്കുന്നു.തീവ്രവേദനയുടെതായ ഈ കാലയളവിൽ, ക്രിസ്തുവിൻറെ പെസഹായിലും പുനരുത്ഥാന വാഗ്ദാനത്തിലും ക്രിസ്തുവിൻറെ നവ ജീവനിലുമുള്ള അചഞ്ചല വിശ്വാസത്തിലും നിന്നു ജന്മംകൊള്ളുന്ന പ്രത്യാശ നമുക്ക് സാന്ത്വനമേകട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ പ്രതിദിന കോവിദ് ബാധിതരുടെ സംഖ്യ 4 ലക്ഷത്തി 14000 കടന്നിരിക്കയാണ്. വ്യാഴാഴ്ച (06/05/21) വരെയുള്ള കണക്കനുസരിച്ച്, മരണമടഞ്ഞവർ 3915 ആണ്.രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ സംഖ്യ 2 കോടി 15 ലക്ഷം കടന്നിരിക്കുന്നു. കോവിഡ് രോഗം മൂലമുളള മൊത്ത മരണസംഖ്യ 23 ലക്ഷത്തിലേറെയും.ചികിത്സയിലുള്ളവരുടെ എണ്ണം 37 ലക്ഷത്തിനടുത്തു വരും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2021, 14:06