സഭയുടെ സപ്തവർഷ പാരിസ്ഥിതിക കർമ്മപദ്ധതി

രാജ്യാന്തര പാരിസ്ഥിതിക പ്രവർത്തന മണ്ഡലം വീഡിയോ സന്ദേശത്തിലൂടെ പാപ്പാ ഉദ്ഘാടനംചെയ്തു - ഇംഗ്ലിഷ് അടിക്കുറിപ്പോടെ വീഡിയോ...

- ഫാദർ വില്യം  നെല്ലിക്കൽ 

1. പൊതുഭവനമായ ഭൂമിയെ രക്ഷിക്കാം
മെയ് 25 ചൊവ്വാഴ്ച റോമിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പ്രകാശിപ്പിച്ച വീഡിയോ സന്ദേശത്തിലൂടെയാണ് പാപ്പാ പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കാനുള്ള കർമ്മപദ്ധതിക്ക് തുടക്കം കുറിച്ചത്. സംയോജിത മാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘമാണ് പാപ്പാ ഫ്രാൻസിസിന്‍റെ ചാക്രികലേഖനം "അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ"യെ കേന്ദ്രീകരിച്ചും, അതിലെ പ്രബോധനങ്ങൾ ഉൾക്കൊണ്ടും മാനവരാശിയുടെ നന്മയ്ക്കായും ഭൂമിയുടെ സുസ്ഥിതിക്കായും ഈ സുദീർഘമായ പാരിസ്ഥിതിക പദ്ധതി ആസൂത്രണംചെയ്തിരിക്കുന്നതെന്ന് വത്തിക്കാന്‍റെ പരിസ്ഥിതി ശാസ്ത്രജ്ഞൻ, ഫാദർ ജോഷ്ട്രോം ഐസക് കുരീത്തടം വർത്താസമ്മേളനത്തിൽ വിശദമാക്കി.

2. പാപ്പായുടെ വീഡിയോ സന്ദേശം
2015-ൽ “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ,” (Encyclical Laudato Si’) എന്ന പാരിസ്ഥിതിക ചാക്രികലേഖനം പ്രകാശനംചെയ്തശേഷം പൊതുഭവനമായ ഭൂമി സംരക്ഷിക്കാൻ എല്ലാ നല്ലവരായ ജനങ്ങളേയും ക്ഷണിക്കുകയുണ്ടായെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. നമുക്ക് ആതിഥേയത്വം നല്കുന്ന ഈ ഭവനം, ഭൂമി മുറിവേറ്റ അവസ്ഥയിലായിട്ട് കുറച്ചു നാളായി. ഈ ഗ്രഹത്തിന്‍റേയും അതിലെ വിഭവങ്ങളുടേയും ഉടമകളാണു നാം എന്ന മനോഭാവത്തോടെ ദൈവം നല്കിയ വസ്തുക്കളെ ഉത്തരവാദിത്വമില്ലാതെ ഏങ്ങനെയും ഉപയോഗിക്കാനുള്ള അധികാരമുണ്ടെന്ന തോന്നലിന്‍റെ ഫലമാണ് ഈ മുറിപ്പാടുകൾ. ഇന്ന് അഭൂതപൂർവ്വമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയിലൂടെ ഇത് സ്വയം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. മണ്ണിനേയും വായുവിനേയും ജലത്തേയും, പൊതുവായി മനുഷ്യരാശി അധിവസിക്കുന്ന ആവാസവ്യവസ്ഥയേയും ഇത് നാടകീയമാം വിധം ബാധിച്ചിട്ടുണ്ട്.

3. പ്രകൃതിയുടേയും പാവങ്ങളുടേയും കരച്ചിൽ ഇല്ലാതാക്കാൻ
നിലവിലുള്ള   മഹാവ്യാധിയുടെ സാഹചര്യം  അതിന്‍റെ യാതന ഏറ്റവുമധികം അനുഭവിക്കുന്ന പ്രകൃതിയുടേയും പാവങ്ങളുടേയും നിലവിളിയായി ശക്തമായി പ്രകടമാവുകയാണ്. എല്ലാം പരസ്പര ബന്ധിതവും പരസ്പരാശ്രിതത്വമുള്ളവയും ആണെന്നും, നാം ജീവിക്കുന്ന പരിസ്ഥിതിയുടെ ആരോഗ്യത്തിൽനിന്നു വേർപ്പെടുത്തി നമ്മുടെ ആരോഗ്യത്തെ കാണാനാവില്ലെന്നുമുള്ള വസ്തുതയാണ് ഇത് വെളിച്ചത്തു കൊണ്ടുവരുന്നത്. ആയതിനാൽ നാം ജീവിക്കുന്ന രീതിയിലും ജീവിതശൈലിയിലും ഭൂമിയിലെ വിഭവങ്ങളുമായുള്ള നമ്മുടെ ബന്ധത്തിലും പൊതുവെ മനുഷ്യനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള കാഴിച്ചപ്പാടിലും ഒരു പുതിയ പാരിസ്ഥിതിക സമീപനം നമുക്ക് ആവശ്യമുണ്ട്. വെറും പാരിസ്ഥിതിക പ്രശ്നങ്ങൾ മാത്രമല്ല, സമഗ്രമായ മാനവികതയേയും ഉൾക്കൊള്ളുന്ന, പാവങ്ങളുടേയും പ്രകൃതിയുടേയും നിലവിളി ശ്രദ്ധിക്കാൻ ആർജ്ജവമുള്ള ഒരു പുതിയ സമൂഹത്തിന്‍റെ രാസത്വരകമാകാൻ പ്രാപ്തിയുള്ള ഒരു സംയോജിത മാനവിക പരിസ്ഥിതി ദർശനമാണ് നമുക്കു വേണ്ടത്.

4. പാപ്പാ ആവർത്തിക്കുന്ന അഭ്യർത്ഥന
ഒരു വലിയ ഉത്തരവാദിത്വം നമുക്കുണ്ട്, പ്രത്യേകിച്ചും ഭാവിതലമുറകളോട്. നമ്മുടെ കുട്ടികൾക്കും യുവജനങ്ങൾക്കുമായി എന്തുതരം ലോകമാണ് നാം ഇവിടെ വിട്ടിട്ടുപോവുക? നമ്മുടെ സ്വാർത്ഥതയും നമ്മുടെ നിസ്സംഗതയും നമ്മുടെ ഉത്തരവാദിത്വരഹിതമായ രീതികളും നമ്മുടെ കുട്ടികളുടെ ഭാവിക്ക് ഒരു ഭീഷണിയാണ്. നമ്മുടെ അമ്മയായ ഭൂമിയുടെ പരിപാലനം ഏറ്റെടുക്കാം. പ്രകൃതി വിഭവങ്ങളുടെ അന്തകരായി നമ്മെ മാറ്റുന്ന സ്വാർത്ഥതയുടെ പ്രലോഭനത്തെ നമുക്കു മറികടക്കാം. സൃഷ്ടിയുടേയും ഭൂമിയുടേയും ദാനങ്ങളെ ആദരിക്കുന്ന സംസ്കാരം വളർത്തിയെടുക്കാം. അന്തിമ ഫലത്തിൽ പാരിസ്ഥിതിക സുസ്ഥിതിയുള്ള ഒരു സമൂഹത്തേയും ജീവിതശൈലിയേയും നമുക്ക് തുടങ്ങിവയ്ക്കാം. എല്ലാവർക്കുമായി മെച്ചപ്പെട്ടൊരു ഭാവി രൂപംകൊടുക്കുവാനുള്ള അവസരം നമുക്കുണ്ട്.

5. ആദിയിൽ നാം സ്വീകരിച്ച പൂന്തോട്ടം
ദൈവത്തിന്‍റെ കരങ്ങളിൽനിന്ന് നാം സ്വീകരിച്ചത് ഒരു ഉദ്യാനമാണ്. നമ്മുടെ മക്കൾക്കായി ഒരു മരുഭൂമി വിട്ടിട്ടുപോകാൻ നമുക്കാവില്ല. ഈ സാഹചര്യത്തിലാണ് 2020 മെയ് 24-ന് താൻ അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ വർഷം പ്രഖ്യാപിച്ചതെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. അതിന്‍റെ ഏകോപനവും സംഘാടനവും നിർവ്വഹിക്കാൻ സംയോജിത മാനവിക വികസനം പ്രചരിപ്പിക്കുന്ന വത്തിക്കാൻ സംഘത്തെ ഭരമേല്പിച്ചു. നിരവധി പരിശ്രമങ്ങളിലൂടെയും കർമ്മപദ്ധതികളിലൂടെയും ഈ വർഷം ആഘോഷമാക്കിയ എല്ലാവർക്കും പാപ്പാ സന്ദേശത്തിൽ നന്ദിയർപ്പിച്ചു. അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ വർഷം സമൂർത്തമായൊരു കർമ്മപദ്ധതിയായി പരിണമിക്കുന്നതായി അറിയിക്കുന്നതിൽ തനിക്കുള്ള സന്തോഷവും പാപ്പാ സന്ദേശത്തിലൂടെ അറിയിച്ചു.

6. സപ്തവർഷ യാത്രയും ഏഴു ലക്ഷ്യങ്ങളും
ഒരു സപ്തവർഷയാത്ര വിഭാവനം ചെയ്യുന്ന  "അങ്ങേയ്ക്കു  സ്തുതിയായിരിക്കട്ടെ"  കർമ്മവേദിയാണിത്. വിവിധ രീതിയിൽ നമ്മുടെ സമൂഹങ്ങളെ സംയോജിത പരിസ്ഥിതി ദർശനത്തിന്‍റെ ചൈതന്യത്തിൽ പ്രവർത്തന നിരതമാക്കുന്ന പദ്ധതിയാണിത്. ഈ യാത്രയെ അനുഗമിക്കാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്ന് പാപ്പാ ആഹ്വാനംചെയ്തു. പ്രത്യേകിച്ച് ഈ ഏഴ് യാഥാർത്ഥ്യങ്ങളിൽ ഭാഗഭാക്കുകളാകുവാൻ മുന്നിൽ കാണുന്നത്, കുടുംബങ്ങൾ, ഇടവകകൾ, രൂപതകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, കൃഷിയിടങ്ങൾ, വ്യവസായങ്ങൾ, സംഘടനകൾ, പ്രസ്ഥാനങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവയാണ്ത്. ഒരുമിച്ചു പ്രവർത്തിച്ചുകൊണ്ട് നാം ആഗ്രഹിക്കുന്ന ഒരു ഭാവിക്കു രൂപം നല്കാൻ സാധിക്കും. കൂടുതൽ ഉൾക്കാമ്പുള്ളതും, സാഹോദര്യം പുലർത്തുന്നതും, സമാധാന പൂർവ്വവും, എല്ലാവരേയും ചേർത്തു നിർത്തുന്നതുമായ സുസ്ഥിരമായ ഒരു ലോകം യാഥാർത്ഥ്യമാക്കാൻ ഏഴു വർഷം നീളുന്ന ഈ യാത്രയിൽ "അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ"യുടെ ഏഴ് ഉദ്ദേശ ലക്ഷ്യങ്ങൾ നമ്മെ നയിക്കട്ടെ. സംയോജിത പരിസ്ഥിതി ദർശനത്തെ പിൻതുടരാനുള്ള ദിശാബോധം തരുന്ന ഏഴു ഉദ്ദേശ ലക്ഷ്യങ്ങൾ താഴെ ചേർക്കുന്നു :

7. ഓരോ വർഷത്തെയും പ്രവർത്തന നിയോഗം
a) ഭൂമിയുടെ നിലവിളിയോടുള്ള പ്രതികരണം,
b) പാവങ്ങളുടെ നിലവിളിയോടുള്ള പ്രതികരണം,
c) പാരിസ്ഥിതിക വീക്ഷണമുള്ള സമ്പദ്ശാസ്ത്രം,
d) സരളമായ ജീവിതശൈലിയുടെ സ്വീകാര്യത,
e) പാരിസ്ഥിതിക വിദ്യാഭ്യാസം,
f) പാരിസ്ഥിതിക ആത്മീയത,
g) സാമൂഹിക പ്രതിബദ്ധത എന്നിവയാണത്.

8. ഉപസംഹാരം
പ്രതീക്ഷയ്ക്ക് വകയുണ്ട്. ഓരോരുത്തരം അവരവരുടെ സാംസ്കാരിക തനിമയും അനുഭവവുമായി, ഓരോരുത്തരും അവരുടെ കഴിവിനും സിദ്ധിക്കും അനുസരിച്ച് ഭാഗഭാക്കായിക്കൊണ്ട് നമ്മുടെ അമ്മയായ ഭൂമിയെ അതിന്‍റെ ഉൽഭൂത സൗന്ദര്യത്തിലേയ്ക്കും, സൃഷ്ടി ദൈവത്തിന്‍റെ പദ്ധതിക്ക് അനുസൃതമായ പ്രഭാവത്തിലേയ്ക്കും തിരികെയെത്താൻ യത്നിക്കാം. നമ്മുടെ പൊതുഭവനത്തെ പുനർനിർമ്മിക്കുവാനുള്ള ദൗത്യത്തേയും അതുമായി സഹകരിക്കുന്ന ഓരോരുത്തരേയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടും, ഈ പദ്ധതിയെ പിൻതുണയ്ക്കുന്ന സകലർക്കും നന്ദിപറഞ്ഞുകൊണ്ടുമാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 May 2021, 15:49