വി. ഇഗ്നേഷ്യസ് ലയോള വി. ഇഗ്നേഷ്യസ് ലയോള 

മാനസാന്തരം ഒരു അനുദിന സംഭവമാണെന്ന് ഫ്രാ൯സിസ് പാപ്പാ

ഇഗ്നേഷ്യൻ വർഷത്തോടനുബന്ധിച്ച് ഓൺലൈൻ വഴി നടത്തിയ "ഇഗ്നേഷ്യസ്സുമൊത്തുള്ള തീർത്ഥാടനം" എന്ന അന്തർദ്ദേശീയ പ്രാർത്ഥനയിൽ പാപ്പാ നൽകിയ വീഡിയോ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വി. ഇഗ്നേഷ്യസ് ലയോളയുടെ മാനസാന്തരത്തിന്റെ 500 ആം വർഷം ആഘോഷിക്കുന്ന അവസരത്തിലാണ് ഇഗ്നേഷ്യസ്സുമൊത്തുള്ള തീർത്ഥാടനം" എന്ന ഈ പ്രാർത്ഥന സംഘടിപ്പിച്ചത്. പ്രാർത്ഥനയിൽ അവരോടൊപ്പം പങ്കു ചേരുന്നതിലുള്ള സന്തോഷം ആദ്യമേ പങ്കുവച്ച പാപ്പാ ഇഗ്നേഷ്യസിന്റെ ജീവിതത്താലും, ആത്മീയതയാലും പ്രചോദിതരായ സകലർക്കും ഈ വർഷം ഒരു മാനസാന്തരത്തിന്റെ അനുഭവമായി ജീവിക്കാൻ ഇടയാവട്ടെ എന്നാശംസിച്ചു.

500 വർഷം മുമ്പ് പംപ്ലോണയിൽ അദ്ദേഹത്തെ മുറിപ്പെടുത്തിയ പീരങ്കിയുണ്ട ഇഗ്നേഷ്യസ്സിന്റെ സകല ലൗകീക സങ്കൽപ്പങ്ങളെയും തകർത്തു. നിസ്സാരങ്ങളെന്ന് കരുതാവുന്നവ ചിലപ്പോൾ പ്രാധാന്യമർഹിക്കുന്നതാവാം. തന്റെ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ ഇഗ്നേഷ്യസ് തോറ്റുവെങ്കിലും ദൈവത്തിന് അദ്ദേഹത്തെക്കുറിച്ചുണ്ടായ വലിയ സ്വപ്നം ഇഗ്നേഷ്യസ്സിനെക്കുറിച്ചു മാത്രമായിരുന്നില്ല മറിച്ച് ആത്മാക്കളെ സഹായിക്കുന്നതിനെക്കുറിച്ചും എളിമയുള്ളവനും ദരിദ്രനുമായ യേശുവോടൊപ്പം ലോകത്തിലേക്കിറങ്ങി പുറപ്പെടാനുള്ളതുമായിരുന്നു എന്ന് പാപ്പാ പറഞ്ഞു.

മാനസാന്തരം ഒരു അനുദിന സംഭവമാണ് എന്നും എന്നന്നേക്കുമായി ഒരിക്കൽ  മാത്രം സംഭവിക്കുന്ന ഒന്നല്ല എന്നും പാപ്പാ അവരോടു പറഞ്ഞു. പംപ്ലോണയിൽ തുടങ്ങിയ ഇഗ്നേഷ്യസ്സിന്റെ മാനസാന്തരം അനുദിനം ജീവിതാവസാനംവരെ നടന്നിരുന്നു എന്നു പറയുന്നത് വിവേചന പ്രക്രിയയിലൂടെ ജീവിതം മുഴുവൻ അദ്ദേഹം ക്രിസ്തുവിനെ തന്റെ ജീവിതത്തിന്റെ കേന്ദ്രമാക്കി എന്നാണർത്ഥം എന്ന് വിശദീകരിച്ചു. വിവേചിച്ചറിയുക എന്നാൽ തുടക്കം മുതൽ വിജയം വരിക്കുക എന്നല്ല മറിച്ച് വളവും തിരിവുമുള്ള വഴിയിൽ കർത്താവുമായുള്ള കണ്ടുമുട്ടലിനായി പരിശുദ്ധാവിനാൽ നയിക്കപ്പെടാൻ നമ്മെ തന്നെ വിട്ടു കൊടുക്കലാണ് എന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു.

ഭൂമിയിലുള്ള നമ്മുടെ തീർത്ഥാടനത്തിൽ നമ്മൾ കണ്ടുമുട്ടുന്നവരെല്ലാം ഇഗ്നേഷ്യസ്സിനെ എന്ന പോലെ നമ്മെയും വീണ്ടും വീണ്ടും മാനസാന്തരത്തിനു ക്ഷണിച്ച് വഴിയിൽ നമ്മെ നിലനിർത്തുന്നവരാണ്. അവർ സഹോദരരാവാം, സാഹചര്യങ്ങളാവാം അവയിലൂടെ ദൈവവും നമ്മോടു സംസാരിക്കുന്നു. അവരെ ശ്രവിക്കുക, സാഹചര്യങ്ങൾ വായിക്കുക, പാപ്പാ പറഞ്ഞു. നമ്മളും മറ്റുള്ളവർക്ക് ദൈവത്തിന്റെ വഴികാട്ടികളാണ്. ദൈവത്തോടും മറ്റുള്ളവരോടും ലോകത്തോടും നടത്തുന്ന സംവാദത്തിലൂടെയാണ് എപ്പോഴും മാനസാന്തരം നടത്തേണ്ടത് എന്ന് ഓർമ്മിപ്പിച്ച പാപ്പാ ഇഗ്നേഷ്യസ്സിന്റെ ആത്മീയതയിൽ പ്രചോദനം സ്വീകരിച്ച എല്ലാവരും ഒരുമിച്ച് ഒരു ഇഗ്നേഷ്യൻ കുടുംബമായി ഈ യാത്ര നടത്തട്ടെ എന്നും അനേകർ ദൈവം ഇഗ്നേഷ്യസ്സിനു നൽകിയ ഈ ആത്മീയതയുടെ സമ്പന്നത തിരിച്ചറിയട്ടെ എന്ന് താൻ പ്രാർത്ഥിക്കുന്നുവെന്നും അവരെ അറിയിച്ചു. ലോകത്തിലേക്കിറങ്ങി ആത്മാക്കളെ സഹായിക്കാനും എല്ലാം ക്രിസ്തുവിൽ നവമായി കാണാനും മറ്റുള്ളവരാൽ നമ്മളും സഹായിക്കപ്പെടാൻ ഈ വർഷം പ്രചോദനമാവട്ടെ എന്നും ആശംസിച്ചു. ഒരാളും തനിച്ചു രക്ഷപ്രാപിക്കുന്നില്ല എന്നും ഒരു സമൂഹമായി രക്ഷപ്പെടുന്നില്ല എങ്കിൽ നമ്മൾ രക്ഷപെടുന്നില്ല എന്നും കൂട്ടിച്ചേർത്ത പാപ്പാ യേശു മാത്രമാണ് നമ്മുടെ വഴികാട്ടിയെന്നും നമ്മൾ പരസ്പരം ഈ വഴി കണ്ടെത്താനാണ് സഹായിക്കേണ്ടതെന്നും ഓർമ്മിപ്പിച്ചു പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ആശീർവാദം നൽകി കൊണ്ട് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 May 2021, 14:50