പാപ്പാ ഫാൻസിസ് ലബനണിന്‍റെ നിയുക്ത പ്രധാനമന്ത്രിയെ സ്വീകരിച്ചു പാപ്പാ ഫാൻസിസ് ലബനണിന്‍റെ നിയുക്ത പ്രധാനമന്ത്രിയെ സ്വീകരിച്ചു 

ലബനണിന്‍റെ നിയുക്ത പ്രധാനമന്ത്രി സായിദ് ഹരീരി വത്തിക്കാനിൽ

ലബനണിന്‍റെ നിയുക്ത പ്രധാനമന്ത്രി, സായിദ് ഹരീരി വത്തിക്കാനിൽ എത്തി പാപ്പാ ഫ്രാൻസിസുമായി കൂടിക്കാഴ്ച നടത്തി.

- ഫാദർ വില്യം നെല്ലിക്കൽ 

രാഷ്ട്രീയ നേതൃത്വം ജനനന്മ ലക്ഷ്യമാക്കണം
സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളിൽ ഉഴലുന്ന മദ്ധ്യപൂർവ്വദേശ രാജ്യം, ലബനണിന്‍റെ പ്രധാനമന്ത്രി, സായിദ്  ഹരീരി ഏപ്രിൽ 22, വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെത്തി  പാപ്പാ ഫ്രാൻസിസുമായി സ്വകാര്യകൂടിക്കാഴ്ച നടത്തിയതായി വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് അറിയിച്ചു.
35 മിനിറ്റുകൾ  നീണ്ടതായിരുന്നു പാപ്പാ ഫ്രാൻസിസും സായിദ് ഹരീരിയും തമ്മിലുള്ള സംഭാഷണം.  അനിശ്ചിതത്വത്തിലും ക്ലേശങ്ങളിലും കഴിയുന്ന ലബനീസ് ജനതയ്ക്ക് തന്‍റെ സാന്ത്വനവും ആത്മീയ സാമീപ്യവും പാപ്പാ വാഗ്ദാനംചെയ്തു.  എന്നാൽ കേഴുന്ന ജനതയ്ക്കായി പൂർണ്ണമായും അടിയന്തിരമായും സമർപ്പിതമാകുവാനായിരിക്കണം രാഷ്ട്രീയ നേതൃത്വത്തിന്‍റെ പ്രഥമ ലക്ഷ്യമെന്ന്  പാപ്പാ സെയിദ് ഹരീരിയെ  ഉദ്ബോധിപ്പിച്ചതായും പ്രസ്സ് ഓഫീസിന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

ലബനൻ സന്ദർശിക്കാനുള്ള ആഗ്രഹം
ചുറ്റുപാടുകൾ മെച്ചപ്പെട്ടാൽ ലബനൻ സന്ദർശിക്കുന്നതിലുള്ള ആഗ്രഹം പ്രകടമാക്കിയ പാപ്പാ ഫ്രാൻസിസ്, രാജ്യാന്തര സമൂഹത്തിന്‍റെ സഹായത്തോടെ “ദേവാദാരുക്കളുടെ നാടി”നെ (Land of Cedars) സമുദ്ധരിക്കണമെന്ന ആശയം പങ്കുവച്ചു.  മതവൈവിധ്യങ്ങളാലും ഭിന്നിപ്പുകളാലും ഇപ്പോൾ ദുർബലമായ രാജ്യത്തെ അനുരഞ്ജനത്തിലൂടെ ശക്തിപ്പെടുത്തി, കൂട്ടായ്മയുടേയും സഹവർത്തിത്വത്തിന്‍റേയും ദേശമാക്കി വളർത്തണമെന്നും  ഉദ്ബോധിപ്പിച്ചതായി പ്രസ്സ് ഓഫിസ് മേധാവി മത്തയോ ബ്രൂണി പ്രസ്താവനയിലൂടെ അറിയിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 April 2021, 14:08