വത്തിക്കാൻ കോടതി വർഷോദ്ഘാടന വേളയിൽ ഫ്രാൻസീസ് പാപ്പാ ന്യായാധിപ സംഘവുമൊത്ത് 27/03/2021 വത്തിക്കാൻ കോടതി വർഷോദ്ഘാടന വേളയിൽ ഫ്രാൻസീസ് പാപ്പാ ന്യായാധിപ സംഘവുമൊത്ത് 27/03/2021 

നീതി നിർവ്വാഹകരുടെ ആന്തരിക ശാന്തതയ്ക്ക് പ്രാർത്ഥന അനിവാര്യം!

വത്തിക്കാനിൽ തൊണ്ണൂറ്റിരണ്ടാം കോടതിവത്സരം ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നീതിക്കായി പ്രവർത്തിക്കാൻ വിളിക്കപ്പെട്ടവർ പ്രാർത്ഥനയ്ക്കായി ധാരാളം സമയം നീക്കിവയ്ക്കാൻ ഭയപ്പെടരുതെന്ന് മാർപ്പാപ്പാ.

ശനിയാഴ്‌ച (27/03/2021) വത്തിക്കാനിൽ, പരിശുദ്ധസിംഹാസനത്തിൻറെ തൊണ്ണൂറ്റിരണ്ടാം കോടതിവത്സരോദ്ഘാടന വേളയിലാണ് ഫ്രാൻസീസ് പാപ്പാ പ്രാർത്ഥനയുടെ പ്രാധാന്യം എടുത്തുകാട്ടിയത്.

നീതിന്യായം നടപ്പാക്കുകയെന്ന ദൗത്യം മഹാമനസ്കതയോടും നീതിബോധത്തോടും ദീർഘവീക്ഷണത്തോടും കൂടി നിറവേറ്റുന്നതിനാവശ്യമായ ആന്തരിക ശാന്തത പ്രാർത്ഥനയിലൂടെ മാത്രമെ ദൈവത്തിൽ നിന്ന്, അവിടത്തെ വചനത്തിൽ നിന്ന് ആർജ്ജിക്കാൻ കഴിയുകയുള്ളുവെന്ന് പാപ്പാ വ്യക്തമാക്കി.

സഭയിൽ നീതിന്യായരംഗത്തു സേവനമനുഷ്ഠിക്കുന്നവർ, സമൂഹത്തിലും അന്താരാഷ്ട്ര സമൂഹത്തിലും “ഉപ്പും” “വെളിച്ചവും”  ആയിത്തീരുകയെന്ന സഭയുടെ ദൗത്യത്തിൻറെ സവിശേഷതകളായ മൂല്യങ്ങളുടെ അപരിമേയമായ പൈതൃകത്തിന് സമൂർത്തവും വിശ്വാസയോഗ്യവുമായ വിധത്തിൽ തങ്ങളുടെ പങ്കും കടമയുമനുസരിച്ച്, പ്രത്യേകിച്ച് ഇന്നത്തെപ്പോലുള്ള പ്രതിസന്ധികളുടെ വേളകളിൽ, സാക്ഷ്യമേകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. 

കോടതിനടപടിക്രമങ്ങളിൽ, ഉചിതമായ ഭേദഗതികളിലൂടെ, സഭയിലെ എല്ലാ അംഗങ്ങൾക്കും തുല്യത ഉറപ്പുവരുത്തുകയും അവരുടെ തുല്യ ഔന്നത്യം കണക്കിലെടുക്കയും ചെയ്യേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

ഇതിന് വിശ്വാസ ദൃഢതയും വിശ്വാസത്തോടു പൊരുത്തപ്പെടുന്ന പെരുമാറ്റവും പ്രവർത്തികളും ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 March 2021, 16:04