ഫ്രാൻസീസ് പാപ്പാ ഇറാക്കിൽ ഫ്രാൻസീസ് പാപ്പാ ഇറാക്കിൽ 

സമാധാനം ആവശ്യപ്പെടുന്നത് ഐക്യത്തിലേക്കു നീങ്ങുന്ന സോദരങ്ങളെ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

താൻ ഇറാക്കിൽ നടത്തുന്ന അപ്പസ്തോലിക സന്ദർശനവുമായി ബന്ധപ്പെട്ട നാലു സന്ദേശങ്ങൾ പാപ്പാ ശനിയാഴ്ച ട്വിറ്ററിൽ കണ്ണിചേർത്തു.

അപ്പസ്തോലികയാത്ര, ഇറാക്ക്, സമാധാനം (#ApostolicJourney, #Iraq, #pace) എന്നീ ഹാഷ്ടാഗുകളോടുകൂടിയതായിരുന്നു ഇവയിൽ ആദ്യത്തെ മൂന്നെണ്ണം.

“സമാധാനം ആവശ്യപ്പെടുന്നത് വിജയികളെയോ പരാജിതരെയോ അല്ല, പ്രത്യുത, ഗതകാലത്തിൻറെ മുറിവുകൾ പേറുന്നുണ്ടെങ്കിലും സംഘർഷത്തിൽ നിന്ന് ഐക്യത്തിലേക്കു യാത്രചെയ്യുന്ന സഹോദരീസഹോദരന്മാരെയാണ്. മദ്ധ്യപൂർവ്വദേശത്തിനുമുഴുവനും, പ്രത്യേകിച്ച് യുദ്ധത്തിൽ തകർന്ന സിറിയയ്ക്ക് ഈ ഐക്യം ഉണ്ടാകുന്നതിനായി നമുക്കു പ്രാർത്ഥിക്കാം” എന്നതായിരുന്നു പാപ്പായുടെ ആദ്യ സന്ദേശം. 

അപ്പസ്തോലികയാത്ര, ഇറാക്ക്, സമാധാനം (#ApostolicJourney, #Iraq, #pace) എന്നീ ഹാഷ്ടാഗുകളോടുകൂടിയ രണ്ടാമത്തെ ട്വിറ്റർ സന്ദേശം ഇപ്രകാരമായിരുന്നു:

“സമാധാന യാത്ര എവിടെ നിന്ന് ആരംഭിക്കും? ശത്രുക്കളില്ലാതിരിക്കണം എന്ന തീരുമാനത്തിൽ നിന്ന്. ദൈവത്തിൽ വിശ്വസിക്കുന്ന ആർക്കും പോരാടേണ്ടുന്ന ശത്രുക്കളില്ല. അവനോ അവൾക്കോ നേരിടാൻ ഒരു ശത്രു മാത്രമേയുള്ളൂ, ഹൃദയത്തിൻറെ വാതിൽക്കൽ നിൽക്കുകയും പ്രവേശിക്കുന്നതിനായി മുട്ടുകയും ചെയ്യുന്ന ഒരാൾ: അത് വിദ്വേഷമാണ്”.

മൂന്നാമത്തെ ട്വിറ്റർ സന്ദേശം ഇതായിരുന്നു: 

“വിദ്വേഷത്തിൻറെ ഉപകരണങ്ങളെ സമാധാനത്തിൻറെ ഉപാധികളാക്കി മാറ്റുക, ആയുധ വ്യാപനം വർദ്ധിപ്പിക്കുന്നതിനു പകരം എല്ലാവർക്കും ഭക്ഷണം സംലഭ്യമാക്കുന്നതിന് വഴിയൊരുക്കാൻ രാഷ്ട്രനേതാക്കളോട് നിശ്ചയദാർഢ്യത്തോടെ അഭ്യർത്ഥിക്കുക, എന്നിവ നമ്മെ, ഇന്നിൻറെ മാനവികതയെ, സർവ്വോപരി വിശ്വാസികളെ ആശ്രയിച്ചിരിക്കുന്നു”.

നാലാമത്തേത് അപ്പസ്തോലികയാത്ര, ഇറാക്ക് (#ApostolicJourney, #Iraq) എന്നീ ഹാഷ്ടാഗുകളോടുകൂടിയതായിരുന്നു:

“മാനവകുടുംബത്തെ സ്നേഹിക്കുന്ന സർവ്വശക്തനായ ദൈവമേ, ഞങ്ങളുടെ സ്രഷ്ടാവേ, അക്രമത്തിനിരകളായ എല്ലാവരെയും അങ്ങയുടെ സമാധാനത്തിൻറെയും പ്രകാശത്തിൻറെയും വാസസ്ഥാനത്ത്  സ്വീകരിക്കണമെന്ന് അബ്രഹാമിൻറെ സന്തതികളായ ഞങ്ങൾ പ്രാർത്ഥിക്കുന്നു” 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 March 2021, 14:16