ഇറ്റലിയിലെ ബേർഗമൊ പട്ടണത്തിലെ ഒരു ആശുപത്രിയിൽ കോവിദ് രോഗിയെ പരിചരിക്കുന്ന ആരോഗ്യപാലകർ! ഇറ്റലിയിലെ ബേർഗമൊ പട്ടണത്തിലെ ഒരു ആശുപത്രിയിൽ കോവിദ് രോഗിയെ പരിചരിക്കുന്ന ആരോഗ്യപാലകർ! 

ഇറ്റലിയിൽ കോവിദിന് ഇരകളായവരുടെ ഓർമ്മദിനം- പാപ്പായുടെ പ്രാർത്ഥന!

കോവിദ് രോഗം മൂലം മരണമടഞ്ഞവരെ അനുസ്മരിക്കുന്നതിന് ഇറ്റലി ആചരിച്ച ദേശീയദിനത്തിൽ മാർപ്പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇറ്റലിയിൽ കോവിദ് 19 മഹാമരിക്കിരകളായവർക്കു വേണ്ടി മാർപ്പാപ്പാ പ്രാർത്ഥിച്ചു.

ഇറ്റലി, കോവിദ് രോഗം ജീവനപഹരിച്ചവർക്കുവേണ്ടിയുള്ള ദേശീയദിനം ആചരിച്ച വ്യാഴാഴ്‌ച (18/03/21) “നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം” (#Letuspraytogether), “കോവിദ് ഇരകൾക്കായുള്ള ദിനം” (#Covidvictimsday) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ കോവിദ് രോഗം മൂലം ജീവൻ പൊലിഞ്ഞവർക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചത്.

“കോവിദ് രോഗത്തിനിരകളായ ഒരു ലക്ഷത്തിലേറെപ്പേർക്കായി നമുക്കു ഏകയോഗമായി പ്രാർത്ഥിക്കാം: അനേകർ രോഗം മൂലം ജീവൻ വെടിഞ്ഞു, മറ്റനേകർ രോഗികളെ പരിചരിക്കുന്നതിനായി ജീവൻ സമർപ്പിച്ചു. അവരെയെല്ലാവരെയും കർത്താവ് സ്വീകരിക്കുകയും അവരുടെ കുടുംബങ്ങൾക്ക് സാന്ത്വനമരുളുകയും ചെയ്യട്ടെ” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്. 

കോവിദ് 19 മഹാമാരി അതിരൂക്ഷമായിരുന്ന ആദ്യഘട്ടത്തിൽ മരണമടഞ്ഞവരെ സംസ്ക്കാരിക്കാൻ ഉത്തര ഇറ്റലിയിലെ ബേർഗൊമൊയിലെ സെമിത്തേരിയിൽ സ്ഥലമില്ലാതിരിക്കുകയൊ നിശ്ചിതസമയത്തിനുള്ളിൽ ദഹിപ്പിക്കൽ പ്രക്രിയ പൂർത്തിയാക്കാൻ കഴിയാത്തവിധം മരണസംഖ്യ വർദ്ധിക്കുകയൊ ചെയ്ത സാഹചര്യത്തിൽ മറ്റിടങ്ങളിലേക്ക് മൃതദേഹങ്ങൾ വലിയ സൈനിക വാഹനങ്ങളിൽ നിരനിരയായി കൊണ്ടു പോയ കരളലിയിക്കുന്ന സംഭവം കഴിഞ്ഞവർഷം (2020) അരങ്ങേറിയ ദിനമായ, മാർച്ച് 18 ആണ് ഇറ്റലി  കോവിദ് മൂലം മരണമടഞ്ഞവരെ ഓർമ്മിക്കുന്നതിനുള്ള ദേശീയ ദിനാചരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 

ഇറ്റലിയിൽ കോവിദ് മഹാമാരിയുടെ ആദ്യതരംഗത്തിൻറെ ഏറ്റം ശക്തമായ പ്രഹരമേറ്റ നഗരമാണ് ബേർഗമൊ. അവിടെ കഴിഞ്ഞ വർഷം (2020) ഈ മഹാമാരിയുടെ ആദ്യ ഘട്ടത്തിൽ മരണമടഞ്ഞവരുടെ സംഖ്യ ഔദ്യോഗികകണക്കനുസരിച്ച് 3400 ആണെങ്കിലും അത് ഏതാണ്ട് 6000 വരുമെന്ന് കണക്കാക്കപ്പെടുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 March 2021, 17:41