ഇറാക്കിൻറെ തലസ്ഥാനമായ ബാഗ്ദാദിൽ വിശുദ്ധ യൗസേപ്പിതാവിൻറെ നാമത്തിലുള്ള കത്തീദ്രലിൽ ദിവ്യബലി അർപ്പിക്കുന്ന പാപ്പാ-06/03/2021 ഇറാക്കിൻറെ തലസ്ഥാനമായ ബാഗ്ദാദിൽ വിശുദ്ധ യൗസേപ്പിതാവിൻറെ നാമത്തിലുള്ള കത്തീദ്രലിൽ ദിവ്യബലി അർപ്പിക്കുന്ന പാപ്പാ-06/03/2021 

പാപ്പാ ഇറാക്കിൽ-ഒരു തിരനോട്ടം!

പാപ്പായുടെ ഇറാക്ക് സന്ദർശനത്തിൻറെ ശനിയാഴ്ട ഉച്ചതിരിഞ്ഞും ഞായറാഴ്ച രാവിലെയും നടന്ന പരിപാടികളുടെ സംക്ഷിപ്ത വിവരണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധവും കലാപങ്ങളും ഭീകരാക്രമണങ്ങളും ചോരപ്പുഴയൊഴുക്കുകയും നാശനഷ്ടങ്ങൾ വിതയ്ക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്തിരിക്കുന്ന ഇറാക്കിൽ കദനക്കയത്തിലാണ്ടിരിക്കുന്ന ജനങ്ങളുടെ, വിശിഷ്യ, വിശ്വാസ തീവ്രത ഉന്നതിയിലാണെങ്കിലും എണ്ണത്തിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ക്രൈസ്തവരുടെ, പക്കൽ കർത്താവിൻറെ കരുണയുടെയും സാന്ത്വനത്തിൻറെയും സന്ദേശവുമായി ഫ്രാൻസീസ് പാപ്പാ എത്തിരിക്കയാണ്. പ്രതികൂല സാഹചര്യങ്ങൾ നിരവധിയാണെങ്കിലും അഞ്ചാം തീയതി വെള്ളിയാഴ്ച (05/03/21) പാപ്പാ ഇറാക്കിൻറെ തലസ്ഥാനമായ ബാഗ്ദാദിൽ പാദമൂന്നി. എട്ടാം തീയതി തിങ്കളാഴ്ചയാണ് (08/03/21) പാപ്പായുടെ മടക്കയാത്ര. അന്ന് ഉച്ചതിരിഞ്ഞ് പാപ്പാ വത്തിക്കാനിൽ തിരിച്ചെത്തും.

പാപ്പായുടെ ശനിയാഴ്ച (06/03/21) വൈകുന്നേരത്തെയും ഞായറാഴ്ച (07/03/21) രാവിലത്തെയും ഇടയസന്ദർശന പരിപാടികളിലൂടെ 

ഇറാക്കും ഇന്ത്യയും തമ്മിൽ സമയത്തിൽ 2 മണിക്കൂറും 30 മിനിറ്റും വിത്യാസമുണ്ട്. ഇറാക്കിനെക്കാൾ 2 മണിക്കൂറും 30 മിനിറ്റും  മുന്നിലാണ് ഇന്ത്യയിലെ സമയം .

ശനിയാഴ്ച രാവിലെ, പാപ്പാ, ഇറാക്കിലെ നജഫ് (Najaf), ഊർ (Ur) എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. നജഫിൽ വച്ച് പാപ്പാ ഇറാക്കിലെ ഷിയാ ഇസ്ലാം തലവനായ വലിയ അയത്തൊള്ളാ സയ്യിദ് അലി അൽ-സിസ്താനിയുമായി (GRAND AYATOLLAH SAYYID ALI AL-HUSAYNI AL-SISTANI) കൂടിക്കാഴ്ച നടത്തി. തദ്ദനന്തരം ഊറിലെത്തിയ പാപ്പായുടെ പരിപാടി മതാന്തര കൂടിക്കാഴ്ച ആയിരുന്നു. അതിനുശേഷം പാപ്പാ ബാഗ്ദാദിലേക്കു മടങ്ങി. അവിടെ അപ്പസ്തോലിക് നൺഷിയേച്ചറിൽ ഉച്ചഭക്ഷണത്തിനു ശേഷം അല്പം വിശ്രമിച്ചു. ശനിയാഴ്ച (06/03/21) വൈകുന്നേരം പാപ്പാ അപ്പസ്തോലിക് നൺഷിയേച്ചറിൽ നിന്ന് എതാണ്ട് രണ്ടര കിലോമീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന, വിശുദ്ധ യൗസേപ്പിതാവിൻറെ നാമത്തിലുള്ള കൽദായ കത്തീദ്രലിലേക്കു കാറിൽ യാത്രയായി.

വിശുദ്ധ ഔസേപ്പിതാവിൻറെ കത്തീദ്രലിൽ ദിവ്യബലി

ഈ കത്തീദ്രൽ ദേവാലയത്തിന് വിശുദ്ധ കുരിശിൻറെ പുകഴ്ചയുടെ തിരുന്നാൾ ദിനത്തിൽ, 1952 സെപ്റ്റമ്പർ 14-ന് കൽദായ പാത്രിയാർക്കീസ് യൂസെഫ് ഏഴാമൻ ഗാനിമ (Yusef VII Ghanima) ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കുകയും 1956-ൽ അദ്ദേഹം തന്നെ ദേവാലയപ്രതിഷ്ഠ നടത്തുകയും ചെയ്തു. 400-ലേറെ വിശ്വാസികൾക്ക് സ്ഥലസൗകര്യമുള്ളതാണ് ഈ ദേവാലയം.

കത്തീദ്രലിനടുത്ത് കാറിൽ വന്നിറങ്ങിയ പാപ്പാ തിരുവസ്ത്രങ്ങൾ അണിയുന്നതിന് സങ്കീർത്തിയിലേക്കു പോയി. തുടർന്ന് പാപ്പാ സഹകാർമ്മികരുമൊത്ത് പ്രദക്ഷിണമായി ബലിവേദിയിലേക്കു നീങ്ങിപ്പോൾ പ്രവേശന ഗാനം ഗായകസംഘം ആലപിച്ചു. പാപ്പാ ഇറ്റാലിയൻ  ഭാഷയിലാണ് കൽദായ റീത്തിലുള്ള വിശുദ്ധ കുർബ്ബാന അർപ്പിച്ചത്. വിശുദ്ധഗ്രന്ഥവായനകൾ അറബിയിലായിരുന്നു. ഒന്നാം വായന വിജ്ഞാനത്തിൻറെ പുസ്തകം അദ്ധ്യായം 6,1-11 വരെയും രണ്ടാം വായന, പൗലോസപ്പസ്തോലൻ കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 12,31 മുതൽ അദ്ധ്യായം 13, 8 വരെയും വാക്യങ്ങൾ ആയിരുന്നു. സുവിശേഷവായന മത്തായിയുടെ സുവിശേഷം അദ്ധ്യായം 5,1-10 വരെയുള്ള വാക്യങ്ങളായിരുന്നു.

വചന ശുശ്രൂഷയിൽ ഈ തിരുലിഖിതവായനകൾക്കു ശേഷം പാപ്പാ സുവിശേഷ സന്ദേശം ഇറ്റാലിയൻ ഭാഷയിൽ നല്കി. ഒരു ദ്വിഭാഷി ഇത് അറബിയിൽ വിവർത്തനം ചെയ്യുന്നുണ്ടായിരുന്നു.

സുവിശേഷ സന്ദേശം- ജ്ഞാനാന്വേഷണം

ദൈവവചനം ഇന്ന് നമ്മോട് പറയുന്നത് ജ്ഞാനം, സാക്ഷ്യം, വാഗ്ദാനങ്ങൾ എന്നിവയെക്കുറിച്ചാണ്. പുരാതന കാലം മുതൽ തന്നെ ഈ ദേശങ്ങളിൽ ജ്ഞാനം നട്ടുവളർത്തിയിട്ടുണ്ട്. തീർച്ചയായും ജ്ഞാനത്തിനായുള്ള അന്വേഷണം എല്ലായ്പ്പോഴും സ്ത്രീപുരുഷന്മാരെ ആകർഷിച്ചിട്ടുണ്ട്. എന്നിരുന്നാലും, മിക്കപ്പോഴും, കൂടുതൽ മാർഗ്ഗങ്ങളുള്ളവർക്ക് കൂടുതൽ അറിവ് നേടാൻ കഴിയുന്നു, കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു, അതേസമയം മാർഗ്ഗങ്ങൾ കുറവുള്ളവർ  മാറ്റിനിറുത്തപ്പെടുന്നു. നമ്മുടെ കാലഘട്ടത്തിൽ വർദ്ധമാനമായിരിക്കുന്ന  അത്തരം അസമത്വം അസ്വീകാര്യമാണ്. ഈ കാഴ്ചപ്പാടിനെ മാറ്റിമറിച്ചുകൊണ്ട് ജ്ഞാനത്തിൻറെ പുസ്തകം നമ്മെ അതിശയിപ്പിക്കുന്നു.

എളിയവർക്ക് അനുഗ്രഹ വർഷണം

“എളിയവർക്ക് കൃപയാൽ മാപ്പുലഭിക്കും, പ്രബലർ കഠിനമായി പരീക്ഷിക്കപ്പെടും” (ജ്ഞാനം 6: 6). കുറവുള്ളവർ ലോകത്തിൻറെ കണ്ണിൽ, തള്ളപ്പെടുന്നു, മറിച്ച് കൂടുതൽ ഉള്ളവരാകട്ടെ വിശേഷാവകാശങ്ങൾ ഉള്ളവരായി പരിഗണിക്കപ്പെടുന്നു. ദൈവത്തെ സംബന്ധിച്ചിടത്തോളം ഇത് അങ്ങനെയല്ല: കൂടുതൽ ശക്തരായവർ കർശനമായ പരിശോധനയ്ക്ക് വിധേയരാകുന്നു, അതേസമയം ഏറ്റവും എളിയവർക്കാണ് ദൈവത്തിൻറെ  പ്രത്യേക പരിഗണന ലഭിക്കുന്നത്.

സുവിശേഷത്തിലെ വൈപരീത്യം

ജ്ഞാനംതന്നെയായ യേശു, സുവിശേഷത്തിൽ കാണുന്ന ഈ വൈപരീത്യത്തെ പൂർത്തിയാക്കുന്നു, ആദ്യത്തെ പ്രഭാഷണത്തിലൂടെ, സുവിശേഷസൗഭാഗ്യങ്ങളിലൂടെ അവിടന്ന് അതു ചെയ്യുന്നു. ഈ വിപര്യാസം പൂർണ്ണമാണ്: ദരിദ്രർ, വിലപിക്കുന്നവർ, പീഡിതർ എന്നിവർ അനുഗൃഹീതർ എന്ന് വിളിക്കപ്പെടുന്നു. എങ്ങനെയാണ് ഇത് സാധ്യമാവുന്നത്? ലോകത്തെ സംബന്ധിച്ചിടത്തോളം, സമ്പന്നരും ശക്തരും പ്രശസ്തരുമാണ് അനുഗ്രഹീതർ! സമ്പത്തും മാർഗ്ഗങ്ങളുമുള്ളവരാണ് പരിഗണിക്കപ്പെടുന്നത്! എന്നാൽ ദൈവത്തിന് അങ്ങനെയല്ല: ഇനിമേൽ ധനികരല്ല വലിയവർ, മറിച്ച്, ആത്മാവിൽ ദരിദ്രരാണ്; സ്വന്തം ഇഷ്ടം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയുന്നവരല്ല, എല്ലാവരോടും സൗമ്യത പുലർത്തുന്നവരാണ്. ജനക്കൂട്ടം പുകഴ്ത്തുന്നവരല്ല, പ്രത്യുത, സഹോദരീസഹോദരന്മാരോട് കരുണ കാണിക്കുന്നവരാണ്. അപ്പോൾ, നാം ഇങ്ങനെ ചോദിച്ചുപോകും: യേശു ആവശ്യപ്പെടുന്നതുപോലെ ഞാൻ ജീവിക്കുന്നുവെങ്കിൽ, എനിക്കെന്തു ലഭിക്കും? എൻറെ മേൽ ആധിപത്യം പുലർത്താൻ ഞാൻ മറ്റുള്ളവരെ അനുവദിക്കുന്ന അപകടമില്ലേ? യേശുവിൻറെ ക്ഷണം മൂല്യവത്താണോ അതോ നഷ്ടത്തിനു  കാരണമാണോ? നഷ്ടം വരുത്തുന്നതല്ല ആ ക്ഷണം, അത് ജ്ഞാനമാണ്.

ലോകത്തിൻറെ വീക്ഷണം

യേശുവിൻറെ നിർദ്ദേശം ജ്ഞാനമാണ്, കാരണം ലോകത്തിൻറെ കാഴ്ചയിൽ ദുർബ്ബലമാണെന്ന് തോന്നിയാലും, സുവിശേഷസൗഭാഗ്യങ്ങളുടെ ഹൃദയമായ സ്നേഹം, വാസ്തവത്തിൽ, എല്ലായ്പ്പോഴും വിജയക്കൊടി നാട്ടുന്നു. ക്രൂശിൽ, അത് പാപത്തേക്കാൾ ശക്തമാണെന്ന് തെളിയിച്ചു, കല്ലറയിൽ അത് മരണത്തെ കീഴടക്കി. അതേ സ്നേഹംതന്നെയാണ് രക്തസാക്ഷികളെ അവരുടെ പരീക്ഷണങ്ങളിൽ വിജയികളാക്കിത്- കഴിഞ്ഞ നൂറ്റാണ്ടിൽ എത്രമാത്രം രക്തസാക്ഷികൾ ഉണ്ടായിട്ടുണ്ട്, മുൻകാലത്തേക്കാൾ കൂടുതൽ! ....

സുവിശേഷസൗഭാഗ്യങ്ങൾ ആവശ്യപ്പെടുന്ന സാക്ഷ്യം

നമ്മൾ എങ്ങനെ സുവിശേഷസൗഭാഗ്യങ്ങൾ അഭ്യസിക്കും? അസാധാരണമായ കാര്യങ്ങൾ, നമ്മുടെ കഴിവുകൾക്കപ്പുറത്തുള്ള വീരകൃത്യങ്ങൾ ചെയ്യാൻ അവ നമ്മോട് ആവശ്യപ്പെടുന്നില്ല. അനുദിന സാക്ഷ്യമാണ് അവ ആവശ്യപ്പെടുന്നത്. യേശുവിൻറെ ജ്ഞാനത്തിന് മൂർത്തരൂപമേകുന്നതിനുള്ള മാർഗ്ഗമാണ് സാക്ഷ്യം. അങ്ങനെയാണ് ലോകം മാറുന്നത്: ശക്തിയാലും അധികാരത്താലും അല്ല, മറിച്ച് സുവിശേഷസൗഭാഗ്യങ്ങളിലൂടെ. യേശു ചെയ്തത് അതുതന്നെയാണ്: അവിടന്ന് താൻ ആദ്യം മുതൽ പറഞ്ഞവയെല്ലാം അവസാനം വരെ ജീവിച്ചു. യേശുവിൻറെ സ്നേഹത്തിന് സാക്ഷ്യം വഹിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു സകലവും. ഈ ഉപവിയെക്കുറിച്ചാണ് ഇന്നത്തെ രണ്ടാമത്തെ വായനയിൽ വിശുദ്ധ പൗലോസ് ഗംഭീരമായി വിവരിക്കുന്നത്. 

സ്നേഹം ക്ഷമയാണ്

ആദ്യം, വിശുദ്ധ പൗലോസ് പറയുന്നത് “സ്നേഹം ക്ഷമയാണ്” (വാക്യം 4) എന്നാണ്. നന്മ, ഔദാര്യം, സത്പ്രവൃത്തികൾ എന്നിവയുടെ പര്യായമായി തോന്നുന്നു സ്നേഹം. എന്നിട്ടും , സ്നേഹം സർവ്വോപരി ക്ഷമയാണെന്ന്  പൗലോസ് പറയുന്നു. .......

നമ്മുടെ പ്രതികരണമെന്ത് ?

നമുക്ക് സ്വയം ചോദിക്കാം: തെറ്റായ സാഹചര്യങ്ങളോട് നമ്മൾ പ്രതികരിക്കുന്നത് എങ്ങനെയാണ്? പ്രതികൂല സാഹചര്യങ്ങളിൽ, എല്ലായ്പ്പോഴും രണ്ട് തരം പ്രലോഭനങ്ങൾ ഉണ്ട്. ആദ്യത്തേത് പലായനം ആണ്: നമുക്ക് ഓടിപ്പോകാം, പുറകോട്ട് തിരിയാം, അതിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുന്നു. രണ്ടാമത്തേത് കോപത്തോടെ, ശക്തി പ്രകടനത്തോടെ പ്രതികരിക്കുകയാണ്. ഗത്സേമിനിയിൽ ശിഷ്യന്മാരുടെ സ്ഥിതി ഇതായിരുന്നു: പരിഭ്രാന്തിമൂലം പലരും ഓടിപ്പോയി, പത്രോസ് വാൾ എടുത്തു. പലായനമോ വാളോ ഒന്നും നേടിയില്ല. പ്രത്യുത, യേശു ചരിത്രം മാറ്റിമ   റിച്ചു. എങ്ങനെ? സ്നേഹത്തിന്റെ എളിയ ശക്തിയോടെ, ക്ഷമയോടെയുള്ള സാക്ഷ്യത്തോടെ. ഇതാണ് നമ്മളും പ്രാവർത്തികമാക്കാൻ വിളിക്കപ്പെട്ടിരിക്കുന്നത്; ദൈവം തൻറെ വാഗ്ദാനങ്ങൾ നിറവേറ്റുന്നത് ഇങ്ങനെയാണ്. 

നമ്മുടെ ബലഹീനതകൾ 

സുവിശേഷ സൗഭാഗ്യങ്ങളിൽ മൂർത്തരൂപമെടുക്കുന്ന യേശുവിൻറെ ജ്ഞാനം, സാക്ഷ്യം ആവശ്യപ്പെടുകയും ദൈവിക വാഗ്ദാനങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രതിഫലം ഉറപ്പുനല്കയും ചെയ്യുന്നു..... ദൈവത്തിന്റെ വാഗ്ദാനങ്ങൾ സമാനതകളില്ലാത്ത സന്തോഷം ഉറപ്പ് നൽകുന്നു, ഒരിക്കലും നിരാശപ്പെടുത്തില്ല. എന്നാൽ അവ എങ്ങനെ നിറവേറ്റപ്പെടും? നമ്മുടെ ബലഹീനതകളിലൂടെ. ആന്തരിക ദാരിദ്ര്യത്തിൻറെ പാതയിലൂടെ അവസാനംവരം സഞ്ചരിക്കുന്നവരെ ദൈവം അനുഗ്രഹീതരാക്കുന്നു.

ഇതാണ് വഴി; മറ്റൊരുമാർഗ്ഗവുമില്ല. നമുക്ക്, ഗോത്രപിതാവായ അബ്രഹാമിനെ നോക്കാം. ദൈവം അദ്ദേഹത്തിന് ഒരു സന്തതിയെ വാഗ്ദാനം ചെയ്തു, പക്ഷേ അവനും സാറയും ഇപ്പോൾ വൃദ്ധരും മക്കളില്ലാത്തവരുമാണ്. എന്നിട്ടും അവരുടെ ക്ഷമയുള്ളതും വിശ്വസ്തവുമായ വാർദ്ധക്യത്തിലാണ് ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുകയും അവർക്ക് ഒരു പുത്രനെ നൽകുകയും ചെയ്യുന്നത്. നമുക്ക് മോശയെയും നോക്കാം: മോശ ജനത്തെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു, അതു ചെയ്യുന്നതിനായി ഫറവോനോട് സംസാരിക്കാൻ ദൈവം മോശയോട് ആവശ്യപ്പെടുന്നു. തനിക്കു ഉചിതമായി സംസാരിക്കാൻ  അറിയില്ല എന്ന് മോശ വ്യക്തമാക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിൻറെ വാക്കുകളിലൂടെയാണ് ദൈവം തൻറെ വാഗ്‌ദാനം നിറവേറ്റുന്നത്. പരിശുദ്ധ കന്യകാമറിയത്തെ നോക്കാം, നിയമപ്രകാരം ഒരു കുട്ടിയുണ്ടാകാൻ പാടില്ലാത്ത അവസ്ഥയിലും ഒരു അമ്മയാകാൻ വിളിക്കപ്പെട്ടവൾ. നമുക്ക് പത്രോസിനെ നോക്കാം: അവൻ കർത്താവിനെ തള്ളിപ്പറയുന്നു, എന്നാൽ തൻറെ സഹോദരന്മാരെ ശക്തിപ്പെടുത്താൻ യേശു വിളിക്കുന്നത് അ വനെയാണ്. പ്രിയ സഹോദരീസഹോദരന്മാരേ, ചില സമയങ്ങളിൽ നമുക്ക് നാം നിസ്സഹായരും പ്രയോജനശൂന്യരുമാണെന്ന തോന്നലുണ്ടാകാം. നാം ഒരിക്കലും ഇതിന് വഴങ്ങരുത്, കാരണം നമ്മുടെ ബലഹീനതകളിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ദൈവം ആഗ്രഹിക്കുന്നു.

ഉപസംഹാരം

ഇന്ന് ഞാൻ നിങ്ങളോടൊപ്പം ദൈവത്തിന് നന്ദി പറയുന്നു, കാരണം പുരാതനകാലത്ത് “ജ്ഞാനം” ഉദയം ചെയ്ത ഇവിടെ, നമ്മുടെ കാലഘട്ടത്തിൽ ധാരാളം സാക്ഷികൾ ഉണ്ടായിട്ടുണ്ട്, വാർത്തകളിൽ പലപ്പോഴും അത് അവഗണിക്കപ്പെടുന്നു, എന്നാൽ അവ ദൈവത്തിൻറെ ദൃഷ്ടിയിൽ വിലപ്പെട്ടതാണ്. സുവിശേഷസൗഭാഗ്യങ്ങൾ ജീവിക്കുന്നതിലൂടെ,സാക്ഷികൾ, സമാധാന വാഗ്ദാനങ്ങൾ നിറവേറ്റാൻ ദൈവത്തെ സഹായിക്കുകയാണ്.

ഈ വാക്കുകളിൽ തൻറെ ദൈവവചനവിശകലനം പാപ്പാ അവസാനിപ്പിച്ച തിനെ തുടർന്ന് അറബി, കുർദ് ആംഗലം തുടങ്ങിയ വിവിധ ഭാഷകളിൽ വിശ്വാസികളുടെ പ്രാർത്ഥനയായിരുന്നു. തദ്ദനന്തരം കാഴ്ചവയ്പ്പോടുകൂടി പാപ്പാ ദിവ്യബലി തുടർന്നു.വിശുദ്ധകുർബ്ബാനയുടെ സമാപനാശീർവ്വാദത്തിനു മുമ്പ് കൽദായകത്തോലിക്കാ പാത്രിയാർക്കീസ് കർദ്ദിനാൾ ലൂയീസ് റാഫേൽ പ്രഥമൻ സാക്കൊ (Cardinal Louis Raphael Sako) പാപ്പായക്ക് നന്ദിയർപ്പിച്ചു.

പാത്രിയാർക്കീസ് കർദ്ദിനാൾ ലൂയീസ് റാഫേൽ പ്രഥമൻ സാക്കൊയുടെ നന്ദി പ്രകാശനം

അഭിപ്രായഭിന്നതകളും ഇറാക്കിലും ലോകത്തിലെ എല്ലാ നാടുകളിലും നിലവിലുള്ള പ്രതിസന്ധിയും ഉളവാക്കിയിരിക്കുന്ന അസാധാരണ സാഹചര്യത്തിൽ പാപ്പാ നടത്തുന്ന ഈ ധീരമായ സന്ദർശനത്തിന് തൻറെയും ക്രൈസ്തവരുടെയും ഇറാക്കിലെ ജനങ്ങൾ മുഴുവൻറെയും സന്തോഷവും നന്ദിയും അവാച്യമാണെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് കർദ്ദിനാൾ സാക്കൊ തൻറെ നന്ദിപ്രകാശനം ആരംഭിച്ചത്.

ഉപരി മാനവികതയും സാഹോദര്യവും പിന്തുണയും സുദൃഢതയും സമാധാനവും നിറഞ്ഞ ഒരു ലോകത്തിനായി പ്രാർത്ഥിക്കുന്ന ഒരു തീർത്ഥാടകനെന്ന നിലയിൽ തങ്ങളുടെ മദ്ധ്യേയുള്ള പാപ്പായുടെ സാന്നിധ്യം തങ്ങളെ പ്രത്യാശാഭരിതരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാ മനുഷ്യരുടെയും ഈ പൊതുവായ തനിമ വ്യത്യസ്ത മത-ദേശീയ അനന്യതയ്ക്ക് ഭീഷണിയല്ലെന്നും, തനിമയെ മായ്ച്ചുകളയുന്നില്ലയെന്നും, മറിച്ച് അവയെ സമ്പന്നമാക്കുകയും തീവ്രവാദത്തിലും ഭീകരപ്രവർത്തനത്തിലും  നിന്ന് മുക്തമാക്കുകയുമാണ് ചെയ്യുന്നതെന്നും  സ്വാഗതം ചെയ്യുന്നതിനോടും, സംഭാഷണത്തോടും, പരസ്പര ധാരണയോടും, സഹിഷ്ണുതയോടും, സ്നേഹം, നന്മ, സമാധാനം എന്നിവയോടും ജീവിതത്തോടും പരിസ്ഥിതിയോടുമുള്ള ആദരവ് എന്നിവയോടും തുറവുള്ള സമൂർത്തമായ ദൈനംദിന ബന്ധങ്ങൾപുലർത്താൻ കുട്ടികളെയും യുവാക്കളെയും പ്രാപ്തരാക്കുന്നുവെന്നും കർദ്ദിനാൾ സാക്കൊ പ്രസ്താവിച്ചു. വേദനാജനകമായ ഭൂതകാലത്തെ മറികടക്കാൻ ഈ പാപ്പാ സന്ദർശനം ഇറാക്കിലെ ജനങ്ങൾക്ക് പ്രചോദനം പകരുമെന്ന് അദ്ദഹം പറഞ്ഞു. 

ദിവ്യബലി അവസാനിച്ചതിനെ തുടർന്ന് പാപ്പാ ബാഗ്ദാദിലെ അപ്പസ്തോലിക് നൺഷിയേച്ചറിലേക്കു മടങ്ങുകയും അത്താഴം കഴിച്ച് രാത്രി വിശ്രമിക്കുകയും ചെയ്തു.

പാപ്പാ എർബിലിൽ

തൻറെ ഇടയസന്ദർശനത്തിൻറെ ഉപാന്ത്യദിനമായിരുന്ന ഞായറാഴ്ച, അതായത് മൂന്നാമത്തെ ദിവസം, രാവിലെ പാപ്പാ ബാഗ്ദാദിലെ വിമാനത്താവളത്തിലേക്കു പോകുകയും 330 കിലോമീറ്റർ അകലെയുള്ള എർബിലിലേക്ക് (Erbil), അഥവാ അർബീലിലേക്ക് (Arbīl) വിമാനത്തിൽ പുറപ്പെടുകയും ചെയ്തു.

എർബിൽ

വടക്കൻ ഇറാക്കിലെ ഒരു സ്വയം ഭരണപ്രദേശമായ കുർദിസ്ഥാൻറെ തലസ്ഥാനമാണ് എർബിൽ. കുർദിസ്ഥാൻ റീജിയൺ, ഇറാക്കി കുർദിസ്ഥാൻ എന്നീ പേരുകളിലും കുർദിസ്ഥാൻ അറിയപ്പെടുന്നു. കിഴക്ക് ഇറാൻ, വടക്ക് തുർക്കി, പടിഞ്ഞാറ് സിറിയ, തെക്ക് ഇറാക്കിലെ മറ്റു പ്രവിശ്യകൾ എന്നിങ്ങനെയാണ് അതിർത്തികൾ. പ്രാദേശിക തലസ്ഥാനമായ എർബിൽ അല്ലെങ്കിൽ ആർബിൽ കുർദിഷ് ഭാഷയിൽ ഹീവ്ലേർ (Hewlêr) എന്നാണ് അറിയപ്പെടുന്നത്. ഇവിടത്തെ നിവാസികളുടെ സംഖ്യ 17 ലക്ഷത്തി 51000-ത്തിലേറെയാണ്.

ഇസ്ലാമിക് സ്റ്റേറ്റ് വിമതര്‍ സമീപത്തെ ഗ്രാമങ്ങളും പട്ടണങ്ങളും കീഴടക്കിയിട്ടുണ്ടെങ്കിലും സമാധാനതുരുത്തായി കണക്കാക്കപ്പെടുന്ന ഏർബിലിലേക്ക് ഇതുവരെ എത്തിയിട്ടില്ല. കുര്‍ദുകളുടെ സുരക്ഷാസേനയാണ് നഗരത്തിൻറെ കാവൽ. മൊസൂള്‍ നഗരത്തില്‍ വിമതര്‍ സ്വാധീനമുറപ്പിച്ചതോടെ അഞ്ചു ലക്ഷത്തിലേറെ  ഷിയാ അഭയാര്‍ഥികളാണ് എര്‍ബിലിലെത്തിയത്. സിറിയയില്‍ നിന്നുള്ള ഒട്ടേറെ അഭയാര്‍ഥികളും ഇവിടുത്തെ താത്കാലിക അഭയകേന്ദ്രങ്ങളിലുണ്ട്. എണ്ണയാണ് പ്രധാന സാമ്പത്തിക സ്രോതസ്സ്. ലോകത്തെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിലൊന്നായാണ് ചരിത്രകാരന്മാര്‍ എര്‍ബിലിനെ വിശേഷിപ്പിക്കുന്നത്. ക്രിസ്തുവിന് 6000 വര്‍ഷം മുന്പ് തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നു. ഒട്ടേറെ പൗരാണിക-സാംസ്‌കാരികകേന്ദ്രങ്ങള്‍ നഗരത്തിലുണ്ട്.

എർബിൽ കൽദായ കത്തോലിക്ക അതിരൂപത

എർബിൽ കൽദായ കത്തോലിക്ക അതിരൂപത 1958 മാർച്ച് 7-ന് സ്ഥാപിതമായതാണ്. ഈ സഭാഭരണ പ്രവിശ്യയിലെ കത്തോലിക്കരുടെ എണ്ണം 16000 മാത്രമാണ്. ഒരു പള്ളിമാത്രമാണ് ഇവിടെയുള്ളത്. 13 രൂപതാവൈദികരും 50-ൽപ്പരം സന്ന്യാസിനികളും ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. 6 വിദ്യാലയങ്ങളും 3 സേവന കേന്ദ്രങ്ങളും എർബിൽ കൽദായ കത്തോലിക്ക അതിരൂപതയുടെ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്നു.

ഈ അതിരൂപതയുടെ ഭരണസാരഥി ഇപ്പോൾ ആർച്ചുബിഷപ്പ് ബഷർ മാത്തി വ്വാദ (Bashar Matti Warda) ആണ്. അദ്ദേഹം റെഡംപ്റ്ററിസ്റ്റ് സന്ന്യാസസമൂഹാംഗമാണ്. ബാഗ്ദാദിൽ 1969 ജൂൺ 15-ന് ജനിച്ച ആർച്ചുബിഷപ്പ് ബഷർ മാത്തി വ്വാദ, 1993 മെയ് 8-ന് പൗരോഹിത്യം സ്വീകരിക്കുകയും 2010 ജൂലൈ 3-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.

സിറിയൻ രൂപത   

എർബിലിൽ അദിയബേനെ (Adiabene) സിറിയൻ രൂപതയും ഉണ്ട്. രൂപതാദ്ധ്യക്ഷൻ നത്താനയേൽ നിസ്സാർ വ്വാദിഹ് സെമാൻ (Nathanael Nizar Wadih Semaan) ആണ്. 1965 ജനുവരി 1-ന് ജനിച്ച അദ്ദേഹം 1991 നവമ്പർ 1-ന് പൗരോഹിത്യം സ്വീകരിക്കുകയും 2019 ജൂൺ 7ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.

എർബിലിൽ സ്വീകരണം

എർബിലിൽ വിമാനമിറങ്ങിയ പാപ്പായ്ക്ക് ഇറാക്കി കുർദിസ്ഥാൻ പ്രാദേശിക ഭരണകൂടത്തിൻറെ പ്രസിഡൻറും പ്രധാനമന്ത്രിയും പൗരാധികാരികളും മതാധികാരികളും ചേർന്ന് ഊഷ്മള വരവേല്പു നല്കി. വിമാനപ്പടവുകളിറങ്ങിയ പാപ്പായെ ഭരണാധികാരികൾ ഹസ്തദാനം ചെയ്ത് സ്വീകരിച്ച് വിമാനത്താവളത്തിലെ വിശിഷ്ടാഥിതികൾക്കായുള്ള ശാലയിലേക്കാനയിച്ചു. വ്യോമയാനത്തിനടുത്തു നിന്ന് ഈ ശാലയിലേക്ക് ചുവന്ന പരവതാനിവിരിച്ച് ഒരുക്കിയിരുന്ന നടപ്പാതയ്ക്കരികെ ചെറു ശാഖകളും മറ്റും വീശി  നിന്നിരുന്നവരെ പാപ്പാ കരമുയർത്തി പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തു. പാരമ്പര്യവസ്ത്രങ്ങളണിഞ്ഞ കുസൃതിക്കുരുന്നുകളെയും കാണാമായിരുന്നു. ശാലയിലെത്തിയ പാപ്പാ അല്പസമയം ഇറാക്കി കുർദിസ്ഥാൻ പ്രാദേശിക ഭരണകൂടത്തിൻറെ പ്രസിഡൻറും പ്രധാനമന്ത്രിയുമായി സൗഹൃദസംഭാഷണ ത്തിലേർപ്പെടുകയും തദ്ദനന്തരം എർബലിൽ നിന്ന് ഹെലിക്കോപ്റ്റർ മാർഗ്ഗം 86 കിലോമീറ്റർ വ്യോമദൂരത്തിലുള്ള മൊസൂളിലേക്ക് പുറപ്പെടുകയും ചെയ്തു.

 മൊസൂൾ 

ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമാണ് മൊസൂൾ. ബാഗ്ദാദിന് 400 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി ടൈഗ്രിസ്‌ നദിയുടെ കരയിലാണ് മൊസൂൾ സ്ഥിതി ചെയ്യുന്നത്. പുരാതനമായ ചരിത്രമുള്ള നഗരമാണ് മൊസൂൾ. നിനിവേയുടെ ഭരണതലസ്ഥാനമാണിത്. 7 ലക്ഷത്തി 20000 ത്തിലേറെ നിവാസികളുള്ള നഗരമാണ് മൊസൂൾ. മൊസൂളിലെ ജനസംഖ്യയിൽ ഭൂരിഭാഗവും അറബികളാണ്, അസീറിയക്കാർ, അർമേനിയക്കാർ, തുർക്ക്മെൻ, കുർദ്, യാസിദിസ്, ഷബാകികൾ, മാൻഡീൻസ്, സർക്കാസിയൻസ് എന്നിവരും മറ്റ് ചെറിയ വംശീയ ന്യൂനപക്ഷങ്ങളും ഇവിടെയുണ്ട്. അഞ്ച് മുസ്ലീം പ്രവാചകന്മാരുടെ കബറിടങ്ങൾ സ്ഥിതിചെയ്യുന്നതിനാൽ “പ്രവാചകരുടെ നഗരം” എന്ന പേരും മൊസൂളിനുണ്ട്.

മൊസൂൾ കൽദായ രൂപത

മൊസൂൾ കൽദായ രൂപത 1960 ഒക്ടോബർ 24-ന് സ്ഥാപിതമാകുകയും അത് 1967 ഫെബ്രുവരി 14-ന് അതിരൂപതയായി ഉയർത്തപ്പെടുകയും ചെയ്തു. 5000 കത്തോലിക്കരുള്ള ഈ അതിരൂപതയ്ക്ക് ഒരു പള്ളിയും 13 രൂപതാവൈദികരുമുണ്ട്. 6 സന്ന്യാസിനികൾ ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. 5 വിദ്യാഭ്യാസസ്ഥാപനങ്ങളും 7 സേവനകേന്ദ്രങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.

ഈ അതിരൂപതയുടെ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് നജീബ് മൈക്കിൾ (Najeeb Michaeel)ആണ്. 1955 സെപ്റ്റമ്പർ 9-ന് ത്സാക്കൊ എന്ന സ്ഥലത്തു ജനിച്ച അദ്ദേഹം 1987 മെയ് 6-ന് പൗരോഹിത്യം സ്വീകരിക്കുകയും 2019 ജനുവരി 8-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.

സിറിയൻ അതിരൂപത

മൊസൂളിലെ സിറിയൻ അതിരൂപത 1790-ൽ സ്ഥാപിതമായതാണ്. ഈ അതിരൂപതയിലെ കത്തോലിക്കരുടെ സംഖ്യ 4500 ആണ്. 2 പള്ളികളുള്ള ഈ അതിരൂപതയിൽ 22 രൂപതാവൈദികരും 26 സന്ന്യസ്തവൈദികരും സേവനമനുഷ്ഠിക്കുന്നു.

ആർച്ചുബിഷപ്പ് യോഹന്നാൻ പേത്രോസ് മൊഷെ (Yohanna Petros Moshe) ആണ് അതിരൂപതാദ്ധ്യക്ഷൻ. ഖാരഖോഷിൽ 1943 നവമ്പർ 23-നായിരുന്നു അദ്ദേഹത്തിൻറെ ജനനം. 1968 ജൂണ 9-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2011 ഏപ്രിൽ 16-ന് മെത്രാനായി അഭിഷിക്തനായി. 

ഹോഷ് അൽ ബിയേയാ

ഹെലിക്കോപ്റ്ററിൽ മൊസൂളിലെത്തിയ പാപ്പാ അവിടെനിന്ന് 4 ദേവാലയങ്ങളുടെ ചത്വരമായ ഹോഷ് അൽ ബിയേയയിലേക്ക് (Hosh al-Bieaa) പോയി. സിറോ കത്തോലിക്ക, അർമേനിയൻ ഓർത്തഡോക്സ്, സിറോ ഓർത്തഡോക്സ്, കൽദായ ദേവാലയങ്ങൾ 2014-നും 2017-നുമിടയ്ക്ക് തകർക്കപ്പെട്ട ഇടമാണിത്.

ഹോഷ് അൽ ബിയേയയിലെത്തിയ പാപ്പായെ നാശാവശിഷ്ടങ്ങൾക്കു മദ്ധ്യേ ഒരുക്കിയ വേദിയിലേക്ക് മൊസൂൾ കൽദായ മെത്രാപ്പോലീത്ത നജീബ് മൈക്കിൾ ആനയിച്ചു.

അവിടവച്ച് പാപ്പാ യുദ്ധത്തിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു. ആദ്യം മെത്രാപ്പോലീത്ത നജീബ് മൈക്കിൾ പാപ്പായ്ക്ക് സ്വാഗതമോതി. തുർന്ന് ഒരു സുന്നിമുസ്ലീമും ഒരു സന്ന്യാസിനിയും സാക്ഷ്യം നല്കി. തദ്ദനന്തരം പാപ്പാ പ്രാർത്ഥിച്ചു.

പ്രാർത്ഥനയ്ക്ക് ആമുഖമായി പാപ്പാ ഇങ്ങനെ പറഞ്ഞു:

ഈ മൊസൂൾ നഗരത്തിലേയും ഇറാക്കിലേയും മദ്ധ്യപൂർവ്വദേശം മുഴുവനിലെയും യുദ്ധത്തിന് ഇരകളായവർക്കായി പ്രാർത്ഥിക്കുന്നതിനു മുമ്പ് ഈ ചിന്തകൾ നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു:

ദൈവം ജീവൻറെ ദൈവമാണെങ്കിൽ - അവിടന്ന് അതുതന്നെയാണ്- നമ്മുടെ സഹോദരന്മാരെ അവിടത്തെ നാമത്തിൽ കൊല്ലുന്നത് തെറ്റാണ്.

ദൈവം സമാധാനത്തിൻറെ ദൈവമാണെങ്കിൽ - അവിടന്ന് അതുതന്നെയാണ് - അവിടത്തെ നാമത്തിൽ യുദ്ധം ചെയ്യുന്നത് തെറ്റാണ്.

ദൈവം സ്നേഹത്തിൻറെ ദൈവമാണെങ്കിൽ - അവിടന്ന് അതുതന്നെയാണ്- നമ്മുടെ സഹോദരന്മാരെ വെറുക്കുന്നത് തെറ്റാണ്.

യുദ്ധത്തിനിരകളായവർക്ക് സർവ്വശക്തനായ ദൈവം നിത്യജീവനും ശാശ്വത ശാന്തിയും പ്രദാനംചെയ്യുന്നതിനും  തന്റെ സ്നേഹപൂർവ്വമായ ആശ്ലേഷത്തിൽ  അവരെ സ്വീകരിക്കുന്നതിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ദൈവത്തിൻറെ ദൃഷ്ടിയിൽ നാമെല്ലാം സഹോദരീസഹോദരന്മാരാണെന്ന ബോധ്യത്തിൽ, മതത്തിൻറെ അതിരുകൾക്കപ്പുറത്ത് നമുക്ക് ഏകതാനതയിലും സമാധാനത്തിലും ഐക്യത്തിലും  ജീവിക്കാൻ കഴിയുന്നതിനായി നമുക്കുവേണ്ടിയും പ്രാർത്ഥിക്കാം.

അത്യുന്നതനായ ദൈവമേ, കാലത്തിൻറെയും ചരിത്രത്തിൻറെയും നാഥാ, അങ്ങ് സ്നേഹത്താലാണ് ലോകത്തെ സൃഷ്ടിച്ചത്, അങ്ങയുടെ സൃഷ്ടികളുടെ മേൽ അങ്ങ് നിരന്തരം അനുഗ്രഹം ചൊരിയുന്നു. സഹനങ്ങളുടെയും മരണത്തിൻറെയും കടലിനപ്പുറം, അക്രമത്തിൻറെയും, അനീതിയുടെയും, അന്യായ സമ്പാദ്യങ്ങളുടെയും പ്രലോഭനങ്ങൾക്കപ്പുറത്ത്, അങ്ങയുടെ പുത്രീ പുത്രന്മാരെ ഒരു പിതാവിൻറെ ആർദ്രമായ സ്നേഹത്തോടെ തുണയ്ക്കേണമെ.

ഞങ്ങളുടെ ദൈവമായ കർത്താവേ, ഈ നഗരത്തിലെ രണ്ട് ചിഹ്നങ്ങൾ അങ്ങയുമായി അടുക്കാൻ മനുഷ്യരാശിയ്ക്കുള്ള വറ്റാത്ത ആഗ്രഹത്തിന് സാക്ഷ്യം വഹിക്കുന്നു: അൽ ഹദ്ബ മിനാരത്തോടുകൂയി അൽ-നൂറി മുസ്ലീംപള്ളിയും, ഘടികാരനാഥയുടെ പള്ളിയും. ജീവിതം ഹ്രസ്വവും സമയം വിലപ്പെട്ടതുമാണെന്ന് വഴിയാത്രക്കാരെ നൂറുവർഷത്തിലേറെയായി ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന ഘടികാരമാണിത്. സ്നേഹം, സമാധാനം, അനുരഞ്ജനം എന്നിവയുടെതായ പദ്ധതി അങ്ങ് ഞങ്ങളെ ഏൽപ്പിച്ചിട്ടുണ്ടെന്ന് മനസിലാക്കാൻ ഞങ്ങളെ പഠിപ്പിക്കുക. ഞങ്ങളുടെ സ്വാർത്ഥപരവും വ്യക്തിപരവും അല്ലെങ്കിൽ ഒരു സംഘത്തിൻറെയൊ താല്പര്യങ്ങൾക്കു വേണ്ടി സമയം ചെലവഴിക്കാതെ അങ്ങയുടെ സ്നേഹ പദ്ധതിക്കായി  സേവനം ചെയ്യാൻ ഞങ്ങളെ സഹായിക്കേണമെ. ഞങ്ങൾ വഴിതെറ്റിപ്പോകുമ്പോൾ, ദൈവത്തിൻറെ യഥാർത്ഥ മനുഷ്യരുടെ ശബ്ദം കേൾക്കാനും കാലക്രമേണ മാനസാന്തരപ്പെടാനും അങ്ങനെ വിനാശവും മരണവും വഴി സ്വയം നശിക്കാതിരിക്കാനും ഞങ്ങളെ പ്രാപ്തരാക്കേണമെ.

ഭൗമികജീവിത ദൈർഘ്യം സഹോദരങ്ങളുടെ അക്രമാസക്തമായ കരങ്ങളാൽ ചുരുക്കപ്പെട്ടവരെ അങ്ങേയ്ക്കു സമർപ്പിക്കുന്നു. സ്വന്തം സഹോദരങ്ങളെ ദ്രോഹിച്ചവർക്കു വേണ്ടിയും ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു. അവിടത്തെ കാരുണ്യസ്പർശത്താൽ അവർ മാനസാന്തരപ്പെടട്ടെ.

ഈ പ്രാർത്ഥനാനന്തരം പാപ്പാ ഒരു സ്മാരക ശില അനാച്ഛാദനം ചെയ്യുകയും സമാധാനത്തിൻറെ പ്രതീകമായ ഒരു വെള്ളരിപ്രാവിനെ പറത്തുകയും ചെയ്തു. സമാപനാശീർവ്വാദത്തിനു ശേഷം പാപ്പാ അവിടെ സന്നിഹിതരായിരുന്ന മത-പൗരാധികാരികളെ അഭിവാദ്യം ചെയ്തു. തദ്ദനന്തരം പാപ്പാ മൊസൂളിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഖരഖോഷിലേക്ക് ഹെലിക്കോപ്റ്ററിൽ യാത്രയായി.

ഖരഖോഷ്

35000 നിവാസികളുള്ള ഒരു അസ്സീറിയൻ പട്ടണമാണ് ഖരഖോഷ് (Qaraqosh) അവിടെ എത്തിയ പാപ്പായെ സ്വീകരിക്കാനും ഒരു നോക്കു കാണാനുമായി പാതയോരങ്ങളിൽ നിരവധിപ്പേർ കാത്തുനില്പുണ്ടായിരുന്നു. സുരക്ഷാഅകമ്പടിയോടെ വാഹനത്തിൽ നീങ്ങിയ പാപ്പാ അമലോത്ഭവ നാഥയുടെ നാമത്തിലുള്ള കത്തീദ്രലിലേക്കാണു പോയത്. 2500 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന 54 മീറ്റർ നീളവും 24 മീറ്റർ വീതിയുമുള്ളതാണ് ഈ ദേവാലയം. ഈ ദേവലായത്തിൽ വച്ച് പാപ്പാ ഖരഖോഷിലെ സമൂഹവുമായി കൂടിക്കാഴ്ച നടത്തി.  ദേവാലയത്തിനുമുന്നിലെത്തിയ പാപ്പായെ സിറിയൻ  കത്തോലിക്കാ  പാത്രിയാർക്കീസ് ഇഗ്നേഷ്യസ് ജോസഫ് ത്രിദീയൻ യോനാനും (Ignatius Joseph III Yonan) ഇതരസഭാധികാരികളും ചേർന്ന് ദേവാലയത്തിനകത്തേക്കാനയിച്ചു. രണ്ടുകുട്ടികൾ പാപ്പായ്ക്ക് പൂച്ചെണ്ടുകൾ സമ്മാനിച്ചു. പാത്രിയാർക്കീസ് യോനാൻറെ സ്വാഗതവാക്കുകളെ തുടർന്ന് ഒരു അത്മായസ്ത്രീയുടെയും ഒരു വൈദികൻറെയും സാക്ഷ്യം ആയിരുന്നു. തദ്ദനന്തരം പാപ്പാ ഒരു പ്രഭാഷണം നടത്തുകയും മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുകയും ചെയ്തു.

തനിക്ക് ഖരഖോഷിലെ നിവാസികളുടെ ചാരെ എത്താൻ അവസരം നല്കിയ ദൈവത്തിന് പാപ്പാ നന്ദി പ്രകാശിപ്പിച്ചു. പാത്രിയാർക്കീസ് ഇഗ്നേഷ്യസ് ജോസഫ് ത്രിദീയൻ യോനാനുൾപ്പെടെയുള്ള മറ്റുള്ളവർക്കും പാപ്പാ തൻറെ കൃതജ്ഞത രേഖപ്പെടുത്തി.

ഖരാഖോഷിലെ ജനങ്ങളെ നോക്കുമ്പോൾ ആ പ്രദേശത്തിൻറെ സാംസ്കാരികവും മതപരവുമായ വൈവിധ്യം താൻ കാണുന്നുവെന്നു പാപ്പാ പറഞ്ഞു. പ്രായമുള്ളവരും ചെറുപ്പക്കാരും തമ്മിലുണ്ടായിരിക്കേണ്ട ബന്ധത്തെപ്പറ്റിയും പരാമർശിച്ച പാപ്പാ അവരെ ഒരുമിപ്പിക്കുന്ന ബന്ധങ്ങളും വേരുകളും കാത്തുസൂക്ഷിക്കാൻ പ്രചോദനം പകർന്നു. അതുപോലെതന്നെ സ്ത്രീകളോടു ആദരവു കാട്ടുകയും അവർക്ക് സംരക്ഷണം ഉറപ്പു നല്കുകയും ചെയ്യേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു.

തൻറെ വിചിന്തനത്തിനു ശേഷം പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും എർബിലിലെ സെമിനാരിയിലെത്തി ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 March 2021, 15:24