ഫ്രാൻസീസ് പാപ്പാ ഞായറാഴ്ട മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ, വത്തിക്കാൻ 07/02/2021 ഫ്രാൻസീസ് പാപ്പാ ഞായറാഴ്ട മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ, വത്തിക്കാൻ 07/02/2021 

സൗഖ്യദായക ശുശ്രൂഷ സഭാദൗത്യത്തിൻറെ അവിഭാജ്യ ഘടകം, പാപ്പാ

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ  മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്ന പതിവ് മാർപ്പാപ്പാ ഈ ഞായറാഴ്ച (07/02/21) പുനരാരംഭിച്ചു. കോവിദ് 19 മഹാമാരിമൂലമുള്ള നിയന്ത്രണങ്ങളിൽ ഇറ്റലിയുടെ സർക്കാർ അല്പം അയവുവരുത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ പേപ്പൽ ഭവനത്തിലെ ജാലകത്തിങ്കൽ നിന്നുകൊണ്ട് ത്രികാലപ്രാർത്ഥന നയിച്ചത്. മഴയും കാർമേഘാവൃതമായിരുന്ന വാനവും പ്രതികൂലാവസ്ഥ സൃഷ്ടിച്ചുവെങ്കിലും വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ പ്രാർത്ഥനയ്ക്കായി സമ്മേളിച്ചിരുന്നു. പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ അവരുടെ ആനന്ദാരവം ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ് പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ, ഒരു വിചിന്തനം നടത്തി.   ഈ ഞായറാഴ്ച (07/02/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, മർക്കോസിൻറെ  സുവിശേഷം 1,29-39 വരെയുള്ള വാക്യങ്ങൾ, അതായത്, ശിമയോൻറെയും അന്ത്രയോസിൻറെയും ഭവനത്തിലെത്തിയ യേശു, പനിബാധിതയായിരുന്ന ശിമയോൻറെ അമ്മായിയമ്മയെയും അന്നുവൈകുന്നേരം അവിടെ എത്തിയ പിശാചുബാധിതരുൾപ്പടെയുള്ള മറ്റു രോഗികളെയും  സുഖപ്പെടുത്തുന്നതും  സിനഗോഗുകളിൽ പ്രസംഗിച്ചുകൊണ്ട് ഗലീലിയിലുടനീളം സഞ്ചരിക്കുന്നതുമായ സംഭവവിവരണം  ആയിരുന്നു  പാപ്പായുടെ പരിചിന്തനത്തിനവലംബം. 

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ വിചിന്തനത്തിൻറെ പരിഭാഷ:

ശിമയോൻ പത്രോസിൻറെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്ന യേശു

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

നാം ഒരിക്കൽ കൂടി ചത്വരത്തിലെത്തിയിരിക്കുന്നു! പത്രോസിൻറെ അമ്മായിമ്മയെയും തനിക്കും ചുറ്റും സമ്മേളിച്ച മറ്റനേകം രോഗികളെയും ക്ലേശിതരെയും യേശു സൗഖ്യമാക്കുന്ന സംഭവമാണ് ഇന്നത്തെ സുവിശേഷം (മർക്കോസ് 1: 29-39) അവതരിപ്പിക്കുന്നത്. മർക്കോസിൻറെ വിവരണത്തിൽ, ശാരീരിക രോശാന്തി നേടിയ ആദ്യവ്യക്തി പത്രോസിൻറെ അമ്മായിയമ്മയാണ്. അവൾ പനിപിടിച്ച് കിടപ്പിലായിരുന്നു; അവളോടുള്ള യേശുവിൻറെ മനോഭാവവും പ്രവർത്തിയും പ്രതീകാത്മകമാണ്: “അവൻ അടുത്തു ചെന്ന് അവളെ കൈപിടിച്ച് എഴുന്നേല്പിച്ചു” (മർക്കോസ് 1,31), എന്നാണ് സുവിഷേഷകൻ രേഖപ്പെടുത്തിയിരിക്കുന്നത്. ലളിതമായ ഈ പ്രവൃത്തിയിൽ വളരെയധികം മാധുര്യമുണ്ട്, അത് തീർത്തും സ്വാഭാവികമായി തോന്നുന്നു: "പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു" (മർക്കോസ് 1,31). യേശുവിൻറെ സൗഖ്യദായകശക്തി ഒരു ചെറുത്തുനിൽപ്പും നേരിടുന്നില്ല; സുഖം പ്രാപിച്ച വ്യക്തി, തന്നെക്കുറിച്ചല്ല മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ചുകൊണ്ട്,  തൻറെ സാധാരണ ജീവിതം പുനരാരംഭിക്കുന്നു - ഇത് പ്രധാനമാണ്, ഇത് യഥാർത്ഥ "ആരോഗ്യത്തിൻറെ" അടയാളമാണ്!

യാതനകളനുഭവിക്കുന്നവരോട് യേശുവിനുള്ള സവിശേഷ പരിഗണന

അന്ന് ഒരു ശനിയാഴ്ചയായിരുന്നു. ഗ്രാമവാസികൾ സൂര്യാസ്തമയത്തിനായി കാത്തിരുന്നു, വിശ്രമിക്കുകയെന്ന നിയമബാദ്ധ്യത കഴിഞ്ഞപ്പോൾ, അവർ പുറത്തുപോയി രോഗികളെയും പിശാചുബാധിതരെയും യേശുവിൻറെ അടുക്കൽ കൊണ്ടുവരുന്നു. അവൻ അവരെ സുഖപ്പെടുത്തുന്നു, എന്നാൽ താൻ ക്രിസ്തുവാണെന്ന് വെളിപ്പെടുത്തരുതെന്ന് അവിടന്ന്, പിശാചുക്കളെ വിലക്കുന്നു (മർക്കോസ് 1,32-34). യേശു, തുടക്കം മുതൽ തന്നെ, ശരീരത്തിലും ആത്മാവിലും കഷ്ടപ്പെടുന്ന ആളുകളോടുള്ള തൻറെ സവിശേഷ വാത്സല്യം പ്രകടിപ്പിക്കുന്നു: ശരീരത്തിലും ആത്മാവിലും കഷ്ടപ്പെടുന്ന ആളുകളെ സമീപിക്കുകയെന്നത് യേശുവിൻറെ ഈ മുൻഗണനയാണ്. വചനപ്രവർത്തികൾ കൊണ്ട് താൻ മൂർത്തമാക്കുകയും വെളിപ്പെടുത്തുകയും ചെയ്ത പിതാവിൻറെ പ്രത്യേക പരിഗണനയാണത്. അിവിടത്തെ ശിഷ്യന്മാർ അതിന് ദൃക്സാക്ഷികളായി, അവർ അത് കണ്ടു, അതിനുശേഷം അവർ അത് സാക്ഷ്യപ്പെടുത്തി. എന്നാൽ അവർ തൻറെ ദൗത്യത്തിൻറെ വെറും പ്രേഷകർ മാത്രമാകരുതെന്ന് അവിടന്നാഗ്രഹിച്ചു. അവിടന്ന് അവരെയും തൻറെ ദൗത്യത്തിൽ പങ്കാളികളാക്കി. അവിടന്ന് അവരെ അയച്ചു, രോഗികളെ സൗഖ്യമാക്കാനും പിശാചുക്കളെ പുറത്താക്കാനുമുള്ള അധികാരം അവിടന്ന് അവർക്കു നല്കി (മത്തായി 10,1; മർക്കോസ് 6,7). ഇത് നാളിതുവരെ സഭയുടെ ജീവിതത്തിൽ നിർബ്ബാധം തുടർന്നു. ഇത് പ്രധാനമാണ്. 

സഭയുടെ സൗഖ്യദായക ദൗത്യം

എല്ലാത്തരം രോഗികളെയും പരിചരിക്കുക എന്നത് സഭയെ സംബന്ധിച്ചിടത്തോളം ഒരു "ഐച്ഛിക പ്രവർത്തനമല്ല", അല്ല! ഇത് എന്തങ്കിലും ഒരു ഘടകഭാഗം അല്ല, എല്ലാ തരത്തിലുമുള്ള രോഗികളെയും പരിചരിക്കുക എന്നത്, യേശുവിൻറെ ദൗത്യം എപ്രകാരമായിരുന്നോ, അതുപോലെ തന്നെ, സഭയുടെ ദൗത്യത്തിൻറെ അവിഭാജ്യ ഘടകമാണ്. ക്ലേശിക്കുന്ന നരകുലത്തിന് ദൈവത്തിൻറെ ആർദ്രത എത്തിച്ചുകൊടുക്കുക എന്നതാണ് ഈ ദൗത്യം. ഏതാനും ദിവസങ്ങൾക്കുള്ളിൽ, അതായത്, ഫെബ്രുവരി 11-ന്, ലോക രോഗീദിനം ഇതു നമ്മെ ഓർമ്മപ്പെടുത്തും. 

രോഗശാന്തി ശുശ്രൂഷയുടെ പ്രസക്തി ഇന്ന്

പകർച്ചവ്യാധിയുടെ ഫലമായി ലോകമെമ്പാടും നമുക്ക് അനുഭവവേദ്യമായ യാഥാർത്ഥ്യം ഈ സന്ദേശത്തെ, സഭയുടെ ഈ കാതലായ ദൗത്യത്തെ, ഇന്ന് പ്രസക്തമാക്കിത്തീർക്കുന്നു. ഇന്നത്തെ ആരാധനക്രമത്തിൽ മുഴങ്ങുന്ന ജോബിൻറെ സ്വരം, നമ്മുടെ മാനുഷിക അവസ്ഥയുടെ വ്യാഖ്യാതാവായി ഒരിക്കൽകൂടി മാറുന്നു. ഔന്നത്യത്തിൽ അത്രമാത്രം ഉന്നതമാണ് നമ്മുടെ മാനുഷികാവസ്ഥ. അത്   നമ്മുടെ അന്തസ്സിൽ പരമോന്നതമാണ് - അതേസമയം വളരെ ദുർബ്ബലവും. ഈ യാഥാർത്ഥ്യത്തിനു മുന്നിൽ എല്ലായ്പ്പോഴും ഒരു ചോദ്യം ഹൃദയത്തിൽ ഉയർന്നുവരുന്നു: “എന്തുകൊണ്ട്?”.

ദൈവത്തിൻറെ ശൈലി: സാമീപ്യം, ആർദ്രത, അനുകമ്പ

അവതരിച്ച വചനമായ യേശു, ഈ ചോദ്യത്തിന്, അന്തസ്സിൽ ഇത്ര സമുന്നതരും അവസ്ഥയിൽ ഇത്ര ബലഹീനരും ആയിരിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന്, ഒരു വിശദീകരണത്തോടെയല്ല ഉത്തരം നൽകുന്നത്, പ്രത്യുത, പത്രോസിൻറെ അമ്മായിയമ്മയോടു ചെയ്തതു പോലെ, (മർക്കോസ് 1:31). കുനിയുകയും കൈപിടിച്ച് എഴുന്നേല്പിക്കുകയും ചെയ്യുന്ന സ്നേഹസാന്നിദ്ധ്യത്താലാണ്. അപരനെ എഴുന്നേൽപ്പിക്കാൻ കുനിയുന്നു. എഴുന്നേൽക്കാൻ സഹായിക്കുന്നതിന് നീ കൈനീട്ടുന്നതാണ് ഒരാളെ മുകളിൽ നിന്നു താഴേക്കു നോക്കുന്ന  ന്യായമായ ഏക രീതിയെന്നത് നാം മറന്നുപോകരുത്. ഇതാണ് യേശു സഭയെ ഏൽപ്പിച്ച ദൗത്യം. ദൈവപുത്രൻ തൻറെ കർത്തൃത്വം പ്രകടമാക്കുന്നത് "മുകളിൽ നിന്ന് താഴേയ്ക്കല്ല", അകലെ നിന്നല്ല, മറിച്ച്, കുനിഞ്ഞ് കൈ നീട്ടിയാണ്; സാമീപ്യത്തിലും, ആർദ്രതയിലും, അനുകമ്പയിലുമാണ് ദൈവസൂനു, അവിടത്തെ ആധിപത്യം ആവിഷ്ക്കരിക്കുന്നത്. സാമീപ്യം, ആർദ്രത, അനുകമ്പ എന്നിവ ദൈവത്തിൻറെ ശൈലിയാണ്. ദൈവം അടുത്തുവരുന്നു, ആർദ്രതയോടും സഹാനുഭൂതിയോടും കൂടെ അവിടന്ന് സമീപസ്ഥനാകുന്നു. ആരോഗ്യപ്രശ്നമോ മറ്റെന്തെങ്കിലും പ്രശ്നമോ ഉണ്ടാകുന്ന വേളയിൽ സുവിശേഷത്തിൽ എത്ര തവണ നാം വായിക്കുന്നു: “അവരോട് അനുകമ്പ തോന്നി” എന്ന്. യേശുവിൻറെ അനുകമ്പ, യേശുവിൽ ദൈവത്തിൻറെ സാമീപ്യം ദൈവത്തിൻറെ ശൈലിയാണ്. പിതാവുമായുള്ള ഉറ്റബന്ധത്തിലാണ് ഈ അനുകമ്പ വേരൂന്നിയിരിക്കുന്നതെന്നും ഇന്നത്തെ സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നു. എന്തുകൊണ്ട്? പ്രഭാതത്തിനു മുമ്പും സൂര്യാസ്തമയത്തിനു ശേഷവും യേശു വിജനസ്ഥലത്തേക്കു മാറി ഏകനായി പ്രാർത്ഥിക്കുന്നു. (മർക്കോസ് 1,35). അതിൽ നിന്നാണ് യേശു തൻറെ ശുശ്രൂഷയും പ്രസംഗവും രോഗശാന്തിയും നിർവ്വഹിക്കാനുള്ള ശക്തി ആർജ്ജിക്കുന്നത്.

പരിശുദ്ധ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം

യേശു നമ്മെ സുഖപ്പെടുത്തുന്നതിന് നമ്മെത്തന്നെ വിട്ടകൊടുക്കാൻ പരിശുദ്ധ കന്യക നമ്മെ സഹായിക്കട്ടെ ദൈവത്തിൻറെ സൗഖ്യദായകആർദ്രതയുടെ സാക്ഷികളാകാൻ നമുക്കെല്ലാവർക്കും ഇത് ആവശ്യമാണ്.  

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

മ്യന്മാറിലെ അവസ്ഥയെക്കുറിച്ച് പാപ്പാ

ആശീർവ്വാദാനന്തരം പാപ്പാ മ്യന്മാറിൽ ഫെബ്രുവരി ഒന്നിന് ഒരു  അട്ടിമറിയിലൂടെ സൈന്യം ഭരണം പിടിച്ചതും അതിനെ തുടർന്ന് സംജാതമായിരിക്കുന്ന അവസ്ഥയും പാപ്പാ അനുസ്മരിച്ചു.

ഈ ദിനങ്ങളിൽ മ്യന്മാറിലുണ്ടായിട്ടുള്ള സംഭവവികാസങ്ങളെ താൻ അതീവ ആശങ്കയോടെയാണ് നീരിക്ഷിക്കുന്നതെന്ന് പാപ്പാ വെളിപ്പെടുത്തി.

2017-ൽ താൻ മ്യന്മാറിൽ നടത്തിയ അപ്പസ്തോലികസന്ദർശന സമയം മുതൽ അന്നാടിനെ ഏറെ സ്നേഹത്തോടെ താൻ ഹൃദയത്തിൽ പേറന്നുവെന്ന് പാപ്പാ പറഞ്ഞു.

അതിലോലമായ ഈ വേളയിൽ അന്നാട്ടിലെ ജനങ്ങളോടുള്ള തൻറെ ആത്മീയ സാമീപ്യവും പ്രാർത്ഥനയും ഐക്യദാർഢ്യവും ഉറപ്പുനല്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി. 

സമാധാനപരമായ സഹജീവനം സാധ്യമാക്കുന്നതിന് നാടിൻറെ ഉത്തരവാദിത്വം പേറുന്നവർ സാമൂഹ്യ നീതിയും ദേശീയഭദ്രതയും ഉറപ്പുവരുത്തിക്കൊണ്ട് പൊതുനന്മോന്മുഖമായി ആത്മാർത്ഥതയോടെ പരിശ്രമിക്കുന്നതിനായി പാപ്പാ പ്രാർത്ഥിച്ചു.

കുടിയേറ്റക്കാരായ കുട്ടികൾ

മാതാപിതാക്കളില്ലാതെ തനിച്ചെത്തുന്ന കുടിയേറ്റക്കാരായ കുട്ടികളെയും പാപ്പാ ത്രികാലപ്രാർത്ഥനാവേളയിൽ പ്രത്യേകം അനുസ്മരിച്ചു. 

പലവിധകാരണങ്ങളാൽ സ്വന്തം നാടുവിട്ട് അന്യനാടുകളിൽ കുടിയേറുന്നവരിൽ, ദൗർഭാഗ്യവശാൽ, സ്വന്തം കുടുബത്തെക്കൂടാതെ എത്തുന്ന കുട്ടികൾ, ബാലികാബാലന്മാർ നിരവധിയാണെന്നും ഏറെ അപകടസാധ്യതകൾ അവർക്കുണ്ടെന്നും പാപ്പാ ആശങ്ക പ്രകടിപ്പിച്ചു.

പല നാടുകളിൽ നിന്ന് കുടിയേറ്റക്കാർ യൂറോപ്യൻ നാടുകളിലേക്ക് കടക്കാൻ ശ്രമിക്കുന്ന “ബാൾക്കൻ റൂട്ട്” എന്നറിയപ്പെടുന്ന സഞ്ചാരപാതയിൽ ഈ ദിനങ്ങളിൽ പെട്ടുപോയവരുടെ നാടകീയാവസ്ഥയെക്കുറിച്ചും പാപ്പാ വേദനയോടെ അനുസ്മരിച്ചു.

ദുർബ്ബലരും നിസ്സഹായരുമായ ഇക്കൂട്ടർക്ക് ആവശ്യമായ പരിചരണവും മുൻഗണനാപരമായ മാനവിക മാർഗ്ഗങ്ങളും ലഭ്യമാക്കേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി.

 ഇറ്റലിയിൽ ജീവനുവേണ്ടിയുള്ള ദിനാചരണം

ഇറ്റലിയിലെ കത്തോലിക്കാസഭ ഏഴാം തീയതി ഞായറാഴ്ച (07/02/21) "സ്വാതന്ത്ര്യവും ജീവിതവും"  എന്ന പ്രമേയത്തോടെ, ജീവനുവേണ്ടിയുള്ള ദിനം ആചരിച്ചതും പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ അനുസ്മരിച്ചു. 

ജീവൻറെ പ്രഥമ നന്മയിൽ തുടങ്ങി, അവനവൻറെയും മറ്റുളളവരുടെയും നന്മ തേടാനും നേടാനുമായി ദൈവം നല്കിയ മഹത്തായ ദാനമാണ് സ്വാതന്ത്ര്യം എന്ന ഇറ്റലിയിലെ മെത്രാന്മാരുടെ സംഘത്തിൻറെ ഉദ്ബോധനം പാപ്പാ ആവർത്തിച്ചു. 

ജീവൻ അതിൻറെ എല്ലാ ഘട്ടങ്ങളിലും സംരക്ഷിക്കപ്പെടുന്നതിന് ജീവനെതിരായ എല്ലാ ആക്രമണങ്ങളിൽ നിന്നും സൗഖ്യമാകാൻ നമ്മുടെ സമൂഹത്തെ സഹായിക്കണമെന്ന്  പാപ്പാ ഓർമ്മിപ്പിച്ചു.

ജനസംഖ്യപരമായ ഒരു ശൈത്യകാലത്തിലാണ് ഇറ്റലിയെന്നും ജനനസഖ്യ കുറഞ്ഞുവരുന്നതിനാൽ ഭാവി അപകടത്തിലാണെന്നുമുള്ള ആശങ്കയും പാപ്പാ പ്രകടിപ്പിച്ചു.

ആകയാൽ ഈ ജനസംഖ്യാശൈത്യകാലം അവസാനിക്കുകയും ബാലികബാലന്മാരുടെതായ ഒരു നവ വസന്തം പൂവിടുകയും ചെയ്യുന്നതിനു വേണ്ടി  പ്രവർത്തിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു .

മനുഷ്യക്കടത്തുവിരുദ്ധ ദിനാചരണം, ഫെബ്രുവരി 8

ഫെബ്രുവരി 8-ന് സുഡാനിലെ സന്ന്യാസിനി വിശുദ്ധ ജോസഫിൻ ബക്കീത്തയുടെ ഓർമ്മ ആചരിക്കപ്പെടുന്നത് അനുസ്മരിച്ച പാപ്പാ അടിമത്തത്തിൻറെ അപമാനങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചറിഞ്ഞ ഈ ഈ വിശുദ്ധയുടെ തിരുന്നാൾ ദിനത്തിൽ മനുഷ്യക്കടത്തിനെതിരായ പ്രാർത്ഥനാപരിചിന്തന ദിനം ആഘോഷിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചു.

നിന്ദ്യമായ മനുഷ്യക്കടത്തിനെ, പരോക്ഷമായി പോലും, അനുകൂലിക്കാത്ത ഒരു സമ്പദ്ഘടനയ്ക്കായി, അതായത്, സ്ത്രീപുരുഷന്മാരെ കച്ചവട ചരക്കായി, ഒരു വസ്തുവായി കണക്കാക്കാത്തതും, ഒരു ലക്ഷ്യമായി കാണുന്നതുമായ ഒരു സാമ്പത്തിക വ്യവസ്ഥയ്ക്കായി പരിശ്രമിക്കുകയാണ് ഈ ആചരണത്തിൻറെ ഇക്കൊല്ലത്തെ ലക്ഷ്യമെന്ന് പാപ്പാ പറഞ്ഞു. 

സ്ത്രീകൾക്കും പുരുഷന്മാർക്കും സേവനമേകുക, അവരെ ചരക്കുകളായി ഉപയോഗിക്കരുത് എന്ന് പാപ്പാ കൂട്ടിച്ചേർത്തു. 

വിശുദ്ധ ജോസഫിൻ ബക്കീത്തയുടെ സഹായം പ്രാർത്ഥിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു. 

സമാപനാഭിവാദ്യം

ചത്വരത്തിൽ സന്നിഹിതരായിരുന്ന റോമാക്കാർക്കും മറ്റു തീർത്ഥാടകർക്കും തൻറെ അഭിവാദ്യമർപ്പിച്ച പാപ്പാ എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും  തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിക്കുകയും ചെയ്തു.

തദ്ദനന്തരം, നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട് പാപ്പാ ത്രികാലപ്രാർത്ഥനാപരിപാടി അവസാനിപ്പിക്കുകയും ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 February 2021, 15:30