പാപ്പാ യുവജനങ്ങളുടൊപ്പം സെൽഫി എടുക്കുന്നവസരത്തിൽ ... പാപ്പാ യുവജനങ്ങളുടൊപ്പം സെൽഫി എടുക്കുന്നവസരത്തിൽ ... 

"ക്രിസ്തു ജീവിക്കുന്നു”: പ്രത്യയശാസ്ത്രങ്ങളുടെ കെണികൾ

Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 73 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനമാണ്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാം അദ്ധ്യായം

നിങ്ങൾ ദൈവത്തിന്റെ "ഇപ്പോൾ" ആകുന്നു

മൂന്നാമത്തെ അദ്ധ്യായം ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ വിവരിക്കുന്നു: അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക്" ഈ അദ്ധ്യായം വിരൽചൂണ്ടുന്നു.

73 . പ്രത്യയശാസ്ത്രങ്ങളുടെ കെണികൾ

അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളിൽ അകപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ, ഭയപ്പെടുത്താനോ, പരിഹസിക്കാനോ ഉള്ള ആയുധങ്ങൾ എന്നപോലെ അവർ ചൂഷണം ചെയ്യപ്പെടുന്നു. അവരെ ഉപയോഗിക്കുന്നു. ഇതിലും മോശമായ മറ്റൊരു അവസ്ഥയുണ്ട്. അതായത് അവരിൽ അനേകർ വ്യക്താധിഷ്ഠിതവാദികളായി തീർന്ന് മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ട്രീയ ഗ്രൂപ്പുകളുടെയും, സാമ്പത്തിക ശക്തികളുടെയും മൃഗീയവും, നാശാത്മാകവുമായ തന്ത്രങ്ങൾ പ്രാവർത്തികമാക്കുവാനുള്ള എളുപ്പമുള്ള ലക്ഷ്യമായിത്തീരുന്നു. (കടപ്പാട്. പി.ഒ.സി. പ്രസിദ്ധീകരണം).

പ്രത്യയശാസ്ത്രങ്ങൾക്ക് അടിമപ്പെടുന്ന യുവജനങ്ങളെ കുറിച്ച് പാപ്പാ ഈ ഖണ്ഡികയിൽ പ്രബോധിപ്പിക്കുന്നു.  പ്രത്യയശാസ്ത്രങ്ങളുടെ പുറകെ പോകുന്ന യുവജനങ്ങളുടെ ശക്തി നശ്വരമായ കാര്യങ്ങൾക്കുവേണ്ടി വിനിയോഗിച്ച് നശിപ്പിക്കപ്പെടുന്നു. അവർ സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്നു. ശരിയായ മൂല്യങ്ങളിൽ അധിഷ്ഠിതമല്ലാത്ത ആശയങ്ങളിൽ ആകൃഷ്ടരാകുന്ന യുവജനങ്ങളെ പ്രത്യയശാസ്ത്രങ്ങളുടെ പിടിയിൽ നിന്നും വിമുക്തമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ചില സാമൂഹിക വ്യവസ്ഥകൾ, യഥാർത്ഥവും തിരിച്ചറിയപ്പെടുന്നതുമായ പാർശ്വവൽക്കരണം, അനീതിയുടെയും അഴിമതിയുടേയും തിക്താനുഭവങ്ങൾ തുടങ്ങി  സമൂഹത്തിൽ  നിലനിൽക്കുന്ന ചില തിന്മയുടെ വ്യവസ്ഥിതികൾ ഒരു വ്യക്തിയെയോ, സമൂഹത്തെതന്നെയോ അക്രമാസക്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്ന കാരണങ്ങളാണ്. തുടർച്ചയായുള്ള അടിച്ചമർത്തലുകൾ ആസൂത്രിതമായ പ്രതികാര പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്ന മറ്റൊരു വ്യവസ്ഥയാണ്. ഈ പ്രക്രിയയിലേക്ക് കൂടുതൽ യുവജനങ്ങൾ ഇന്ന് വലിച്ചിഴയ്ക്കപ്പെടുന്നു. ലോകത്തിൽ അനേകം പ്രത്യയശാസ്ത്രങ്ങൾ നിലനിൽക്കുന്നുണ്ട്. ഓരോ കാലഘട്ടത്തിലും അവ ഓരോന്നും  വ്യത്യസ്ഥ ഭാവങ്ങളിൽ യുവജനങ്ങളുടെ ജീവിതത്തെ തീവ്രമായി സ്വാധീനിക്കുകയും, അവയുടെ വലയത്തിലാക്കുകയും അവയുടെ ബലിഷ്ഠവും ഭീകരവുമായ കരങ്ങളിൽ അവരെ കെട്ടിമുറുക്കുകയും അവരാഗ്രഹിച്ചാൽ പോലും പുറത്തുവരാ൯ കഴിയാത്ത വിധം ബന്ധിതരാക്കുകയും ചെയ്യുന്നു.

അനാർക്കിസം, കമ്മ്യൂണിസം, കൺസെർവിസം, ഫാസിസം, ഫെമിനിസം, ലിബറലിസം, നാഷണലിസം, പോപ്പിളിസം, മത രാഷ്ട്രീയ  പ്രത്യയശാസ്ത്രങ്ങൾ, സോഷ്യലിസം, മാർക്സിസം തുടങ്ങി നിരവധി പ്രത്യയശാസ്ത്രങ്ങൾ യുവജനങ്ങളെ സ്വാധീനിക്കുന്നു. ഉദാഹരണമായി അനാർക്കിസം എന്ന അരാജകത്വ പ്രത്യയശാസ്ത്രം ഒരു ദാർശനിക രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. അത് എല്ലാ തരത്തിലുള്ള അധികാര ശ്രേണികൾക്കും വിരുദ്ധമായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. ഭരണകൂടം ആവശ്യമില്ലെന്നും അത് സമൂഹത്തിൽ ദോഷകരമാണെന്നും പഠിപ്പിക്കുന്നു. ഈ പ്രത്യയശാസ്ത്രത്തിൽ ആകർഷിക്കപ്പെടുന്ന യുവജനങ്ങൾ അരാജകത്വത്തിന്റെ ഭീകര മുഖങ്ങൾ ലോകത്തിൽ സൃഷ്ടിക്കുന്നു. 2016ലെ ഇടതുപക്ഷ അരാജകത്വ തീവ്രവാദി സമൂഹം യൂറോപ്യൻ യൂണിയനിൽ 27 ആക്രമണങ്ങളാണ് നടത്തിയത്. ഇതുപോലെ മറ്റു പ്രത്യയശാസ്ത്രങ്ങളുടെ പ്രത്യാഘാതം ലോകം ഏറ്റുവാങ്ങിയിട്ടുണ്ട്.

ഓരോ നിമിഷവും ലോകം മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യനുവേണ്ടി മനോഹരമായി ദൈവം ഈ ലോകത്തെ സൃഷ്ടിച്ചു. തന്റെ തന്നെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെയും സൃഷ്ടിച്ചു. എന്നാൽ മനുഷ്യൻ സൃഷ്ടിച്ച പലതും ഇന്ന് അവനെ തന്നെ ഭരിക്കുകയും അടിമയാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ മേൽപറഞ്ഞ പ്രത്യയശാസ്ത്രങ്ങളാകട്ടെ  യുവജനങ്ങളെ സാരമായി അടിമപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രത്യയശാസ്ത്രങ്ങളുടെ മുന്നിൽ തങ്ങളുടെ ജീവിതത്തെ സമർപ്പിക്കുന്ന യുവജനങ്ങൾ ചിലർ അവരുടെ ആശയങ്ങളെ സാധ്യമാക്കാൻ വേണ്ടി മാത്രം തങ്ങളെ ആയുധങ്ങളായി ഉപയോഗിക്കുന്നു എന്ന സത്യം തിരിച്ചറിയാതെ അപകടങ്ങളുടെ കെണികളിൽ ചെന്ന് വീഴുന്നു. ഒരിക്കലും തിരിച്ചു വരാനാവാതെ അത്തരം ആദർശങ്ങളുടെ ലോകം അവർക്ക് തിന്മ അല്ലാതെ മറ്റൊന്നും നൽകുന്നില്ല.

ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കലാപങ്ങളിലും, ഭീകരാക്രമണങ്ങളിലും യുദ്ധങ്ങളിലും പൊലിഞ്ഞു പോകുന്ന ജീവനുകളുടെ എണ്ണം എടുത്താൽ ഭൂരിഭാഗവും ദുർബ്ബലമായ വിഭാഗത്തിൽപ്പെട്ട ജനങ്ങളാണ് എന്ന സത്യം നമ്മെ ആകുലപ്പെടുത്തുന്നു. സമൂഹത്തിന്റെ വർത്തമാനവും ഭാവിയുമായി തീരേണ്ട യുവജനങ്ങൾ ഭീകര പ്രവർത്തികളിൽ ഏർപ്പെട്ട്, പിടിക്കപ്പെട്ട് ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടത്തെ തടവറകളുടെ ഇടുങ്ങിയ മതിലുകൾക്കുള്ളിൽ കഴിക്കേണ്ടി വരുന്നു.  മറ്റുള്ളവരുടെ ആദർശങ്ങൾക്ക് വേണ്ടി നിലനിൽക്കുന്ന ഇവരുടെ ജീവിതം സാരമായ പരിക്കുകളോടെ ജീവിക്കേണ്ടി വരുമ്പോഴും ഇവരെ കെണികളിൽപ്പെടുത്തിയ വ്യക്തികൾ ഇവരുടെ ജീവിതത്തിന് യാതൊരു ഉറപ്പും, സുരക്ഷിതത്വവും നൽകുന്നുമില്ല.

പ്രത്യയശാസ്ത്രങ്ങൾ കൂടാതെ രാഷ്ട്രീയ ഗ്രൂപ്പുകളുടെയും സാമ്പത്തിക ശക്തികളുടെയും മൃഗീയവും നാശോന്മുഖമായ തന്ത്രങ്ങൾ പ്രാവർത്തികമാക്കാനുള്ള എളുപ്പമുള്ള ലക്ഷ്യമായി യുവജനങ്ങളെ കാണുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മപ്പെടുത്തുന്നു. ഈ സത്യത്തെ തിരിച്ചറിയാത്ത യുവജനങ്ങൾ ചെന്നുപെടുന്നത് അവരുടെ ജീവിതങ്ങളെയും സ്വപ്നങ്ങളെയും വിഷമയമാക്കുന്ന വലിയ കെണികളിലാണെന്ന് തിരിച്ചറിയുന്നത് വളരെ വൈകിയാണ്. ഇങ്ങനെ ലോകത്തിന്റെ  ഒരു ഭാഗം പ്രത്യയശാസ്ത്രങ്ങളിൽ അടിമപ്പെട്ട യുവജനങ്ങളെ കൊണ്ട് നിറയുമ്പോൾ  മറ്റൊരു ഭാഗത്ത് സമൂഹം ഉപേക്ഷിച്ച, സ്വന്തം മണ്ണുപോലും നഷ്ടപ്പെട്ടു, ജീവിതം മറ്റുള്ളവരുടെ കൈകളിൽ വച്ചു കൊടുക്കേണ്ടിവന്ന നിസ്സഹായ അവസ്ഥയിൽ കഴിയുന്ന അനേകം യുവജനങ്ങളും  സമൂഹത്തിലുണ്ട്. സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ആരുമറിയാതെ ആരെയുമറിയിക്കാതെ തങ്ങളുടെ ജീവിതത്തിന്റെ ദുരിതങ്ങളുമായി മൽപ്പിടുത്തം നടത്തുന്ന അനേകം യുവജനങ്ങൾ ഇന്ന് നമ്മുടെ ജീവിതത്തിനുനേരെ ഉയർത്തുന്ന ഒരു വെല്ലുവിളിയുണ്ട്. അവരുടെ പട്ടിണിയും ദാരിദ്ര്യവുമകറ്റാനുള്ള നിലവിളിയും അവരുടെ കണ്ണുകളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയാത്ത നിസംഗതയ്ക്കുനേരെയുള്ള ചോദ്യചിഹ്നം. അന്നന്നുള്ള അപ്പത്തിനു വേണ്ടി അദ്ധ്വാനിക്കുന്ന അനേകം യുവജനങ്ങളുടെ ജീവിതത്തിന്റെ കദന കഥകളുടെ പിന്നിൽ ഈ പ്രത്യയശാസ്ത്രങ്ങൾക്കും, രാഷ്ട്രീയ  ഗ്രൂപ്പുകൾക്കും, സാമ്പത്തിക ശക്തികൾക്കും എന്ത് പരിഹാരം കണ്ടെത്താ൯ കഴിയും?

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 February 2021, 12:22