കർദ്ദിനാൾ ഹെൻറി ഷ്വറി (CARD.HENRI SCHWERY) കർദ്ദിനാൾ ഹെൻറി ഷ്വറി (CARD.HENRI SCHWERY)  

കർദ്ദിനാൾ ഹെൻറി ഷ്വറിയുടെ നിര്യാണത്തിൽ പാപ്പായുടെ അനുശോചനം!

പൗരോഹിത്യ ദൈവവിളി പരിപോഷകനായിരുന്നു കർദ്ദിനാൾ ഹെൻറി ഷ്വറിയെന്ന് മാർപ്പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സ്വിറ്റ്സർലണ്ടിലെ സിയോൺ രൂപതയുടെ മുന്നദ്ധ്യക്ഷൻ കർദ്ദിനാൾ ഹെൻറി ഷ്വറിയുടെ (CARD.HENRI SCHWERY) നിര്യാണത്തിൽ പാപ്പാ അനുശോചനം രേഖപ്പെടുത്തി.

ഒരു ശാസ്ത്രപുരുഷനും രൂപതാഭരണത്തിൽ അങ്ങേയറ്റം പ്രതിജ്ഞാബദ്ധനുമായിരുന്നു  പരേതനായ കർദ്ദിനാൾ ഷ്വറി എന്ന് ഫ്രാൻസീസ് പാപ്പാ സിയോൺ രൂപതയുടെ മെത്രാനായ ഷാൻ മരീ ലൗവീക്കയച്ച അനുശോചന സന്ദേശത്തിൽ അനുസ്മരിക്കുകയും പരേതനെ തൻറെ സമാധാനത്തിലും വെളിച്ചത്തിലും സ്വീകരിക്കാൻ സ്വർഗ്ഗീയപിതാവിനോടു പ്രാർത്ഥിക്കുകയും ചെയ്യുന്നു.

പൗരോഹിത്യ ദൈവവിളി പരിപോഷിപ്പിക്കുന്നതിലും വൈദികാർത്ഥികളുടെ പരിശീലനത്തിലും അർപ്പണബോധത്തോടെ പ്രവർത്തിക്കുകയും പല അവസരങ്ങളിലും സഭയുടെ ഐക്യത്തിനായി പരിശ്രമിക്കുകയും ചെയ്ത ഇടയനായിരുന്നു കർദ്ദിനാൾ ഷ്വറിയെന്ന് പാപ്പാ അനുസ്മരിക്കുന്നു. 

88 വയസ്സു പ്രായമുണ്ടായിരുന്ന കർദ്ദിനാൾ ഷ്വറിക്ക് വ്യാഴാഴ്ച (07/01/21)യാണ് അന്ത്യം സംഭവിച്ചത്.

ആരോഗ്യപരമായ കാരണങ്ങളാൽ 1995 ൽ രൂപതാഭരണത്തിൽ നിന്ന് വിരമിച്ചതിനു ശേഷം കർദ്ദിനാൾ ഷ്വറി തൻറെ ജന്മസ്ഥലമായ സാൻ ലെയൊണാർദിൽ (Saint-Léonard) വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

1932 ജൂൺ 14-ന് ജനിച്ച കർദ്ദിനാൾ ഹെൻറി ഷ്വറി 1957- ൽ പൗരോഹിത്യം സ്വീകരിക്കുകയും 1977-ൽ മെത്രാനായി അഭിഷിക്തനാകുകയും 1991-ൽ കർദ്ദിനാളായി ഉയർത്തപ്പെടുകയും ചെയ്തു.

അദ്ദേഹം സ്വിറ്റ്സർലണ്ടിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഈ വരുന്ന പതിനൊന്നാം തീയതി തിങ്കളാഴ്ചയായിരിക്കും (11/01/21) സിയോണിലെ കത്തീദ്രലിൽ കർദ്ദിനാൾ ഹെൻറി ഷ്വറിയുടെ അന്തിമപോചാര മൃതസംസ്ക്കാര കർമ്മങ്ങൾ.

കർദ്ദിനാൾ ഹെൻറി ഷ്വറിയുടെ നിര്യാണത്തോടെ കർദ്ദിനാൾസംഘത്തിലെ അംഗസംഖ്യ 228 ആയി താണു. ഇവരിൽ 128 പേർക്കാണ് മാർപ്പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ സമ്മതിദാനാവകാശം ഉള്ളത്. 

ശേഷിച്ച 100 പേർ 80 വയസ്സിനുമേൽ പ്രായമുള്ളവരാകയാൽ ഈ വോട്ടവകാശം ഇല്ല.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 January 2021, 14:47