വിയെന്ന നഗര വീഥിയില്‍ തെളിഞ്ഞ  സ്നേഹദീപങ്ങള്‍ വിയെന്ന നഗര വീഥിയില്‍ തെളിഞ്ഞ സ്നേഹദീപങ്ങള്‍  

വിയെന്ന ഭീകരാക്രമണത്തില്‍ മനോവ്യഥയോടെ...

സ്ഥലത്തെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബേണ്‍വഴി പാപ്പാ ഫ്രാന്‍സിസ് അയച്ച സാന്ത്വന സന്ദേശത്തില്‍നിന്ന്...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1.  മനോവ്യഥയോടെ... സാന്ത്വനം
വേദനിക്കുന്ന ഓസ്ട്രിയന്‍ ജനതയ്ക്കും, പ്രത്യേകിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരുടെ നിര്യാണത്തില്‍ ദുഃഖിക്കുന്ന കുടുംബങ്ങള്‍ക്കുമായി സ്ഥലത്തെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബേണ്‍വഴി നവംബര്‍ 3-Ɔο തിയതി ചൊവ്വാഴ്ച എഴുതിയ കത്തിലാണ് പാപ്പാ തന്‍റെ മനോവ്യഥ പങ്കുവച്ചത് :

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ തന്‍റെ ആത്മീയ സാമീപ്യം അറിയിച്ച പാപ്പാ, മുറിപ്പെട്ടവര്‍ വേഗം സൗഖ്യംപ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും നവംബര്‍ 3-ന് ചൊവ്വാഴ്ച അയച്ച സന്ദേശത്തിലൂടെ അറിയിച്ചു. ആക്രമണത്തിന് ഇരകളായവരെ ദൈവിക കാരുണ്യത്തിനു സമര്‍പ്പിക്കുകയും, അക്രമവും വെറുപ്പും ഇല്ലാതാക്കി സമൂഹത്തില്‍ സമാധാനം വളര്‍ത്തണമേയെന്നും പ്രാര്‍ത്ഥിച്ചു. ഈ ദുരന്തത്തില്‍ വേദനിക്കുന്ന എല്ലാവര്‍ക്കും സമാശ്വാസം നേര്‍ന്ന പാപ്പാ അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് സന്ദേശം ഉപസംഹരിച്ചത്.

2.  നവംബറിന്‍റെ ദുഃഖം
നവംബര്‍ 2-Ɔο തിയതി തിങ്കളാഴ്ച സകലവിശുദ്ധരുടെയും ദിനത്തില്‍ ‍വൈകുന്നേരം ഓസ്ട്രിയയുടെ തലസ്ഥാന നഗരമായ വിയെന്നയുടെ 6 വ്യത്യസ്ത കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. യഹൂദ സമൂഹത്തെ കേന്ദ്രീകരിച്ചു നടന്ന ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും
15-ല്‍ അധികംപേര്‍ പരിക്കേല്പിക്കപ്പെടുകയും ചെയ്യുകയുണ്ടായി.

3.  സ്ഥലത്തെ മെത്രാപ്പോലീത്തയുടെ പ്രസ്താവന
ഭീകരാക്രണത്തിന്‍റെ പ്രഭവസ്ഥാനം ഏതുതന്നെയും ആരുതന്നെയുമായാലും അന്ധമായ അതിക്രമം ന്യായീകരിക്കാവുന്നതല്ലെന്ന് വിയെന്ന അതിരൂപതയുടെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബേണ്‍ വ്യക്തമാക്കി. ഇരകളായവര്‍ക്കുവേണ്ടിയും അടിയന്തിര സഹായവുമായി എത്തിയവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാമെന്ന് കര്‍ദ്ദിനാള്‍ ഷോണ്‍ബേണ്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഹെബ്രായ പ്രാര്‍ത്ഥനാലയങ്ങളോടു ചേര്‍ന്നും അവരുടെ ഇതര സ്ഥാപനങ്ങളെ ചുറ്റിപ്പറ്റിയും നടന്ന ആക്രമണം 1981-ല്‍ സിനഗോഗുകള്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങളെ അനുസ്മരിപ്പിക്കുന്നതാണെന്ന് ബെനഡിക്ടൈന്‍ സഭാംഗമായ കര്‍ദ്ദിനാള്‍ ഷോണ്‍ബേണ്‍ പ്രസ്താവനയില്‍ വിവരിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 November 2020, 09:38