പാപ്പായും പുതിയ അമേരിക്കൻ പ്രസിഡൻറും ഫോൺ സംഭാഷണത്തിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ അമേരിക്കൻ ഐക്യനാടുകളുടെ നിയുക്ത പ്രസിഡൻറ് ജോ ബൈഡനുമായി (Joe Biden) ടെലെഫോൺ സംഭാഷണം നടത്തി.
പാപ്പാ വ്യാഴാഴ്ച (12/11/20)യാണ് അദ്ദേഹത്തെ ടെലെഫോണിൽ വിളിച്ചതെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയത്തിൻറെ (പ്രസ്സ് ഓഫീസ്) മേധാവി മത്തേയൊ ബ്രൂണി (Matteo Bruni) വെളിപ്പെടുത്തി.
കത്തോലിക്കാ വിശ്വാസിയായ ഒരു വ്യക്തി അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെടുന്നത് ഇത് രണ്ടാം തവണയാണ്.
അന്നാടിൻറെ കത്തോലിക്കനായ പ്രഥമ പ്രസിഡൻറ് ജോൺ എഫ് കെന്നഡി ആയിരുന്നു.
അമേരിക്കൻ ഐക്യനാടുകളിലെ കത്തോലിക്കാമെത്രാന്മാർ പുതിയ പ്രസിഡൻറിന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചതിനു പിന്നാലെയാണ് പാപ്പാ പ്രസിഡൻറുമായി ഫോൺസംഭാഷണത്തിലേർപ്പെട്ടത്.
അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിൻറെ ഇപ്പോഴത്തെ അവസ്ഥയിൽ, സമാധാനത്തിൻറെ ശിൽപ്പികളായിരിക്കുകയും സാഹോദര്യവും പരസ്പരവിശ്വാസവും പരിപോഷിപ്പിക്കുയും ചെയ്യുകയെന്ന സവിശേഷ ദൗത്യം കത്തോലിക്കരിൽ നിക്ഷിപ്തമാണെന്ന് അന്നാട്ടിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ ലോസ് ആഞ്ചലസ് അതിരൂപതയുടെ ആർച്ച്ബിഷപ്പ് ഹൊസേ ഗോമെസ് പ്രസിഡൻറ് ജോ ബൈഡന് അയച്ച ആശംസാ-അഭിനന്ദന സന്ദേശത്തിൽ പറയുന്നു.
കത്തോലിക്കരെന്ന നിലയിൽ തങ്ങളുടെ മുൻഗണനയും ദൗത്യവും ക്രിസ്തുവിനെ പിൻചെല്ലുകയും നമ്മോട് അവിടത്തേക്കുള്ള സ്നേഹത്തിന് സാക്ഷ്യമേകുകയും അവിടത്തെ രാജ്യം ഈ ഭൂമിയിൽ പണിതുയർത്തുകയുമാണെന്ന് വ്യക്തമാണെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ഒരോ മനുഷ്യജീവൻറെയും പവിത്രത സംരക്ഷിക്കുകയും മനസ്സാക്ഷി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഉറപ്പാക്കുകയും ചെയ്യുന്നിടമായ ദൈവത്തിനു വിധേയമായ ഒരു രാഷ്ട്രം എന്ന അമേരിക്കൻ ഐക്യനാടുകളുടെ പ്രേഷിതരുടെയും സ്ഥാപകരുടെയും സുന്ദരമായ വീക്ഷണം സാക്ഷാത്ക്കരിക്കുന്നതിന് ഒറ്റക്കെട്ടായി യത്നിക്കാൻ പരിശുദ്ധ കന്യകാമറിയത്തിൻറെ മാദ്ധസ്ഥ്യവും മെത്രാന്മാർ പ്രാർത്ഥിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: