ഫ്രാൻസീസ് പാപ്പാ ആശീർവ്വാദം നല്കുന്നു, വത്തിക്കാനിൽ പേപ്പൽ ഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന് പ്രതിവാരപൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിൽ, ബുധൻ 18/11/20 ഫ്രാൻസീസ് പാപ്പാ ആശീർവ്വാദം നല്കുന്നു, വത്തിക്കാനിൽ പേപ്പൽ ഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന് പ്രതിവാരപൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിൽ, ബുധൻ 18/11/20 

മറിയം, പ്രാർത്ഥിക്കുന്ന മഹിള!

“കർത്താവേ, നീ ആഗ്രഹിക്കുന്നവ, നിനക്കിഷ്ടമുള്ളപ്പോൾ, നിൻറെ ഹിതം പോലെ” എന്ന തുറന്ന മനോഭാവത്തോടെ മറിയത്തെപ്പോലെ പ്രാർത്ഥിക്കുന്നതിനെക്കാൾ നല്ലൊരു മാർഗ്ഗമില്ല, ഫ്രാൻസീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിൽ നിന്ന്..........

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കഴിഞ്ഞ ആഴ്ചയിലെന്നപോലെ തന്നെ, ഈ ബുധനാഴ്ചയും (18/11/20)  ഫ്രാൻസീസ് പാപ്പാ പേപ്പൽ ഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന്  ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാണ് പൊതുദർശനം അനുവദിച്ചത്.

കോവിദ് 19 രോഗസംക്രമണം രണ്ടാംവട്ടവും ശക്തിപ്രാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ശാരീരിക-സാമൂഹ്യഅകലപാലനം ഉൾപ്പടെയുള്ള രോഗപ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയിൽ, ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കിയിരിക്കുന്നത്. 

പാപ്പാ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചതിനെ തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം നടന്നു. തദ്ദനന്തരം പാപ്പാ, താൻ പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ പ്രാർത്ഥനയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധനരപരമ്പര തുടർന്നു. 

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പൊതുദർശന പ്രഭാഷണത്തിൻറെ സംഗ്രഹം:

പരിശുദ്ധ മറിയത്തിൻറെ പ്രാർത്ഥന

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം.

പ്രാർത്ഥനയെ അധികരിച്ചുള്ള പ്രബോധന പരമ്പരയിൽ ഇന്നു നാം കണ്ടുമുട്ടുക പ്രാർത്ഥിക്കുന്ന മഹിളയായ കന്യകാ മറിയത്തെയാണ്. മാതാവ് പ്രാർത്ഥിക്കുകയായിരുന്നു. ലോകം അവളെ നിസ്സാരയായി കാണുകയും, ദാവീദിൻറെ വംശത്തിൽപ്പെട്ട ഒരു പുരുഷനുമായി വിവാഹനിശ്ചയം നടത്തിയ ഒരു സാധാരണ പെൺകുട്ടിയായി കണക്കാക്കുകയും ചെയ്യുന്ന സമയത്ത് മറിയം പ്രാർത്ഥനയിലാണ്. ഉടനെ തന്നെ ദൈവം തൻറെ ദൗത്യം നല്കാൻ പോകുന്ന നസ്രത്തിലെ ഒരു യുവതി, നിശബ്ദതയിൽ ദൈവവുമായി നിരന്തര സംഭാഷണത്തിലേർപ്പെട്ടിരിക്കുന്നത് നമുക്കൊന്നു ഭാവനയിൽ കാണാം. അവൾ കൃപാവര പൂരിതയും അമലോത്ഭവയുമാണ്. എന്നാൽ അവൾക്കിപ്പോഴും അവളുടെ വിസ്മയകരവും അസാധാരണവുമായ വിളിയെയും അവൾ താണ്ടേണ്ടുന്ന പ്രക്ഷുബ്ധമായ കടലിനെയും കുറിച്ച് ഒന്നും അറിയില്ല. ഒരു കാര്യം ഉറപ്പാണ്: ചരിത്രകാരന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ചേർക്കാത്തവരും, എന്നാൽ ദൈവം അവിടത്തെ പുത്രൻറെ ആഗമനം ആരുവഴി ഒരുക്കിയോ, അവരുമായ, ആ എളിയവരുടെ മഹാ വൃന്ദത്തിൽ പെട്ടയാളാണ് മറിയം.

സ്വജീവിതത്തിൻറെ ചുക്കാൻ ദൈവത്തെ ഏൽപ്പിച്ച കന്യകാ മറിയം

മറിയം അവളുടെ ജീവിതത്തെ സ്വയം നിയന്ത്രിക്കുന്നില്ല: അവളുടെ യാത്രയുടെ കടിഞ്ഞാൺ ദൈവം പിടിക്കാനും അവിടത്തേക്ക് ഇഷ്ടമുള്ളിടത്തേക്ക് അവളെ നയിക്കാനും അവൾ കാത്തിരിക്കുന്നു. അവൾ വിധേയത്വം പുലർത്തുന്നു. അവളുടെ ഈ സന്നദ്ധത ദൈവത്തെയും ലോകത്തെയും സംബന്ധിച്ച മഹാസംഭവങ്ങൾക്ക് വഴിയൊരുക്കുന്നു. ദൈവപിതാവിൻറെ സ്നേഹ പദ്ധതിയിലും യേശുവിൻറെ ജീവിതത്തിലുടനീളവും  അവളുടെ അഭംഗുരവും കരുതലാർന്നതുമായ ഈ സാന്നിധ്യത്തെക്കുറിച്ച് കത്തോലിക്കാസഭയുടെ മതബോധനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട് (cf. CCC, 2617-2618).

“ഇതാ ഞാൻ, നിൻറെ ഹിതം നിറവേറട്ടെ” 

മുഖ്യദൂതനായ ഗബ്രിയേൽ നസ്രത്തിൽ വച്ച് മംഗളവാർത്ത അറിയിച്ച വേളയിൽ മറിയം പ്രാർത്ഥനയിലായിരുന്നു. അവളുടെ ചെറുതും അപരിമേയവുമായ “ഇതാ ഞാൻ” ആ സമയത്ത് സൃഷ്ടിയെ മുഴുവൻ ആനന്ദത്താൽ തുള്ളിച്ചാടിക്കുന്നു.

“കർത്താവേ, നീ ആഗ്രഹിക്കുന്നവ, നിനക്കിഷ്ടമുള്ളപ്പോൾ, നിൻറെ ഹിതം പോലെ” എന്ന തുറന്ന മനോഭാവത്തോടെ മറിയത്തെപ്പോലെ പ്രാർത്ഥിക്കുന്നതിനെക്കാൾ നല്ലൊരു മാർഗ്ഗമില്ല. സ്വന്തം പ്രാർത്ഥന ഇതുപോലെ ജീവിക്കുന്ന വിശ്വാസികൾ എത്രയാണ്! ദിവസങ്ങൾ പ്രശ്നപൂരിതങ്ങളാണ്. അതിൽ പ്രകോപിതരാകാതെ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുകയും എതൊരവസ്ഥയിലും നൽകപ്പെടുന്ന എളിയ സ്നേഹത്തിൽ നാം ദൈവകൃപയുടെ ഉപകരണങ്ങളായി മാറുകയും ചെയ്യുന്നു. കർത്താവേ, നീ ആഗ്രഹിക്കുന്നത്, നീ ആഗ്രഹിക്കുമ്പോൾ, നീ ആഗ്രഹിക്കുന്നതു പോലെ. ഇത് ലളിതമായ ഒരു പ്രാർത്ഥനയാണ്, എന്നാൽ നമ്മുടെ ജീവിതത്തെ കർത്താവിൻറെ കരങ്ങളിൽ സമർപ്പിക്കലാണ്. നമ്മെ നയിക്കുന്നത് അവിടന്നായിരിക്കട്ടെ. വാക്കുകൾ കൂടാതെ ഇങ്ങനെ പ്രാർത്ഥിക്കാൻ നമുക്കെല്ലാവർക്കും സാധിക്കും. 

അസ്വസ്ഥതകളെ രൂപാന്തരപ്പെടുത്തുന്ന പ്രാർത്ഥന

അസ്വസ്ഥതയെ എങ്ങനെ മെരുക്കിയെടുക്കാനുകുമെന്ന് പ്രാർത്ഥനയ്ക്കറിയാം. എന്നാൽ നമ്മൾ അസ്വസ്ഥരാണ്, ആവശ്യപ്പെടുന്നതിന് മുമ്പു തന്നെ നമുക്ക് എല്ലാം ലഭിക്കണം, എല്ലാം പെട്ടെന്നു കിട്ടണം. എന്നാൽ ജീവിതം അങ്ങനെയല്ല. ഈ അസ്വസ്ഥത നമുക്ക് ദോഷകരമാണ്. ഇതിനെ ശാന്തമാക്കാനും സന്നദ്ധതയായി രൂപാന്തരപ്പെടുത്താനും പ്രാർത്ഥനയ്ക്കറിയാം. പ്രാർത്ഥന എൻറെ ഹൃദയത്തെ തുറക്കുകയും ദൈവഹിതം പ്രവർത്തിക്കാൻ എന്നെ സന്നദ്ധനാക്കുകയും ചെയ്യുന്നു. തൻറെ ആ “സമ്മതം” കടുത്ത പരീക്ഷണങ്ങൾ തനിക്കുണ്ടാക്കുമെന്ന് മുൻകൂട്ടി അറിയാമായിരുന്നെങ്കിലും പരിശുദ്ധ മറിയം മംഗളവാർത്തയുടെ ആ ചുരുങ്ങിയ നിമിഷങ്ങളിൽ, ഭയത്തെ എങ്ങനെ തള്ളിക്കളയണമെന്ന് മനസ്സിലാക്കി. നമുക്കു ദൈവം നല്കുന്ന ഒരോ ദിനവും ഒരു വിളിയാണെന്ന് പ്രാർത്ഥനയിൽ നാം മനസ്സിലാക്കുമ്പോൾ നാം നമ്മുടെ ഹൃദയം വിശാലമാക്കുകയും സകലവും സ്വീകരിക്കുകയും ചെയ്യുന്നു. ഒരാൾ ഇങ്ങനെ പറയാൻ പഠിക്കുന്നു: “കർത്താവേ നിൻറെ ഹിതം നിറവേറട്ടെ. എൻറെ യാത്രയിൽ, ഒരോ ചുവട് വയ്പിലും നീ എൻറെ കൂടെ ഉണ്ടായിരിക്കുമെന്ന് എന്നോടു വാഗ്ദാനം ചെയ്താൽ മാത്രം മതി”, ഇത് സുപ്രധാനമാണ്: കർത്താവിൻറെ സാന്നിധ്യം നമ്മുടെ യാത്രയിൽ ഒരോ കാൽവയ്പിലും ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുക. 

മറിയം ,യേശുവിൻറെ ജീവിതത്തിലും സഭയുടെ ജീവിതത്തിലും

യേശുവിൻറെ ജീവിതത്തിലുടനീളം, അവിടത്തെ മരണോത്ഥാനങ്ങൾ വരെ മറിയം പ്രാർത്ഥനയാൽ അവിടത്തെ അനുഗമിച്ചു.  അവസാനം അവൾ അതു തുടരുന്നു. ജന്മംകൊള്ളുന്ന സഭയുടെ ആദ്യ ചുവടുകളോടൊപ്പം അവളുണ്ട് (അപ്പസ്തോലപ്രവർത്തനങ്ങൾ 1:14). കുരിശിൻറെ അപകീർത്തിയിലുടെ കടന്നുപോയ ശിഷ്യന്മാർക്കൊപ്പം മറിയം പ്രാർത്ഥിക്കുന്നു. ഭയത്തിനു കീഴടങ്ങിയ കുറ്റബോധത്താൽ തേങ്ങിയ പത്രോസിനോടോപ്പം അവൾ പ്രാർത്ഥിക്കുന്നു. മറിയം അവിടെയുണ്ട്, ശിഷ്യന്മാർക്കൊപ്പം. തൻറെ സമൂഹം കെട്ടിപ്പടുക്കാൻ യേശു വിളിച്ച മനുശഷ്യരാണവർ. മറിയം അവർക്കിടയിൽ പുരോഹിതയാകുന്നില്ല, യേശുവിൻറെ അമ്മയായിട്ടാണ് അവൾ അവരോടുകൂടെ പ്രാർത്ഥിക്കുന്നത്. അവരോടൊപ്പം പ്രാർത്ഥിക്കുന്നു, അവർക്കായി പ്രാർത്ഥിക്കുന്നു. വീണ്ടും അവളുടെ പ്രാർത്ഥന പൂർത്തിയാകാനിരിക്കുന്ന ഭാവിക്ക് മുന്നേ പോകുന്നു: പരിശുദ്ധാത്മാവിൻറെ പ്രവർത്തനത്താൽ അവൾ ദൈവമാതാവായി, പരിശുദ്ധാത്മാവിൻറെ പ്രവർത്തനത്താൽ അവൾ സഭയുടെ അമ്മയായി. അതായത്, ജന്മംകൊള്ളുന്ന സഭയോടൊപ്പം പ്രാർത്ഥിച്ചുകൊണ്ട് അവൾ സഭയുടെ അമ്മയാകുന്നു, സഭയുടെ ആദ്യ ചുവടുകളിൽ ശിഷ്യന്മാർക്ക് തുണയാകുന്നു. എന്നും നിശബ്ദതയിലാണ് അവൾ അതു ചെയ്യുന്നത്. മറിയത്തിൻറെ പ്രാർത്ഥന നിശബ്ദമാണ്.... കാനായിലെ കല്ല്യാണവേളയിൽ വീഞ്ഞു തീർന്നു പോകുമ്പോൾ മറിയം പ്രാർത്ഥിക്കുകുയും പ്രശ്ന പരിഹൃതി പുതനു വിട്ടുകൊടുക്കുകയും ചെയ്യുന്നു. കന്യകാമറിയത്തിൽ സ്ത്രീയുടെ സ്വാഭാവിക അന്തർജ്ഞാനം പ്രാർത്ഥനയിൽ ദൈവവുമായുള്ള അതുല്യ ഐക്യത്താൽ മഹത്വീകൃതമാകുന്നു.

മറിയത്തെപ്പോലെയാകാൻ കഴിഞ്ഞാൽ......

“മറിയം സകലവും ഹൃദയത്തിൽ സൂക്ഷിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു” (ലൂക്ക 2,19). യേശുവിൻറെ ബാല്യത്തെക്കുറിച്ചു വിവരിക്കുന്ന സുവിശേഷഭാഗത്ത്, ലൂക്കാ സുവിശേഷകൻ ഇങ്ങനെയാണ് കർത്താവിൻറെ അമ്മയെ അവതരിപ്പിക്കുന്നത്. അവൾക്കു ചുറ്റും സംഭവിക്കുന്നവയെല്ലാം അവളുടെ ഹൃദയത്തിൻറെ ആഴത്തിൽ പ്രതിഫലനമുണ്ടാക്കുന്നു. നമ്മുടെ അമ്മയായ മറിയത്തെപ്പോലെയാകാൻ,  അതായത്, ദൈവവചനത്തോടു തുറവുള്ള ഹൃദയം,  നിശബ്ദവും അനുസണയുള്ളതുമായ ഒരു ഹൃദയം, ദൈവവചനം സ്വീകരിക്കാൻ അറിയുകയും സഭയുടെ നന്മയുടെ വിത്തോടുകൂടി വളരാൻ അതിനെ അനുവദിക്കുകയും ചെയ്യുന്ന ഒരു ഹൃദയം ഉള്ളവരായിരിക്കാൻ, കുറച്ചെങ്കിലും സാധിച്ചാൽ അത് എത്ര സുന്ദരമാണ്!  നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

നമ്മൾ ദൈവത്തിൻറെ സജീവാലയങ്ങൾ

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെയും റോമൻ ചുമരുകൾക്കു വെളിയിലുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്കയുടെയും പ്രതിഷ്ഠാപനത്തിരുന്നാൾ ഈ ബുധനാഴ്‌ച (18/11/20) ആചരിക്കപ്പെടുന്നത് പാപ്പാ അനുസ്മരിച്ചു. 

നാമോരോരുത്തരും ദൈവത്തിൻറെ സജീവാലയമായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്ന അവബോധം ഈ തിരുന്നാൾ നമ്മിലെല്ലാവരിലും ഉളവാക്കട്ടെയെന്ന് പാപ്പാ പ്രാർത്ഥിച്ചു.

പൊതുദർശനപരിപാടിയുടെ അവസാനം  പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 November 2020, 15:30