വിവേകമതികളും വിവേകശൂന്യരുമടങ്ങുന്ന പത്തു കന്യകൾ, വില്യം ബ്ലൈയ്ക് (William Blake 1826) എന്ന ചിത്രകാരൻറെ ഭാവനയിൽ. വിവേകമതികളും വിവേകശൂന്യരുമടങ്ങുന്ന പത്തു കന്യകൾ, വില്യം ബ്ലൈയ്ക് (William Blake 1826) എന്ന ചിത്രകാരൻറെ ഭാവനയിൽ. 

വിശ്വാസവിളക്കും, ഉപവിയും സൽക്കർമ്മങ്ങളുമാകുന്ന എണ്ണയും !

യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് നാം സദാ ഒരുങ്ങിയിരിക്കണം, ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ശൈത്യത്തിലേക്കു കടന്നുകൊണ്ടിരിക്കയാണെങ്കിലും വസന്തകാല പ്രതീതിയുളവായ ഒരു ദിനമായിരുന്നു  ഈ ഞായറാഴ്ച (08/11/20) റോമിൽ. എന്നിരുന്നാലും കോവിദ് 19 രോഗസംക്രമണ സാധ്യതകൾ ഏറിയിരിക്കുന്നതിനാൽ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ,  വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പാ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സമ്മേളിച്ചിരുന്ന വിശ്വാസികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടു. ഉച്ചയ്ക്ക്, റോമിലെ സമയം, 12 മണിയോടെ, പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശ്വാസികളുടെ ആനന്ദാരവങ്ങൾ ഉയർന്നു.

ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ പതിവുപോലെ ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (08/11/20) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട, മത്തായിയുടെ സുവിശേഷം 25,1-13 വരെയുള്ള വാക്യങ്ങൾ, അതായത്, പത്തുകന്യകകളുടെ ഉപമ, ആയിരുന്നു  പാപ്പായുടെ പരിചിന്തനത്തിന് ആധാരം. 

പാപ്പായുടെ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

സകലവിശുദ്ധരുടെയും തിരുന്നാളിനോടും മരിച്ചവിശ്വാസികളുടെ അനുസ്മരണത്തോടുമനുബന്ധിച്ച് നത്യജീവിതത്തെക്കുറിച്ച് നാം ആരംഭിച്ച പരിചിന്തനം തുടരാൻ ഈ ഞായറാഴ്ചത്തെ സുവിശേഷ ഭാഗം (മത്താ 25: 1-13) നമ്മെ ക്ഷണിക്കുന്നു. സ്വർഗ്ഗരാജ്യത്തിൻറെ പ്രതീകമായ ഒരു വിവാഹവിരുന്നിന് ക്ഷണിക്കപ്പെട്ട പത്ത് കന്യകമാരുടെ ഉപമ യേശു പറയുന്നു.

വിവേകമതികളും വിവേകശൂന്യകളുമായ കന്യകകൾ

വിവാഹാഘോഷം രാത്രിയിൽ നടത്തുക യേശുവിൻറെ  കാലത്ത് പതിവായിരുന്നു; ആകയാൽ  അതിഥികൾ വിളക്കുകൊളുത്തി ഘോഷയാത്ര നടത്തേണ്ടിയിരുന്നു. മണവാളനെ എതിരേല്ക്കേണ്ടിയിരുന്ന കന്യകമാരിൽ ചിലർ വിവേകശൂന്യകളായിരുന്നു. അവർ വിളക്കുകൾ എടുത്തു, പക്ഷേ എണ്ണ കരുതിയില്ല. എന്നാൽ വിവേകമതികളായിരുന്ന കന്യകകൾ വിളക്കുകൾക്കൊപ്പം എണ്ണയും എടുത്തു. മണവാളൻ വൈകുന്നു, വരാൻ താമസിക്കുന്നു. കന്യകകൾ ഉറങ്ങിപ്പോകുന്നു. എന്നാൽ മണവാളൻ വരുന്നു എന്ന മുന്നറിയിപ്പുണ്ടായപ്പോൾ തങ്ങളുടെ വിളക്കുകളിൽ എണ്ണയില്ലെന്ന് ഭോഷകളായ കന്യകമാർ മനസ്സിലാക്കുന്നു. വിവേകമതികളായ കന്യകകളോട് അവർ എണ്ണ ചോദിക്കുന്നു, എന്നാൽ അതു നല്കാനാകില്ലെന്ന് അവർ പ്രത്യുത്തരിക്കുന്നു. കാരണം അത് ആർക്കും തികയാതെവരും. അങ്ങനെ വിവേകശൂന്യകളായ കന്യകകൾ എണ്ണവാങ്ങാൻ പോകുന്നസമയത്ത് മണവാളൻ ആഗതനാകുന്നു. വിവേകമതികൾ മണവാളനുമൊത്ത് വിവാഹവിരുന്നിന് ശാലയിൽ പ്രവേശിക്കുകയും ശാലയുടെ വാതിൽ അടയ്ക്കുകയും ചെയ്യുന്നു. വളരെ വൈകിയെത്തിയ കന്യകമാർക്ക് ശാലയിൽ പ്രവേശനം നിഷേധിക്കപ്പെടുന്നു.

സദാ ഒരുക്കമുള്ളവരായിരിക്കുക

ഈ ഉപമയിലൂടെ യേശു നമ്മോടു പറയാൻ ഉദ്ദേശിക്കുന്നത് സുവ്യക്തമാണ്, അതായത്, അവിടന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് നാം ഒരുങ്ങിയിരിക്കണം. അവസാന കൂടിക്കാഴ്ചയ്ക്കു മാത്രല്ല, ആ സമാഗമത്തിനു മുന്നോടിയായ ചെറുതും വലുതുമായ ദൈനംദിന കൂടിക്കാഴ്ചകൾക്കും നാം ഒരുക്കമുള്ളവരായിരിക്കണം. അതിന് വിശ്വാസ വിളക്ക് മാത്രം പോരാ, പിന്നെയോ, ഉപവിയും സൽക്കർമ്മങ്ങളുമാകുന്ന എണ്ണയും ആവശ്യമാണ്. യേശുവിനോടു നമ്മെ യഥാർത്ഥത്തിൽ ഐക്യപ്പെടുത്തുന്ന വിശ്വാസം, പൗലോസലപ്പസ്തോലൻ പറയുന്നതുപോലെ “സ്നേഹത്തിലൂടെ പ്രവർത്തന നിരത”മാകുന്നതാണ്” (ഗലാത്തിയർ 5,6). വിവേകമതികളായ കന്യകകളുടെ മനോഭാവം പ്രതിനിധാനം ചെയ്യുന്നത് ഇതാണ്. ജ്ഞാനികളും വിവേകമുള്ളവരും ആയിരിക്കുക എന്നതിനർത്ഥം ദൈവകൃപയോടു പ്രത്യുത്തരിക്കുന്നതിന് അവസാന നിമിഷം വരെ കാത്തിരിക്കാതെ, ഉടൻ, ഇപ്പോൾത്തന്നെ അതു കർമ്മോത്സുകതയോടെ നിറവേറ്റുക എന്നതാണ്. ഇപ്പോൾത്തന്നെ അതിന് തുടക്കമിടുക. “ഞാൻ,,, പിന്നീട്, മാനസ്സാന്തരപ്പെട്ടുകൊള്ളാം..... അതു പോരാ, നീ ഇന്നു തന്നെ മാനസ്സാന്തരപ്പെടുക, ജീവിതം മാറ്റുക... നാളെ ഞാൻ മാറിക്കോളാം, എന്നു പറയുന്നവൻ അതു തന്നെ നാളെയും ആവർത്തിക്കുന്നു. അങ്ങനെ അത് ഒരിക്കലും സംഭവിക്കില്ല. ഇന്നു തന്നെ മാറുക! കർത്താവുമായുള്ള അന്ത്യകൂടിക്കാഴ്ചയ്ക്ക് ഒരുക്കമുള്ളവരായിരിക്കണമെങ്കിൽ നാം ഇപ്പോൾ മുതൽ തന്നെ അവിടത്തോട് സഹകരിക്കുകയും അവിടത്തെ സ്നേഹത്താൽ പ്രചോദിതമായ സൽക്കർമ്മങ്ങൾ ചെയ്യുകയും വേണം.

ജീവിതലക്ഷ്യം മറന്നു പോകുന്ന നമ്മൾ

ദൗർഭാഗ്യവശാൽ, നമ്മുടെ ജീവിതലക്ഷ്യം, അതായത്, ദൈവവവുമായുള്ള നിയതമായ കൂടിക്കാഴ്ച നാം വിസ്മരിക്കുന്നു. അങ്ങനെ കാത്തിരിപ്പിനെക്കുറിച്ചുള്ള അവബോധം കൈമോശം വരുകയും വർത്തമാനകാലത്തെ കേവലമാക്കിത്തീർക്കുകയും ചെയ്യുന്നുവെന്നു നമുക്കറിയാം. ഒരുവൻ വർത്തമാനകാലത്തെ പരമമായി കാണുമ്പോൾ അതിലേക്കു മാത്രം  നോക്കുകയും കാത്തിരിപ്പിനെക്കുറിച്ചുള്ള അവബോധം നഷ്ടമാകുകയും ചെയ്യുന്നു. പ്രതീക്ഷ ഏറെ സുന്ദരമാണ്, അത്യധികം ആവശ്യവുമാണ്. അതു നമ്മെ ഇന്നിൻറെ വൈരുദ്ധ്യങ്ങളിൽ നിന്നു പുറത്തുകൊണ്ടുവരുകയും ചെയ്യുന്നു. പ്രത്യാശാബോധം നഷ്ടമാകുന്ന ഈ മനോഭാവം ഇഹലോകത്തിനപ്പുറമുള്ളതിനെക്കുറിച്ചുള്ള പ്രതീക്ഷകളെയെല്ലാം തടയുന്നു. മറ്റൊരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കരുത് എന്ന മട്ടിലാണ് എല്ലാം ചെയ്യുക. അപ്പോൾ സകലവും സ്വന്തമാക്കുന്നതിലും ഉയർച്ചയിലെത്തുന്നതിലും സ്വന്തം കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിലും മാത്രമായിരിക്കും ശ്രദ്ധ. എന്നും കൂടുതൽ ശ്രദ്ധ അവയിലായിരിക്കും. കൂടുതൽ ആകർഷകങ്ങളായവയാൽ, നമുക്കിഷ്ടപ്പെട്ടവയാൽ, നമ്മുടെ സ്വാർത്ഥതാൽപ്പര്യങ്ങളാൽ നയിക്കപ്പെടാൻ നാം നമ്മെത്തന്നെ വിട്ടുകൊടുക്കുമ്പോൾ നമ്മുടെ ജീവിതം ഫലശൂന്യമാകും, നാം നമ്മുടെ വിളക്കിനാവശ്യമായ എണ്ണ കരുതിവയ്ക്കില്ല. കർത്താവുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പുതന്നെ വിളക്ക് അണഞ്ഞുപോകും. നാം ഇന്നു ജീവിക്കണം, നാളേയ്ക്കു നീങ്ങുന്ന ഇന്ന്, ആ കൂടക്കാഴ്ചയിലേക്കു നീങ്ങുന്ന ഇന്ന്, പ്രത്യാശാഭരിതമായ ഇന്ന്. നാം ജാഗരൂഗരായിരിക്കുകയും ദൈവകൃപയ്ക്ക് അനുസൃതമായി വർത്തിക്കുകയും ചെയ്യുകയാണെങ്കിൽ നമുക്കു മണവാളൻറെ ആഗമനം ശാന്തതയോടെ പാർത്തിരിക്കാൻ സാധിക്കും. നാം ഉറക്കത്തിലായിരിക്കുമ്പോഴും കർത്താവിനു വരാൻ സാധിക്കും. അത് നമ്മെ ഉത്ക്കണ്ഠയിലാഴ്ത്തില്ല, കാരണം, ദൈനംദിന സൽക്കർമ്മങ്ങളാൽ, കർത്താവിനായുള്ള കാത്തിരിപ്പിനാൽ, സമാഹരിച്ച, കരുതൽ എണ്ണ നമ്മുടെ കൈവശം ഉണ്ട്. അവിടന്ന് എത്രയും വേഗം ആഗതനാകട്ടെ, നമ്മെ അവിടത്തോടൊപ്പം കൊണ്ടുപോകുന്നതിനായി അവിടന്നു വരട്ടെ.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

കർമ്മനിരതമായ വിശ്വാസം ഏറ്റം പരിശുദ്ധ കന്യക ജീവിച്ചതു പോലെ ജീവിക്കാൻ അവൾ നമ്മെ സഹായിക്കുന്നതിന് അവളുടെ മാദ്ധ്യസ്ഥ്യം നമുക്കു വിളിച്ചപേക്ഷിക്കാം. മരണത്തിനപ്പുറം കടക്കാനും ജീവൻറെ മഹോത്സവത്തിൽ എത്തിച്ചേരാനും നമുക്കു സാധിക്കുന്ന പ്രഭചൊരിയുന്ന വിളക്കാണ് അവൾ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

വാഴ്ത്തപ്പെട്ട ജൊവാൻ റോയിഗ് യി ദിഗ്ഗിൾ

പാപ്പാ, സ്പെയിനിലെ ബർസെല്ലോണയിൽ ശനിയാഴ്ച (07/11/20) 19 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അല്മായ രക്തസാക്ഷി ജൊവാൻ റോയിഗ് യി ദിഗ്ഗിൾ (Joan Roig y Diggle) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് ആശീർവ്വാദാനന്തരം അനുസ്മരിച്ചു.

തൊഴിൽ മേഖലയിൽ യേശുവിന് സാക്ഷിമേകിയ നവവാഴ്ത്തപ്പെട്ടവൻ ജീവൻറെ പരമ ദാനം വരെ അവിടത്തോടു വിശ്വസ്തനായിരുന്നുവെന്നു പാപ്പാ പ്രസ്താവിച്ചു.

നവ വാഴ്ത്തപ്പെട്ട ജൊവാൻ റോയിഗ് യി ദിഗ്ഗിളിൻറെ മാതൃക, ക്രിസ്തീയ ജീവിതം അതിൻറെ പൂർണ്ണതയിൽ ജീവിക്കാനുള്ള അഭിവാഞ്ഛ എല്ലാവരിലും, വിശഷ്യ. യുവതയിൽ ഉളവാക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

മദ്ധ്യ അമേരിക്കയിൽ ചുഴലിക്കാറ്റു ദുരന്തം

തുടർന്ന് പാപ്പാ മദ്ധ്യ അമേരിക്കയിൽ അതിശക്തമായ ചുഴലിക്കാറ്റ് ഇക്കഴിഞ്ഞ ദിനങ്ങളിൽ അനേകം ജീവനുകൾ അപഹരിച്ചതും വൻ നാശനഷ്ടങ്ങൾ വിതച്ചതും അനുസ്മരിച്ചു.

കോവിദ് പത്തൊമ്പത് മഹാമാരി ദുരന്തപൂർണ്ണമാക്കിയിരിക്കുന്ന അവസ്ഥ കൂടുതൽ മോശമാകുന്നതിന് ഈ ചുഴലിക്കാറ്റ് കാരണമായി എന്ന വസ്തുത ചൂണ്ടിക്കാട്ടുന്ന പാപ്പാ കാർത്താവിൻറെ സാന്ത്വനം എല്ലാവർക്കും ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു.

എത്യോപ്യയിൽ സമാധാനം സംജാതമാകട്ടെ

സായുധ സംഘർഷം മൂലം ആശങ്കാജനകമായ വാർത്തകൾ ആഫിക്കൻ നാടായ എത്യോപ്യയിൽ നിന്ന് എത്തിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചും പാപ്പാ പരാമർശിച്ചു.

ആയുധങ്ങളേന്തുന്നതിനുള്ള പ്രലോഭനത്തെ തള്ളിക്കളയാൻ ആഹ്വാനം ചെയ്യുന്ന പാപ്പാ പ്രാർത്ഥിക്കാനും സഹോദര്യ ആദരവു പുലർത്താനും സംഭാഷണത്തിലേർപ്പെടാനും അഭിപ്രായ ഭിന്നതകൾ സമാധാനപരമായി ഇല്ലാതാക്കാനും എല്ലാവരെയും ക്ഷണിക്കുന്നു.

ലിബിയയിൽ സമാധാനവും ഭദ്രതയും ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കുക

ലിബയിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ടുണീഷ്യയിൽ ഞായറാഴ്ച (08/11/20) തുടക്കം കുറിച്ച “ലിബിയൻ രാഷ്ട്രീയ സംഭാഷണ വേദിക്ക്” പാപ്പാ ആശംസകൾ നേർന്നു. 

ലിബിയയിലെ ജനങ്ങളുടെ സുദീർഘമായ സഹനങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ലോലമായ ഒരു വേളയാണിതെന്ന് പാപ്പാ പറയുന്നു.

സമീപകാല വെടിനിറുത്തൽ കരാർ മാനിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു.

ലിബിയയിൽ സമാധാനവും ഭദ്രതയും ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

ജലം ഒരു പൊതുനന്മ

ഇറ്റലിയിൽ ഞായറാഴ്ച (08/11/20) കൃതജ്ഞതാദിനം ആചരിക്കപ്പെട്ടതും പാപ്പാ അനുസ്മരിച്ചു. 

“ജലം, ഭൂമിയുടെ അനുഗ്രഹം” എന്ന പ്രമേയം ഈ ദിനാചരണം സ്വീകരിച്ചിരുന്നതിനെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ വെള്ളം കൃഷിക്ക് എന്ന പോലെതന്നെ ജീവനെ സംബന്ധിച്ചും സുപ്രധാനമാണ് എന്ന് പ്രസ്താവിക്കുകയും കാർഷികലോകത്തിൻറെ, പ്രത്യേകിച്ച്, ചെറുകിട കർഷകരുടെ ചാരെ താനുണ്ടെന്ന് ഉറപ്പു നല്കുകയും ചെയ്തു.

പ്രതിസന്ധിയുടെ ഈ വേളയിൽ അവരുടെ അദ്ധ്വാനം എന്നത്തെക്കാളുപരി പ്രാധാന്യമർഹിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.

ജലം ഒരു പൊതുനന്മയാണെന്നും അതിൻറെ വിനിയോഗം അതിൻറെ സാർവ്വത്രിക ഭാഗധേയത്വത്തെ മാനിച്ചുകൊണ്ടായിരിക്കണമെന്നും മാർപ്പാപ്പാ ഓർമ്മിപ്പിച്ചു.

സമാപനാഭിവാദ്യം

തദ്ദനന്തരം പാപ്പാ, റോമാക്കാർക്കും വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും കുടുംബങ്ങൾക്കും, ഇടവക സംഘങ്ങൾക്കും, സമിതികൾക്കും, എല്ലാ വിശ്വാസികൾക്കും അഭിവാദ്യമർപ്പിച്ചു.

എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിച്ചു.

അതിനു ശേഷം പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2020, 13:22