ഗബ്രിയേൽ മാലാഖ മാതാവിന് മംഗളവാർത്ത അറിയിക്കുന്ന ചിത്രം. ഗബ്രിയേൽ മാലാഖ മാതാവിന് മംഗളവാർത്ത അറിയിക്കുന്ന ചിത്രം. 

"ക്രിസ്തു ജീവിക്കുന്നു”: യുവതിയായ മറിയത്തിന്റെ സമ്മതം മൂളൽ

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 44ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം

യേശുവിന്റെ യൗവനം 'കൃപാവര പൂർണ്ണത' കൈവരിക്കാനുള്ള "പരിശീലന''ത്തിന്റെ  കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. "യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ''ത്തിന്റെ ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്റെ വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതംദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.

44. യുവതിയായ മറിയത്തിന്റെ സമ്മതം മൂളൽ

യുവതിയായ മറിയത്തിന്റെ സമ്മതം മൂളലിന്റെ ശക്തി നമ്മെ എപ്പോഴും വിസ്മയിപ്പിക്കുന്നു. മാലാഖയോടു അവൾ പറഞ്ഞ ‘അങ്ങനെയാകട്ടെ’ എന്ന വാക്കുകളിലുള്ള ശക്തി തന്നെ. അത് കേവലം നിസ്സംഗമായ, അല്ലെങ്കിൽ കീഴടങ്ങലുള്ള സ്വീകരണമായിരുന്നില്ല. അവ്യക്തമായ അതേ എന്നായിരുന്നില്ല. ‘നമുക്ക് പരിശ്രമിക്കാം എന്തു വരുമെന്ന് നോക്കാം’ എന്നു പറയുന്നത് പോലെ ആയിരുന്നില്ല. ‘എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം’ എന്ന വാക്കുകൾ മറിയത്തിന് അറിഞ്ഞുകൂടായിരുന്നു. അവൾ തീരുമാനമുള്ളവളായിരുന്നു. പ്രശ്നങ്ങളെല്ലാം അവൾക്കറിയാമായിരുന്നു. രണ്ടു പ്രാവശ്യം ചിന്തിക്കാതെ അവൾ ‘അതെ’ എന്ന് പറഞ്ഞു. ഒരു വാഗ്ദാനത്തിന് സംവാഹയാണു താൻ എന്ന അറിവിന്റെ ഉറപ്പ് അല്ലാതെ മറ്റൊരു സുരക്ഷിതത്വമില്ലാതെ ആത്മസമർപ്പണം ചെയ്യാൻ മനസ്സായ, അപകടസാധ്യതകളെ നേരിടാൻ ഇഷ്ടപ്പെട്ട, സ്വന്തമായതെല്ലാം അപകടത്തിലാക്കാൻ തയ്യാറായ ഒരാളുടെ സമ്മതം മൂളലായിരുന്നത്. അതുകൊണ്ട് ഞാൻ നിങ്ങളിൽ ഓരോരുത്തരോടും ചോദിക്കുന്നു. “ഒരു വാഗ്ദാനത്തിന്റെ വാഹകരായി നിങ്ങൾ നിങ്ങളെത്തന്നെ കരുതുന്നുണ്ടോ? എനിക്ക് പൂർത്തീകരിക്കാൻ എന്തു വാഗ്ദാനമാണ് എന്റെ ഹൃദയത്തിലുള്ളത്? മറിയത്തിന്റെ ദൗത്യം തീർച്ചയായും പ്രയാസമുള്ളതായിരിക്കും. പക്ഷേ ‘ഇല്ല’ എന്ന് പറയാൻ ഭാവിയിലെ

വെല്ലുവിളികൾ കാരണമായിരുന്നില്ല. തീർച്ചയായും കാര്യങ്ങൾ സങ്കീർണ്ണമായിതീരും. എന്നാൽ മുൻകൂട്ടി വ്യക്തമാകാത്തതുകൊണ്ടും തീർച്ചയില്ലാത്തതുകൊണ്ടും ഭീരുത്വം തളർത്തുമ്പോൾ സംഭവിക്കുന്നതുപോലെ ആയിരിക്കുകയില്ല. മറിയം ഒരു ഇൻഷുറൻസ് പോളിസി എടുത്തില്ല. അവൾ അപകടസാധ്യത ഏറ്റെടുത്തു. ഇക്കാരണത്താൽ അവൾ ശക്തയാണ്. അവൾ സ്വാധീനിക്കുന്നവളാണ്. ദൈവത്തിന്റെ സ്വാധീനിക്കുന്നവൾ. അവളുടെ സമ്മതം നൽകലും സേവനം ചെയ്യാനുള്ള അവളുടെ ആഗ്രഹവും ഏതു സംശയങ്ങളെക്കാളും പ്രയാസങ്ങളെ ക്കാളും ശക്തമായിരുന്നു.” (കടപ്പാട്. പി.ഒ.സി. പ്രസിദ്ധീകരണം).

മറിയത്തിന്റെ സമ്മതത്തിന്റെ സവിശേഷതകൾ

അസാധാരണമായ കർത്തവ്യം നിർവ്വഹിക്കാൻ സാധാരണയായ മേരി എന്ന യുവതിയെ ദൈവം തിരഞ്ഞെടുത്തപ്പോൾ ദൈവത്തിന്റെ മുമ്പിൽ അവൾ നൽകിയ അതേ എന്ന ഉത്തരത്തിന്റെ സവിശേഷതകളെ പാപ്പാ ഈ ഖണ്ഡികയിൽ വിവരിക്കുന്നു. മറിയം മാലാഖയ്ക്ക് നൽകിയ  സമ്മതം കീഴടങ്ങലുള്ള അവ്യക്തമായ സമ്മതമായിരുന്നില്ല. മറിച്ച് അവളുടെ സമ്മതം വാഗ്ദാനത്തിന്റെ സംവാഹകയാകാനള്ള സമർപ്പണം നിറഞ്ഞ സമ്മതമായിരുന്നു. അപകടസാധ്യതകളെ ഇഷ്ടപ്പെട്ട, ഇഷ്ടപ്പെട്ട എല്ലാറ്റിനെയും അപകടത്തിലാക്കാൻ തയ്യാറായ ഒരു സമ്മതമായിരുന്നു. അതുകൊണ്ട് തന്നെ മറിയത്തിന്റെ സമ്മതം നൽകലും സേവനംചെയ്യാനുള്ള ആഗ്രഹവും ഏതു സംശയങ്ങളെക്കാളും പ്രയാസങ്ങളെക്കാളും ശക്തിയുള്ളതായിരുന്നുവെന്ന് പ്രബോധിപ്പിച്ചു കൊണ്ട് വെല്ലുവിളികൾ ഏറ്റെടുക്കാൻ പാപ്പാ സഭാമക്കളെ ക്ഷണിക്കുന്നു.

മറിയത്തിന്റെ വെല്ലുവിളി

വെല്ലുവിളികളെ ഏറ്റെടുക്കുന്നതിന് മുമ്പ്  നമ്മുടെ വിളി എന്താണന്നും വിളിച്ചവൻ ആരാണെന്നും നാം തിരിച്ചറിയണം. വിളിച്ചവന്റെ മനസ്സ് നാം അറിഞ്ഞിരിക്കണം വിളിച്ചവനിൽ  നമുക്ക് വിശ്വാസമുണ്ടായിരിക്കണം.  ദൈവത്തിന്റെ അമ്മയാകാൻ തന്നെ വിളിച്ച ദൈവപിതാവിനോടു  പരിശുദ്ധ അമ്മയ്ക്ക് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു. ഏശയ്യാ പ്രവാചകൻ പറയുന്നതുപോലെ "കഷ്ടതയുടെ അപ്പവുംകേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരുവിന്റെ നയനങ്ങളിൽ നിന്നിൽ  നിന്നും മറഞ്ഞിരിക്കുകയില്ല" എന്ന്   അവൾ വിശ്വസിച്ചു. ഇതാ കർത്താവിന്റെ ദാസി എന്ന് പറഞ്ഞ അന്നുമുതൽ ജീവിതത്തിൽ അമ്മ കടന്നു പോയ കഠിന വഴികൾ, കാൽവരികൾ നിശബ്ദമായ അദ്ധ്യായങ്ങളായി അവളുടെ സമർപ്പണത്തിന്റെ പുസ്തകങ്ങളിൽ രചിക്കപ്പെട്ടിട്ടുണ്ട്.

ദൈവപുത്രനാണെന്ന് പറഞ്ഞ്  തന്റെ കൈയ്യിൽ ലഭിച്ച ഉണ്ണിക്ക് പിറക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയിൽ മറിയം എന്ന അമ്മ അവളുടെ സമർപ്പണത്തെ സംശയിച്ചില്ല. ഈജിപ്തിൽ പ്രവാസിയായി ജീവിക്കേണ്ടി വന്നപ്പോഴും തന്റെ കുഞ്ഞിനെ കൊല്ലാൻ പരിശ്രമിക്കുന്ന ഘാതകൻ ഒരു രാജാവാണ് എന്നറിഞ്ഞിട്ടും സാധാരണ അമ്മയായ മേരി ദൈവത്തിൽ മാത്രം ശരണം വച്ചു. വൈവിധ്യത്തിന്റെ വേദന അവൾ ഏറ്റുവാങ്ങി. സ്വന്തം പുത്രനെ ഭ്രാന്തനാണെന്നും, ദൈവദൂഷകനാണെന്നും, പിശാചുബാധിതൻ എന്നും വിളിച്ച് ആക്ഷേപിക്കുമ്പോൾ പോലും മറിയം ദൈവത്തോടു പറഞ്ഞ അതേ എന്ന സമ്മതത്തിന്റെ ആത്മീയ അർത്ഥങ്ങൾ കണ്ടെത്തി ജീവിച്ചു. അവസാനം ദുഃഖവെള്ളിയിൽ പോലും അവൾ പാലിച്ച മൗനം, ആത്മസംയമനം അവളുടെ സമ്മതത്തിൽ അടങ്ങിയിരുന്ന സമർപ്പണത്തിന്റെ ഏറ്റവും വലിയ തെളിവായിരുന്നു. സഹനത്തിന്റെ ദാരുണമായ വേദനകളുടെ ആയിരം കൈകൾ അവളെ വലിച്ചു മുറുക്കിയപ്പോൾ ഭീരുവായി അവയുടെ മുന്നിൽ മറിയം കീഴടങ്ങിയില്ല. "നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടന്നു പോകും" എന്ന ശിമയോൻ പ്രവാചകന്റെ പ്രവചനത്തെ മറക്കാതെ സൂക്ഷിച്ച മറിയം ജീവിതത്തിലെ ഓരോ ചുവട് വയ്പ്പിലും വാളിന്റെ സ്മരണയെ സമചിത്തതയോടെ കൊണ്ടുനടന്നു.

നമ്മുടെ വെല്ലുവിളി

ഇതുപോലെ ജീവിതം  നമ്മെ നോക്കി വെല്ലുവിളിക്കുന്നു. പാപ്പാ പറയുന്നതുപോലെ  ദൗത്യം വെല്ലുവിളി നിറഞ്ഞതാണ്. ഇല്ല എന്ന് പറയാൻ സാധിക്കുമോ?  നാം ആഴമായി ചിന്തിക്കേണ്ടത്  ഈ ജീവിതത്തെയാണ്. ജീവിതം വെല്ലുവിളികൾ നിറഞ്ഞതാണ്. ജനനം മുതൽ മരണം വരെ നാമോരോരുത്തരും പലതിനോടും യുദ്ധം ചെയ്ത് പൊരുതി ജീവിക്കേണ്ടവരാണ്.  വെല്ലുവിളികൾ നിറഞ്ഞ ഈ യാത്രയിൽ വിജയങ്ങളും പരാജയങ്ങളും നേട്ടങ്ങളും കോട്ടങ്ങളും നമ്മൾ കണ്ടുമുട്ടുന്ന യാഥാർത്ഥ്യങ്ങളാണ്.  ഇവ നമ്മെ സന്തോഷിപ്പിക്കുകയും സന്താപത്തിലാഴ്ത്തുകയും ചെയ്തേക്കാം. എങ്കിലും ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ നമ്മുടെ ജീവിത നിയോഗത്തെ പൂർത്തീകരിക്കാൻ മാതാവിന്റെ സമർപ്പണത്തിലെ ചില കുറുക്കുവഴികൾ നാം അഭ്യസിക്കേണ്ടതായിട്ടുണ്ട്. അതിനെക്കുറിച്ച് പാപ്പാ പറയുന്നത് "പരിശുദ്ധ അമ്മയുടെ സമ്മതം നൽകലും സേവനം ചെയ്യാനുള്ള അവളുടെ ആഗ്രഹവും ഏത് സംശയങ്ങളെക്കാളും പ്രയാസങ്ങളെക്കാളും ശക്തമായിരുന്നു " എന്നാണ്. പരിശുദ്ധ അമ്മ ആഗ്രഹിച്ചതും അർപ്പണം ചെയ്തതും ദൈവത്തേയും  ദൈവത്തിന്റെ തിരുഹിതത്തെയുമായിരുന്നു.

വിശ്വാസവും, മത ആചാരവും, നിയമ നിഷ്ഠയും എല്ലാം പൊതിഞ്ഞു നിന്നിരുന്ന ഒരു അവസ്ഥയിൽ  വിവാഹത്തിനു മുമ്പുള്ള ഗർഭധാരണമായിരുന്നു അമ്മയുടെ ആദ്യത്തെ വെല്ലുവിളി. അതു വെല്ലുവിളിയാണെന്ന് നന്നായി അറിഞ്ഞിരുന്ന മറിയം ദൈവത്തിന്റെ ശക്തികൊണ്ട് അതിനെ അതിജീവിക്കാൻ കഴിയും എന്ന് വിശ്വസിച്ചു. കൃപ നിറഞ്ഞ വാക്കുകൾ പറഞ്ഞവൻ  ആ വാക്ക് പൂർത്തീകരിക്കാൻ കുപ തരാതിരിക്കുമോ? ആ കൃപയിലാണ് അവൾ ശരണപ്പെട്ടത്.

ഇന്ന് നമ്മുടെ ജീവിതത്തിൽ നമ്മെ തളർത്താനും തകർക്കാനും പ്രകോപിപ്പിക്കാനും ചില പ്രത്യേകതരം വ്യക്തികളും സംഭവങ്ങളും എപ്പോഴും കൂടെയുണ്ടാകും. അവരുടെ മുന്നിൽ കീഴടങ്ങാതിരിക്കാൻ അവർ നൽകുന്ന അബദ്ധവാക്കുകളിലും, പുച്ഛിക്കുന്ന മനോഭാവത്തിലും നാം നമ്മെ തന്നെ വിട്ടുകൊടുക്കാതിരിക്കണം. അഹങ്കാരത്തിന്റെയും അഹംഭാവത്തിന്റെയും സിംഹാസനങ്ങളിൽ നിന്ന്  നമ്മുടെ ജീവിതത്തെ വേട്ടയാടാൻ തുനിയുമ്പോൾ കൃപ നിറഞ്ഞവന്റെ കൈകളിലാണ് നാം നമ്മെ സമർപ്പിച്ചതെങ്കിൽ പരിശുദ്ധമറിയം തന്റെ സ്തോത്ര ഗീതത്തിൽ പറയുന്നതുപോലെ 'അഹങ്കാരികളെയും ശക്തന്മാരെയും അവിടുന്ന് സിംഹാസനത്തിൽ നിന്നും താഴെയിറക്കുകയും എളിയവരെ അവിടുന്ന് ഉയർത്തുകയും ചെയ്തുവെന്ന് നമ്മുടെ ജീവിതത്തെ കുറിച്ച് ഏറ്റവും അഭിമാനത്തോടെ നമുക്കും പാടാൻ കഴിയും. അതിന് നമ്മുടെ മുന്നിൽ വരുന്ന വെല്ലുവിളികളെ, നമ്മെ പ്രകോപിപ്പിക്കുന്ന വ്യക്തികളെ,വിശുദ്ധ പൗലോസ് പറയുന്നതു പോലെ അവരുടെ ശിരസ്സിൽ തീക്കനൽ കൂട്ടുവാൻ നമ്മുടെ ജീവിതം കൊണ്ടും സുകൃതം കൊണ്ടും പരാജയപ്പെടുത്തുവാൻ കഴിയണം. അതിന്  വെല്ലുവിളികളെ അതിജീവിക്കാൻ പരിശുദ്ധ അമ്മ നമ്മെ സഹായിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 November 2020, 20:02