ഫ്രാൻസിലെ നീസിൽ മൂന്നൂ പേരുടെ ജീവനെടുത്ത ആക്രമണം നടന്ന നോതൃ ദാം കത്തീദ്രലിനു മുന്നിൽ പുഷ്പ്പാഞ്ജലികൾ അർപ്പിക്കുന്ന ജനങ്ങൾ! ഫ്രാൻസിലെ നീസിൽ മൂന്നൂ പേരുടെ ജീവനെടുത്ത ആക്രമണം നടന്ന നോതൃ ദാം കത്തീദ്രലിനു മുന്നിൽ പുഷ്പ്പാഞ്ജലികൾ അർപ്പിക്കുന്ന ജനങ്ങൾ! 

നീസിലെ ആക്രമണം, പാപ്പാ അനുശോചിച്ചു!

നോതൃ ദാം ദേവാലയത്തിലെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ ഫ്രാൻസീസ് പാപ്പാ പങ്കുചേരുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്യുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസിലെ നീസീൽ പരിശുദ്ധ കന്യകാനാഥയുടെ നാമത്തിലുള്ള നോതൃ ദാം കത്തീദ്രലിൽ മൂന്നുപേരെ കൊലചെയ്ത നിഷ്ഠൂര കൃത്യത്തെ മാർപ്പാപ്പാ അതിശക്തം അപലപിക്കുന്നു.

വ്യാഴാഴ്ച (29/10/20) രാവിലെ ദേവാലയത്തിലെത്തിയ അക്രമി ഒരു വയോധികയെ കഴുത്തറുത്തും മറ്റു രണ്ടു പേരെ കുത്തിയും കൊലചെയ്യുകയായിരുന്നു.

ഈ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ ഫ്രാൻസീസ് പാപ്പാ പങ്കുചേരുന്നുവെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ പാപ്പായുടെ നാമത്തിൽ ഒപ്പിട്ട് നീസ് രൂപതാമെത്രാൻ ആന്ത്രേ മർസുവിന് (André MARCEAU) അയച്ച അനുശോചന സന്ദേശത്തിൽ അറിയിക്കുന്നു.

നാടിൻറെ അഖണ്ഡതയ്ക്കായി പ്രവർത്തിക്കാൻ ഫ്രാൻസിലെ ജനങ്ങളോടു പാപ്പാ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

പൊലീസിൻറെ വെടിയേറ്റ അക്രമി അറസ്റ്റിലാകുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമാണ്.

മരിച്ചവരോടുള്ള ആദരസൂചകമായി നാഷണഷൽ അസംബ്ലി പാരിസീൽ ഒരു മിനിറ്റ് മൗനം ആചരിച്ചു.

ഭീകരപ്രവർത്തനവും അക്രമവും ഒരിക്കലും അംഗീകരിക്കാനില്ലെന്ന് പരിശുദ്ധസിംഹാസാനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൻറെ, പ്രസ്സ് ഓഫീസിൻറെ മേധാവി മത്തേയൊ ബ്രൂണി (Matteo Bruni) നീസ് ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയിൽ പറയുന്നു.

വേദനയുടെയും സംഭ്രാന്തിയുടെയും ഒരു വേളയാണിതെന്ന് പറയുന്ന മത്തേയൊ ബ്രൂണി, സ്നേഹത്തിൻറെയും സാന്ത്വനത്തിൻറെയും ഇടമായ കർത്താവിൻറെ ഭവനത്തിലാണ് ഈ ആക്രമണം മരണം വിതച്ചിരിക്കുന്നതെന്ന് ഖേദപൂർവ്വം അനുസ്മരിക്കുന്നു.

ഈ ദുരന്തത്തിൽ വേദനിക്കുന്ന കത്തോലിക്കാ സമൂഹത്തിൻറെ ചാരെ ഫ്രാൻസീസ് പാപ്പായുണ്ടെന്ന് അദ്ദേഹം അറിയിക്കുന്നു.

പരസ്പരം ശത്രുക്കളായിട്ടല്ല, മറിച്ച്, സഹോദരീസഹോദരങ്ങളായി കാണാൻ കഴിയുന്നതിനു വേണ്ടി അക്രമത്തിന് അവസാനം ഉണ്ടാകുന്നതിനും ഈ ആക്രമണത്തിന് ഇരകളായവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും വേണ്ടി  പാപ്പാ പ്രാർത്ഥിക്കുന്നുവെന്നും മത്തേയൊ ബ്രൂണി തൻറെ പ്രസ്താവനയിൽ വെളിപ്പെടുത്തി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 October 2020, 11:19