ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ ഞായറാഴ്ച (20/09/20) മദ്ധ്യാഹ്നത്തിൽ നയിച്ച ത്രികാലപ്രാർത്ഥനയിൽ സംബന്ധിക്കുന്ന വിശ്വാസികൾ! ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ ഞായറാഴ്ച (20/09/20) മദ്ധ്യാഹ്നത്തിൽ നയിച്ച ത്രികാലപ്രാർത്ഥനയിൽ സംബന്ധിക്കുന്ന വിശ്വാസികൾ! 

ദൈവത്തിൻറെ വിസ്മയകരമായ പ്രവർത്തന ശൈലി!

ലോകമാകുന്ന തൻറെ വയലിൽ, സഭയാകുന്ന തൻറെ മുന്തിരിത്തോപ്പിൽ തനിക്കുവേണ്ടി ജോലി ചെയ്യാൻ ദൈവം വിളിക്കുന്നതിൻറെ ആനന്ദവും വിസ്മയവും അനുദിനം അനുഭവിച്ചറിയാനും അവിടത്തെ സ്നേഹവും യേശുവിൻറെ സൗഹൃദവും ഏക പ്രതിഫലമായി ലഭിക്കാനും ഏറ്റം പരിശുദ്ധയായ മറിയം നമ്മെ സഹായിക്കട്ടെ-ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം

ജോയി കരവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിന് അഭിമുഖമായുള്ള തൻറെ പഠനമുറിയുടെ ജാലകത്തിങ്കൽ നിന്നു കൊണ്ട് ഈ ഞായറാഴ്ചയും (20/09/20) മദ്ധ്യാഹ്ന പ്രാർത്ഥന നിയിച്ചു.
സാധ്യമായ വിധത്തിൽ ആരോഗ്യ സുരക്ഷാ അകലം പാലിച്ചുകൊണ്ടാണ് വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ നിലയുറപ്പിച്ചിരുന്നത്. ഉച്ചയ്ക്ക്, റോമിലെ സമയം, 12 മണിയോടെ, പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശ്വാസികളുടെ ആനന്ദാരവങ്ങൾ ഉയർന്നു.

ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനം ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ഞായറാഴ്ച (20/09/20) ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട, മത്തായിയുടെ സുവിശേഷം 20,01-16 വരെയുള്ള വാക്യങ്ങൾ, അതായത്, തൻറെ മുന്തിരിത്തോപ്പിൽ പല സമയങ്ങളിലായി ജോലിക്കിറങ്ങിയ എല്ലാവർക്കും അവസാനം ഒരേ വേതനം നല്കുന്ന യജമാനനെതിരെ, കൂടുതൽ സമയം ജോലി ചെയ്തവർ പിറുപിറുക്കുന്നതും, തൻറെ വസ്തുവകകൾ കൊണ്ട് തനിക്കിഷ്ടമുള്ളത് ചെയ്യാമെന്നും, മുമ്പന്മാർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകുമെന്നും യജമാനൻ പ്രതികരിക്കുന്നതുമായ സംഭവം അവലംബമാക്കി ആയിരുന്നു.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!
ഇന്നത്തെ സുവിശേഷഭാഗം (മത്തായി 20,1-16) അവതരിപ്പിക്കുന്നത് മുന്തിരിത്തോട്ടത്തിൻറെ ഉടമ ഒരു ദിവസത്തെ ജോലിക്കായി വിളിച്ച തൊഴിലാളികളെക്കുറിച്ചുള്ള ഉപമയാണ്. ഈ സംഭവാഖ്യാനത്തിലൂടെ യേശു നമുക്കു കാണിച്ചു തരുന്നത് ദൈവത്തിൻറെ വിസ്മയകരമായ പ്രവർത്തന ശൈലിയാണ്. മുന്തിരിത്തോപ്പിൻറെ ഉടമയുടെ രണ്ടു മനോഭാവങ്ങൾ, അതായത് വിളിയും വേതനവും, ഈ പ്രവർത്തന രീതിയെ പ്രതിനിധാനം ചെയ്യുന്നു.


മുന്തിരിത്തോപ്പിൻറെ ഉടമയുടെ രണ്ടു മനോഭാവങ്ങൾ

ഇതിൽ സർവ്വപ്രധാനമായത് വിളിയാണ്. മുന്തിരിത്തോപ്പിൻറെ ഉടമ അഞ്ചു പ്രാവശ്യം, അതായത്, 6 മണിക്കും, 9 മണിക്കും, 12 മണിക്കും, ഉച്ചതിരിഞ്ഞ് 3 മണിക്കും, 5 മണിക്കും, ചത്വരത്തിലേക്കിറങ്ങുകയും തനിക്കുവേണ്ടി ജോലി ചെയ്യാൻ വേലക്കാരെ വിളിക്കുകയും ചെയ്യുന്നു. തൻറെ മുന്തിരത്തോട്ടത്തിൽ പണിയെടുക്കുന്നതിന് തൊഴിലാളികളെ തേടി പലതവണ ചത്വരത്തിലേക്കിറങ്ങുന്ന ഉടമയുടെ ചിത്രം ഹൃദയസ്പർശിയാണ്. എല്ലാവരെയും എല്ലായ്പ്പോഴും, ഏതു സമയത്തും വിളിക്കുന്ന ദൈവത്തെയാണ് ഈ യജമാനൻ പ്രതിനിധാനം ചെയ്യുന്നത്.

 

ദൈവത്തിൻറെ പ്രവർത്തന രീതി

ദൈവം ഇന്നും അപ്രകാരം പ്രവർത്തിക്കുന്നു: ആരെയും ഏതു സമയത്തും വിളിക്കുന്നത്, തൻറെ രാജ്യത്തിൽ ജോലിചെയ്യാൻ ക്ഷണിക്കുന്നത് ദൈവം തുടരുന്നു. ഇതാണ് ദൈവത്തിൻറെ ശൈലി. അത് സ്വീകരിക്കാനും അനുകരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. അവിടന്ന് സ്വന്തം ലോകത്തിൽ അടച്ചുപൂട്ടി ഇരിക്കുകയല്ല, മറിച്ച്, “പുറത്തേക്കിറങ്ങുന്നു”. ദൈവം നമ്മെ അന്വേഷിച്ച്, സദാ പുറത്തേക്കു പോകുന്നു. അവിടന്നു ഉള്ളിൽത്തന്നെ ഇരിക്കുകയല്ല. ദൈവം പുറത്തിറങ്ങുന്നു. അവിടന്ന് ആളുകളെ അന്വേഷിച്ച് നിരന്തരം പുറപ്പെടുന്നു. എന്തെന്നാൽ ആരും തൻറെ സ്നേഹ പദ്ധതിക്ക് പുറത്താകരുതെന്ന് അവടന്ന് അഭിലഷിക്കുന്നു.

അതിരുകൾ താണ്ടണം .... പുറത്തേക്കിറങ്ങണം
ഉണ്ടാകാവുന്ന നാനാവിധത്തിലുള്ള അതിരുകൾക്കുള്ളിൽ നിന്നു പുറത്തേക്കിറങ്ങാനും യേശു കൊണ്ടുവന്ന രക്ഷയുടെ വചനം സകലർക്കുമേകാനും നമ്മുടെ സമൂഹങ്ങളും വിളിക്കപ്പെട്ടിരിക്കുന്നു. അസ്തിത്വപരമായ പ്രാന്തങ്ങളിൽ കഴിയുന്നവരോ, ക്രിസ്തുവുമായുള്ള സമാഗമത്തിൻറെ ശക്തിയും വെളിച്ചവും ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്തവരോ, അവ നഷ്ടപ്പെട്ടവരോ ആയവർക്ക് പ്രത്യാശ പ്രദാനം ചെയ്യുന്ന ചക്രവാളത്തിലേക്ക് സ്വയം തുറുന്നിടുക എന്നതാണ് ഇതിനർത്ഥം. സഭ ദൈവത്തെപ്പോലെയാകണം. സദാ പുറത്തേക്കിറങ്ങണം. സഭ പുറത്തേക്കിറങ്ങാത്ത പക്ഷം സഭയിൽ നമുക്കുള്ള നിരവധിയായ തിന്മകളാൽ അവൾ രോഗഗ്രസ്തമാകും. എന്തുകൊണ്ടാണ് സഭയിൽ ഈ തിന്മകൾ ഉള്ളത്? അത് അവൾ പുറത്തേക്കിറങ്ങാത്തതുകൊണ്ടാണ്. ഒരാൾ പുറത്തേക്കിറങ്ങുമ്പോൾ അപകട സാധ്യത ഉണ്ട് എന്നത് ശരിതന്നെ. പുറത്തേക്കിറങ്ങുന്നതിനാലും സുവിശേഷം പ്രഘോഷിക്കുന്നതിനാലും അപകടത്തിൽപ്പെടുന്ന സഭയാണ് സ്വയം അടച്ചിട്ട് രോഗിയായിത്തീർന്ന സഭയെക്കാൾ നല്ലത്. ദൈവം സദാ പുറത്തുപോകുന്നു, എന്തെന്നാൽ അവിടന്ന് പിതാവാണ്, അവിടന്ന് സ്നേഹിക്കുന്നു. ഇതു തന്നെയാണ് സഭയും ചെയ്യേണ്ടത്, എല്ലായ്പോഴും പുറത്തേക്കിറങ്ങുക.

ദൈവത്തിൻറെ പ്രതിഫലം


ദൈവത്തിൻറെ മനോഭാവത്തെ പ്രതിനിധാനം ചെയ്യുന്ന യജമാനൻറെ രണ്ടാമത്തെ മനോഭാവം തൊഴിലാളികൾക്ക് പ്രതിഫലം നല്കുന്ന രീതിയാണ്. ദൈവം എങ്ങനെയാണ് കൂലി നല്കുന്നത്? ഒരു ദനാറ വീതം നല്കാമെന്നായിരുന്നു യജമാനൻ രാവിലെ ജോലിക്കെടുത്തിരുന്നവരോടു സമ്മതിച്ചിരുന്നത്. “ന്യായമായ വേതനം നല്കാം” എന്നാണ് പിന്നീട് ജോലിക്കെടുത്തവരോട് യജമാനൻ പറയുന്നത്. ദിനാന്ത്യത്തിൽ എല്ലാവർക്കും ഒരേ കൂലി, അതായത്, ഒരു ദനാറ വീതം നല്കാൻ മുന്തിരത്തോട്ടത്തിൻറെ ഉടമ കല്പിക്കുന്നു. രാവിലെ മുതൽ ജോലി ചെയതവർക്ക് ഇതിൽ അമർഷമുണ്ടായി, അവർ യജമാനനെതിരെ പിറുപിറുത്തു. എന്നാൽ, അവസാനം വന്നവരുൾപ്പെടെയുള്ള എല്ലാവർക്കും ഏറ്റവും ഉയർന്ന വേതനം തന്നെ നല്കുന്നതിൽ യജമാനൻ ഉറച്ചു നിന്നു. ദൈവം പരമാവധി വേതനം നല്കുന്നു. അവിടന്ന് പകുതിയിൽ നറുത്തുന്നില്ല, മുഴുവനും നല്കുന്നു. ഇവിടെ യേശു പറയുന്നത് തൊഴിലിനെയും ന്യായമായ കൂലിയെയും കുറിച്ചല്ല, അത് മറ്റൊരു പ്രശ്നമാണ്. ഇവിടെ അവിടന്ന് പരാമർശിക്കുന്നത് ദൈവരാജ്യത്തെക്കുറിച്ചും നിരന്തരം വിളിക്കുകയും സകലർക്കും പരമാവധി പ്രതിഫലം നല്കുകയും ചെയ്യുന്ന സ്വർഗ്ഗീയ പിതാവിൻറെ നന്മയെ കുറിച്ചാണ്.

ദൈവത്തിൻറെ മാനദണ്ഡം മാനവയുക്തിക്കതീതം


വാസ്തവത്തിൽ ദൈവത്തിൻറെ പെരുമാറ്റരീതി ഇങ്ങനെയാണ്: സമയമോ ഫലമോ അല്ല, മറിച്ച് സന്നദ്ധതയാണ് അവിടന്ന് നോക്കുന്നത്. തനിക്ക് സേവനം ചെയ്യുന്നതിലുള്ള ഉദാരതയാണ് അവിടന്ന് നോക്കുന്നത്. അവിടത്തെ പ്രവർത്തനം നീതിയെ ഉല്ലംഘിച്ചു നില്ക്കുകയും കൃപയിൽ ആവിഷ്കൃതമാകുകയും ചെയ്യുന്നു എന്ന അർത്ഥത്തിൽ അത് നീതിയ്ക്ക് അപ്പുറമാണ്. സകലവും കൃപയാണ്. നമ്മുടെ രക്ഷ അനുഗ്രഹമാണ്. നമ്മുടെ വിശുദ്ധി അനുഗ്രഹമാണ്. നമുക്കു കൃപ പ്രദാനം ചെയ്യുന്നതിലൂടെ അവിടന്ന് നാം അർഹിക്കുന്നതിനെക്കാൾ കൂടുതൽ നമുക്കേകുന്നു. അതുകൊണ്ട് മാനുഷിക യുക്തിക്കനുസൃതം ചിന്തിക്കുന്നവൻ, അതായത്, സ്വപ്രയത്നം കൊണ്ട് നേടിയ യോഗ്യതകളുടെ അടിസ്ഥാനത്തിൽ ചിന്തിക്കുന്നവൻ മുന്നിൽ നിന്ന് പിന്നിലേക്കു പോകും. “ എന്നാൽ, ഞാൻ ഏറെ അദ്ധ്വാനിച്ചുവല്ലൊ, സഭയിൽ ഒത്തിരിക്കാര്യങ്ങൾ ചെയ്തുവല്ലൊ, ഞാൻ വളരെയധികം സഹായം ചെയ്തുവല്ലൊ, എന്നിട്ടും ഒടുവിൽ വന്നവനുള്ള പ്രതിഫലം തന്നെയാണല്ലൊ എനിക്കും നല്കുന്നത്”. സഭയിൽ ഏറ്റവും ആദ്യത്തെ വിശുദ്ധൻ ആരാണെന്ന് ഓർക്കുന്നത് നല്ലതാണ്, അത് നല്ല കള്ളനാണ്. അവൻ സ്വജീവിതത്തിൻറെ അന്ത്യത്തിൽ സ്വർഗ്ഗരാജ്യവും “മോഷ്ടിച്ചു”. ഇതാണ് കൃപ, ദൈവം അങ്ങനെയാണ്. നമ്മുടെ എല്ലാവരുടെയും കാര്യത്തിലും അവിടന്ന് അപ്രകാരം തന്നെയാണ്. എന്നാൽ സ്വന്തം യോഗ്യതകളെക്കുറിച്ച് ചിന്തിക്കുന്നവൻ തോറ്റു പോകുന്നു; പിതാവിൻറെ കാരുണ്യത്തിന് സ്വയം തന്നെത്തന്നെ താഴ്മയോടെ സമർപ്പിക്കുന്നവൻ, നല്ല കള്ളനെ പോലെ, പിന്നിൽ നിന്ന് മുന്നിലെത്തും.

പരിശുദ്ധ മറിയം നമ്മെ സഹായിക്കട്ടെ!


ലോകമാകുന്ന തൻറെ വയലിൽ, സഭയാകുന്ന തൻറെ മുന്തിരിത്തോപ്പിൽ തനിക്കുവേണ്ടി ജോലി ചെയ്യാൻ ദൈവം വിളിക്കുന്നതിൻറെ ആനന്ദവും വിസ്മയവും അനുദിനം അനുഭവിച്ചറിയാനും അവിടത്തെ സ്നേഹവും യേശുവിൻറെ സൗഹൃദവും ഏക പ്രതിഫലമായി ലഭിക്കാനും ഏറ്റം പരിശുദ്ധയായ മറിയം നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെതുടർന്ന് പാപ്പാ “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മരിയൻ പ്രാർത്ഥന നയിക്കുകയും. പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദം നല്കുകയും ചെയ്തു.


അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സ്

ആശീർവ്വാദാനന്തരം പാപ്പാ, ഹങ്കറിയുടെ തലസ്ഥാനമായ ബുദ്ധാപെസ്റ്റിൽ ഇക്കഴിഞ്ഞ ദിനങ്ങളിൽ നടക്കാനിരുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സ് കോവിദ് 19 മഹാമാരി ദുരന്തം മൂലം 2021 സെപ്റ്റമ്പർ 5-12 വരെ തീയതികളിലേക്ക് മാറ്റി വച്ചതിനെക്കുറിച്ച് പരാമർശിച്ചു.
ദിവ്യകാരുണ്യം സഭയുടെ ജീവിതത്തിൻറെയും ദൗത്യത്തിൻറെയും ഉറവിടമായി കണ്ടുകൊണ്ട് ഈ കോൺഗ്രസ്സിനായുള്ള ഒരുക്കത്തിൽ ആദ്ധ്യാത്മിക ഐക്യത്തിൽ മുന്നേറ്റം തുടരാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.


സമാപനാഭിവാദ്യം

ത്രികാല പ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന എല്ലാ വിഭാഗക്കാരെയും അഭിവാദ്യം ചെയ്തു. എല്ലാവർക്കും നല്ലൊരും ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന് എല്ലാവരെയും അനുസ്മരിപ്പിക്കുകയും ചെയ്ത പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 September 2020, 13:22