Pope Francis at the window of the Apostolic Palace for Angelus prayer 30-08-2020 Pope Francis at the window of the Apostolic Palace for Angelus prayer 30-08-2020 

ഇനിയും മനസ്സിലാകാത്ത ക്രിസ്തുവിന്‍റെ പരിത്യാഗത്തിന്‍റെ ഭാഷ

ആഗസ്റ്റ് 30-ന്, ഞായറാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നയിച്ച ത്രികാലപ്രാര്‍ത്ഥനാ പരിപാടിയുടെ റിപ്പോര്‍ട്ട് - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ത്രികാലപ്രാര്‍ത്ഥനാ സന്ദേശം


1. ത്രികാലപ്രാര്‍ത്ഥന പരിപാടി 
യൂറോപ്പിലെ വേനലിന്‍റെ ആധിക്യം കുറഞ്ഞതുകൊണ്ടാണോ, ആവോ... പതിവിലും അധികം ജനങ്ങളാണ് വത്തിക്കാനില്‍ പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. കൊറോണവൈറസ് ബാധയുടെ ആശങ്കയുണ്ടെങ്കിലും ജനങ്ങള്‍ “മാസ്ക്കു”ധരിച്ചും, സാമൂഹിക അകലം പാലിച്ചും പാപ്പാ ഫ്രാന്‍സിസിന്‍റെ വരവും കാത്ത് വിശുദ്ധ പത്രോസിന്‍റ ചത്വരത്തില്‍ ആയിരങ്ങള്‍ നിന്നിരുന്നു. പ്രാദേശിക സമയം മദ്ധ്യാഹ്നം കൃത്യം 12 മണി, അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയിലെ ജാലകത്തില്‍ പാപ്പാ ആഗതനായി. മന്ദസ്മിതത്തോടെ, എല്ലാവരെയും കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തു. എന്നിട്ട് പ്രഭാഷണം ആരംഭിച്ചു.

2. മനസ്സിലാക്കപ്പെടാതെ പോയ
പരിത്യാഗത്തിന്‍റെ ഭാഷ

പ്രിയ സഹോദരങ്ങളേ... എന്ന അഭിസംബോധനയെ തുടര്‍ന്ന്, ഇന്നത്തെ സുവിശേഷം കഴിഞ്ഞ ആഴ്ചത്തേതുമായി ബന്ധപ്പെട്ടതാണെന്നു പറഞ്ഞുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണത്തിന് തുടക്കമിട്ടത് (മത്തായി 16, 21-27, 13-20). യേശു ദൈവപുത്രനാണെന്നു, പത്രോശ്ലീഹാ മറ്റു ശിഷ്യന്മാരുടെ പേരില്‍ നടത്തിയ വിശ്വാസപ്രഖ്യാപനത്തിനുശേഷം, തനിക്കു സംഭവിക്കുവാനിരിക്കുന്ന പീഡകളെക്കുറിച്ച് ക്രിസ്തു ശിഷ്യന്മാര്‍ക്ക് മെല്ലെ വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു. ജരൂസലേമിലേയ്ക്കുള്ള യാത്രാമദ്ധ്യേ അവിടുന്ന് തന്‍റെ ശിഷ്യന്മാരോട് തുറന്നു സംസാരിക്കുകയാണ്, അവസാനം തനിക്ക് എന്താണ് അവിടെ വിശുദ്ധ നഗരത്തില്‍ സംഭവിക്കുവാന്‍ പോകുന്നതെന്നും അവിടുന്നു അവരെ അറിയിക്കുന്നു : തന്‍റെ മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും, താഴ്മയുടെയും മഹത്വീകരണത്തിന്‍റെയും രഹസ്യങ്ങള്‍ അവിടുന്ന് പ്രവചിക്കുകയും, അവര്‍ക്കായി വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

ദേവാലയശ്രേഷ്ഠന്മാരുടെയും പ്രധാനപുരോഹിതന്മാരുടെയും, നിയമജ്ഞരുടെയും കൈകളില്‍ അവിടുന്ന് ഏറെ പീഡനങ്ങള്‍ സഹിക്കേണ്ടിവരുമെന്നും, അവസാനം കൊല്ലപ്പെടുമെന്നും, എന്നാല്‍ മൂന്നാംനാള്‍ താന്‍ ഉയിര്‍ത്തെഴുന്നേല്ക്കുമെന്നും അവിടുന്നു അവരെ അറിയിച്ചു. എന്നാല്‍ ശിഷ്യന്മാര്‍ അവിടുത്തെ വാക്കുകള്‍ ഉള്‍ക്കൊണ്ടില്ല. കാരണം അവരുടെ വിശ്വാസം ഇനിയും അപക്വമായിരുന്നു. അവര്‍ യേശുവിലും അവിടുത്തോടൊപ്പം ഒരു ഭൗമിക വിജയുവമാണ് പ്രതീക്ഷിച്ചിരുന്നത്. അതിനാല്‍ കുരിശിന്‍റെയും പരിത്യാഗത്തിന്‍റെയും ഭാഷ അവര്‍ക്ക് ഒട്ടും മനസ്സിലാകാതെ പോയി.

3. കുരിശുകളില്‍നിന്ന് ഒളിച്ചോടരുത്!
യേശു ജരൂസലേമില്‍ നിന്ദിതനാകും, പീഡിപ്പിക്കപ്പെടും, അവിടുന്നു കുരിശില്‍ മരിക്കും എന്നു കേട്ട്, പത്രോസ് അവിടുത്തോട് തടസ്സം പറയാന്‍ തുടങ്ങി. ദൈവം കനിഞ്ഞ്, ഇത് അവിടുത്തേയ്ക്കു സംഭവിക്കാതിരിക്കട്ടെയാന്നായിരുന്നു അയാളുടെ പ്രാര്‍ത്ഥന (22). പത്രോസിന് യേശുവില്‍ വിശ്വാസമുണ്ട്. അവിടുത്തെ അനുഗമിക്കാന്‍ ആഗ്രഹവുമുണ്ട്. എന്നാന്‍ അവിടുത്തെ മഹത്വത്തിന് മങ്ങലേല്ക്കരുതെന്നും അയാള്‍ ആഗ്രഹിച്ചു. അവിടുന്ന് പീഡനങ്ങള്‍ സഹിക്കേണ്ടിവരുമെന്നത് അയാള്‍ക്ക് ഒട്ടും സ്വീകാര്യാമായിരുന്നില്ല. പത്രോസിനും മറ്റു ശിഷ്യന്മാര്‍ക്കും എന്നപോലെ നമുക്കും കുരിശ് അത്ര സുഖകരമല്ലാത്ത കാര്യമാണ്. ശിഷ്യന്മാര്‍ക്ക് കുരിശുമരണം ഒരു ഉതപ്പായിരുന്നു. കാരണം അത് പിതൃഹിതത്തിന് എതിരായ നീക്കവുമാണെന്ന് അവര്‍ വിചാരിച്ചു. അത് മനുഷ്യരക്ഷ്യ്ക്കായി പിതാവ് അവിടുത്തെ ഭരമേല്പിച്ച ദൗത്യത്തില്‍നിന്നുള്ള ഒളിച്ചോട്ടവുമായിരിക്കുമെന്നും അവര്‍ ധരിച്ചു.
ഇതുകൊണ്ടാണ് ക്രിസ്തു പത്രോസിനെ ശകാരിച്ചതും, സാത്താനേ.. എന്നു വിളിച്ചതും. തന്‍റെ മുന്നില്‍നിന്നും പോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാര്‍ക്കശ്യത്തോടെയും ശകാരിച്ചു.

ഇന്നത്തെ സമൂഹവും ഇക്കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. കാരണം ഇത് ആര്‍ക്കും സംഭവ്യമാണെന്ന് പാപ്പാ പ്രസ്താവിച്ചു. ഭക്തിയുടെയും തീക്ഷ്ണതയുടെയും സന്മനസ്സും, അയല്‍ക്കാരോട് അടുപ്പവും സ്നേഹവുമൊക്കെയുള്ളപ്പോള്‍ നാം യേശുവിനെ നോക്കി മുന്നോട്ടു നീങ്ങും, എന്നാല്‍ ജീവിതത്തില്‍ കുരിശുകള്‍ ഉണ്ടാകുമ്പോള്‍ നാം ഒളിച്ചോടുന്നു. യേശു പത്രോസിനോടു പറഞ്ഞതുപോലെ, സാത്താന്‍ നമ്മെ പരീക്ഷിക്കുന്ന സമയമായിരിക്കുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ക്രിസ്തുവിന്‍റെ കുരിശില്‍നിന്നും, ജീവിതക്കുരിശുകളി‍ല്‍നിന്നും ഒളിച്ചോടാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് പിശാചാണ്, തിന്മയുടെ പ്രേരണയാണെന്ന് പാപ്പാ വ്യാഖ്യാനിച്ചു.

4. ക്രിസ്ത്വാനുകരണം – കുരിശിന്‍റെവഴി
ശിഷ്യന്മാര്‍ എല്ലാവരോടുമായി ഈശോ ഇങ്ങനെയാണ് തുടര്‍ന്നു പ്രസ്താവിച്ചത്. ആരെങ്കിലും തന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ തന്നെത്തന്നെ പരിത്യജിച്ച്, കുരിശുമെടുത്ത്, തന്നെ അനുഗമിക്കട്ടെ, എന്നായിരുന്നു (24).  ക്രിസ്തു ചൂണ്ടിക്കാണിക്കുന്ന യഥാര്‍ത്ഥ ശിഷ്യത്വവും അതിന്‍റെ രണ്ടു ക്രിയാത്മകമായ മനോഭാവങ്ങളും പാപ്പാ തുടര്‍ന്നും വിശദീകരിച്ചു. ആദ്യത്തേത് ഉപരിപ്ലവമല്ലാത്ത സ്വപരിത്യാഗത്തിന്‍റേതാണ്. രണ്ടാമത്തേത്, കുരിശുകള്‍ ഏറ്റെടുക്കുന്നതും ക്ഷമയോടെ സഹിക്കാവുന്നതുമാണ്. അത് ജീവിതക്ലേശങ്ങള്‍ ക്ഷമോടെ ഏറ്റെടുക്കുന്നതു മാത്രമല്ല, സഹനത്തിന്‍റെ ഭാഗമായി വിശ്വാസത്തോടും ഉത്തരവാദിത്വത്തോടുംകൂടെ തിന്മയ്ക്കെതിരെ പോരാടുന്നതുമാണെന്ന് പാപ്പാ വ്യാഖ്യാനിച്ചു. അതിനാല്‍ ക്രൈസ്തവ ജീവിതം എന്നും തിന്മയ്ക്കെതിരായ ഒരു പോരാട്ടമാണ്. വിശുദ്ധഗ്രന്ഥം  പരാമര്‍ശിക്കുന്നതുപോലെ വിശ്വാസിയുടെ ജീവിതം ഒരു ആത്മീയ വെല്ലുവിളിയും മുന്നേറ്റവുമാണ്.

5. കുരിശ് അലങ്കാര വസ്തുവല്ല
അപ്പോള്‍ കുരിശ്ശു വഹിക്കുവാനുള്ള ആരുടെയും സന്നദ്ധത ലോകരക്ഷയ്ക്കായുള്ള ക്രിസ്തുവിന്‍റെ സമര്‍പ്പണത്തിലെ പങ്കാളിത്തമായി മാറുന്നു. തുടര്‍ന്നു സാധാരണ ജീവിതചുറ്റുപാടുകളെ പാപ്പാ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. സാധാരണ വീടുകളുടെ ഭിത്തിയില്‍ ക്രൂശിതരൂപം തൂക്കിയിടാറുണ്ട്. പലരും കഴുത്തിലും അണിയാറുണ്ട്. അത് നമ്മുടെ സഹോദരങ്ങളെ, വിശിഷ്യ പാവങ്ങളും എളിവയവരുമായവരെ സ്നേഹത്തോടെ ശുശ്രൂഷിക്കുവാനുള്ള സന്നദ്ധതയും, ക്രിസ്തുവിന്‍റെ ത്യാഗസമര്‍പ്പണത്തിന്‍റെ പ്രചോദനമായ അടയാളവുമാണെന്ന് പാപ്പാ വ്യാഖ്യാനിച്ചു. അതിനാല്‍ കുരിശ് എപ്പോഴും ദൈവസ്നേഹത്തിന്‍റെ പവിത്രമായൊരു അടയാളമാണ്. ഒപ്പം അത് യേശു ചെയ്ത പരമത്യാഗത്തിന്‍റെ, നമുക്കെന്നും പ്രചോദനമേകേണ്ട പ്രതീകവുമാണെന്ന് പാപ്പാ വ്യക്തമാക്കി. കുരിശിനെ വെറും കപടഭക്തിയുടെ അടയാളമോ, പ്രകടനമോ, അലങ്കാരമോ, ആഭരണമോ മാത്രമാക്കി തരംതാഴ്ത്തരുതെന്നും പാപ്പാ ആഹ്വാനംചെയ്തു.

കുരിശിനെ ഓരോ പ്രാവശ്യവും നാം നോക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ദൈവപുത്രനും സഹനദാസനുമായ ക്രിസ്തു എപ്രകാരം തന്‍റെ ദൗത്യം ഭൂമിയില്‍ നിര്‍വ്വഹിച്ചുകൊണ്ട്, മനുഷ്യകുലത്തിന്‍റെ പാപപരിഹാരത്തിനായി രക്തം ചിന്തി, ജീവന്‍ സമര്‍പ്പിച്ചുവെന്നാണ് ധ്യാനിക്കേണ്ടതെന്ന് പാപ്പാ വിശദീകരിച്ചു. അതിനാല്‍ ജീവിതക്കുരിശുകളെ തള്ളിക്കളയുന്ന തിന്മയുടെ പ്രലോഭനത്തിനു കീഴ്പ്പെടാതിരിക്കുവാന്‍ പരിശ്രമിക്കണെന്നും, അതുവഴി എന്നും അവിടുത്തെ വിസ്വസ്തരായ ശിഷ്യന്മാരിയിരിക്കുന്നതിന് സഹോദരങ്ങള്‍ക്കായും ദൈവത്തിനായും കലവറയില്ലാതെ ജീവന്‍ സമര്‍പ്പിക്കുന്നതില്‍ ക്രിസ്തുവിനെ അനുഗമിക്കുന്നതിന് തയ്യാറാവണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

6. ഉപസംഹാരം
തന്‍റെ തിരുക്കുമാരന്‍റെ സഹനത്തോട് കാല്‍വരിയിലെ കുരിശിന്‍  ചുവട്ടില്‍ ഐക്യപ്പെട്ടുനിന്ന കന്യകാനാഥ, സുവിശേഷ സാക്ഷ്യത്തിന്‍റെ വഴികളില്‍ ഉയരുന്ന അനുദിന ജീവിതക്കുരിശുകളില്‍നിന്നും ക്ലേശങ്ങളില്‍നിന്നും ഒളിച്ചോടാതിരിക്കുവാനും ജീവിതയാത്രയില്‍ മുന്നേറുവാനും ഏവരെയും തുണയ്ക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടുമാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

പ്രഭാഷണാന്തനന്തരം  പാപ്പാ ഫ്രാന്‍സിസ്  ജനങ്ങള്‍ക്കൊപ്പം  ത്രികാലപ്രാര്‍ത്ഥന ചൊല്ലി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 August 2020, 13:33