2020.07.08 Santa Messa celebrata da Papa Francesco nell'anniversario della sua visita a Lampedusa nel 2013 2020.07.08 Santa Messa celebrata da Papa Francesco nell'anniversario della sua visita a Lampedusa nel 2013 

എളിയവരില്‍ ദൈവിക മുഖകാന്തി ദര്‍ശിക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ്

ജൂലൈ 8-Ɔο തിയതി പേപ്പല്‍ വസതിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിയിലെ വചനചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ലാമ്പദൂസ സന്ദര്‍ശനത്തിന്‍റെ വാര്‍ഷികം
ഇറ്റലിയുടെ തെക്കു പടിഞ്ഞാറന്‍ തീരത്തുള്ള ലാമ്പദൂസ ദ്വീപിലേയ്ക്ക് 2013-ല്‍ നടത്തിയ സന്ദര്‍ശനത്തിന്‍റെ 7-Ɔο വാര്‍ഷികനാളില്‍ ബുധനാഴ്ച പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടു നല്കിയ വചനചിന്തയിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ശക്തനായ ദൈവത്തില്‍ ആശ്രയിക്കുക അവിടുത്തെ മുഖകാന്തി അന്വേഷിക്കുക, എന്ന‍ സങ്കീര്‍ത്തനവചനം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ വചനചന്തകള്‍ ആരംഭിച്ചത് (സങ്കീ.104). ദൈവത്തിന്‍റെ മുഖകാന്തി തേടുകയും അവിടുത്തെ അന്വേഷിക്കുകയും ചെയ്യുന്നത് വിശ്വാസജീവിതത്തിന് അടിസ്ഥാനമാണെന്നും ദൈവത്തെ അന്വേഷിക്കുന്നവരുടെ ജീവിതം വഴിതെറ്റാതെ, വാഗ്ദത്തനാട്ടില്‍ ദൈവസന്നിധിയില്‍ എത്തിച്ചേരാന്‍ ഇടയാകുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

2. എളിയവരോടുള്ള നിസംഗതയും
ദൈവസ്നേഹത്തില്‍നിന്നുള്ള വഴിതെറ്റലും

വഴിതെറ്റി വിനാശത്തിന്‍റെ മരുഭൂമിയില്‍ അലഞ്ഞുതിരിഞ്ഞു നടന്ന ജനത്തിന്‍റെ കഥ ആദ്യവായനയില്‍ ഹോസിയ പ്രവാചന്‍ പറയുന്നതും പാപ്പാ ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ ജനത്തിന്‍റെ ഹൃദയം ദൈവത്തില്‍നിന്ന് അകന്ന് സമ്പല്‍സമൃദ്ധിയിലും ഭൗമികമായ മായമയങ്ങള്‍ക്കു പിറകെപോയതിനാലാണ് അവരുടെ ഹൃദയങ്ങള്‍ അനീതിയും കാപട്യവുംകൊണ്ടു നിറഞ്ഞതെന്ന് പാപ്പാ വ്യാഖ്യാനിച്ചു (ഹോസിയ 10, 1-3, 7-8, 12). സുഖലോലുപതയുടെ സംസ്ക്കാരം ദൈവജനത്തെ ഇന്നും ദൈവസ്നേഹത്തിന്‍റെ ജീവിതവഴികളില്‍നിന്ന് അകറ്റുകയും, സഹോദരങ്ങളോട് വിശിഷ്യാ എളിയവരോട് നിസംഗരായി ജീവിക്കുവാന്‍ ഇടയാക്കുന്നുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി. അപരന്‍റെ വേദനയും യാതനയും എന്‍റെ പ്രശ്നമല്ലെന്നും, താന്‍ സഹോദരന്‍റെ സൂക്ഷിപ്പുകാരനോ കാവല്‍ക്കാരനോ അല്ലെന്നുമുള്ള മനോഭാവത്തില്‍ ജീവിക്കുന്ന അപകടം ഇന്നു സാധാരണമാണെന്ന്, ലാംമ്പദൂസായില്‍ മുങ്ങിമരിക്കുന്ന ആയിരങ്ങളുടെയും, അനുദിനമെന്നോണം അഭയാര്‍ത്ഥികളായി വാതില്‍ക്കല്‍ മുട്ടുന്ന നിരാലംബരെയും, കൊറോണ രോഗബാധയാല്‍ വലയുന്ന ആയിരങ്ങളെയും ഓര്‍ത്തുകൊണ്ട് പാപ്പാ വിശദീകരിച്ചു.

3. ക്രിസ്തുവിനെ അറിഞ്ഞവരുടെ വിശ്വസ്തത
സനാതന സ്നേഹവും രക്ഷണീയ ശക്തിയുമായ ക്രിസ്തുവുമായി വ്യക്തിഗത കൂടിക്കാഴ്ച ആഗ്രഹിക്കുന്നവര്‍ ദൈവത്തിന്‍റെ മുഖകാന്തി അന്വേഷിക്കുവാന്‍ തയ്യാറാകുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അങ്ങനെ മനുഷ്യാവതാരംചെയ്ത ദൈവപുത്രനെ അടുത്തറിയുവാനും അവിടുത്തെ മുഖകാന്തി ദര്‍ശിക്കുവാനും ഭാഗ്യം ലഭിച്ചവരാണ് ക്രിസ്തുവിന്‍റെ വിളികേട്ട് അവിടുത്തെ അനുഗമിച്ച 12 അപ്പസ്തോലന്മാരെന്ന് സുവിശേഷഭാഗത്തെ ആധാരമാക്കി പാപ്പാ വ്യാഖ്യാനിച്ചു (മത്തായി 10, 1-7). അപ്പസ്തോലന്മാര്‍ക്കെല്ലാം ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച കൃപാവരത്തിന്‍റെയും രക്ഷാദാനത്തിന്‍റെയും സമയമായി മാറിയെന്നും, അതിനാല്‍ അവര്‍ ദൈവരാജ്യത്തിന്‍റെ വഴികളില്‍ വിശ്വസ്തതയോടെ ചരിച്ചുവെന്നും പാപ്പാ പ്രസ്താവിച്ചു. നവസഹസ്രാബ്ദത്തിലെ ശിഷ്യരായ സകലര്‍ക്കും ക്രിസ്തുമായുള്ള കൂടിക്കാഴ്ച സാദ്ധ്യമാകുവാന്‍ ചുറ്റുമുള്ള സഹോദരങ്ങളില്‍, വിശിഷ്യാ പാവങ്ങളും പരിത്യക്തരുമായവരില്‍ അവിടുത്തെ ദര്‍ശിക്കുവാനുള്ള മനസ്സുണ്ടാകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

4. ക്രിസ്തുവിലേയ്ക്കു നയിക്കുന്ന
സഹോദരങ്ങളുമായുള്ള കൂടിക്കാഴ്ച

സഹോദരനും സഹോദരിയുമായുള്ള കൂടിക്കാഴ്ച ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. നമ്മുടെ വാതില്‍ക്കല്‍ മുട്ടുന്ന വിശക്കുന്നവരോടും ദാഹിക്കുന്നവരോടും, രോഗികളോടും കാരാഗൃഹവാസികളോടും അനുകമ്പ കാണിക്കുകയും, അവരെ സഹായിക്കുകയും ചെയ്യുന്നവര്‍ ക്രിസ്തുവിനെ അവരില്‍ ദര്‍ശിക്കുവാന്‍ ഇടയാകുന്നെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. 

 “എന്‍റെ എളിയവര്‍ക്കായ് നിങ്ങള്‍ ചെയ്തതെല്ലാം എനിക്കുതന്നെയാണ് നിങ്ങള്‍ ചെയ്തത്...,” എന്ന വചനം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്. (മത്തായി 25, 40).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 July 2020, 13:08