സംഘർഷഭൂമിയായ ലിബിയയിൽ നിന്നുള്ള ഒരു ദൃശ്യം സംഘർഷഭൂമിയായ ലിബിയയിൽ നിന്നുള്ള ഒരു ദൃശ്യം 

ആഭ്യന്തര കലാപവേദിയായ ലിബിയയ്ക്ക് പാപ്പായുടെ പ്രാർത്ഥന!

അന്തസ്സാർന്ന ഒരു ജീവിതാവസ്ഥയും പ്രത്യാശാഭരിതമായ ഒരു ഭാവിയും ലിബിയയിലെ ജനങ്ങൾക്ക് വേണമെന്നും ഇക്കാര്യത്തിൽ നമുക്കെല്ലാവർക്കുമുള്ള ഉത്തരവാദിത്വത്തി ൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഭ്യന്തരകലാപത്താൽ ശിഥിലമായ ലിബിയയെ സമാധാനത്തിലേക്കും കെട്ടുറപ്പിലേക്കും ഐക്യത്തിലേക്കും നയിക്കുന്നതിനു വേണ്ടിയുള്ള മാർഗ്ഗങ്ങൾ ബോധ്യത്തോടും നിശ്ചയദാർഢ്യത്തോടും കൂടി വീണ്ടും ആരായുന്നതിന് അന്താരാഷ്ട്ര സംഘടനകളെയും രാഷ്ട്രീയ-സൈനികോത്തരവാദിത്വം പേറുന്നവരെയും മാർപ്പാപ്പാ ആഹ്വാനം ചെയ്യുന്നു.

ഞായറാഴ്ച (14/06/20) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഈ ആഹ്വാനം നല്കിയത്.

അന്നാട്ടിലെ നാടകീയാവസ്ഥകളെ താൻ ഭീതിയോടും വേദനയോടുംകൂടിയാണ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

ഇക്കഴിഞ്ഞ ദിനങ്ങളിലെന്നും പ്രാർത്ഥനകളിൽ താൻ ലിബിയയെക്കുറിച്ച് ഓർക്കുന്നുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയ പാപ്പാ ലിബിയയിലെ ആയിരക്കണക്കിനു വരുന്ന കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും രാജ്യത്തിനകത്ത് ചിതറിപ്പോയവർക്കും വേണ്ടി പ്രാർത്ഥിച്ചു.

അന്നാട്ടിലെ ആരോഗ്യമേഖലയിലെ  ഇപ്പോഴത്തെ അവസ്ഥ പൂർവ്വാധികം വഷളായിരിക്കയാണെന്നും അത് ജനങ്ങളെ ചൂഷണത്തിനും അക്രമത്തിനും കൂടുതൽ ഇരകളാക്കിത്തീർത്തുകൊണ്ട് ഉപരിവേധ്യരാക്കിയിരിക്കയാണെന്നും പാപ്പാ ആശങ്ക പ്രകടിപ്പിച്ചു.

അന്നാട്ടിൽ അരങ്ങേറുന്ന ക്രൂരതയെക്കുറിച്ചനുസ്മരിച്ച പാപ്പാ ആ ജനതയ്ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നതിന് ആവശ്യമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന്  ആത്മാർത്ഥമായി പരിശ്രമിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. 

അന്തസ്സാർന്ന ഒരു ജീവിതാവസ്ഥയും  പ്രത്യാശാഭരിതമായ ഒരു ഭാവിയും അവർക്ക് വേണമെന്ന്  പാപ്പാ പറഞ്ഞു.

ഇക്കാര്യത്തിൽ നമുക്കെല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നും ആർക്കും ഈ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഓർമ്മിപ്പിച്ച പാപ്പാ ലിബിയയക്കു വേണ്ടി മൗനമായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.

42 വർഷം ലിബിയയുടെ ഏകാധിപത്യ ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫിയെ നാറ്റൊ പിന്തുണയുള്ള സൈന്യം 2011-ൽ വധിച്ചതിനു ശേഷം അന്നാട് അരക്ഷിതാവസ്ഥയിലാണ്.

എണ്ണ ശേഖരസമ്പന്നമായ ലിബിയയിൽ 2014-ൽ  രൂപംകൊണ്ട രണ്ടുചേരികൾ ഭരണം പിടിക്കാനുള്ള ശ്രമം തുടങ്ങിയതോടെ അവിടെ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. 

അന്നാട്ടിൽ തുടരുന്ന കലാപം അവിടെ കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിനും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 June 2020, 09:32