2020.05.13 Messa Santa Marta 2020.05.13 Messa Santa Marta 

ക്രിസ്തുവിനോടു ചേര്‍ന്നുള്ള വാസമാണു ജീവിതം

മെയ് 13-Ɔο തിയതി ബുധനാഴ്ച ഫാത്തിമാനാഥയുടെ തിരുനാളില്‍ - സാന്താ മാര്‍ത്തയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച വചനചിന്തകള്‍ :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ദൈവവുമായുള്ള നിലയ്ക്കാത്ത പാരസ്പരികത
ഈശോ പറഞ്ഞ മുന്തിരിച്ചെടിയുടെ ഉപമയായിരുന്നു ഇന്നത്തെ സുവിശേഷഭാഗം. അവിടുന്ന് തന്നെത്തന്നെ മുന്തിരിച്ചെടിയോട് ഉപമിക്കുന്നത് പാപ്പാ വ്യാഖ്യാനിച്ചു.  ക്രിസ്തുവില്‍ വസിക്കുന്നത് നിഷ്ക്രിയവും നിസംഗവുമായ ഒരു സാന്നിദ്ധ്യമല്ല.   സജീവവും പാരസ്പരികതയുള്ളതുമായ വാസമാണതെന്ന് പാപ്പാ വിശദീകരിച്ചു. ദൈവം നമ്മോടൊത്തു വസിക്കുന്ന മാനോഹരമായ ദൈവിക രഹസ്യമാണ് മുന്തിരിവള്ളിയുടെ ഉപമ വ്യക്തമാക്കുന്നതെന്ന് പാപ്പാ  ഉദ്ബോധിപ്പിച്ചു.  ശാഖകള്‍ വസിക്കുന്നത് തായ്ച്ചെടിയിലാണ്. തായ്ച്ചെടിയില്‍നിന്ന് ആഗിരണംചെയ്യുന്ന ജീവസത്തയില്ലാതെ ശാഖകള്‍ വളരുകയോ തളിര്‍ക്കുകയോ, പൂവിട്ടു ഫലമണിയുകയോ ചെയ്യുന്നില്ല. അതുപോലെ തായ്ച്ചെടിയുടെ അസ്തിത്വം അര്‍ത്ഥവത്താകുന്നതും ശാഖകള്‍ പുഷ്പിച്ച് ഫലമണിയുമ്പോഴാണ്. അതുപോലെ ക്രിസ്തുവിലുള്ള വാസം മാനവകുലത്തിന്‍റെ ദൈവവുമായുള്ളൊരു നിലയ്ക്കാത്ത പാരസ്പരികതയും ഫലപ്രാപ്തിയും വെളിപ്പെടുത്തുന്നുണ്ടെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

2. ഫലദായകമാകേണ്ട ജീവിതങ്ങള്‍
ക്രിസ്തീയ ജീവിതം ഫലദായകമാകുന്നത് കല്പനകളും, അഷ്ടഭാഗ്യങ്ങളും ജീവിച്ചതുകൊണ്ടു മാത്രമല്ല,  മറിച്ച് പാരസ്പരികതയില്‍, അല്ലെങ്കില്‍ കൂട്ടായ്മയില്‍ ജീവിച്ചുകൊണ്ടാണ്. തായ്ച്ചെടിയാകുന്ന ക്രിസ്തുവിനോടു ചേര്‍ന്നുനില്ക്കാതെ നമുക്കൊന്നും ചെയ്യാനാവില്ല. അതുപോലെ, ഏറെ ഭവ്യതയോടെ പാപ്പാ പറഞ്ഞു, ഭൂമിയിലെ എളിയ മനുഷ്യരുടെ പ്രതികരണമില്ലാതെ യേശുവിനും ഈ ഭൂമിയില്‍ ഒന്നും പ്രാവര്‍ത്തികമാക്കാനോ യാഥാര്‍ത്ഥ്യമാക്കാനോ ആവില്ല. ഫലദായകമാകുന്ന ഒരു സൗഹൃദം അല്ലെങ്കില്‍ കൂട്ടുകെട്ട് ക്രൈസ്തവ ജീവിതത്തിന്‍റെ സത്തയാണെന്ന് പാപ്പാ സ്ഥാപിച്ചു.

3. ക്രിസ്തുവിലുള്ള വാസവും ജീവിതസാക്ഷ്യവും
മുന്തിരിച്ചെടി നാം വളര്‍ത്തുന്നത് പഴം ലഭിക്കുവാനാണ്. മനുഷ്യജീവിതത്തിന്‍റെ നന്മയുടെ സാക്ഷ്യമാണ് ജീവിതസാഫല്യമെന്ന് പാപ്പാ വിശദീകരിച്ചു. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ അവിടുത്തെ വചനത്തിന്‍റെയും സുവിശേഷത്തിന്‍റെയും സാക്ഷികളാവണം. ഇതാണ് ക്രിസ്തുവിലുള്ള വാസത്തിന്‍റെ ഭൗതികരഹസ്യം. നാം ക്രിസ്തുവില്‍ വസിക്കുമ്പോള്‍, അവിടുന്നു നമ്മിലും വസിക്കും. അങ്ങനെ ജീവിതങ്ങള്‍ ഫലമണിയും, മനുഷ്യര്‍ അങ്ങനെ അവിടുത്തെ സ്നേഹത്തിന്‍റെ സാക്ഷികളാകുമെന്ന് പാപ്പാ വിശദീകരിച്ചു.

4. സകലര്‍ക്കുമായുള്ള ദൈവികദാനം - രക്ഷ
രക്ഷ സകല മനുഷ്യര്‍ക്കും ദൈവം നല്കുന്ന ദാനമാണ്, അത് സൗജന്യമായി ലഭിക്കുന്നതുമാണ്. സഭയുടെ കൂട്ടായ്മയില്‍ ക്രിസ്തു കേന്ദ്രമായി വസിക്കുന്നതിനാല്‍, അവിടുന്നിലൂടെ വളരേണ്ട കൂട്ടായ്മ അവിടുത്തെ മൗതികശരീരത്തിന്‍റെ ഈ ലോകത്തെ വലിയ സാക്ഷ്യമായി പരിണമിക്കുന്നു. കൂട്ടായ്മയിലെ പരസ്പര ബന്ധമാണ് സഭാജീവിതത്തില്‍ അങ്ങനെ ദൃശ്യമാകുന്നത്. അതിന് അവാച്യമായൊരു ആത്മീയതയും ദൈവിക നിഗൂഢതയുമുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഈ കൂട്ടായ്മയും പാരസ്പരികതയും ആത്മജ്ഞാനികള്‍ക്കോ സന്ന്യാസികള്‍ക്കോ മാത്രമുള്ളതല്ല, അത് സകല മനുഷ്യര്‍ക്കുമുള്ളതാണ്. അതിനാല്‍ സകലര്‍ക്കും, എല്ലാ മനുഷ്യര്‍ക്കും ക്രിസ്തുവില്‍ വസിക്കുന്നതിന്‍റെ ആത്മജ്ഞാനം വെളിപ്പെട്ടു കിട്ടട്ടെയെന്നും പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത് (യോഹ. 15, 1-8).

5. ആത്മീയദിവ്യകാരുണ്യ സ്വീകരണവും ആശീര്‍വ്വാദവും
ദിവ്യകാരുണ്യശുശ്രൂഷയെ തുടര്‍ന്ന് പരിശുദ്ധ കുര്‍ബ്ബാന എഴുന്നള്ളിച്ചു വച്ചുകൊണ്ട്, മാധ്യമങ്ങളിലൂടെ ദിവ്യബലിയില്‍ പങ്കുചേര്‍ന്ന സകലര്‍ക്കും ആത്മീയമായ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനുള്ള പ്രാര്‍ത്ഥന പാപ്പാ ധ്യാനാത്മകമായി ചൊല്ലുകയുണ്ടായി. എതാനും നിമിഷത്തെ മൗനപ്രാര്‍ത്ഥനയ്ക്കുശേഷമാണ് ദിവ്യബലിയുടെ സമാപന പ്രാര്‍ത്ഥനചൊല്ലിക്കൊണ്ട്, പരിശുദ്ധകൂര്‍ബ്ബാനയുടെ ആശീര്‍വ്വാദം നില്കിയത്. ഫാത്തിമാനാഥയുടെ തിരുനാളാകയാല്‍,  കന്യാകാനാഥയുടെ തിരുസ്വരൂപത്തിന്‍റെ  മുന്നില്‍നിന്ന്  ഫാത്തിമാഗീതം ആലപിച്ചുകൊണ്ടാണ് പാപ്പാ ബലിവേദിവിട്ട് ഇറങ്ങിയത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 May 2020, 12:50