ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ, തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന് ആശീർവ്വാദം നല്കുന്നു, 03/05/2020 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ, തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന് ആശീർവ്വാദം നല്കുന്നു, 03/05/2020 

നന്മതിന്മകളുടെ സ്വരങ്ങൾ വേർതിരിച്ചറിയണം!

നല്ല ഇടയൻറെയും കള്ളൻറെയും സ്വരം നാം എങ്ങനെ വേർതിരിച്ചറിയും? ദൈവം നല്കുന്ന പ്രചോദനവും ദുഷ്ടാരൂപിയുടെ നിർദ്ദേശവും ഏതാണെന്ന് നാം എങ്ങനെ മനസ്സിലാക്കും? പാപ്പായുടെ ത്രികാലജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, തൻറെ സ്വകാര്യ പഠനമുറിയിലിരുന്നാണ് ഈ ഞായറാഴ്ചയും (04/05/20) മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചത്. കൊറോണ വൈറസിനും കോവിദ് 19 രോഗത്തിനുമെതിരായി ലോകമഖിലം ജനങ്ങൾ ശാരീരിക അകലം പാലിച്ചുകൊണ്ട് പോരാട്ടം തുടരുന്ന പശ്ചാത്തലത്തിൽ, വിശ്വാസികളുടെ ശാരീരികമായ അസാന്നിധ്യത്തിലാണ് പാപ്പാ ത്രികാലജപമുൾപ്പടെയുള്ള പരിപാടികൾ നയിക്കുന്നത്. എന്നാൽ പാപ്പായുടെ തിരുക്കർമ്മളിൽ വിശ്വാസികൾക്ക് ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുകൊള്ളുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നു.  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന പ്രാർത്ഥനയ്ക്കു പകരം ഉയിർപ്പുകാലത്തിൽ ചൊല്ലുന്ന “സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും” എന്ന പ്രാർത്ഥന നയിച്ച പാപ്പാ ജപത്തിന് ആമുഖമായി ഒരു സന്ദേശം നല്കി. ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ഈ ഞായറാഴ്ച (04/05/20)  ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, അതായത്,  നല്ലിടയനെക്കുറിച്ച് വിവരിച്ചിരിക്കുന്ന ആട്ടിൻകൂട്ടത്തിൻറെ ഉപമയടങ്ങിയ , യോഹന്നാൻറെ സുവിശേഷം 10,01-10 വരെയുള്ള വാക്യങ്ങൾ, ആയിരുന്നു പാപ്പായുടെ വിചിന്തത്തിനവലംബം.

പാപ്പാ  ഇറ്റാലിയൻ ഭാഷയിൽ നടത്തിയ  പ്രഭാഷണം ഇപ്രകാരം വിവർത്തനം ചെയ്യാം:

നല്ല ഇടയൻറെ ഞായർ

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഉയിർപ്പുതിരുന്നാൾക്കാലത്തിലെ നാലാമാത്തെ ഞായറാഴ്ചയായ ഇന്ന് നല്ല ഇടയന് സമർപ്പിതമാണ്. സുവിശേഷം പറയുന്നു: “ആടുകൾ അവൻറെ സ്വരം കേൾക്കുന്നു. അവൻ തൻറെ ആടുകളെ പേരുചൊല്ലി വിളിക്കുന്നു” (യോഹ.10,3). കർത്താവ് നമ്മെ പേരുചൊല്ലി വിളിക്കുന്നു. അവിടന്ന് നമ്മെ വിളിക്കുന്നു, കാരണം, അവിടന്നു നമ്മെ സ്നേഹിക്കുന്നു. എന്നാൽ നാം പിൻചെല്ലാൻ പാടില്ലാത്തതായ മറ്റു സ്വരങ്ങളും ഉണ്ടെന്ന് സുവിശേഷം പറയുന്നുണ്ട്, അതായത്, ആടുകളെ ദ്രോഹിക്കുന്ന അന്യരുടെയും കള്ളന്മാരുടെയും കൊള്ളക്കാരുടെയും സ്വരം.

ദൈവസ്വനവും ദുഷ്ടാരൂപിയുടെ സ്വരവും

ഈ ഭിന്ന ശബ്ദങ്ങൾ നമ്മുടെ ഉള്ളിൽ മുഴങ്ങുന്നു. നമ്മോടു മൃദുലമായി സംവദിക്കുന്ന ദൈവത്തിൻറെ സ്വരവും തിന്മയിലേക്കു നയിക്കുന്ന പ്രലോഭനരപരമായ സ്വരവും ഉണ്ട്. നല്ല ഇടയൻറെയും കള്ളൻറെയും സ്വരം ഏതാണെന്ന് നാം എങ്ങനെ തിരിച്ചറിയും? ദൈവം നല്കുന്ന പ്രചോദനവും ദുഷ്ടാരൂപിയുടെ നിർദ്ദേശവും ഏതാണെന്ന് നാം എങ്ങനെ മനസ്സിലാക്കും? ഈ രണ്ടു സ്വരങ്ങളും തമ്മിൽ വേർതിരിച്ചറിയുന്നത് എങ്ങനെയന്ന് പഠിക്കാൻ നമുക്ക് സാധിക്കും: വാസ്തവത്തിൽ രണ്ടു വ്യത്യസ്ത ഭാഷകളാണ് അവർ സംസാരിക്കുന്നത്. അവർ നമ്മുടെ ഹൃദയത്തിൽ മുട്ടുന്നതിന് അവലംബിക്കുന്നത് പരസ്പര വിരുദ്ധങ്ങളായ രീതിയാണ്. അവർ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു. ഭാഷകൾ തിരിച്ചറിയാൻ നമുക്കു സാധിക്കുന്നതു പോലെ തന്നെ ദൈവത്തിൻറെ സ്വരവും ദുഷ്ടാരൂപിയുടെ സ്വരവും ഏതെന്ന് വേർതിരിച്ചറിയാൻ നമുക്കു സാധിക്കും. ദൈവസ്വരം നമ്മെ ഒരിക്കലും നിർബന്ധിക്കില്ല. ദൈവം നിർദ്ദേശിക്കും എന്നാൽ അടിച്ചേൽപ്പിക്കില്ല. എന്നാൽ ദുഷ്ടസ്വരമാകട്ടെ വശീകരിക്കുകയും അതിക്രമിച്ചു കടക്കുകയും നിർബന്ധിക്കുകയും ചെയ്യുന്നു. കണ്ണഞ്ചിപ്പിക്കുന്ന വ്യാമോഹങ്ങളും, പ്രലോഭിപ്പിക്കുന്നതും ക്ഷണികങ്ങളുമായ വികാരങ്ങളും ഉണർത്തുകയും ചെയ്യുന്നു. ആദ്യം അത് നമ്മെ വശീകരിക്കുന്നു, നാം സർവ്വശക്തരാണെന്ന ഒരു തോന്നൽ നമ്മിലുളവാക്കുന്നു. എന്നാൽ പിന്നീട് അത് നമ്മിൽ അവശേഷിപ്പിക്കുക ശൂന്യതയാണ്. “നിനക്ക് ഒരു വിലയും ഇല്ലയെന്ന്  നമ്മെ കുറ്റപ്പെടുത്തുകയും ചെയ്യും. മറിച്ച്, ദൈവസ്വരമാകട്ടെ നമ്മെ അതിയായ ക്ഷമയോടെ തിരുത്തുകയും, ഒപ്പം,  പ്രചോദനം പകരുകയും സാന്ത്വനമേകുകയും ചെയ്യും. എന്നും പ്രത്യാശ വളർത്തുന്നു. ദൈവസ്വരത്തിന് ഒരു ചക്രവാളമുണ്ട്. എന്നാൽ തിന്മയുടെ  സ്വരമാകട്ടെ നമ്മെ എത്തിക്കുന്നത് ഒരു മതിലിനു മുന്നിലാണ്, ഒരു കോണിലാണ്. 

ഭൂത-ഭാവി കാലങ്ങളിൽ നമ്മെ തളച്ചിടുന്ന തിന്മയുടെ സ്വരം 

മറ്റൊരു വ്യത്യാസവുമുണ്ട്. ശത്രുവിൻറെ  സ്വരം ആഗ്രഹിക്കുന്നത്, നാം വർത്തമാനകാലത്തിൽ നിന്നകന്ന് ഭാവിയെക്കുറിച്ചുള്ള ഭയത്തിലൊ ഗതകാലത്തിലെ ദുഃഖത്തിലൊ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്. ശത്രു വർത്തമാന കാലം ഇഷ്ടപ്പെടുന്നില്ല. കയ്പുനിറഞ്ഞ അനുഭവങ്ങളെയും, തെററുകളുടെയും നമ്മെ ദ്രോഹിച്ചവരുടെയും സ്മരണകളെയും, മോശമായ നിരവധി ഓർമ്മളെ, മനസ്സിൽ പച്ചപിടിപ്പിച്ചു നിറുത്താൻ ശ്രമിക്കുന്നു.

ദൈവസ്വനം വർത്തമാനകാലത്തിലൂന്നുന്നു

 

ദൈവത്തിൻറെ സ്വരം വർത്തമാന കാലത്തെക്കുറിച്ച് സംസാരിക്കുന്നു. “ഇപ്പോൾ നിനക്ക് നന്മ പ്രവർത്തിക്കാം, സ്നേഹത്തിൻറെ സർഗ്ഗശക്തി ഇപ്പോൾ നിനക്കു വിനിയോഗിക്കാം, നിൻറെ ഹൃദയത്തെ തടവിലാക്കുന്ന പരാതികളും മനോവേദനയും ഇപ്പോൾ നിനക്ക് ഉപേക്ഷിക്കാം” എന്ന് അത്  പറയുന്നു. നമുക്ക് ചൈതന്യം പകരുന്നു, നമ്മെ മുന്നോട്ടു കൊണ്ടുപോകുന്നു, വർത്തമാനകാലത്തെ കുറിച്ച്. ഈ നിമിഷത്തെ കുറിച്ച് സംസാരിക്കുന്നു.

ദൈവസ്വരവും തിന്മയുടെ സ്വരവും ഉയർത്തുന്ന ചോദ്യങ്ങൾ

ഇനിയുമുണ്ട് വിത്യാസങ്ങൾ. ഈ രണ്ടു ശബ്ദങ്ങളും വിഭിന്നങ്ങളായ ചോദ്യങ്ങളാണ് നമ്മിൽ ഉയർത്തുക. ദൈവത്തിൽ നിന്നു വരുന്ന ചോദ്യം ഇതായരിക്കും: “എനിക്കു നന്മ ഭവിപ്പിക്കുന്നത് എന്താണ്?” എന്നാൽ പ്രലോഭകൻ ഊന്നൽ നല്കുക മറ്റൊരു ചോദ്യത്തിനായിരിക്കും: “ഞാൻ എന്തു  ചെയ്യണം?” എനിക്കു ഉപകാരപ്രദം എന്താണ്, തിന്മയുടെ സ്വരം എന്നും “അഹ”ത്തിന്, അഹത്തിൻറെ സ്പന്ദനങ്ങൾക്ക്, ആവശ്യങ്ങൾക്ക് ചുറ്റും  കറങ്ങിക്കൊണ്ടിരിക്കുന്നു. സകലവും ഉടൻ വേണം. കുഞ്ഞുങ്ങളുടെ വാശി പോലെയാണ്. എല്ലാം ഇപ്പോൾത്തന്നെ വേണം. എന്നാൽ ദൈവസ്വനമാകട്ടെ കുറഞ്ഞവിലയ്ക്ക് ആനന്ദം വാഗ്ദാനം ചെയ്യുന്നില്ല. നമ്മുടെ അഹത്തെ മറികടന്ന് നന്മയും ശാന്തിയും അന്വേഷിക്കാൻ അത് നമ്മെ ക്ഷണിക്കുന്നു. നാം ഇത് ഓർത്തിരിക്കണം, അതായത്, തിന്മ ഒരിക്കലും ശാന്തി പ്രദാനം ചെയ്യില്ല. അത് ആദ്യം ഉന്മേഷം നല്കുകയും പിന്നീട് കയ്പ് അവശേഷിപ്പിക്കുകയും ചെയ്യും. ഇതാണ് തിന്മയുടെ ശൈലി. 

വെളിച്ചവും ഇരുളും

ദൈവവും പ്രലോഭകനും സംസാരിക്കുന്നത് വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നാണ്. ശത്രു ഇരുളും കാപട്യവും പരദൂഷണവും ഇഷ്ടപ്പെടുന്നു; കർത്താവാകട്ടെ സൂര്യപ്രകാശവും സത്യവും ആത്മാർത്ഥമായ സുതാര്യതയും ഇഷ്ടപ്പെടുന്നു. “നിന്നെ നിന്നിൽത്തന്നെ അടച്ചിടുക, എന്തായാലും ആരും നിന്നെ മനസ്സിലാക്കുകയും ശ്രവിക്കുകയുമില്ല. ആരെയും വിശ്വസിക്കരുത്” എന്ന് ശത്രു പറയും. എന്നാൽ, നന്മയാകട്ടെ ഇതിനു വിപരീതമാണ് പറയുക. തുറവുള്ളവരാകാനും നിർമ്മലരായിരിക്കാനും ദൈവത്തിലും മറ്റുള്ളവരിലും വിശ്വസിക്കാനും ക്ഷണിക്കുന്നു. പ്രിയ സഹോദരീ സഹോദരന്മാരേ, ഈ സമയത്ത് നിരവധിയായ ചിന്തകളും ആശങ്കകളും നമ്മെ നമ്മുടെ ഉള്ളിലേക്ക് പുനരാനയിക്കുന്നു. നമ്മുടെ ഹൃദയത്തിലേക്കു വരുന്ന സ്വരങ്ങൾ ശ്രദ്ധാപൂർവ്വം ശ്രവിക്കാം. അവ എവിടെ നിന്നു വരുന്നു എന്ന് നമുക്ക് അന്വേഷിക്കാം. സ്വാർത്ഥതയുടെ വേലിക്കെട്ടുകളിൽ നിന്ന് നമ്മെ പുറത്തേക്കാനയിക്കുകയും യാഥാർത്ഥ സ്വാതന്ത്ര്യത്തിൻറെ മേച്ചിൽപ്പുറങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുകയും ചെയ്യുന്ന നല്ലിടയൻറെ സ്വരം തിരിച്ചറിയാനും അവിടത്തെ അനുഗമിക്കാനുമുള്ള അനുഗ്രഹം ലഭിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം. സദുപദേശത്തിൻറെ അമ്മയായ പരിശുദ്ധ മറിയം നമ്മുടെ വിവേചന ബുദ്ധിയ്ക്ക് നേർ വഴികാട്ടുകയും സഹായിക്കുകയും ചെയ്യട്ടെ. 

ഈ വാക്കുകളിൽ തൻറെ വിചിന്തനം ഉപസംഹരിച്ച പാപ്പാ  തുടർന്ന് “സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും” എന്ന പ്രാർത്ഥന ചൊല്ലി. പ്രാർത്ഥനാന്തരം പാപ്പാ എല്ലാവർക്കും അപ്പസ്തോലികാശീർവ്വാദം നല്കി. 

 

ദൈവവിളി പ്രാർത്ഥനാദിനം

ആശീർവ്വാദത്തിനു ശേഷം പാപ്പാ ഈ ഞായറാഴ്ച ലോക ദൈവവിളി പ്രാർത്ഥനാദിനം ആചരിക്കുന്നത് അനുസ്മരിച്ചു. പൗരോഹിത്യവും സമർപ്പിതജീവിതവും നയിക്കുന്നതിന് ധൈര്യവും സ്ഥൈര്യവും അനിവാര്യമാണെന്നും പ്രാർത്ഥനകൂടാതെ ഈ പാതയിൽ മുന്നേറാനാകില്ലെന്നും പാപ്പാ പറഞ്ഞു.

കോവിദ് 19 രോഗികളെ പാപ്പാ അനുസ്മരിക്കുന്നു

കോവിദ് 19 രോഗികളുടെ ചാരെ താനുണ്ടെന്ന് പാപ്പാ ഒരിക്കൽകൂടി ഉറപ്പു നല്കുകയും ഈ മഹാമാരിക്കെതിരായുള്ള പോരാട്ടത്തിൽ അന്താരാഷ്ട്ര സഹകരണത്തിന് പ്രചോദനം പകരുകയും ചെയ്തു.

ഈ രോഗത്തിനു പ്രതിരോധ മരുന്നും ചികിത്സയും കണ്ടെത്തുന്നതിന് ശാസ്ത്രീയമായ കഴിവുകൾ നിസ്വാർത്ഥമായും സുതാര്യമായും ഉപയോഗപ്പെടുത്തേണ്ടതിൻറെയും എല്ലാവർക്കും ചികിത്സ ഉറപ്പാക്കപ്പെടേണ്ടതിൻറെയും ആവശ്യകത പാപ്പാ ഊന്നിപ്പറയുകയും ചെയ്തു.

കിശോര പീഢനത്തിനെതിരെ പൊരുതുക

പീഢനം ചൂഷണം നിസ്സംഗത എന്നിവയ്ക്കിരകളായ കുട്ടികൾക്കായുള്ള ദിനം ആചരിച്ച “മേത്തെർ” (“Meter”) എന്ന സംഘടനയെ പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ ഇത്തരം തിന്മകൾ തടയാനും മനഃസാക്ഷികളെ ബോധവൽക്കരിക്കാനുമുള്ള സംഘടനയുടെ പരിശ്രമങ്ങൾക്ക് പ്രചോദനം പകർന്നു.

മെയ് 14 പ്രാർത്ഥനാ-ഉപവാസ-ഉപവിപ്രവർത്തന ദിനം

മാനവസാഹോദര്യ ഉന്നത സമിതി മെയ് 14-ന് സകലമതവിശ്വാസികളുടെയും സഹകരണത്തോടെ പ്രാർത്ഥനാ-ഉപവാസ ദിനം ആചരിക്കാനും ഉപവിപ്രവർത്തനം നടത്താനും തീരുമാനിച്ചിരിക്കുന്നത് അനുസ്മരിച്ച പാപ്പാ പ്രാർത്ഥനയുടെ മൂല്യം സാർവ്വത്രികമാണെന്ന് ഉദ്ബോധിപ്പിച്ചു.  

സമാപനം

എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന നവീകരിക്കുകയും ചെയ്ത പാപ്പാ നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടു കാണാം എന്ന് പറയുകയും ചെയ്തു കൊണ്ടാണ് തൻറെ വാക്കുകൾ ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 May 2020, 14:56