അഭയാർത്ഥികളായിത്തീർന്നവർ, സൊമാലിയായിൽ നിന്നുള്ള ഒരു ദൃശ്യം അഭയാർത്ഥികളായിത്തീർന്നവർ, സൊമാലിയായിൽ നിന്നുള്ള ഒരു ദൃശ്യം 

കോവിദ് 19, അഭയാർത്ഥികളുടെ പ്രശ്നങ്ങളെ മറവിയിലാഴ്ത്തരുത് - പാപ്പാ

സ്വരാജ്യങ്ങളിൽ അഭയാർത്ഥികളായിത്തീർന്നവരിൽ യേശുവിൻറെ വദനം തരിച്ചറിയാൻ നമുക്കു സാധിക്കണം. കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമായുള്ള 106-ാം ലോകദിനത്തിനായി ഫ്രാൻസീസ് പാപ്പാ നൽകിയ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഭ്യന്തര കലാപം, കാലവസ്ഥവ്യതിയാനം തുടങ്ങിയ പലവിധ കാരണങ്ങളാൽ സ്വരാജ്യത്തിനകത്തുതന്നെ അഭയാർത്ഥികളായിത്തീരുന്നവരുടെ അവസ്ഥയെ, കോവിദ് 19 മഹാമാരി മൂലമുള്ള ആഗോള പ്രതിസന്ധി കൂടുതൽ വഷളാക്കിയിരിക്കുന്നുവെന്ന് മാർപ്പാപ്പാ.

കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമായുള്ള 106-ാം ലോകദിനത്തിനായി നൽകിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇവരുടെ കാര്യത്തിലുള്ള തൻറെ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.  

അനുവർഷം സെപ്റ്റമ്പർ മാസത്തിലെ അവസാന ഞായാറാഴ്ച, ഇക്കൊല്ലം സെപ്റ്റമ്പർ 27-ന്, ആചരിക്കപ്പെടുന്ന,  കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമായുള്ള ലോകദിനത്തിനുള്ള ഇക്കൊല്ലത്തെ സന്ദേശം വെള്ളിയാഴ്ചയാണ് (15/05/20) പരിശുദ്ധസിംഹാസാനം പ്രകാശനം ചെയ്തത്.

“പലായനം ചെയ്യാൻ നിർബന്ധിതനായ യേശുക്രിസ്തുവിനെപ്പോലെ. സ്വന്തം നാട്ടിൽത്തന്നെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ സ്വീകരിക്കുക, സംരക്ഷിക്കുക, സമന്വയിപ്പിക്കുക” എന്ന പ്രമേയത്തെ അവലംബമാക്കിയുള്ള ഈ സന്ദേശം ഇക്കൂട്ടരുടെ, പലപ്പോഴും അദൃശ്യമായ, നാടകീയ അവസ്ഥയിൽ കേന്ദ്രീകൃതമാണ്. 

സ്വന്തം നാടിനുള്ളിൽ അഭയാർത്ഥികളായവർക്ക് സമർപ്പിതമായ ഈ സന്ദേശം താൻ കോവിദ് 19 മഹാമാരിയുടെ ഫലമായി സന്ദിഗ്ദാവസ്ഥ, പരിത്യക്തത, പാർശ്വവത്ക്കരണം തിരസ്ക്കരണം എന്നിവയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന എല്ലാവരെയും ആശ്ലേഷിക്കുന്നുവെന്നും പാപ്പാ വ്യക്തമാക്കുന്നു.

കോവിദ് 19 വ്യാധി, അതിൻറെ തീവ്രതയും കഠോതയും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും മൂലം,  അന്താരാഷ്ട്ര സഹായ സംരംഭങ്ങളെ ദശലക്ഷക്കണക്കിനുവരുന്ന ജനങ്ങളെ അലട്ടുന്ന നിരവധിയായ ഇതര അടിയന്തര മാനവികപ്രശ്നങ്ങളിൽ നിന്ന് മനുഷ്യജീവൻ രക്ഷിക്കുക എന്നതിലേക്കുമാത്രം തിരിച്ചുവിട്ടിരിക്കുന്നുവെന്ന് പാപ്പാ തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു.

എന്നാലിത് വിസ്മൃതിയുടെ സമയമല്ല എന്നും നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി അനേകരുടെ യാതനകളുടെ മുദ്ര പേറുന്ന ഇതര അടിയന്തര പ്രശ്നങ്ങൾ മറന്നുപോകാൻ ഇടയാക്കരുതെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

പട്ടിണി, യുദ്ധം, മറ്റ് അപകടങ്ങൾ എന്നിവയിൽ നിന്ന് പലായനം ചെയ്യുകയും അവനവനും സ്വന്തം കുടുംബത്തിനും സുരക്ഷിതവും മാന്യവുമായ ഒരു ജീവിതം തേടുകയും ചെയ്യുന്ന ഇവരോരുത്തരിലും, ഹേറോദേസ് രാജാവിൻറെ കാലത്ത് സ്വയരക്ഷാർത്ഥം പലായനം ചെയ്യേണ്ടി വന്ന യേശു    സന്നിഹിതനാണെന്നും,     അവരിൽ നമ്മൾ, വിശക്കുന്നവനും ദാഹാർത്തനും നഗ്നനനും രോഗിയും പരദേശിയും കാരാഗൃഹവാസിയുമായ യേശുവിൻറെ വദനം തിരിച്ചറിയാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറയുന്നു.

ഇവർ നമുക്ക്, കർത്താവുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നുവെന്ന് പറയുന്ന പാപ്പാ അവരുടെ നേർക്ക് സഹായഹസ്തം നിട്ടേണ്ടതിന് ഒരു ഷഡ് കർമ്മ പദ്ധതി മുന്നോട്ടു വയ്ക്കുകയും ചെയ്യുന്നു.

മനസ്സിലാക്കുന്നതിന് അറിയുക, ശുശ്രൂഷിക്കുന്നതിന് ചാരത്തായിരിക്കുക, അനുരഞ്ജിതരാകുന്നതിന് ശ്രവിക്കുക, വളരുന്നതിന് പങ്കുവയ്ക്കുക, പരിപോഷിപ്പിക്കുന്നതിന് ആമഗ്നരാകുക, കെട്ടിപ്പടുക്കുന്നതിന് സഹകരിക്കുക എന്നിവയാണ് പാപ്പാ നിർദ്ദേശിക്കുന്ന ആറു കാര്യങ്ങൾ.

അപകടങ്ങളിലും ദുഷ്ടരുടെ ഭീഷണിയിലും നിന്ന് ഉണ്ണിയേശുവിനെയും അവിടത്തെ അമ്മയേയും സംരക്ഷിക്കാൻ വിശുദ്ധ യൗസേപ്പിനെ നിയോഗിച്ച ദൈവപിതാവിനോടുള്ള ഒരു പ്രാർത്ഥനയോടെയാണ് പാപ്പാ തൻറെ സന്ദേശം ഉപസംഹരിക്കുന്നത്. 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 May 2020, 15:00