വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ... വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ... 

പാപ്പാ: വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പ്രാർത്ഥനയുടെയും, ജനങ്ങളോടുള്ള സാമീപ്യത്തിന്റെയും, നീതിബോധത്തിന്റെയും അജപാലകനായിരുന്നു.

വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് മേയ് പതിനെട്ടാം തിയതി വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ അദ്ദേഹത്തിന്റെ ഭൗതീക ശരീരം സ്ഥിതിചെയ്യുന്ന കപ്പേളയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ ഫ്രാ൯സിസ് പാപ്പാ നൽകിയ വചന സന്ദേശത്തിൽ തന്റെ മുൻഗാമിയെ പ്രാർത്ഥനയുടെയും, ജനങ്ങളോടുള്ള സാമീപ്യത്തിന്റെയും, നീതിബോധത്തിന്റെയും മനുഷ്യനായി വിശേഷിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഫ്രാ൯സിസ് പാപ്പാ മുഖ്യകാർമ്മീകത്വം വഹിച്ച ദിവ്യപൂജയിൽ വത്തിക്കാനിലെ പാപ്പയുടെ വികാരി ജനറൽ കർദ്ദിനാൾ ആഞ്ചലോ കൊമാസ്ട്രി, പോളിഷ് കർദിനാൾ കൊൻറാഡ് ക്രാജെവ്സ്കി, അപ്പോസ്തോലിക ദാനധർമ്മി, ജോൺ പോൾ രണ്ടാമന്റെ ഭരണകാലത്തിൽ18 വർഷമായി ആരാധനാ ക്രമങ്ങളുടെ തലവലായിരുന്ന മോൺ. പിയേറോ മരിനി, പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ഇടപെടുന്ന സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ മൂന്നാം വിഭാഗ മേധാവി പോളിഷ് ആർച്ച് ബിഷപ്പ് ജാൻ റോമിയോ പാവോവ്സ്കി എന്നിവർ സഹകാർമ്മീകരായിരുന്നു.

കൊറോണാ വൈറസ് മഹാമാരി മൂലം രണ്ടുമാസത്തെ നിയന്ത്രണങ്ങൾക്ക് ശേഷം തിങ്കളാഴ്ച്ച രാവിലെ പൊതുജനങ്ങളുമായി ആദ്യമായി അർപ്പിക്കപ്പെട്ട ദിവ്യപൂജയിൽ വളരെ പരിമിതമായ എണ്ണത്തിലാണ് വിശ്വാസികൾ പങ്കെടുത്തത്.

കർത്താവ് തന്റെ ജനത്തെ സന്ദർശിച്ചു

ദൈവം തന്റെ ജനത്തെ സ്നേഹിക്കുന്നുവെന്നും പ്രതിസന്ധിഘട്ടങ്ങളിൽ വിശുദ്ധനായ  മനുഷ്യനെയോ, പ്രവാചകനെയോ അയച്ചുകൊണ്ട് അവരെ "സന്ദർശിക്കുന്നു" എന്നും ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്.

ദൈവത്താൽ  അയക്കപ്പെടുകയും,  ദൈവം തന്നെ ഒരുക്കുകയും, മെത്രാനായി, പാപ്പയായി  ദൈവത്തിന്റെ  സഭയെ നയിക്കാൻ സൃഷ്ടിച്ച ഒരു മനുഷ്യനെ വിശുദ്ധ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ജീവിതത്തിൽ നമുക്ക് കാണാൻ കഴിയും. അതിനാൽ "ഇന്ന്, കർത്താവ് തന്റെ ജനത്തെ സന്ദർശിച്ചുവെന്ന് നമുക്ക് പറയാം"എന്ന് പാപ്പാ വിശദ്ധീകരിച്ചു.

പ്രാർത്ഥനയുടെ  മനുഷ്യൻ

പ്രാർത്ഥന, ജനങ്ങളോടുള്ള സാമീപ്യം, കരുണ  എന്നീ മൂന്ന് പ്രത്യേക സ്വഭാവങ്ങൾ ജോൺ പോൾ രണ്ടാമന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നുവെന്ന് ചൂണ്ടികാണിച്ച പാപ്പാ, മാർപ്പാപ്പയെന്ന നിലയിൽ നിരവധി ചുമതലകൾ ഉണ്ടായിരുന്നിട്ടും, ജോൺ പോൾ രണ്ടാമൻ എപ്പോഴും പ്രാർത്ഥിക്കാൻ സമയം കണ്ടെത്തിയിരുന്നുവെന്നും വ്യക്തമാക്കി.

“മെത്രാന്റെ  പ്രഥമദൗത്യം പ്രാർത്ഥനയാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.”അപ്പോസ്തലന്മാരുടെ പ്രവർത്തനത്തിൽ വിശുദ്ധ പത്രോസ് പ്രബോധിപ്പിക്കുന്നതിതാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ജനങ്ങളോടുള്ള സാമീപ്യം

വിശുദ്ധ ജോൺ പോൾ രണ്ടാമൻ ജനങ്ങളോടു അടുപ്പത്തിലായിരുന്നു. അവരിൽ നിന്ന് വേർപിരിയുകയോ,അവരെ വേർപെടുത്തുകയോ ചെയ്തില്ല, മറിച്ച് അവരെ അന്വേഷിച്ച് ലോകം മുഴുവൻ സഞ്ചരിച്ചു.

പഴയനിയമത്തിൽ, ദൈവം തന്റെ ജനവുമായി എങ്ങനെ അദ്വിതീയമായി അടുത്തിരുന്നുവെന്ന് നമുക്ക് കാണാൻ കഴിയും. യേശു തന്റെ ജനത്തിന്റെ ഇടയിൽ വസിച്ചപ്പോൾ ജനങ്ങളോടുള്ള  ദൈവ സാമീപ്യത്തിന്റെ മൂര്‍ദ്ധന്യം ദൈവത്തിന്റെ ഈ മനുഷ്യാവതാരത്തിലൂടെ നമുക്ക് കാണാൻ കഴിയുന്നു.  വലിയവരോടും, ചെറിയവരോടും, അടുത്തുള്ളവരോടും, ശാരീരികമായി അകലെയുള്ളവരോടും തന്റെ സാമീപ്യം നൽകുന്ന നല്ല ഇടയനായ യേശുവിന്റെ മാതൃക ജോൺ പോൾ പാപ്പാ പിന്തുടർന്നു. പാപ്പാ വ്യക്തമാക്കി.

കരുണയുള്ള നീതി

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ നീതിയെ സ്നേഹിക്കുന്നതിൽ ശ്രദ്ധേയനായിരുന്നുവെന്ന് ചൂണ്ടികാണിച്ച പാപ്പാ നീതിയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം കരുണകൊണ്ട് പൂർത്തീകരിച്ച നീതിക്കുവേണ്ടിയുള്ള ആഗ്രഹമായിരുന്നുവെന്നും,  കരുണയുള്ള വ്യക്തിയായിരുന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായെന്നും കാരണം "നീതിയും കരുണയും ഒരുമിച്ച് പോകുന്നു" എന്നും വെളിപ്പെടുത്തി.

ദിവ്യകരുണയുടെ ഭക്തിയെ വളരെയധികം പ്രോത്സാഹിപ്പിച്ചജോൺ പോൾ രണ്ടാമാൻ പാപ്പാ, ദൈവത്തിന്റെ നീതിക്ക് "ഈ കരുണയുടെ മുഖവും, കരുണയുടെ ഈ മനോഭാവവും" ഉണ്ടെന്ന് വിശ്വസിച്ചു. നമുക്കെല്ലാവർക്കും, പ്രത്യേകിച്ച് അജപാലകർക്ക് പ്രാർത്ഥനയുടെ കൃപയും, ജനങ്ങളോടുള്ള സാമീപ്യവും, കരുണയിൽ നിന്നുള്ള നീതിയുടെ കൃപയും, കരുണയുള്ള നീതിയും  ദൈവം നമുക്ക് നൽകട്ടെയെന്ന പ്രാർത്ഥനയോടെ ഫ്രാൻസിസ് മാർപാപ്പാ തന്റെ  പ്രഭാഷണം  ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2020, 11:07