(FILE) THAILAND TOKYO 2020 OLYMPICS PANDEMIC CORONAVIRUS (FILE) THAILAND TOKYO 2020 OLYMPICS PANDEMIC CORONAVIRUS 

കായികതാരങ്ങള്‍ സമൂഹത്തിനു നല്കുന്ന വലിയ സന്തോഷം

വത്തിക്കാന്‍റെ കായികതാരങ്ങളുടെ പ്രതിനിധികളുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. കായികതാരങ്ങളുടെ പ്രതിനിധികളുമായി നേര്‍ക്കാഴ്ച
മെയ് 20 ബുധനാഴ്ച, പതിവുള്ള പൊതുകൂടിക്കാഴ്ചയ്ക്കു ശേഷമാണ് നമുക്കൊരുമിച്ച് ഓടാം... Simul Currebant… എന്ന വത്തിക്കാന്‍റെ കായിക താരങ്ങളുടെ സംഘടനാ പ്രതിനിധികളുമായി തന്‍റെ പഠനമുറിയില്‍ പാപ്പാ കൂടിക്കാഴ്ച നടത്തിയത്. ഇറ്റലിയുടെ ദേശീയ താരങ്ങളുടെ സംഘടനയും, വത്തിക്കാന്‍റെ പൊലീസ് വിഭാഗം കായിക സംഘടന പ്രതിനിധികളുമായി മെയ് 21-ന് റോമില്‍ നടക്കേണ്ട സമ്മേളനം കാലികമായ പ്രതിസന്ധികള്‍മൂലം റദ്ദാക്കിയതിനെ തുടര്‍ന്നാണ് സംഘടനാ ഭാരവാഹികളുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയത്. പാപ്പാ അവര്‍ക്ക് സന്ദേശം നല്കി..

2. “ഒരുമിച്ച് ഓടാം...”
കായികാഭ്യാസത്തിന്‍റെ ഭംഗിയിലൂടെയും കഴിവിലൂടെയും സമര്‍പ്പണത്തിലൂടെയും താരങ്ങള്‍ മറ്റുള്ളവര്‍ക്കു നല്കുന്ന സന്തോഷം വലുതാണ്. ഇത് ഏറെ ക്രിയാത്മകമായ നന്മയുടെ മനോഭാവമാണെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. മാതാപിതാക്കള്‍ മക്കള്‍ക്കു നല്കുന്ന കലവറയില്ലാത്ത നന്മപോലെയാണ്, കായികതാരങ്ങള്‍ തങ്ങളുടെ നാടിനു ജനങ്ങള്‍ക്കും അവരുടെ സമര്‍പ്പണത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും നല്കുന്ന നേട്ടവും ശാരീരിക ബലത്തിന്‍റെ ഭംഗിയും വേഗതയും കൂട്ടായ്മയോടെയുള്ള അവതരണ പാടവവുമെന്ന് പാപ്പാ വിവരിച്ചു. വത്തിക്കാന്‍റെ കായിക പ്രസ്ഥാനത്തിന്‍റെ ആപ്തവാക്യം, “നമുക്ക് ഒരുമിച്ച് ഓടാം...” സൂചിപ്പിക്കുന്നതുപോലെ കായികാഭ്യാസത്തില്‍ കൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെയും ഐക്യത്തിന്‍റെയും വലിയ പാഠമുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

3. "ഇരുവരും ഒരുമിച്ചോടി..."
ഈശോയുടെ കല്ലറയിങ്കലേയ്ക്ക് ഓടിയത് പത്രോശ്ലീഹായും യോഹന്നാനും ഒപ്പമായിരുന്നു. എന്നാല്‍ പ്രായമായ പത്രോശ്ലീഹായെ പ്രായത്തില്‍ ഇളപ്പമുള്ള അപ്പസ്തോലന്‍ യോഹന്നാന്‍ ഓടി മറികടന്നു. യോഹന്നാന്‍ ആദ്യം എത്തിയെങ്കിലും, അകത്തു പ്രേവശിക്കാതെ പിറകെവന്ന പത്രോശ്ലീഹായ്ക്കുവേണ്ടി ആദരവോടെ കാത്തുനിന്ന സുവിശേഷഭാഗം പാപ്പാ തന്‍റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു (യോഹ. 20, 3-6). അതിനാല്‍ കായികതാരങ്ങള്‍ ഓടി മുന്നേറുമെങ്കിലും, അവസാനം അപരനെ ആദരിക്കുകയും, പരസ്പരം ചേര്‍ന്നു നില്ക്കുകയുംചെയ്യുന്ന സാഹോദര്യത്തിന്‍റെയും പരസ്പരാദരവിന്‍റെയും മനോഭാവം നല്ലതാണെന്ന് പാപ്പാ വ്യക്തമാക്കി.

4. തോറ്റവരെ ആശ്ലേഷിക്കുന്ന
മാന്യതയും സാഹോദര്യവും

കായികമേളകളിലും കളികളിലും തോല്‍ക്കുമ്പോഴും ജയിച്ചവര്‍ മറുഭാഗത്തെ ആശ്ലേഷിക്കുന്ന രീതി നിലനിര്‍ത്തണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ജീവിതത്തില്‍ വ്യത്യസ്ത ചലനാത്മകതയും നീക്കങ്ങളുമുള്ള വ്യക്തികളെ മാനിച്ചുകൊണ്ടുള്ള ശൈലി സാമൂഹിക ജീവിതത്തിലും കുടുംബ ജീവിതത്തിലും ഒരുപോലെ അനിവാര്യമാണ്. നമ്മുടെ ചുവടുവയ്പുകള്‍ അപരനോടു ചേര്‍ത്തുപിടിക്കുവാനും, അങ്ങനെ ജീവിതാനന്ദത്തിന്‍റെ വഴികള്‍ തുറക്കുവാനും കായിക മേഖലയിലെന്നപോലെ സമൂഹിക ജീവിതത്തിലും സാധിക്കട്ടെയെന്ന് കായിക താരങ്ങളുടെ പ്രതിനിധികളുടെ കൂട്ടായ്മയെ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പ്രഭാഷണം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2020, 13:34