Pope give the blessing of peace on Easter morning Pope give the blessing of peace on Easter morning 

ആയുധങ്ങള്‍ അടിയറവയ്ക്കാം സാഹോദര്യത്തില്‍ ഒന്നാകാം

ഈസ്റ്റര്‍ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച (Urbi et Orbi) “നഗരത്തിനും ലോകത്തിനും” സന്ദേശം :

- ഫാദര്‍ വില്യം നെല്ലിക്കല്‍

"റോമാനഗരത്തിനും ലോകത്തിനും" സന്ദേശം

1. ഈസ്റ്റര്‍ പ്രഭാതപൂജയ്ക്കുശേഷം
ഉയിര്‍പ്പു ഞായറാഴ്ച ഏപ്രില്‍ 12-Ɔο തിയതി പ്രാദേശിക സമയം രാവിലെ 11 മണിക്ക് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഈസ്റ്റര്‍ പ്രഭാത ബലിയര്‍പ്പിച്ചു. അതിനുശേഷം ബസിലിക്കയുടെ സങ്കീര്‍ത്തിയിലേയ്ക്കു പോയ പാപ്പാ പൂജവസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, പതിവുള്ള ലളിതമായ വെള്ളമേല്‍വസ്ത്രത്തോടെയാണ് അള്‍ത്താരയുടെ മുന്‍ഭാഗത്തു താല്ക്കാലികമായി സജ്ജമാക്കിയ പീഠത്തിന്‍റെ മുന്നില്‍നിന്നുകൊണ്ട് റോമാനഗരത്തെയും ലോകത്തെയും അഭിസംബോധനചെയ്തത്. ഉത്ഥാനനാളിന്‍റെ സന്തോഷം ആരാധനക്രമത്തില്‍ തെളിഞ്ഞു നില്ക്കുമ്പോഴും മനസ്സില്‍ ഊറിനില്ക്കുന്ന മാനവികതയുടെ വ്യഥകള്‍ പാപ്പായുടെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു. എങ്കിലും തെളിഞ്ഞ സ്വരത്തില്‍ പാപ്പാ ഫ്രാന്‍സിസ് ആരംഭിച്ചു.

2. ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തു
ഏവര്‍ക്കും ഉത്ഥാനമഹോത്സവത്തിന്‍റെ ആശംസകള്‍! “യേശു ഉത്ഥാനംചെയ്തു!” “അവിടുന്ന് സത്യമായും ഉത്ഥാനംചെയ്തു!!” സഭയുടെ ഈ പ്രബോധനം ഇന്ന് ലോകംമുഴുവന്‍ പ്രതിധ്വനിക്കുന്നെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. ഏറെ സങ്കീര്‍ണ്ണമായ വെല്ലുവിളികളാല്‍ വിവിധ തരത്തില്‍ തത്രപ്പെടുകയും തപ്പിത്തടയുകയും ചെയ്യുന്ന ലോകം, മറ്റൊരു മഹാമാരിയാല്‍ ക്ലേശിക്കുന്ന ഘട്ടത്തില്‍ സഭയില്‍ ഉയരുന്ന പ്രാര്‍ത്ഥനയാണ്... “മനുഷ്യര്‍ക്കു പ്രത്യാശയായ ക്രിസ്തു ഉത്ഥാനംചെയ്തു!” (Easter sequence). മനുഷ്യര്‍ ഇന്നു കാത്തിരിക്കുന്നതും, അവരെ പ്രചോദിപ്പിക്കേണ്ടതുമായ സദ്വാര്‍ത്തയാണ് : പ്രത്യാശയായ ക്രിസ്തു ഉത്ഥാനംചെയ്തു! ഇത് പ്രശ്നപരിഹാരത്തിനുള്ള മന്ത്രോച്ചാരണമല്ല. മറിച്ച് ക്രിസ്തുവിന്‍റെ ഉയിര്‍പ്പ്, തിന്മയുടെമേലുള്ള സ്നേഹത്തിന്‍റെ വിജയമാണ്. ഇത് വേദന ശമിപ്പിക്കുന്ന മാന്ത്രികശക്തിയുമല്ല, മറിച്ച് തിന്മയെ നന്മയാക്കി രൂപാന്തരപ്പെടുത്താനുള്ള ഉപാധിയാണ്. ദൈവികശക്തിയുടെ തനിമയാര്‍ന്ന അടയാളമാണ് – ക്രിസ്തുവിന്‍റെ ഉത്ഥാനം! ഉത്ഥിതന്‍ മറ്റാരുമല്ല ക്രൂശിതനായ ക്രിസ്തു തന്നെയാണ്. മഹത്വമാര്‍ന്ന അവിടുത്തെ ശരീരത്തില്‍ മങ്ങാത്ത മുറിപ്പാടുകളുണ്ട്. അവ പ്രത്യാശയുടെ അടയാളങ്ങളാണ്. അതിനാല്‍ വേദനിക്കുന്ന മാനവികതയുടെ സൗഖ്യത്തിനായി ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിലേയ്ക്കു ദൃഷ്ടികള്‍ പതിക്കാമെന്ന് പാപ്പാ ആഹ്വനംചെയ്തു.

3. മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും
ചിന്തകള്‍ ആദ്യമായി കോറോണവൈറസ് ബാധിതരായ സഹോദരങ്ങളിലേയ്ക്കാണ് പാപ്പാ തിരിച്ചത്. അവരില്‍ രോഗിഗ്രസ്ഥര്‍, മരണമടഞ്ഞവര്‍, സ്വന്തപ്പെട്ടവരുടെ വേര്‍പാടില്‍ കേഴുന്നവര്‍, മരിച്ച പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണുവാന്‍ സാധിക്കാതെ വിഷമിച്ചവര്‍.. എന്നിങ്ങനെ എല്ലാവരെയും അനുസ്മരിക്കുന്നതായി പാപ്പാ പ്രസ്താവിച്ചു. ജീവന്‍റെ അതിനാഥനായ ദൈവം മരണമടഞ്ഞവരെ തിരുസന്നിധിയില്‍ സ്വീകരിക്കുകയും, രോഗത്താല്‍ ക്ലേശിക്കുന്നവരെ, വിശിഷ്യാ പ്രായമായവരെയും അനാഥരെയും സമാശ്വസിപ്പിക്കട്ടെ! വ്രണിതാക്കളായവരെ, വിശിഷ്യാ ആശുപത്രികളില്‍ ജോലിചെയ്യുകയും, ജയിലിലും കാരാഗൃഹത്തിലും പാര്‍ക്കുകയും ചെയ്യുന്നവരെ കൈവെടിയരുതേയെന്നും പാപ്പാ പ്രാര്‍ത്ഥിച്ചു.
ഈ വര്‍ഷത്തെ ഉത്ഥാനമഹോത്സവം ഏകാന്തതയിലും ദുഃഖത്തിലും വേദനയിലുമാണ് നിരവധിപ്പേര്‍ ആചരിക്കുന്നത്. അവരില്‍ ധാരാളംപേര്‍ മഹാമാരി മൂലമാണെങ്കില്‍, ഒട്ടനവധിപേര്‍ സാമ്പത്തിക പ്രതിസന്ധികള്‍ മൂലവുമാണ് ക്ലേശിക്കുന്നതെന്ന് പാപ്പാ വിശദീകരിച്ചു.

4. സഹോദര്യസാമീപ്യം നഷ്ടമാകുന്നതു
ശ്രദ്ധിക്കേണ്ട സമയം

കൊറോണ പകര്‍ച്ചവ്യാധിമൂലം സഹോദര്യസാമീപ്യത്തിന്‍റെ സമാശ്വാസവും, കൂദാശകളുടെ വിശിഷ്യ കുര്‍ബ്ബാനയുടെയും കുമ്പസാരത്തിന്‍റെയും ആത്മീയസാന്ത്വനവും അസാദ്ധ്യമായിട്ടുണ്ട്. ചില രാജ്യങ്ങളില്‍ കൂദാശകള്‍ ഒട്ടും സാദ്ധ്യമല്ലാത്ത അവസ്ഥയും നിലനില്ക്കെ, ദൈവം നമ്മെ കൈവെടിഞ്ഞതായി കരുതരുതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു! പ്രാര്‍ത്ഥനയില്‍ ദൈവവുമായുള്ള ആത്മീയ ഐക്യത്തില്‍ ജീവിക്കാം. തന്‍റെ കരങ്ങള്‍ ഉയര്‍ത്തി ക്രിസ്തു എല്ലാവരെയും ആശീര്‍വ്വദിച്ചുകൊണ്ട് (സങ്കീ.138,5) ഭയപ്പെടുതരുതെന്നും, അവിടുന്ന് ഇനിയും നമ്മുടെ കൂടെയുണ്ടെന്നും പറഞ്ഞിട്ടുള്ള വാക്കുകളില്‍ പ്രത്യാശവയ്ക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. (ഈസ്റ്റര്‍ പ്രവേശനപ്രഭണിതം).

5. സേവനരംഗത്ത് ത്യാഗപൂര്‍വ്വം
രോഗത്തിന്‍റെ തീവ്രതയുള്ള മേഖലകളി‍ല്‍ തങ്ങളുടെ ജീവന്‍ അപകടപ്പെടുത്തിക്കൊണ്ടുപോലും സഹോദരസ്നേഹത്തിന്‍റെയും ശുശ്രൂഷയുടെയും സാക്ഷ്യംനല്കുന്ന ഡോക്ടര്‍മാരും നഴ്സുമാരും തളരാതെ പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ ശാരീരിക ശക്തിയും ആത്മധൈര്യവും പെസഹാക്കുഞ്ഞാടായ യേശു അവര്‍ക്കു നല്കണട്ടെയെന്നു പ്രാര്‍ത്ഥിച്ചു. സമൂഹത്തിന്‍റെ സാമൂഹിക ആവശ്യങ്ങള്‍ക്കായി സമര്‍പ്പിതരായവരെയും, ക്രമസമാധാനം നിലനിര്‍ത്തുന്നതിന് പലയിടങ്ങളിലും സഹായിക്കുന്ന പൊലീസുകാര്‍ പട്ടാളക്കാര്‍ എന്നിവരെയും, മറ്റു പൊതുപ്രവര്‍ത്തകരെയും പ്രത്യേകം നന്ദിയും സ്നേഹവും അറിയിക്കുന്നതായി പാപ്പാ പ്രസ്താവിച്ചു.

6. തകിടം മറിയുന്ന ജീവിതക്രമങ്ങള്‍
ലക്ഷോപലക്ഷം ജനങ്ങളുടെ ജീവിതക്രമമാണ് ഇന്നാളുകളില്‍ തകിടംമറിഞ്ഞിരിക്കുന്നത്. വീടുകളില്‍ പ്രിയപ്പെട്ടവരുടെ കൂടെയായിരിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുന്നവര്‍ക്ക് തങ്ങളുടെ ഭ്രാന്തവേഗത്തിലുള്ള ജീവിതക്രമത്തെക്കുറിച്ച് ചിന്തിക്കുവാനുള്ള ഒരവസരമാണിത്. എന്നാല്‍ മറ്റുചിലര്‍ക്ക് തങ്ങളുടെ ഭാവിയെക്കുറിച്ചും, നഷ്ടപ്പെട്ടേക്കാവുന്ന ജോലിയെക്കുറിച്ചും, ഇപ്പോഴുള്ള മറ്റു ജീവിതക്ലേശങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ആകുലതയാണ്. അതിനാല്‍ സാമൂഹ്യ നേതാക്കളോട് പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കണമെന്നും, അന്തസ്സുള്ളൊരു ജീവിതം നയിക്കുവാന്‍ എല്ലാവരെയും സഹായിക്കുന്ന വിധത്തില്‍ സമൂഹത്തിന്‍റെ സമ്പത്തും സ്രോതസ്സുകളും  ഉപയോഗപ്പെടുത്തണമെന്നും, ചുറ്റുപാടുകള്‍ മെച്ചപ്പെടുമ്പോള്‍ അവരുടെ സാധാരണ ജീവിതങ്ങളിലേയ്ക്ക് തിരികെപോകാന്‍ സഹായിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

7. നിസംഗത കൈവെടിയാം
ലോകം മുഴുവനും ജനങ്ങള്‍ യാതനകള്‍ അനുഭവിക്കുന്ന ഈ സമയത്ത് ആര്‍ക്കും നിസംഗരായിരിക്കാന്‍ ആവില്ലെന്നും, മഹാമാരിയെ നേരിടാന്‍ ഒത്തൊരുമിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കണമെന്നും പാപ്പാ ആഹ്വാനംചെയ്തു. ഉത്ഥിതനായ ക്രിസ്തു പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ഭവനരഹിതര്‍ക്കും പ്രത്യാശപകരട്ടെയെന്ന് ആശംസിച്ചു. നഗരങ്ങളിലും അവയുടെ പ്രാന്തങ്ങളിലും പാര്‍ക്കുന്ന സഹോദരീസഹോദരന്മാരില്‍ ഏറ്റവും അധികം ക്ലേശിക്കുന്നവരെ കൈവെടിയരുതേയെന്നും (പലേ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുന്ന ഈ സമയത്ത്) ഇവര്‍ അടിസ്ഥാന അവശ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് മരുന്നിനും ആരോഗ്യപരിചരണത്തിനും വകയില്ലാതെ ക്ലേശിക്കുവാന്‍ ഇടവരുത്തരുതേയെന്നും പാപ്പാ അപേക്ഷിച്ചു. അതുപോലെ രാജ്യാന്തര ഉപരോധങ്ങള്‍ക്ക് കീഴ്പ്പെടേണ്ടിവന്നിട്ടുള്ള രാജ്യങ്ങള്‍, പ്രത്യേകിച്ച് പാവപ്പെട്ട രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാന്‍ ക്ലേശിക്കുന്ന ഈ അടയന്തിരാവസ്ഥയില്‍ ക്ലേശിക്കുന്നവരെ പിന്‍തുണയ്ക്കാന്‍ സാധിക്കുന്ന വിധത്തില്‍, മാപ്പു നല്കാനായില്ലെങ്കിലും, ഉപരോധങ്ങള്‍ക്ക് ഇളവു നല്കാനെങ്കിലും രാഷ്ട്രങ്ങള്‍ തയ്യാറാവണമെന്ന് പാപ്പാ താഴ്മയോടെ അഭ്യര്‍ത്ഥിച്ചു.

8. സ്വാര്‍ത്ഥത ഉപേക്ഷിക്കാം
ഇത് സ്വാര്‍ത്ഥയില്‍ മുഴുകേണ്ട സമയമല്ല, കാരണം ലോകം നേരിടുന്ന വെല്ലുവിളിയുടെ പ്രത്യാഘാതങ്ങള്‍, വ്യത്യാസങ്ങളില്ലാതെ സകലരും അനുഭവിക്കേണ്ടിവരികയാണ്. കൊറോണ വൈറസ് രോഗബാധിതമായ മേഖലകളില്‍ താന്‍ യൂറോപ്പിനെ പ്രത്യേകമായി അനുസ്മരിക്കുന്നെന്ന് പാപ്പാ പറഞ്ഞു. ലോകയുദ്ധങ്ങള്‍ക്കുശേഷം ഈ ഭൂഖണ്ഡം ഐക്യദാര്‍ഢ്യത്തോടെ ഉയിര്‍ത്തെഴുന്നേല്ക്കുകയും, ഗതകാല പ്രതികാരവാച്ഛയും ശത്രുതയും മറികടക്കുകയും ചെയ്തു. അതിനാല്‍ മഹാമാരിയുടെ ഈ സാഹചര്യത്തില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ ഒരു ശത്രുതാഭാവവും ഉയരരുതെന്നും, പരസ്പരം അംഗീകരിച്ച് ഒരു കുടുംബമായി അന്യോന്യം സഹായിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഇന്നു നേരിടുന്ന അഭൂതപൂര്‍വ്വമായ പ്രതിസന്ധി യൂറോപ്പിനെ മാത്രമല്ല, ലോകത്തെ മൊത്തമായി ബാധിക്കാന്‍ സാദ്ധ്യതയുള്ളതാണ്. അതിനാല്‍ ഐക്യദാര്‍ഢ്യവും കൂട്ടായ്മയും പ്രകടമാക്കാനുള്ള ഈ അടിയന്തിര ഘട്ടം തള്ളിക്കളയാതെ, നവമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കായി രാജ്യങ്ങള്‍ മനം തുറക്കണമെന്ന് പാപ്പാ അപേക്ഷിച്ചു. ഇനി മറിച്ച് സ്വാര്‍ത്ഥതാല്പര്യങ്ങളുടെ ഒരു നിലപാടാണ് എടുക്കുന്നതെങ്കില്‍ രാജ്യങ്ങള്‍ പഴയ അവസ്ഥയിലേയക്ക് തിരികെപ്പോകുമെന്നും, അത് സഹവര്‍ത്തിത്വത്തിന്‍റെ അസ്തിത്വത്തെ തകിടംമറിക്കുകയും, ഭാവിതലമുറയുടെ വികസനത്തെ തച്ചുടയ്ക്കുകയും ചെയ്യുമെന്നും പാപ്പാ താക്കീതുനല്കി.

9. വിഭാഗീയത അരുത്!
വിഭാഗീതയ്ക്കുള്ള സമയവുമല്ലിത്! ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഇന്നും തുടരുന്ന സായുധ പോരാട്ടങ്ങള്‍ക്കെതിരെ ആഗോളതലത്തിലുള്ള വെടിനിറുത്തല്‍ പ്രഖ്യാപിക്കുവാനുള്ള ധൈര്യം  സംഘട്ടനങ്ങള്‍ക്ക് കാരണക്കാരായ രാഷ്ട്രത്തലവന്മാര്‍ക്കുണ്ടാകുവാനും ലോകത്തു സമാധാനംവളര്‍ത്തുവാനും സമാധാനരാജാവായ ക്രിസ്തു രാജ്യങ്ങളെ പ്രകാശിപ്പിക്കട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിച്ചു.

10. ആയുധങ്ങള്‍ അടിയറവയ്ക്കാം
സമൂഹത്തിന്‍റെ നന്മയ്ക്കും, രോഗികളെ പരിചരിക്കുവാനും, ജീവന്‍ രക്ഷിക്കുവാനുമായി ചെലവഴിക്കേണ്ട പണംകൊണ്ട് ആയുധപ്പുര നിറയ്ക്കുവാനോ, ആയുധനിര്‍മ്മാണവും വില്പനയും തുടരുവാനോ ഉള്ള സമയമല്ലിതെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.
സിറിയയില്‍ ഇത്രയേറെ രക്തച്ചൊരിച്ചിലും, യെമനില്‍ സംഘട്ടനവും, ഇറാക്കിലും ലെബനോണിലും വലിയ ശത്രുതയും വളര്‍ത്തിയിട്ടുള്ള നീണ്ട യുദ്ധങ്ങള്‍ അവസാനിപ്പിക്കുവാനുള്ള സമയമാവട്ടെ ഇതെന്ന് പാപ്പാ ആവര്‍ത്തിച്ചു. മാത്രമല്ല പലസ്തീന്‍-ഇസ്രായേല്‍ നീണ്ടകാല ഭിന്നിപ്പ് അവസാനിപ്പിച്ച് ശാശ്വതമായൊരു പരിഹാരത്തിലേയ്ക്കു നീങ്ങുവാനും, ഇരുപക്ഷവും സമാധാനത്തില്‍ ജീവിക്കുവാനും തുടക്കമിടാനുള്ള നല്ല സമയമാണിതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

11. യുദ്ധവും കലാപങ്ങളും
ഭീകരപ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കാം

കൂടാതെ ഉക്രയിന്‍പോലുള്ള കിഴക്കന്‍ യൂറോപ്യന്‍ പ്രവിശ്യകളില്‍ തുടരുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ അവസാനിപ്പിച്ച്, ജനതകളുടെ യാതനകള്‍ ശമിപ്പിക്കുവാന്‍ ഈ സമയം മാടിവിളിക്കുന്നെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. അതുപോലെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിര്‍ദ്ദോഷികളായ ജനങ്ങള്‍ക്കെതിരെ ഇനിയും തുടരുന്ന നിരന്തരമായ ഭീകരാക്രമണങ്ങള്‍ നിര്‍ത്തലാക്കുവാന്‍ മാനവികതയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്ന പകര്‍ച്ചവ്യാഥിയുടെ ഈ സമയത്ത് ഭീകരപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നവരുടെ മനസ്സുകളെ ഉത്ഥിതന്‍ മാസാന്തരപ്പെടുത്തട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിച്ചു.

12.  കൊറോണയ്ക്കിടെ മറ്റു പ്രതിസന്ധികള്‍ മറക്കരുത്
മറവി നടിക്കേണ്ട സമയമല്ലിത്. കൊറോണരോഗബാധമൂലം മാനവകുലം നേരിടുന്ന ക്ലേശങ്ങള്‍മൂലം മാനവികതയുടെ മറ്റു പ്രതിസന്ധികളെ നമുക്ക് മറന്നുകളയാനാവില്ല. ഏഷ്യയിലും ആഫ്രിക്കയിലും, മൊസാംബിക്കിന്‍റെ വടക്കന്‍ പ്രവിശ്യയായ കാബോ ദേലാഗോ പോലുള്ള ഇടങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന ഭീദിതമായ മാനവിക പ്രതിസന്ധികളില്‍ ദൈവം തുണയാവട്ടെ! അതുപോലെ യുദ്ധവും കലാപങ്ങളും വരള്‍ച്ചയും ദാരിദ്ര്യവും മൂലം നാടുവിട്ടിറങ്ങുവാനും, അമാനുഷികമായ ചുറ്റുപാടുകളില്‍ ജീവിക്കുവാനും ഇടയായിട്ടുള്ള അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും, അക്കൂട്ടത്തിലുള്ള കുട്ടികളെയും, പ്രത്യേകിച്ച് ലിബിയയിലും, ഗ്രീസിന്‍റെയും തുര്‍ക്കിയുടെയും അതിര്‍ത്തികളില്‍ ഉള്ളവരെ ദൈവം കാത്തുപാലിക്കട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിച്ചു. വളരെ ക്രൂരമായ രാഷ്ട്രിയ സാമൂഹ്യ സാമ്പത്തിക ആരോഗ്യ പ്രതിസന്ധികള്‍ നേരിട്ടുന്ന വെനസ്വേലയിലെ ജനങ്ങളെ ദൈവകരങ്ങളില്‍ പാപ്പാ സംരക്ഷണയ്ക്കായ് സമര്‍പ്പിച്ചു.

13. ഉപസംഹാരം
നിസംഗത, സ്വാര്‍ത്ഥത, വിഭാഗിയത, മറവി എന്നിവ ഇക്കാലയളവില്‍ ഒരിടത്തും കേള്‍ക്കേണ്ട വാക്കുകളല്ല. ഈ വാക്കള്‍ക്ക് മനുഷ്യര്‍ എന്നേയ്ക്കുമായി വിലക്കുകല്പിക്കേണ്ട കാലമായെന്ന് ഉപസംഹാരമായി പാപ്പാ സമര്‍ത്ഥിച്ചു. ദൈവത്തെ മറന്നു നാം ജീവിച്ച് മനസ്സിലും ഹൃദയത്തിലും യേശു ഇല്ലാതാകുമ്പോള്‍, ഭീതിയും മരണവും നമ്മെ കീഴ്പ്പെടുത്തുകയും, അവിടെ തിന്മക വാഴുകയും ചെയ്യുന്നുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. മരണത്തെ  വെന്നു, നമുക്കായി നിത്യരക്ഷയുടെ വഴിതെളിച്ച ക്രിസ്തു വേദനിക്കുന്ന മാനവകുലത്തിന്‍റെ ആത്മീയാന്ധത അകറ്റി ദിവ്യപ്രകാശത്തിന്‍റെ മഹത്വപൂര്‍ണ്ണമായ ദിനത്തിലേയക്ക്, അറുതിയില്ലാത്ത ദൈവികനന്മയുടെ നാളുകളിലേയ്ക്ക് നമ്മെ നയിക്കുമാറാകട്ടെ! ഈ സന്ദേശത്തോടെ താന്‍ എവര്‍ക്കും ഉത്ഥാനമഹോത്സവത്തിന്‍റെ ആശംസകള്‍ നേരുന്നു... എന്നു പ്രസ്താവിച്ചുകൊണ്ട് സന്ദേശം ഉപസംഹരിച്ചു.

14. അപ്പസ്തോലിക ആശീര്‍വ്വാദം
തുടര്‍ന്ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ശ്രേഷ്ഠപുരോഹിതനുമായ കര്‍ദ്ദാനാള്‍ ആഞ്ചലോ കൊമാസ്ട്രി പാപ്പായുടെ ഈസ്റ്റര്‍ സന്ദേശത്തിന് നന്ദിയര്‍പ്പിക്കുകയും, ഈ സന്ദേശം നേരിട്ടും, അല്ലാതെ മാധ്യമങ്ങളിലൂടെയും കാണുകയും കേള്‍ക്കുകയും ചെയ്ത എല്ലാവര്‍ക്കും പൂര്‍ണ്ണദണ്ഡവിമോചന പ്രാപ്തിയുള്ള അപ്പസ്തോലിക ആശീര്‍വ്വാദം നല്കണമേയെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് ലത്തീന്‍ ഭാഷയില്‍ ആമുഖപ്രാര്‍ത്ഥനചൊല്ലിയിട്ടാണ് പാപ്പാ ഫ്രാന്‍സിസ് വെളുത്ത ഉത്തരീയം അണിഞ്ഞുകൊണ്ട് അപ്പസ്തോലിക ആശീര്‍വ്വാദം നല്കിയത്.

ഗാനമാപലിച്ചത് കെസ്റ്ററും ബിജുനാരായണനും,  രചന പ്രഫസര്‍  മാത്യു  ഉലകംതറ,
സംഗീതം ജെറി അമല്‍ദേവ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 April 2020, 14:09