ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ പെസഹാ വ്യാഴാഴ്ച തിരുവത്താഴ ദിവ്യബലിയർപ്പിക്കുന്നു, 09/04/2020 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ പെസഹാ വ്യാഴാഴ്ച തിരുവത്താഴ ദിവ്യബലിയർപ്പിക്കുന്നു, 09/04/2020 

നമ്മെ സേവിക്കാൻ, കഴുകി ശൂദ്ധീകരിക്കാൻ കർത്താവിനെ അനുവദിക്കുക!

ഫ്രാൻസീസ് പാപ്പാ, പെസഹാവ്യാഴാഴ്ച (09/04/20) വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, വിശ്വാസികളുടെ സാന്നിധ്യമില്ലാതെ തിരുവത്താഴ ദിവ്യബലി അർപ്പിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സേവനം, സ്വർഗ്ഗരാജ്യ പ്രവേശനത്തിന് അനിവാര്യ വ്യവസ്ഥയാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

പെസഹാവ്യാഴാഴ്ച (09/04/20) വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, അർപ്പിച്ച തിരുവത്താഴ ദിവ്യബലി മദ്ധ്യേ നടത്തിയ സുവിശേഷ പ്രഭാഷണത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞത്.

കൊറോണവൈറസ് ലോകത്തിൽ സംജാതമാക്കിയിരിക്കുന്ന പ്രത്യേക സാഹചര്യം മൂലം വിശ്വാസികളുടെ അസാന്നിധ്യത്തിലായിരുന്നു പാപ്പായുടെ ദിവ്യപൂജാർപ്പണം. 

പെസഹാ വ്യാഴാഴ്ച പതിവുള്ള വിശുദ്ധ തൈലാശീർവ്വാദ ദിവ്യപൂജ, ഇന്നത്തെ സാഹചര്യത്തിൽ, ഇത്തവണ അർപ്പിക്കാൻ കഴിയാതിരുന്നതിനെക്കുറിച്ച്സൂചിപ്പിച്ച പാപ്പാ പന്തക്കൂസ്താ തിരുന്നാളിനു മുമ്പ് അതു സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും അല്ലാത്ത പക്ഷം അത് അടുത്ത വർഷത്തേക്കു മാറ്റി വയ്ക്കേണ്ടി വരുമെന്ന് പറയുകയും ചെയ്തു.

നമ്മെ ശുശ്രൂഷിക്കാൻ, നമ്മെ കഴുകി ശുദ്ധീകരിക്കാൻ നാം കർത്താവിനെ അനുവദിക്കേണ്ടതിൻറെ പ്രാധാന്യവും പാപ്പാ, അന്ത്യഅത്താഴ സമയത്ത് പാദക്ഷാളന വേളയിൽ യേശുനാഥനും പത്രോസും തമ്മിൽ നടത്തുന്ന സംഭാഷണത്തെ ആധാരാമാക്കി (യോഹന്നാൻ 13,6-9) ചൂണ്ടിക്കാട്ടി.

ദൈവത്തിൻറെ ദാസൻ നമ്മുടെ ശുശ്രൂഷകനാകണം, നമ്മെ സേവിക്കണം എന്നത് മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു കാര്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

നമ്മെ സേവിക്കാനും നമ്മെ കഴുകാനും നമ്മെ വളർത്താനും നമുക്കു മാപ്പേകാനും നാം കർത്താവിനെ അനുവദിച്ചില്ലെങ്കിൽ ദൈവരാജ്യം അവകാശമാക്കാൻ നമുക്കു സാധിക്കില്ല എന്ന് പാപ്പാ വിശദീകരിച്ചു.

നാം ശുദ്ധീകരിക്കപ്പെടേണ്ടവരാണ് എന്ന ബോധ്യത്തോടുകൂടി മാപ്പു നല്കുന്നവരാകണമെന്ന് പാപ്പാ വൈദികരെ ഓർമ്മിപ്പിച്ചു.

നാമെല്ലാവരും, വൈദികരും മെത്രാന്മാരും പാപ്പായും, പാപികളാണെന്നും പാപപ്പൊറുതി അപേക്ഷിക്കണമെന്നും പാപ്പാ പറഞ്ഞു.

കൊറോണവൈറസ്- കോവിദ് 19 ദുരന്തം ജീവനപഹരിച്ച അനേകം വൈദികരെ പാപ്പാ അനുസ്മരിച്ചു. 

ചില വൈദികരുടെ ദുഷ്ചെയത്കളുടെ ഫലമായി മറ്റു വൈദികർ നിന്ദിക്കപ്പെടുന്നതും അവർക്ക് പുറേക്കിറങ്ങാൻ കഴിയാത്ത ഒരു അവസ്ഥയുണ്ടാകുന്നതുമായ സംഭവങ്ങളെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

എന്നാൽ ക്ഷമിക്കാനുള്ള ധൈര്യം വൈദികർക്കുണ്ടാകണമെന്നും മാപ്പു നല്കുന്നതിൽ വിശാലഹൃദയരായിരിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 April 2020, 14:45