ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 14/03/2020 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 14/03/2020 

പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് പാപ്പായുടെ പ്രാര്‍ത്ഥനാസഹായം!

ഇടയനെ തേടുന്ന ദൈവജനം, ഫ്രാന്‍സീസ് പാപ്പായുടെ സുവിശേഷ ചിന്തകള്‍!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കൊറോണ വൈറസ് ബാധിതര്‍ക്കും കോവിദ്-19 രോഗം പിടിപെട്ടവര്‍ക്കും വേണ്ടി ഫ്രാന്‍സീസ് പാപ്പാ പ്രാര്‍ത്ഥന തുടരുന്നു. 

വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ശനിയാഴ്ച (14/03/20) രാവിലെ അര്‍പ്പിച്ച ദിവ്യബലി വേളയിലാണ് ഇന്ന് ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തുകയും ജനജീവിതത്തെ നിശ്ചലമാക്കുകയും ചെയ്തിരിക്കുന്ന കൊറോണ രോഗാണു മൂലം യാതനകളനുഭവിക്കുന്നവര്‍ക്കായി പാപ്പാ പ്രാര്‍ത്ഥിച്ചത്.

കോറോണവൈറസ് സംക്രമണം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തം ഈ ദിവ്യബലിയില്‍ പാപ്പാ ഒഴിവാക്കിയിരിക്കയാണ്.

പാപ്പാ ഈ ദിവസങ്ങളില്‍ സാന്തമാര്‍ത്ത കപ്പേളയില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബ്ബാനയില്‍ വിശ്വാസികള്‍ക്ക് വിനിയമാദ്ധ്യമങ്ങളിലൂടെ പങ്കുചേരുന്നതിനുള്ള സംവിധാനം വത്തിക്കാന്‍ ഒരുക്കിയിട്ടുണ്ട്. 

ഇന്നത്തെ അവസ്ഥയില്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവയുള്‍പ്പടെയുള്ള എല്ലാ കുടുംബങ്ങളെയും പാപ്പാ പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ചു.

ദിവ്യബലിമദ്ധ്യേ പാപ്പാ പങ്കുവച്ച സുവിശേഷ ചിന്തകള്‍ സുവിശേഷം അവതരിപ്പിക്കുന്ന, പാപികളോടുകൂടി ഭക്ഷണം കഴിക്കുന്ന യേശുവിനെയും ധൂര്‍ത്തപുത്രനെയും കാരുണ്യവാനായ പിതാവിനെയും കേന്ദ്രീകരിച്ചായിരുന്നു. 

തങ്ങള്‍ക്ക് രക്ഷ ആവശ്യമുണ്ടെന്ന ബോധ്യത്താല്‍ കര്‍ത്താവിനെ, ഒരു മാര്‍ഗ്ഗദര്‍ശിയെ, ഒരു ഇടയനെ തേടിവരുന്ന ജനതതിയെ ആണ് സുവിശേഷത്തില്‍ കാണുന്നതെന്ന് പാപ്പാ വിശദീകരിച്ചു.

ജീവിതയാത്രയില്‍ തങ്ങളെ സഹായിക്കാന്‍ കഴിയുന്ന ഒരു ഇടയനെ  അവര്‍ യേശുവില്‍ ദര്‍ശിക്കുന്നവെന്നും പാപ്പാ പറഞ്ഞു.

എന്നാല്‍ രക്ഷ ആവശ്യമുണ്ടെന്ന ബോധ്യമുള്ള പാപികളെന്ന് സ്വയം തിരിച്ചറിയുന്ന ജനത്തെ നിന്ദിക്കുന്ന ഒരു വിഭാഗത്തെയും, അതായത് ഫരിസേയരെയും നിയമജ്ഞരെയും ലൂക്കായുടെ സുവിശേഷം 15-Ↄ○ അദ്ധ്യായത്തില്‍ കാണുന്നതും പാപ്പാ അനുസ്മരിച്ചു.

തന്‍റെ വിഹിതം ചോദിച്ചു വാങ്ങുകയും, ദൂരദേശത്തു പോയി എല്ലാം ധൂര്‍ത്തടിക്കുകയും ചെയ്തതിനു ശേഷം അനുതപിച്ചു തിരിച്ചു വരുന്ന മകനെ ഒരക്ഷരം ഉരിയാടാതെ ആലിംഗനം ചെയ്തു ഉമ്മ വയ്ക്കുകയും ആ മകനു വേണ്ടി വിരുന്നൊരുക്കുകയും ചെയ്യുന്ന കാരുണ്യവാനായ പിതാവിനെയാണ് നാം കണ്ടുമുട്ടുന്നെതെന്നും എന്നാല്‍ ആ പിതാവിനടൊപ്പം ജീവിച്ചിരുന്ന ഒരു മകന്‍ പിതാവിന്‍റെ ചെയ്തതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നതു കാണാമെന്നും പാപ്പാ വിശദീകരിച്ചു.

ആവശ്യക്കാരെയും ദരിദ്രരെയും എളിയവരെയും സഹായിക്കുമ്പോള്‍ സഭയെയും ഇതര സഹായികളെയും വിമര്‍ശിക്കുന്നവര്‍ ഇന്നു ധാരാളമുണ്ടെന്നും അതിനു കാരണം ഒരു കുടുംബത്തില്‍ വസിക്കുന്നെങ്കിലും കുടുംബാംഗമാണെന്ന അവബോധം ഇല്ലാത്തതും പിതൃപുത്ര ബന്ധത്തിന്‍റെയും സാഹോദര്യബന്ധത്തിന്‍റെയും അഭാവവുമാണെന്നും ഇവിടെ പ്രകടമാകുന്നത് സഹപ്രവര്‍ത്തര്‍കര്‍ തമ്മിലുള്ള ഒരുതരം ബന്ധം മാത്രമാണെന്നും പാപ്പാ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 March 2020, 12:55