ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍  09/03/2020 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 09/03/2020 

കൊറോണ വൈറസ് ബാധിതര്‍ക്കായി പാപ്പായുടെ ദിവ്യപൂജ!

കൊറോണ വൈറസ് ബാധിതര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും പാപ്പായുടെ പ്രാര്‍ത്ഥനാ സഹായവും സാമീപ്യവും!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കൊറോണ രോഗാണു ബാധിതരോടും അവരുടെ കുടുംബാംഗങ്ങളോടും കൊറോണ വൈറസ് മൂലമുള്ള “കോവിദ് 19” രോഗം പിടിപെട്ടവരെ ചികിത്സിക്കുന്നവരോടും സന്നദ്ധസേവകരോ‌ടുമുള്ള തന്‍റെ സാമീപ്യം മാര്‍പ്പാപ്പാ അനുദിന ദിവ്യപൂജാര്‍പ്പണത്തിലൂടെ പ്രകടിപ്പിക്കുന്നു.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍, താന്‍ അര്‍പ്പിക്കുന്ന പ്രത്യുഷ ദിവ്യപൂജ അവര്‍ക്കു വേണ്ടിയായിരിക്കുമെന്ന് തിങ്കളാഴ്ച (09/03/20) രാവിലെ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ നടത്തിയ വചിന വിശകലന വേളയില്‍ ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു.

കൊറോണ വൈറസ് സംജാതമാക്കിയിരിക്കുന്ന പ്രത്യേസ സാഹചര്യം കണക്കിലെടുത്തു വിശ്വാസികളുടെ നേരിട്ടുള്ള ഭാഗഭാഗിത്വം, പാപ്പാ ഈ ദിവസങ്ങളില്‍ ഈ കപ്പേളയില്‍ അര്‍പ്പിക്കുന്ന ദിവ്യ പൂജയില്‍ ഒഴിവാക്കിയിരിക്കയാണ്. 

എന്നാല്‍ പാപ്പാ അനുദിനം പ്രാദേശിക സമയം രാവിലെ 7 മണിക്ക്, ഇന്ത്യയിലെ സമയം 11.30-ന് അര്‍പ്പിക്കുന്ന  ഈ വിശുദ്ധ കുര്‍ബ്ബാനയില്‍ വിശ്വാസികള്‍ക്ക് ദൃശ്യ-ശ്രവ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുചേരുന്നതിനുള്ള സംവിധാനങ്ങള്‍ വത്തിക്കാന്‍ ഒരുക്കിയിട്ടുണ്ട്.

കര്‍ത്താവേ, എന്നെ രക്ഷിക്കേണമേ, എനിക്കു കൃപയേകണമേ. എന്‍റെ പാദം നേര്‍ വഴിയിലായിരിക്കട്ടെ. സമൂഹമൊരുമിച്ച് ഞാന്‍ കര്‍ത്താവിനെ വാഴ്ത്തും” എന്ന് ഈ ആഴ്ചയില്‍ പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ദിവ്യബലിയില്‍ ദൃശ്യ-ശ്രവ്യ മാദ്ധ്യമങ്ങളിലൂടെ  സംബന്ധിക്കുന്ന എല്ലാവരെയും ക്ഷണിച്ചു.

തുടര്‍ന്ന് പാപ്പാ ദിവ്യബലിയില്‍ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളി‍ല്‍ ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നുള്ള ഭാഗം, അതായത്, പാപങ്ങള്‍ ഏറ്റു പറയുന്ന ഭാഗം, 9,4-10, വരെയുള്ള വാക്യങ്ങള്‍ വിശകലനം ചെയ്തു.

തങ്ങള്‍ പാപം ചെയ്തുവെന്നും കര്‍ത്താവിന്‍റെ കല്പനകള്‍ ലംഘിച്ചുവെന്നും എന്നാല്‍ കര്‍ത്താവ് വിശ്വസ്തനാണെന്നും ജനങ്ങള്‍ തിരിച്ചറിയുന്ന സംഭവം അനുസ്മരിച്ച പാപ്പാ നമ്മള്‍ പാപസങ്കീര്‍ത്തന കൂദാശയ്ക്ക് അണയുമ്പോള്‍ ആത്മശോധന ചെയ്യേണ്ടതിന്‍റെ, ദൈവതിരുമുമ്പില്‍ ചെയ്തത് എന്താണെന്ന് ചിന്തിക്കേണ്ടതിന്‍റെ  അനിവാര്യത ചൂണ്ടിക്കാട്ടി.

പാപാവബോധം പുലര്‍ത്തുകയെന്നത് ചെയ്തുപോയ പാപങ്ങളുടെ ഒരു പട്ടിക നിരത്തുക മാത്രമല്ല പാപപ്പൊറുതി യാചിക്കലുമാണെന്നും അത് ഹൃദയത്തില്‍ നിന്നു വരേണ്ടതാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

ചെയ്തുപോയ പാപത്തെക്കുറിച്ച് ലജ്ജിക്കേണ്ടതുണ്ടെന്നും ഈ ലജ്ജയുടെ അഭാവത്തില്‍ ഒരുവന് അവന്‍റെ ധാര്‍മ്മിക ശക്തിയും അപരനോടുളള ആദരവും കൈമോശം വരുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

കൊറോണ രോഗാണു സംക്രമണവും ഈ വൈറസ് മൂലമുള്ള കോവിദ് 19 രോഗ ബാധയും തടയുന്നതിനുള്ള മുന്‍കരുതലുകള്‍ വത്തിക്കാനും സ്വീകരിച്ചിരിക്കുന്നു.

ഇതിന്‍റെ ഭാഗമായി, ത്രികാലജപം, പ്രതിവാരപൊതുകൂടിക്കാഴ്ച, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ രാവിലെ അര്‍പ്പിക്കുന്ന ദിവ്യബലി തുടങ്ങിയ ജനപങ്കാളിത്തമുള്ള പാപ്പായുടെ പരിപാടികളിലുള്ള ഭാഗഭാഗിത്തം മാദ്ധ്യമങ്ങളിലൂടെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഇതിനു പുറമെ വത്തിക്കാന്‍ മ്യൂസിയം, വത്തിക്കാനിലുള്ള ഭൂഗര്‍ഭസ്ഥാന സന്ദര്‍ശന കാര്യാലയം, ബസിലിക്കകളിലെ സന്ദര്‍ശന കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇക്കൊല്ലം എപ്രില്‍ 3 വരെ താല്ക്കാലികമായി അടച്ചിരിക്കയാണ്.

കൊറോണ വൈറസ് ആശങ്കാജനകമാംവിധം അതിവേഗം പടര്‍ന്നിരിക്കുന്ന ഇറ്റലിയില്‍ അവസ്ഥ നിയന്ത്രണവിധേയമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന കരുതല്‍ നടപടികളോടു സഹകരിച്ചുകൊണ്ടാണ് വത്തിക്കാന്‍റെ ആരോഗ്യവകുപ്പ് (Health and Hygiene Directorate of the Vatican City State) ഈ നിര്‍ദ്ദേശങ്ങള്‍ നല്കിയിരിക്കുന്നത്.   

തിങ്കളാഴ്ച (09/03/20) ഉച്ചവരെ ലഭിച്ച കണക്കനുസരിച്ച് ലോകത്തിലെ 109 നാടുകളിലായി കൊറോണ വൈറസ് ബാധിതരുടെ സംഖ്യ 110300 കവിഞ്ഞു. ഈ രോഗാണു കാരണമായ കോവിദ് 19 രോഗം മൂലം മരണമടഞ്ഞവര്‍ 3900-ത്തോടടുത്തു.

ഈ രോഗ ബാധിതരില്‍ 62400 പേര്‍ സൗഖ്യം നേടി.

ചൈന കഴിഞ്ഞാല്‍ മരണസംഖ്യം ഏറ്റവും കൂടുതല്‍ ഇറ്റലിയിലാണ്. രേഖപ്പെടുത്തപ്പെട്ട കണക്കനുസരിച്ച് ചൈനയില്‍ 3120-ഉം, ഇറ്റലിയില്‍ 366-ഉം ആണ് മരിച്ചവര്‍. കൊറോണ വൈറസ് ബാധിച്ചിട്ടുള്ളവരുടെ സംഖ്യയും ഏറ്റവും കൂടുതല്‍ ചൈനയിലാണ്- 80738. രണ്ടാം സ്ഥാനത്തു വരുന്നത് ദക്ഷിണ കൊറിയ ആണ്, 7478.

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ സംഖ്യ 40 കടന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 March 2020, 12:33