2020.03.09 Messa Casa Santa Marta 2020.03.09 Messa Casa Santa Marta 

പാപ്പായുടെ “ഓണ്‍ലൈന്‍” ദിവ്യബലി കൊറോണ രോഗികള്‍ക്കുവേണ്ടി

മാര്‍ച്ച് 11-Ɔο തിയതി ബുധനാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലിയിലെ സുവിശേഷ ചിന്തകള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഈ ദിവ്യബലി കാണുന്നതിനുള്ള  ലിങ്ക്- ഇംഗ്ലിഷ് തത്സമയം  വിവരണത്തോടെ :  https://www.youtube.com/watch?v=lVM5QK4icY0

1. പീഡനങ്ങളെക്കുറിച്ചുള്ള പ്രവാചകശബ്ദം
ആദ്യവായന ജെറമിയ പ്രവാചകന്‍റെ ഗ്രന്ഥത്തില്‍നിന്നും പ്രവാചകന്‍റെ യാതനകളെക്കുറിച്ചാണെങ്കിലും ക്രിസ്തുവിന്‍റെ പീഡകളെക്കുറിച്ചുള്ള പ്രവാചകശബ്ദമാണ് അവിടെ ശ്രവിക്കുന്നതെന്ന് പാപ്പാ പരാമര്‍ശിച്ചു. പ്രവാചകനെ നാവുകൊണ്ടു തകര്‍ക്കുവാനും, അവന്‍റെ ജീവിതം ക്ലേശകരമാക്കുവാനും ജനം പ്രതികാരത്തിന്‍റെ വഴി തിരഞ്ഞെടുത്തത് പ്രവാചകന് എതിരായ നീക്കമായിരുന്നെങ്കിലും, അത് ക്രിസ്തുവിന്‍റെ പീഡകള്‍ക്ക് സമാന്തരമായ പ്രവചനശബ്ദമാണെന്ന് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു (ജെറമി. 18, 18-20). അവിടുന്നു ജരുസലേമിലേയ്ക്കു പോകാമെന്നു പറയുന്നതും, മനുഷ്യപുത്രന്‍ അവിടെ പീഡികളും നിന്ദനവും ഏറ്റു മരിക്കുമെന്നും ശിഷ്യന്മാരോടു ക്രിസ്തു പറയുന്നുണ്ട്. ജരൂസലേമില്‍ സംഭവിച്ചത് വെറുമൊരു മരണ വിധിയായിരുന്നില്ല, വെറുപ്പും വിദ്വേഷവും ഏറെ നിന്ദ്യമായ തരംതാഴ്ത്തലും കലര്‍ന്ന പ്രതികാരമായിരുന്നെന്നു പാപ്പാ വിശദീകരിച്ചു.

2. പീഡനങ്ങള്‍ക്കു പിന്നിലെ വിദ്വേഷം
ഇന്നത്ത ക്രൈസ്തവ പീഡനത്തില്‍ സ്പഷ്ടമായി നിഴലിക്കുന്ന ഉഗ്രവിദ്വേഷം ഏറെ പൈശാചികമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. പിശാച് ആദ്യം ലൗകായത്വത്തിലേയ്ക്ക് പ്രലോഭിപ്പിക്കും. അതു ഫലിക്കാതെ വരുമ്പോള്‍ പൈശാചികമായ വിദ്വേഷംകൊണ്ട് വ്യക്തിയെ നശിപ്പിക്കാന്‍ ശ്രമിക്കും. മരുഭൂമിയില്‍ യേശു സഹിച്ച പ്രലോഭനങ്ങള്‍ അതു വ്യക്തമാക്കുന്നത് പാപ്പാ വചനചിന്തയില്‍ ചൂണ്ടിക്കാട്ടി. ഇന്നത്തെ ക്രൈസ്തവ പീഡനങ്ങള്‍ വെറും കൊലപാതകങ്ങളല്ല, അവ പ്രതികാരത്തിന്‍റെയും വിദ്വേഷത്തിന്‍റെയും പൈശാചികമായ പീഡനങ്ങളാണെന്ന് പാപ്പാ വചനചിന്തയില്‍ വ്യക്തമാക്കി. അയല്‍പക്കത്തെ മുസ്ലിം കുടുംബവുമായുണ്ടായ ചെറിയ വഴക്കില്‍ പാക്കിസ്ഥാനിലെ ആസിയ ബീബിയെന്ന അമ്മയെ ദൈവദൂഷണക്കുറ്റം ചുമത്തി 9 വര്‍ഷത്തില്‍ അധികം ജയിലില്‍ പാര്‍പ്പിച്ച സംഭവം പാപ്പാ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഓരോ സാമൂഹ്യ രാഷ്ട്രീയ മതപീഡനങ്ങള്‍ക്കും പിന്നില്‍ പൈശാചികമായ പ്രതികാരവും വിദ്വേഷവുമാണ്. പിശാച് ഇന്നും മനുഷ്യരുടെമദ്ധ്യേ പ്രവര്‍ത്തിക്കുകയും പീഡിപ്പിക്കുകയും ലോകത്ത് സമാധാനം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു.

3. വിദ്വേഷം ജനിപ്പിക്കുന്ന നിന്ദനം
പിറക്കാന്‍ പോകുന്ന സ്ത്രീയുടെ കുഞ്ഞിനെ ആര്‍ത്തിയോടെ വിഴുങ്ങാന്‍ കാത്തുനില്ക്കുന്ന സര്‍പ്പത്തെ വെളിപാടുഗ്രന്ഥം ചിത്രീകരിക്കുന്നുണ്ട് (വെളി. 12, 4). യേശുവിനോടൊപ്പം രണ്ടു കള്ളന്മാരും കുരിശില്‍ തറയ്ക്കപ്പെട്ടു. അവര്‍ കുരിശില്‍ കിടന്ന് വേദനിച്ചു മരിച്ചു. അവരെ ആരും നിന്ദിക്കുകയോ അപമാനിക്കുകയോ ചെയ്തില്ല. എന്നാല്‍ കുരിശില്‍ കിടക്കുമ്പോഴും അവര്‍ ക്രിസ്തുവിനെ നിന്ദനങ്ങള്‍ ഏല്പിച്ചു. യേശുതന്നെ അതു പറയുന്നുണ്ട്. തന്നെ അവര്‍ കുരിശില്‍ തറച്ചുകൊല്ലാന്‍ വിധിക്കും. പരിഹസിക്കും, പ്രഹരിക്കും. തന്നെ അവര്‍ പീഡിപ്പിക്കും. അപമാനിതനാക്കും. ഇതാണ് പൈശാചികമായ രീതി. ഇത് പിശാചിന്‍റെ പ്രതികാരവാഞ്ചയാണ്. ഇതാണ് ലോകത്തിന്‍റെ അരൂപി.

4. സ്ഥാനമോഹം ഒരു ഒളിച്ചോട്ടം
സെബദീ പുത്രന്മാരും അവരുടെ അമ്മയും ചേര്‍ന്ന് യേശുവിന്‍റെ മുന്നില്‍വയ്ക്കുന്ന പ്രത്യേക അഭ്യര്‍ത്ഥനയാണ് സുവിശേഷം വിവരിക്കുന്നത്. മക്കള്‍ക്കുവേണ്ട സ്ഥാനക്കയറ്റം, അവരുടെ ഭാവി ഉന്നമനമാണ്. അവിടുത്തെ രാജ്യത്തില്‍ ഒരാള്‍ ഇടതുവശത്തും അപരന്‍ വലതുവശത്തും ആയിരിക്കണമത്രേ! ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും, ജീവിതക്കുരിശുകളില്‍നിന്നും അകന്ന് സുഖമായി ജീവിക്കാന്‍ പിശാച് ചൂണ്ടിക്കാണിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ വളഞ്ഞവഴിയാണിതെന്ന് പാപ്പാ വ്യാഖ്യാനിച്ചു. ജീവിതക്കുരിശുകളില്‍നിന്നും ഒളിച്ചോടുവാനുള്ള മിഥ്യയായ ഒരു ലൗകിക അരൂപിയാണിത്. സ്ഥാനമോഹവും ലൗകിക വിജയവും നേട്ടവും ആഗ്രഹിക്കുന്ന ഇന്നിന്‍റെ മനസ്ഥിതിയാണ് സെബദികള്‍ പ്രകടമാക്കിയതെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. എന്നാല്‍ ജീവിതക്കുരിശുകളെ ഒഴിവാക്കുന്ന മനസ്ഥിതിയാണിതെന്നും, കുരിശുകളെ തള്ളിക്കളയാന്‍ ലൗകികമായ വഴികള്‍ തേടുന്നവന്‍ സുവിശേഷപാത വിട്ടു പോവുകയാണെന്നും പാപ്പാ വ്യക്തമാക്കി.

4. ദൈവാരൂപിയോടു പ്രാര്‍ത്ഥിക്കാം
പൈശാചികാരൂപി നമ്മെ വഴിതെറ്റിക്കുവാനും നശിപ്പിക്കുവാനും വ്യഗ്രതപ്പെട്ടു നടക്കുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയുവാനുള്ള വിവേകത്തിനായി പ്രാര്‍ത്ഥിക്കാം. മിഥ്യയായ സുഖംതേടി അലയാതെയും, ലൗകായത്വത്തിന്‍റെ സ്ഥാനമോഹവും അതിനുള്ള വളഞ്ഞവഴികളിലൂടെയും ചരിക്കാതെയും നന്മയില്‍ എന്നും നിലനില്ക്കുവാനുള്ള കരുത്തു നല്കണമേയെന്ന് പരിശുദ്ധാത്മാവിനോടു പ്രാര്‍ത്ഥിക്കണമെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു.

5. പ്രതികാരം പൈശാചികം
തീവ്രമായ കോപമുള്ളിടത്ത് വെറുപ്പു വര്‍ദ്ധിക്കുന്നു. വെറുപ്പ് പിശാചിന്‍റെ പ്രതികാര ബുദ്ധിയാണെന്ന് പാപ്പാ വ്യാഖ്യാനിച്ചു. നല്ല ഉദാഹരണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന നിര്‍ദ്ദോഷികളായ ക്രൈസ്തവരാണ്. സഭാ ചരിത്രത്തിലെ വിശുദ്ധാത്മാക്കളും രക്തസാക്ഷികളും നീതിയെപ്രതി പീഡനങ്ങള്‍ സഹിച്ച് മരണം വരിച്ചവരാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. ഒരു ക്രിസ്ത്യാനിയായതിനാല്‍ പാക്കിസ്ഥാനില്‍നിന്ന് കാനഡയിലേയ്ക്ക് ജീവരക്ഷാര്‍ത്ഥം ഒളിച്ചോടിയ ആസിയ ബിബിയെ അനുസ്മരിച്ചുകൊണ്ടും, ആ വ്യക്തിയോടും കുടുംബത്തോടും കാട്ടിയത് പൈശാചികമായ പ്രതികാരമായിരുന്നെന്നും പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് വചനസമീക്ഷ ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 March 2020, 17:46