2020.03.27 Preghiera in Piazza San Pietro con Benedizione Urbi et Orbi 2020.03.27 Preghiera in Piazza San Pietro con Benedizione Urbi et Orbi 

വത്തിക്കാനിലെ പ്രാര്‍ത്ഥനയില്‍ പാപ്പാ പങ്കുവച്ച ചിന്തകള്‍

#നമുക്കു പ്രാര്‍ത്ഥിക്കാം എന്ന ശുശ്രൂഷയിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ വചനപ്രഭാഷണം – പൂര്‍ണ്ണരൂപം.

- പരിഭാഷ : ഫാദര്‍ വില്യം നെല്ലിക്കല്‍ 

കൊറോണ രോഗബാധയില്‍നിന്നു ലോകത്തെ രക്ഷിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് നയിച്ച മാര്‍ച്ച് 27, വെള്ളിയാഴ്ചത്തെ ശുശ്രഷയിലെ വചനപ്രഭാഷണം :

1. ഗലീലിയക്കടലിലെ കൊടുങ്കാറ്റ്
“സായാഹ്നമായി ഇരുള്‍ മൂടിയിരുന്നു...” (മര്‍ക്കോസ് 4, 35). ഇങ്ങനെയാണ് യേശു കടലിനെ ശാന്തമാക്കിയ സംഭവം വിവരിക്കുന്ന മര്‍ക്കോസിന്‍റെ സുവിശേഷഭാഗം ആരംഭിക്കുന്നത്. നമ്മുടെ നഗരങ്ങളിലും ചത്വരങ്ങളിലും തെരുവുകളിലും ഈ നാളുകളില്‍ ഇരുള്‍ മൂടിയിരിക്കുകയാണ്. കാതടപ്പിക്കുന്ന ഒരു നിശ്ശബ്ദത എങ്ങും വ്യാപിക്കുകയും ഞങ്ങളുടെ ജീവിതങ്ങളെ അത് ഗ്രസിച്ചിരിക്കുകയും ചെയ്യുന്നു. കടന്നുപോകുന്ന എല്ലാറ്റിനെയും അത് പിടിച്ചുനിര്‍ത്തുന്നു. നിരാശാജനകമായ ഒരു ശൂന്യതയായിട്ടാണ് ഈ നിശ്ശബ്ദത എങ്ങും അനുഭവപ്പെടുന്നത്. ജനങ്ങളുടെ നോട്ടങ്ങളിലും ഭാവങ്ങളിലും അതു ശ്രദ്ധേയമാണ്. നാം നമ്മെത്തന്നെ ഭയക്കുന്നവരും, എല്ലാം നഷ്ടപ്പെട്ടവരുമായി കണ്ടെത്തിയിരിക്കുന്നു.

2. ലോകം അനുഭവിക്കുന്ന പ്രക്ഷുബ്ധമായ ജീവിതം
സുവിശേഷം വിവരിക്കുന്ന സംഭവത്തിലെ ശിഷ്യന്മാരെപ്പോലെ നമ്മളും അപ്രതീക്ഷിതവും പ്രക്ഷുബ്ധവുമായ ഒരു കൊടുങ്കാറ്റില്‍ അകപ്പെട്ടിരിക്കുകയാണ്. നാമെല്ലാം ഒരേ വഞ്ചിയിലാണെന്നും, നാമെല്ലാവരും ലക്ഷ്യബോധം നഷ്ടപ്പെട്ടവരും ബലഹീനരുമാണെന്നും അറിയുന്നു. പക്ഷെ, അതേ സമയം നാം ഓരോരുത്തരും അപരനെ ആശ്വസിപ്പിക്കേണ്ടതാണെന്നും, മുങ്ങാതിരിക്കണെങ്കില്‍ എല്ലാവരും ഒരുമിച്ചു തുഴയേണ്ടതിന്‍റെ ആവശ്യവും പ്രാധാന്യവും മനസ്സിലാക്കേണ്ടിയുമിരിക്കുന്നു. നാം എല്ലാവരും ഒരേ വഞ്ചിയിലാണ് ഉല്‍ണ്ഠയോടെ ഒരേസ്വരത്തില്‍ കേഴുന്നത്. “ഞങ്ങള്‍ മുങ്ങിപ്പോവുകയാണെ”ന്നു കേണപേക്ഷിച്ച ശിഷ്യന്മാരെപ്പോലെ (38), നമ്മള്‍ നമ്മെക്കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ്. പക്ഷെ, നമുക്കിപ്പോള്‍ മനസ്സിലാകാന്‍ തുടങ്ങുകയാണ് നമ്മെക്കുറിച്ചു മാത്രം ചിന്തയുള്ളവരായി ജീവിച്ചാല്‍പ്പോര, ഒത്തൊരുമിച്ചു മാത്രമേ ഈ ഭൂമയില്‍ മനുഷ്യര്‍ക്ക് ജീവിക്കുവാനും രക്ഷനേടുവാനും സാധിക്കൂ!

3. തോണിയുടെ അണയത്ത് ഉറങ്ങിയ ക്രിസ്തു
ക്രിസ്തുവും ശിഷ്യന്മാരും ഗലീലിയായുടെ മറുകരയിലേയ്ക്കു തോണിയില്‍ യാത്രചെയ്യവേ അനുഭവിച്ച കൊടുങ്കാറ്റില്‍ നമ്മെയും ഉള്‍ച്ചേര്‍ക്കുവാനും തിരിച്ചറിയുവാനും എളുപ്പമാണ്. ഇവിടെ മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുള്ളത് ക്രിസ്തുവിന്‍റെ മനോഭാവമാണ്. ശിഷ്യന്മാരെല്ലാം സ്വാഭാവികമായും ഭയചകിതരും നിരാശരുമായിരിക്കുമ്പോള്‍, അവിടുന്നു വഞ്ചിയുടെ ആദ്യം മുങ്ങിപ്പോകുന്ന ഭാഗമായ അണയത്ത് കിടന്ന് വിശ്രമിക്കുന്നു. അവിടുന്ന് എന്താണ് ചെയ്തത്? കൊടുങ്കാറ്റുണ്ടായിരുന്നെങ്കിലും പിതാവില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ക്രിസ്തു ശാന്തമായി ഉറങ്ങുകയായിരുന്നു. യേശു ഉറങ്ങുന്നതായി സുവിശേഷത്തില്‍ ഓരോയൊരു തവണ നാം കാണുന്നത് ഇവിടെയാണ്. അവിടുന്ന് ഉണര്‍ന്ന ഉടനെ കാറ്റിനെയും കടലിനെയും ശാന്തമാക്കി. എന്നിട്ട് ശിഷ്യന്മാര്‍ക്കു നേരെ തിരിഞ്ഞ് ശാസനാ സ്വരത്തില്‍ പറഞ്ഞു. നിങ്ങളെന്തിനാണ് പേടിക്കുന്നത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ? (40).

4. പതറിയ വിശ്വാസം
ഇനിയും നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം. യേശുവിന്‍റെ രീതിക്ക് വിരുദ്ധമായി എന്തായിരുന്നു ശിഷ്യന്മാരില്‍ നാം കാണുന്ന വിശ്വാസത്തിന്‍റെ പോരായ്മ? യേശുവില്‍  അവര്‍ക്കുള്ള വിശ്വാസം അറ്റുപോയിരുന്നില്ല. വാസ്തവത്തില്‍ അവര്‍ ഗുരുവിനെ വിളിച്ചപേക്ഷിക്കുകയാണു ചെയ്തത്. അവിടുത്തെ വിളിച്ചുണര്‍ത്തിയ രീതി നാം പരിശോധിക്കേണ്ടതാണ്. ഗുരോ, ഞങ്ങള്‍ നശിച്ചുപോകുന്നു. ഞങ്ങളെക്കുറിച്ച് അങ്ങേയ്ക്ക് ശ്രദ്ധയില്ലേ? (38). അങ്ങ് ശ്രദ്ധിക്കുന്നില്ലേ? അതായത്  യേശുവിന് അവരില്‍  താല്പര്യമില്ലെന്ന് ശിഷ്യന്മാര്‍ ചിന്തിച്ചു.
അവരെക്കുറിച്ച് ശ്രദ്ധയില്ലെന്ന് അവര്‍ വിചാരിച്ചു. നമ്മളെയും കുടുംബങ്ങളെയും ഏറ്റവുമധികം വേദനിപ്പിക്കുന്ന കാര്യങ്ങളിലൊന്ന്, “എന്നെക്കുറിച്ച് നിങ്ങള്‍ക്ക് ശ്രദ്ധയില്ലേ?” എന്നുള്ള പരാതി കേള്‍ക്കുമ്പോഴാണ്. ഹൃദയത്തെ മുറിപ്പെടുത്തുകയും, മനസ്സിലൊരു കൊടുങ്കാറ്റും കോളിളക്കവും സൃഷ്ടിക്കുന്ന വാക്യമാണിത്. തീര്‍ച്ചയായും അത്തരമൊരു പ്രയോഗം ശിഷ്യന്മാരില്‍നിന്നു വന്നത് യേശുവിനെയും പിടിച്ചു കുലുക്കിയിരിക്കാം. കാരണം, അവിടുന്ന് മറ്റാരെയുംകാള്‍ അവരില്‍ ശ്രദ്ധാലുവായിരുന്നു. അതുകൊണ്ടാണ് അവര്‍ ‌‌അവിടുത്തെ വിളിച്ചപേക്ഷിച്ചപ്പോള്‍ അവരുടെ ധൈര്യമില്ലായ്മയില്‍നിന്ന് അവിടുന്ന് ആദ്യം ശിഷ്യന്മാരെ രക്ഷിച്ചത്.

5. മാനുഷിക ദൗര്‍ബല്യത്തെ തുറന്നുകാട്ടിയ കൊടുങ്കാറ്റ്
ശിഷ്യന്മാരുടെ ബലഹീനതയെ കൊടുങ്കാറ്റ് തുറന്നു കാട്ടുകയാണ്. അതുപോലെ നമ്മുടെയും അനുദിന പരിപാടികളും പദ്ധതികളും ശീലങ്ങളും മുന്‍ഗണനകളും എന്തിനെ ചുറ്റിപ്പറ്റിയാണോ പടുത്തുയര്‍ത്തിയിരിക്കുന്നത് ആ വ്യാജവും ഉപരിപ്ലവവുമായ സുനിശ്ചിതത്വങ്ങളെ ജീവിതയാത്രയിലെ പ്രതിസന്ധികള്‍ പലപ്പോഴും പൊളിച്ചു മാറ്റും. നമ്മുടെ ജീവിതങ്ങളെയും സമൂഹങ്ങളെയും പരിപോഷിപ്പിക്കുകയും, നിലനിര്‍ത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങള്‍തന്നെ നമ്മെ ക്ഷീണിതരും ബലഹീനരുമാക്കി മാറ്റുവാന്‍ ഇടയാക്കുമെന്നാണ് ഗലീലിയക്കടലിലെ കൊടുങ്കാറ്റിന്‍റെ കഥ നമ്മെ പഠിപ്പിക്കുന്നത്. ജനങ്ങളെയും അവരുടെ ആത്മാക്കളെയും പരിപുഷ്ടരാക്കിയിരുന്നതെന്ന് വിശ്വസിച്ചിരുന്ന പൊതിഞ്ഞുകെട്ടിയ ആശയങ്ങളും, മറവിയില്‍ മൂടിവെച്ചിരുന്ന പഴയ രീതികളുമെല്ലാം കൊടുങ്കാറ്റു വെളിച്ചത്തുകൊണ്ടുവരുന്നു.

6. ജീവന്‍ ദൈവികദാനം
രക്ഷിക്കുമെന്ന് ഉറപ്പുനല്കിയ ചിന്താഗതികളും പ്രവര്‍ത്തന രീതികളുമെല്ലാം നമ്മുടെ വിശ്വാസ ബോധ്യത്തെ മന്ദീഭവിപ്പിക്കുകയും മരവിപ്പിക്കുകയുംചെയ്യുന്ന ശ്രമങ്ങള്‍ മാത്രമായിരുന്നു. പക്ഷെ നമുക്കുമുന്നേ കടന്നുപോയവരെക്കുറിച്ചുള്ള സ്മരണകള്‍ സജീവമായി സൂക്ഷിക്കുന്നതിലും, നമ്മുടെ വേരുകളെ തൊട്ടറിയിക്കുന്നതിലും അവയ്ക്ക് പ്രാപ്തിയില്ലെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. പ്രതിബന്ധങ്ങളെ നേരിടുവാനുള്ള  ശാരീരികമായ പ്രതിരോധങ്ങള്‍ കണ്ടെത്തുന്നതില്‍നിന്ന് നാം നമ്മെത്തന്നെ അകറ്റിനിര്‍ത്തുകയാണ്.  

ജീവിതത്തിന്‍റെ കൊടുങ്കാറ്റുകളില്‍ എല്ലായ്പ്പോഴും നമ്മുടെതന്നെ ചില സ്ഥിരം ചേരുവകകള്‍കൊണ്ടു ചമയം തീര്‍ത്ത്, സ്വന്തം പ്രതിഛായ സംരക്ഷിക്കുവാനുള്ള തത്രപ്പാടും വ്യാകുലപ്പെടലുമാണ് നാം കാട്ടിക്കൂട്ടുന്നത്. എന്നാല്‍‍ ഇന്നു നമ്മുടെ അഹന്തകള്‍ പ്രഭമങ്ങി നില്ക്കുകയും എടുപ്പുകളെല്ലാം വീണടിഞ്ഞു കിടക്കുകയും ചെയ്യുകയാണെന്ന സത്യം ദുരന്തം വെളിപ്പെടുത്തുന്നു. എല്ലാം നന്മയായി രൂപാന്തരപ്പെടുത്താന്‍, തിന്മകള്‍പോലും  നന്മയാക്കി മാറ്റാന്‍ കരുത്തുള്ള ദൈവികശക്തിയാണിത്. അവിടുന്ന നമ്മുടെ ജീവിതത്തിലെ കൊടുങ്കാറ്റു ശമിപ്പിക്കും, കാരണം ദൈവകരങ്ങളില്‍ ജീവന്‍ അമര്‍ത്ത്യമാണ്.

7. എന്തിനു ഭയപ്പെടുന്നു... വിശ്വാസമില്ലേ...!

“നിങ്ങളെന്തിന് ഭയപ്പെടുന്നു? നിങ്ങള്‍ക്ക് വിശ്വാസമില്ലേ?” അങ്ങയുടെ വാക്കുകള്‍ ഈ സായാഹ്നത്തില്‍ ഞങ്ങളെ എല്ലാവരെയും പ്രഹരിക്കുകയും ഒപ്പം തഴുകുകയും ചെയ്യുന്നു. ശക്തരാണെന്നും എന്തും ചെയ്യുവാന്‍ കരുത്തുള്ളവരാണെന്നുമുള്ള തോന്നലോടെ ഞങ്ങള്‍ സ്നേഹിക്കുന്നതിനെക്കാള്‍ അങ്ങു സ്നേഹിക്കുന്ന ഈ ലോകത്തില്‍ ഞങ്ങള്‍ ഭ്രാന്തവേഗത്തിലാണ് കുതിക്കുന്നത്. ലാഭത്തോടുള്ള ആര്‍ത്തിയാലും ധൃതിയാലും വഴിതെറ്റിയ ഞങ്ങള്‍ പല തിന്മകളിലും അകപ്പെട്ടുപോയി. ഞങ്ങള്‍ക്ക് അങ്ങു നല്കിയ താക്കീതുകള്‍ ഞങ്ങള്‍ കണക്കിലെടുക്കുകയോ, അവയെ തടയാന്‍ വഴിതേടുകയോ ചെയ്തില്ല. ലോകമെമ്പാടുമുള്ള യുദ്ധങ്ങളും അനീതിയും ഞങ്ങളെ ലവലേശം ഉണര്‍ത്തിയില്ല. രോഗാതുരമായ ഞങ്ങളുടെ ഭൂമിയുടെയും, അതിലെ പാവങ്ങളുടെയും കരച്ചില്‍ ഞങ്ങള്‍ ചെവിക്കൊണ്ടില്ല. രോഗഗ്രസ്ഥമായ ഒരു ലോകത്തില്‍ ആരോഗ്യവാന്മാരായിരിക്കാം എന്ന് ചിന്തിച്ചുകൊണ്ട് ആരോടും ഒന്നിനോടും പരിഗണനയൊന്നുമില്ലാതെ ഞങ്ങള്‍ ജീവിതം തുടരുകയായിരുന്നു. ഇപ്പോഴിതാ, ഞങ്ങള്‍ പ്രക്ഷുബ്ധമായ ഒരു കടലില്‍നിന്ന് അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. ദൈവമേ, അങ്ങ് ഉണര്‍ന്ന്, ഞങ്ങളെ രക്ഷിക്കണമേ!

8. വീണ്ടും വിളിക്കുന്ന ദൈവം
“എന്തിനു നിങ്ങള്‍ ഭയപ്പെടുന്നു? നിങ്ങള്‍ക്കു വിശ്വാസമില്ലേ?”   ദൈവമേ, അങ്ങ് ഇന്നും ഞങ്ങളെ വിളിക്കുകയാണ്, ഈ വിളി വിശ്വാസത്തിലേയ്ക്കുള്ള വിളിയാണ്. ഞങ്ങള്‍ ജീവിക്കുന്നത് അങ്ങിലേയ്ക്ക് അടുക്കുവാനും അങ്ങില്‍ വിശ്വസിക്കുന്നതിനുമാണ്. ഈ തപസ്സുകാലത്തും ജീവിതപ്രതിസന്ധിയിലും അങ്ങയുടെ വിളി അടിയന്തിരമായി ചുറ്റും പ്രതിധ്വനിക്കുന്നുണ്ട്. പ്രവാചകശബ്ദം ഇന്നും ഞങ്ങള്‍ കേള്‍ക്കുന്നു, “ഇനിയെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീര്‍പ്പോടും പൂര്‍ണ്ണഹൃദയത്തോടുംകൂടെ നിങ്ങള്‍ എന്‍റെ അടുക്കലേയ്ക്കു തിരികെ വരുവിന്‍” (ജോയേല്‍ 2, 12). അങ്ങയെ ഞങ്ങള്‍ വിളിക്കുന്നത് ഈ പരീക്ഷണത്തിന്‍റെ കാലത്തിന് അറുതിവരുത്തി അതൊരു തിരഞ്ഞെടുപ്പിന്‍റെ സമയമാക്കാനാണ്.

ഇത് ദൈവിക വിധിയുടെ സമയമല്ല, മറിച്ച് ‍ഞങ്ങളുടെ തിരഞ്ഞെടുപ്പിന്‍റെയും തീരുമാനത്തിന്‍റെയും സമയമാണ്. നന്മയ്ക്കും തിന്മയ്ക്കും, ഫലവത്തായവയ്ക്കും ഫലശൂന്യമായവയ്ക്കും ഇടയിലെ ഒരു തിരിഞ്ഞെടുപ്പിലേയ്ക്കാണ് അങ്ങു ഞങ്ങളെ വിളിക്കുന്നത്. ദൈവമേ, ഞങ്ങളുടെ ജീവിതങ്ങള്‍ അങ്ങിലേയ്ക്കും, അങ്ങേ നന്മയുടെ വഴിയിലേയ്ക്കും, സഹോദരങ്ങളിലേയ്ക്കും ഞങ്ങള്‍ തിരിക്കേണ്ട അവസരമാണിത്. ജീവിതവഴികളില്‍ മാതൃകയാക്കാവുന്ന എത്രയോ നല്ല മനുഷ്യര്‍, എത്രയെത്ര വിശുദ്ധാത്മാക്കള്‍ അവര്‍ ഭീതിയോടെയെങ്കിലും വിശ്വസ്തതയോടെ ജീവിതം സമര്‍പ്പിച്ചവരാണ്.

9. സഹോദരങ്ങള്‍ക്കായ് സ്വയാര്‍പ്പണംചെയ്തവര്‍
ഉദാരവും ധീരവുമായ സ്വയാര്‍പ്പണത്തിന്‍റെയും ആത്മനിരാസത്തിന്‍റെയും പാതയില്‍ പരിശുദ്ധാത്മാവിനാല്‍ പൂരിതമായ ശക്തിയാണ് അവരില്‍ കാണുന്നത്. എങ്ങനെ ഞങ്ങളുടെ ജീവിതങ്ങള്‍ സാധാരണ ജനങ്ങളുമായി ഇഴചേര്‍ത്തിരിക്കുന്നുവെന്നും, അവര്‍ക്കൊപ്പം നിലനില്ക്കുകയും,  വീണ്ടെടുക്കപ്പെടുകയും, വിലമതിക്കപ്പെടുകയും ചെയ്യുന്നവെന്നു വെളിവാക്കുന്ന പരിശുദ്ധാത്മാവിലുള്ള ജീവിതങ്ങളാണവ.

പത്രമാസികകളുടെ തലക്കെട്ടുകളിലോ പുതിയ "ടി.വി.ഷോ"യുടെ  ഗംഭീരന്‍ അരങ്ങുകളിലോ പ്രത്യക്ഷപ്പെടാത്ത പലപ്പോഴും വിസ്മൃതരായിപ്പോകുന്ന വ്യക്തികള്‍ ലോകത്ത് ധാരാളമാണ്. പക്ഷെ അവരാണ് ഈ ദിനങ്ങളില്‍ നമ്മുടെ കാലത്തെ നിര്‍ണ്ണായകമായ സംഭവവികാസങ്ങള്‍ രചിക്കുന്നതെന്നത് തര്‍ക്കമറ്റ കാര്യമാണ്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശുപത്രികളിലെ ജീവനക്കാര്‍, ശുചീകരണ പ്രവര്‍ത്തകര്‍, ശുശ്രൂഷകര്‍, ഡ്രൈവര്‍മാര്‍, നിയമപാലകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, പുരോഹിതര്‍, സന്ന്യസ്തര്‍, അങ്ങനെ മറ്റ് ‌അനവധിപേര്‍! തങ്ങള്‍ മാത്രമായി ആരും രക്ഷിക്കപ്പെടുന്നില്ലെന്ന് മനസ്സിലാക്കി സേവനംചെയ്യുന്നരാണവര്‍. ജനതകളുടെ യഥാര്‍ത്ഥമായ വികസനം വിലയിരുത്തപ്പെടുന്ന ഇത്രയധികം യാതനകളുടെ മുഖത്ത്, യേശുവിന്‍റെ പുരോഹിത സഹജമായ പ്രാര്‍ത്ഥന നമുക്ക് അനുഭവവേദ്യമാണ്.  "എല്ലാവരും ഒന്നാകാന്‍ ഇടവരട്ടെ....!" (യോഹ. 17, 21).

10. വിജയം നേടിത്തരുന്ന ആയുധം - പ്രാര്‍ത്ഥന
ഓരോ ദിവസവും എന്തുമാത്രം ജനങ്ങളാണ് ക്ഷമാപൂര്‍വ്വം പെരുമാറുകയും, പ്രത്യാശപകരുകയും, സഹോദരങ്ങളില്‍  ഭീതി വിതയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നത്. ഇവയെല്ലാം ത്യാഗപൂര്‍വ്വം  പങ്കുവയ്ക്കാന്‍ സന്നദ്ധമാകുന്ന ഉത്തരവാദിത്വത്തിന്‍റെ ഉദാഹരണങ്ങളാണ്. എങ്ങനെ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കണമെന്നും തരണംചെയ്യണമെന്നും തങ്ങളുടെ ചെറിയ ദൈനംദിന പ്രവൃത്തികളിലൂടെ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുന്ന എത്രയോ അച്ഛന്മാരും അമ്മമാരും മുത്തശ്ശന്മാരും മുത്തശ്ശിമാരും അദ്ധ്യാപകരുമുണ്ട്. അവരുടെ ദിനചര്യകള്‍ ക്രമീകരിച്ചും, കണ്ണുകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുവാന്‍ സഹായിച്ചും, പ്രോത്സാഹിപ്പിച്ചുമാണ് അവര്‍ അത്  ചെയ്യുന്നത്. എല്ലാവരുടെയും നന്മയ്ക്കായി പ്രാര്‍ത്ഥിക്കുകയും, സഹായിക്കുകയും ഇടപെടുകയും ചെയ്യുന്ന എത്രയോ പേരുണ്ട് ഇന്ന് നമുക്കു ചുറ്റും? പ്രാര്‍ത്ഥനയും നിശബ്ദ  സേവനവുമാണ് നമുക്കു വിജയം നേടിത്തരുന്ന ആയുധങ്ങള്‍.

11. അണയത്ത് ഉറങ്ങിയ അമരക്കാന്‍ 
“നിങ്ങളെന്തിന് ഭയപ്പെടുന്നു? നിങ്ങള്‍ക്ക് വിശ്വാസമില്ലേ?” നമുക്ക് രക്ഷയുടെ ആവശ്യമുണ്ടെന്ന് മനസ്സിലാകുമ്പോഴാണ് വിശ്വാസം ആരംഭിക്കുന്നത്. നമ്മള്‍ സ്വയം പര്യാപ്തരല്ല.  തനിച്ചാണെങ്കില്‍ നാം ഇടറിപ്പോകും. പുരാതന നാവികര്‍ക്ക് ദിശാമാപിനികളായ നക്ഷത്രങ്ങളെ ആവശ്യമായിരുന്നതുപോലെ, നമുക്കിന്ന് ദൈവത്തെ ആവശ്യമുണ്ട്. നമ്മുടെ ജീവിതത്തിലെ വഞ്ചികളിലേയ്ക്ക് യേശുവിനെ നമുക്ക് ആനയിക്കാം. നമ്മുടെ ഭീതികളെല്ലാം അവിടുത്തേയ്ക്ക് കൈമാറാം. അവിടുന്ന് അതിനെ കീഴടക്കിക്കൊള്ളും. അവിടുന്ന് കൂടെയുള്ളപ്പോള്‍ വഞ്ചിതരാകില്ലെന്ന് ശിഷ്യന്മാരെപ്പോലെ നമുക്കും അനുഭവവേദ്യമാകും. കാരണം, ഇതാണ് ദൈവത്തിന്‍റെ ശക്തി. അവിടുന്നു നമ്മുടെ രക്ഷകനാണ്. നമുക്കു  ചുറ്റും സംഭവിക്കുന്നതെല്ലാം നല്ലതായി മാറ്റിത്തീര്‍ക്കുന്ന നന്മയാണു ദൈവം, മോശമായ കാര്യങ്ങള്‍പോലും...!! അവിടുന്നു നമ്മുടെ കൂടെയുണ്ടെങ്കില്‍ നാം ഒരിക്കലും മരിക്കുകയില്ലെന്ന അനുഭവം ശിഷ്യന്മാര്‍ക്കുണ്ടായതുപോലെ, അവിടുന്നു നമ്മുടെ ജീവിതത്തിന്‍റെ കൊടുങ്കാറ്റിലേയ്ക്ക് പ്രശാന്തത കൊണ്ടുവരും.

12. നങ്കൂരമായ കുരിശ്
കൊടുങ്കാറ്റിനു നടുവില്‍ ദൈവം നമ്മെ കരുതലോടെ കാക്കുകയും, ഭഗ്നാശരാകാതെ  ഉണര്‍വ്വോടെ മുന്നേറാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. എല്ലാം വീണടിയുകയാണെന്നു തോന്നുന്ന ഈ മണിക്കൂറുകളില്‍ ശക്തിയും പിന്‍ബലവും അര്‍ത്ഥവും നല്കാന്‍ കഴിയുന്ന ഐക്യവും പ്രത്യാശവും പ്രാവര്‍ത്തികമാക്കുവാന്‍ അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു. നമ്മുടെ ഉയിര്‍പ്പിന്‍റെ വിശ്വാസം വീണ്ടെടുക്കുവാന്‍ വേണ്ടി അവിടുന്ന് ഉണരുകയും, നമ്മെ വീണ്ടും ഉണര്‍ത്തുകയും നയിക്കുകയും ചെയ്യുന്നു. അവിടുത്തെ കുരിശിനാല്‍ നാം രക്ഷിക്കപ്പെട്ടു. ക്രിസ്തുവിന്‍റെ കുരിശ് നമ്മുടെ ജീവിതനൗകയുടെ  നങ്കൂരമാണ്. അവിടുത്തെ കുരിശിനാല്‍ നാം വീണ്ടെടുക്കപ്പെട്ടു. അത് നമ്മുടെ അമരവുമാണ്. അവിടുത്തെ കുരിശിനാല്‍ നാം മുക്തിനേടുകയും ആശ്ലേഷിക്കപ്പെടുകയും ചെയ്തു.

അതിനാല്‍  പ്രത്യാശ കൈവെടിയരുത്.  അവിടുത്തെ വീണ്ടെടുപ്പിന്‍റെ സ്നേഹത്തില്‍നിന്ന് ഒന്നിനും, ഒരാള്‍ക്കും നമ്മെ വേര്‍പെടുത്താനാവില്ല. ഇന്നത്തെ അവസ്ഥയില്‍ കണ്ടുമുട്ടുവാനുള്ള അവസരങ്ങളും പരസ്പരമുള്ള സ്നേഹോഷ്മളതയും കുറയുമ്പോള്‍, ഒറ്റപ്പെടലിന്‍റെ നടുവില്‍ യാതന അനുഭവിക്കുമ്പോള്‍ നാം ഒത്തിരി കാര്യങ്ങള്‍ മനസ്സിലാക്കുന്നു. നമ്മെ രക്ഷിക്കുന്ന ആ പ്രഖ്യാപനത്തിന് നമുക്ക് ഒരിക്കല്‍ക്കൂടി ചെവി കൊടുക്കാം : "ക്രിസ്തു  ഉത്ഥാനം ചെയ്തിരിക്കുന്നു!"  അവിടുന്നു നമ്മോടൊത്തു  ജീവിക്കുന്നു. ഉത്ഥിതന്‍ ഇന്നും നമുക്കായി കാത്തിരിക്കുന്നു. 

13. കുരിശില്‍നിന്നൊരു കാരുണ്യകടാക്ഷം
കാരുണ്യത്തിനായി  നമ്മെ കണ്ണുകളുയര്‍ത്തി  നോക്കുന്നവരിലേയ്ക്ക് കണ്ണു തിരിക്കുവാനും, ജീവന്‍ ഒരിക്കല്‍ക്കൂടി കണ്ടെത്തുവാനും കുരിശില്‍ കിടന്നുകൊണ്ട് ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നു. നമ്മുടെ ഉള്ളില്‍തന്നെ ജീവിക്കുന്ന കാരുണ്യത്തെ ശക്തിപ്പെടുത്തുവാനും അംഗീകരിക്കുവാനും പരിപോഷിപ്പിക്കുവാനും അവിടുന്ന് ആവശ്യപ്പെടുന്നു.  "പ്രഭ മങ്ങിയ തിരിനാളം കെട്ടുപോകാന്‍ ദൈവം അനുവദിക്കുകയില്ല..." (ഏശയ്യ 42, 3).  ഒരിക്കലും അണയാന്‍ പാടില്ലാത്തതിനെ ആളിക്കത്തിക്കുവാന്‍ പ്രത്യാശയോടെ നമുക്കു മുന്നേറാം.

14. കുരിശിനെ പുല്കാം!
കുരിശിനെ പുല്കുക എന്നതിന്‍റെ അര്‍ത്ഥം വര്‍ത്തമാന കാലത്തെ എല്ലാ ദുരിതങ്ങളെയും പുണരുവാനുള്ള ധൈര്യമുണ്ടാവുക എന്നാണ്. അധികാരത്തോടും സമ്പത്തിനോടുമുള്ള നമ്മുടെ ആവേശം ഒരു നിമിഷത്തേയ്ക്ക് കയ്യൊഴിഞ്ഞ്, പരിശുദ്ധാത്മാവിനു മാത്രം നല്കാന്‍ കഴിവുള്ള ക്രിയാത്മകതയ്ക്കും പ്രചോദനത്തിനുമായി ഇടംനല്കാം. സകലരും ക്ഷണിതാക്കളാണെന്നും മനസ്സിലാകുന്ന രീതിയില്‍ സകലെയും ആശ്ലേഷിക്കുവാനും, അവര്‍ക്കായി ഇടം സൃഷ്ടിക്കുവാനും, അവരെ ഉള്‍ക്കൊള്ളുവാനുമുള്ള ആ ധൈര്യം ദൈവാത്മാവിന്‍റെ പ്രേരണയാണ്. അങ്ങനെ നവമായ ആതിഥേയത്വവും സാഹോദര്യവും ഐക്യദാര്‍ഢ്യവും സൃഷ്ടിക്കുന്ന പ്രത്യാശയുടെ ജീവിതം പുണരുവാന്‍ വേണ്ടിയാണ് അവിടുത്തെ കുരിശിനാല്‍ നാം വീണ്ടടുക്കപ്പെട്ടത്. മറ്റുള്ളവരെ നമ്മോടൊപ്പം സംരക്ഷിക്കുവാനും സഹായിക്കുവാനും പോരുന്ന എല്ലാ വഴിത്താരകളും കണ്ടെത്തുവാനും നിലനിര്‍ത്തുവാനും കുരിശില്‍നിന്നും അവിടുന്നു നമ്മോട് ആവശ്യപ്പെടുന്നു. ദൈവത്തെ പുണരുന്നവര്‍ പ്രത്യാശയുള്ളവരാണ്. അത് വിശ്വാസത്തിന്‍റെ ശക്തിയാണ്. ഭയത്തില്‍നിന്നു നമ്മെ മോചിപ്പിച്ച് പ്രത്യാശ പകരുന്നത് വിശ്വാസത്തിന്‍റെ ശക്തിയാലാണ്.

15. പ്രത്യാശയായി ഉഷഃകാലതാരവും
ആരോഗ്യദായിനിയായ അമ്മയും

“നിങ്ങളെന്തിന് ഭയപ്പെടുന്നു? നിങ്ങള്‍ക്ക് വിശ്വാസമില്ലേ?” പ്രിയ സഹോദരീ സഹോദരന്മാരേ, പത്രോസിന്‍റെ പാറപോലെ ഉറച്ച വിശ്വാസത്തെക്കുറിച്ചു പറയുന്ന തിരുമുറ്റത്തു നിന്നുകൊണ്ട് നിങ്ങളെ എല്ലാവരെയും ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ദൈവത്തിനു ഭരമേല്പിക്കുന്നു. പ്രക്ഷുബ്ധമായ സാഗരത്തിന്‍റെ ചക്രവാളത്തില്‍ തെളിഞ്ഞ ഉഷഃകാലനക്ഷത്രവും ആരോഗ്യദായിനിയുമായ പരിശുദ്ധ കന്യകാനാഥയുടെ മദ്ധ്യസ്ഥതയിലൂടെ നിങ്ങളെയെല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നു. റോമാനഗരത്തെ മാത്രമല്ല ലോകം മുഴുവനെയും പ്രതീകാത്മകമായി ആശ്ലേഷിക്കുന്ന വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ സ്തംഭാവലി (collonade of St. Peter's Square)  ദൈവം മക്കള്‍ക്കു നല്കുന്ന സമാശ്വാസത്തിന്‍റെയും സംരക്ഷണത്തിന്‍റെയും ആശ്ലേഷമാണ് പ്രതിഫലിപ്പിക്കുന്നത്.

ദൈവമേ, അങ്ങ് ഈ ലോകത്തെ അനുഗ്രഹിച്ച് ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് ആശ്വാസവും, ശരീരങ്ങള്‍ക്ക് ആരോഗ്യവും സൗഖ്യവും പ്രദാനംചെയ്യണമേ. ഭയപ്പെടാതിരിക്കുവാന്‍ അവിടുന്ന് ഞങ്ങളോട് വീണ്ടും പറയുന്നുണ്ട് (മത്തായി 28, 5). പത്രോശ്ലീഹായോടൊപ്പം ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു,  ദൈവമേ, ഞങ്ങളുടെ എല്ലാ ഉല്‍ക്കണ്ഠകളും അങ്ങയെ ഭരമേല്പിക്കുന്നു. കാരണം അവിടുന്നു ഞങ്ങളുടെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ്! (1പത്രോസ് 5, 6).

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 March 2020, 17:40