സ്പെയിനിലെ  മാഡ്രിഡില്‍ 2020 ഫെബ്രുവരി 14-16 വരെ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന അല്മായവിശ്വാസികളെ അധികരിച്ചുള്ള സമ്മേളനത്തിന്‍റെ ചിഹ്നം (ലോഗൊ) സ്പെയിനിലെ മാഡ്രിഡില്‍ 2020 ഫെബ്രുവരി 14-16 വരെ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന അല്മായവിശ്വാസികളെ അധികരിച്ചുള്ള സമ്മേളനത്തിന്‍റെ ചിഹ്നം (ലോഗൊ)  

പാപ്പാ അല്‍മായരോ‌ട്: ഇത് നിങ്ങളുടെ സമയം!

സമകാലീനരുടെ ഹൃദയസ്പന്ദനങ്ങള്‍, ദൈവത്തോടും സഭയോടും ചേര്‍ന്ന് ശ്രവിച്ചുകൊണ്ട്, ലോകത്തില്‍ തങ്ങളുടെ വിളി ജീവിക്കാന്‍ അല്‍മായ വിശ്വാസികള്‍ക്കുള്ള സമയമാണിത്, ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

തങ്ങളുടെ ജീവിത ശൈലിയിലൂടെ സുവിശേഷത്തിന്‍റെ പുതുമയും ആനന്ദവും ആവിഷ്ക്കരിക്കാന്‍ സാസ്കാരികം, രാഷ്ടീയം, വ്യാവസായികം തുടങ്ങിയ എല്ലാ മേഖലകളിലും വ്യാപൃതരായിരിക്കുന്ന അല്മായര്‍ക്ക് കഴിയുമെന്ന് മാര്‍പ്പാപ്പാ.

സ്പെയിനിന്‍റെ തലസ്ഥാന നഗരിയായ മാഡ്രിഡില്‍,  വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ (14-16/02/20), പ്രാദേശിക കത്തോലിക്കാമെത്രാന്‍ സംഘം അല്മായവിശ്വാസികളെ അധികരിച്ച് സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് മെത്രാന്‍സംഘത്തിന്‍റെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ റിക്കാര്‍ദൊ ബ്ലാസക്കെസ് പേരെസിന് (Card.Ricardo Blázquez Pérez) അയച്ച സന്ദേശത്തിലാണ് തന്‍റെ ഈ ബോധ്യം ഫ്രാന്‍സീസ് പാപ്പാ പ്രകടിപ്പിച്ചിരിക്കുന്നത്.

“പുറത്തേക്കിറങ്ങുന്ന ദൈവജനം” എന്ന വിചിന്തനപ്രമേയം ഈ സമ്മേളനം സ്വീകരിച്ചിരിക്കുന്നതും അനുസ്മരിച്ച പാപ്പാ സമകാലീനരുടെ ഹൃദയസ്പന്ദനങ്ങള്‍, ദൈവത്തോടും സഭയോടും ചേര്‍ന്ന് ശ്രവിച്ചുകൊണ്ട്, ലോകത്തില്‍ തങ്ങളുടെ വിളി ജീവിക്കാന്‍ അല്‍മായ വിശ്വാസികള്‍ക്കുള്ള സമയമാണിതെന്ന് ഓര്‍മ്മിപ്പിക്കയും അതിന് അവര്‍ക്ക പ്രചോദനം പകരുകയും ചെയ്യുന്നു സന്ദേശത്തില്‍.

വിശ്വാസം വൈക്തികമായിട്ടല്ല, ഒറ്റയ്ക്കല്ല, മറിച്ച്, കൂട്ടായ്മയില്‍ ജീവിക്കാനാണ് ദൈവജനം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഈ പ്രമേയം ഓര്‍മ്മിപ്പിക്കുന്നുവെന്നും പാപ്പാ പറയുന്നു.  

നമ്മുടെ ഇക്കാലഘട്ടത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളെ തൊട്ടറിയുന്നതിനുള്ള ആന്തരിക സ്വാതന്ത്ര്യം ആവശ്യമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടുന്നു.

വേര്‍തിരിക്കുകയും പുറത്താക്കുകയും ചെയ്യുന്ന അത്യുന്നതമായ മതിലുകളെപ്പോലും തകര്‍ക്കാന്‍ ക്രിസ്തീയ സാക്ഷ്യത്തിന് കഴിയുന്നതിനായി തീക്ഷ്ണതയോടും സന്തോഷത്തോടും കൂടി സജീവ ദൈവ വചനം പ്രഘോഷിക്കേണ്ടതിന്‍റെ  ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.

വൈദിക മേധാവിത്വത്തില്‍ നിപതിക്കാനുള്ള പ്രലോഭനത്തില്‍ സഭയിലെ ഇടയന്മാര്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പാപ്പാ തന്‍റെ   സന്ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

വൈദിക മേധാവിത്വം ഒരു മഹാവ്യാധിയാണെന്നും അത് അല്മായരെ സങ്കീര്‍ത്തിയില്‍ തളച്ചിടുമെന്നും പാപ്പാ പറയുന്നു.

അതുപോലെ തന്നെ വൈദികരുടെ മത്സരഭാവവും കാര്‍ക്കശ്യവും നിഷേധാത്മകതയുമെല്ലാം ഇന്നത്തെ ലോകത്തില്‍ അല്മായരുടെ വിശുദ്ധിയിലേക്കുള്ള വിളിയുടെ തനിമയെ ഞെരുക്കിക്കളയുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 February 2020, 08:40