ITALY-VATICAN-POPE-RELIGION-ROME-DIOCESE ITALY-VATICAN-POPE-RELIGION-ROME-DIOCESE 

ദൈവവിളിയെ നശിപ്പിക്കുന്ന ഇത്തിക്കണ്ണികളെ ശ്രദ്ധിക്കണം!

പാപ്പാ ഫ്രാന്‍സിസ് റോമാരൂപതയിലെ വൈദികര്‍ക്കു നല്കിയ പ്രഭാഷണത്തില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഫെബ്രുവരി 27-Ɔο തിയതി വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 10.20-ന് റോമാരൂപതയുടെ ഭദ്രാസനദേവാലയം സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍വച്ച്  നടത്തപ്പെട്ട വൈദികരുടെ അനുതാപ ശുശ്രൂഷയുടെ ഭാഗമായിരുന്നു പാപ്പായുടെ പ്രഭാഷണം.  പ്രസക്തതഭാഗങ്ങള്‍ :

1. ശാരീരികാസ്വാസ്ഥ്യംമൂലം
പാപ്പായ്ക്ക് പങ്കെടുക്കാനായില്ല

ശാരീരികാസ്വാസ്ഥ്യംമൂലം ശുശ്രൂഷയില്‍ പാപ്പായ്ക്ക് പങ്കെടുക്കുവാന്‍ സാധിക്കാതെ വന്നതിനാല്‍ രൂപതയുടെ വികാരി ജനറലും, സാന്‍ ജോണ്‍ ബസിലിക്കയുടെ ശ്രേഷ്ഠപുരോഹിതനുമായ കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ദൊനാത്തിസ് പാപ്പായുടെ പ്രഭാഷണം ശുശ്രൂഷയ്ക്കിടെ വായിക്കുകയാണുണ്ടായത്. അനുവര്‍ഷമുള്ള പരിപാടികളില്‍ തെറ്റിക്കാതെ ശുശ്രൂഷയ്ക്ക് നേതൃത്വംനല്കുക മാത്രമല്ല തന്‍റെ രൂപതയിലെ വൈദികരുടെ കുമ്പസാരം കേള്‍ക്കുവാനും സമയം കണ്ടെത്താറുണ്ട്.

2. പാപ്പായുടെ പരിചയസമ്പത്തില്‍നിന്നുമുള്ള ചിന്തകള്‍
ദൈവവിളിയുടെ സന്തോഷം എടുത്തുകളയുകയാണ് ആദ്യം ഇത്തിക്കണ്ണിചെയ്യുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. രൂപതാദ്ധ്യക്ഷനായ മെത്രാനോടോ, അജപാലനമേഖലയില്‍ ചിലരോടോ ഉണ്ടാകുന്ന ഇഷ്ടകേട് അല്ലെങ്കില്‍ വിദ്വേഷമാണ് ദൈവവിളിയെ നശിപ്പിക്കുന്ന ഇത്തിക്കണ്ണിയെന്ന് പാപ്പാ ആമുഖമായി വ്യക്തമാക്കി. ഒരു മെത്രാനും വൈദികനുമെന്ന നിലയില്‍ വ്യക്തിജീവിതത്തില്‍ വൈദികരുമായി ഇടപഴകിയിട്ടുള്ള അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് വിശ്വാസജീവിതത്തില്‍ വൈദികന് മെത്രാനുമായും അജപാലനമേഖലയില്‍ ചിലരോടുമുള്ള വ്യക്തിബന്ധത്തിന്‍റെ മേഖലയെക്കുറിച്ചു പരാമര്‍ശിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി.

3. ആദ്യത്തെ ഇത്തിക്കണ്ണി വിശ്വാസ ജീവിതത്തിലുള്ള പ്രതിസന്ധി
അധികാരിയെക്കുറിച്ചുള്ള വന്‍മോഹങ്ങള്‍

എമാവൂസിലേയ്ക്ക പോവുകയായിരുന്ന ശിഷ്യന്മാര്‍ പരസ്പരം പറഞ്ഞത്, ഇസ്രായേലിന്‍റെ മോചകന്‍ ഇവനായിരുന്നെന്നു ഞങ്ങള്‍ വിചാരിച്ചു (ലൂക്ക 24, 21) എന്നാല്‍ അവിടുന്നു ക്രൂശിതനായി, ഉത്ഥാനംചെയ്തു. ചിലര്‍ കണ്ടു. എങ്കിലും ഭയന്നോടിയവരുടെ ഇത്തിക്കണ്ണി ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ പതര്‍ച്ചയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അവര്‍ എന്നും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രതാപിയായൊരു അധികാരിയെ ക്രിസ്തുവില്‍ സ്വപ്നം കാണുകായായിരുന്നെന്ന് പാപ്പാ വ്യഖ്യാനിച്ചു. അധികാരികളില്‍ വച്ചുനീട്ടുന്ന വലിയ പ്രതീക്ഷകളും, പ്രത്യാശയില്ലാത്ത വന്‍മോഹങ്ങളും അസ്ഥാനത്താണെന്ന് പാപ്പാ പ്രസ്താവിച്ചു. ക്രിസ്ത്വാനുകരണത്തില്‍ മൗലികമായ പ്രാര്‍ത്ഥനയുടെ ജീവിതം ഇല്ലാതാക്കുന്നതാകുമ്പോള്‍ പ്രത്യാശയും പ്രതീക്ഷയും തമ്മില്‍ വൈദികന് വിവേചിച്ചറിയാന്‍ സാധിക്കാതെ പോകുമെന്ന് പാപ്പാ ഫ്രാന്‍സിസ് വ്യക്തമാക്കി. അങ്ങനെ വൈദികന്‍റെ ജീവിതത്തില്‍ അജപാലനപരമായ നൈരാശ്യമുണ്ടാകുന്നു. ഇത് ദൈവവിളിയെ തകര്‍ക്കുന്ന അപകടകരമായ ഇത്തിക്കണ്ണിയാണ്.

4. സ്വപ്നം ഒരു പ്രത്യാശയല്ല
നമ്മുടെയും ജനത്തിന്‍റെയും കാര്യങ്ങള്‍ നടക്കാതാകുമ്പോഴും വിശ്വാസ ജീവിതത്തില്‍ പ്രതിഷേധത്തിനും, നിരാശയ്ക്കും വകുപ്പില്ലെന്ന് പാപ്പാ വൈദികരോട് ഉദ്ബോധിപ്പിച്ചു. കാരണം പ്രാര്‍ത്ഥനയിലും ആത്മീയജീവിത്തിലും പ്രതിഷേധമില്ലെന്നും, നാം ദൈവത്തോടോ, അധികാരികളോടോ പ്രതിഷേധിക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു. പ്രതിഷേധമനോഭാവം ഉള്ളില്‍വച്ചു നടക്കുമ്പോഴാണ് വ്യക്തി ബന്ധങ്ങള്‍ നിഷേധിക്കുകയും, അധികാരികളില്‍നിന്നും, സഹോദര വൈദികരില്‍നിന്നും അകന്നു ജീവിക്കുകയും, ജീവിതത്തില്‍ വ്യക്തി മെല്ലെ ഒരു ദോഷൈകദൃക്കായി മാറുകയുംചെയ്യുന്നതെന്ന് പാപ്പാ വിശദീകരിച്ചു.

5. പ്രാര്‍ത്ഥനയുടെ ആവശ്യകത
പ്രാര്‍ത്ഥിക്കേണ്ടവന്‍ ദൈവത്തോടു നിസംഗത നടിക്കുകയോ, അകന്നുജീവിക്കുകയോ അല്ല ചെയ്യേണ്ടത്. നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തോട് എളിമയോടെ പ്രാര്‍ത്ഥനയില്‍ അറിയിക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്. ഗലീലിയ കടലിലെ കോളിളക്കത്തില്‍ ശിഷ്യന്മാര്‍ ക്രിസ്തുവിനോടു നടത്തിയ യാചന പാപ്പാ ചൂണ്ടിക്കാട്ടി. അവര്‍ പ്രതിഷേധിച്ചില്ല, മറിച്ച് പരാതിപ്പെട്ടു, യേശുവേ, ഞങ്ങള്‍ നശിക്കുന്നത് അങ്ങു കാണുന്നില്ലേ! (മര്‍ക്കോസ് 4, 35-45). ഇതുപോലെ ദൈവരാജ്യത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ശിഷ്യന്മാര്‍ നേരിട്ടു പങ്കുകാരാകണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. ക്രിസ്തുശിഷ്യന്മാര്‍ കാണികളാവുകയല്ല, സജീവ പങ്കാളികളാവുകയാണു വേണ്ടത്. കാണികളായി മാറിനിന്നാല്‍ പിറുപിറുക്കാനും വിമര്‍ശിക്കാനും ഏറെ സാദ്ധ്യകളുണ്ടെന്നും, മെത്രാനോടും രൂപതയോടും വൈദികര്‍ അകന്നുപോകുമെന്നും പാപ്പാ വ്യക്തമാക്കി.

6. രണ്ടാമത്തെ ഇത്തിക്കണ്ണി മെത്രാനോടുള്ള അകല്‍ച്ച
വൈദികജീവിതത്തില്‍ ദൈവവിളിയോടുള്ള വിശ്വസ്തതയെ തകര്‍ക്കുന്ന രണ്ട് ഇത്തിക്കണ്ണികള്‍കൂടി പാപ്പാ വിശദീകരിച്ചു. അധികാരിയുമായുള്ള അകല്‍ച്ച തന്നില്‍നിന്നും വ്യത്യസ്തമായി ചിന്തിക്കുന്ന ഒരധികാരിയെ സ്വീകരിക്കാനുള്ള വിസമ്മതമാണെന്ന് പാപ്പാ ആദ്യമായി ചൂണ്ടിക്കാട്ടി. മെത്രാനെ ഒഴിവാക്കുന്ന അവസ്ഥ അപകടകരമാണ്. വ്യക്തിയുടെ ഭിന്നിപ്പ് ഭരണകാര്യങ്ങളിലോ അല്ലെങ്കില്‍ അജപാലന ശൈലിയിലോ അല്ല. എന്തിന്‍റെയും കേന്ദ്രസ്ഥാനത്ത് ക്രിസ്തു ഉണ്ടാകണമെന്നും, ക്രിസ്തു ഇല്ലെങ്കില്‍ നാം അധികാര പ്രമത്തരാവുകയും, എന്തും മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലേയ്ക്കു നീങ്ങുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. പ്രേഷിത സമര്‍പ്പണത്തിന്‍റെ സത്തയാകേണ്ട ഒരേ വിശ്വാസം, ജ്ഞാനസ്നാനം, ഏകപിതാവായ ദൈവം എന്നീ പ്രഥമ ഘടകങ്ങളെ മറ്റു ഭരണകാര്യങ്ങളും അവകാശങ്ങളുംകൊണ്ട് മൂടിക്കളയുന്ന പ്രവണത മെത്രാനുമായുള്ള ബന്ധങ്ങള്‍ തകര്‍ക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

7. വിശുദ്ധ ബെനഡിക്ടിന്‍റെ മാതൃക
വിശുദ്ധ ബനഡിക്ടിന്‍റെ കാഴ്ചപ്പാടില്‍ സമൂഹത്തിന്‍റെ നടത്തിപ്പിനായി ദൈവം മേലധികാരിയിലൂടെയാണ് സംസാരിക്കുന്നത്. സഭയില്‍ സമത്വവും വിവേകവും (equity & prudence) രണ്ടും വേണം. സമത്വം മാനിക്കാന്‍ അധികാരി സഹോദരവൈദികരോട് ആലോചിക്കുന്നു. എന്നാല്‍ അദ്ദേഹം പ്രാര്‍ത്ഥിച്ചും ചിന്തിച്ചും തീരുമാനങ്ങള്‍ പൊതുനന്മയ്ക്കായി എടുക്കുന്നത് അനുസരിക്കാന്‍ വൈദികര്‍ ബാദ്ധ്യസ്ഥരാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

8. മൂന്നാമത്തെ ഇത്തിക്കണ്ണി സഹോദരങ്ങളോടും
സഹോദരവൈദികരോടും ജനങ്ങളോടുമുള്ള പ്രതിസന്ധികള്‍

വൈദികര്‍ അടുത്തകാലത്ത് അനുഭവിച്ചിട്ടുള്ള വേദനാജനകമായ പ്രശ്നങ്ങള്‍ - ഉതപ്പുകളും, സാമ്പത്തിക ക്രമക്കേടുകളും, ലൈംഗികപീഡനക്കേസുകളും നാം ധാരാളം കേള്‍ക്കുന്നുണ്ട്. ഇതുവഴി അജപാലനമേഖലയില്‍ പരസ്പരബന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെടുന്നു. അത് ഔദ്യോഗികതലത്തിലും വ്യക്തിബന്ധങ്ങളിലുമുള്ള മന്ദോഷ്ണതയോ, സ്നേഹശൂന്യതയുടെ ശൈത്യമോ ആയി മാറിയിട്ടുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ബന്ധങ്ങള്‍ പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെടുന്നില്ലെങ്കിലും, അവ ലോപിച്ചിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ തലങ്ങളിലേയ്ക്ക് അവ താഴുകയാണ്. മറ്റുള്ളവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നരീതികളും ഇതുവഴി വളര്‍ന്നിട്ടുണ്ട്.

9. മാനുഷികതയില്‍ വളര്‍ത്തേണ്ട ദൈവികത
വിജയശ്രീലാളിതയായ സഭ ഒരു മിഥ്യാബോധമാണ്. ഈ ഭൂമിയിലെ പറൂദീസയില്‍ കളയും വിളവും ഒരുമിച്ചു നില്ക്കുകയാണ്. വൈദികരും മെത്രാന്മാരും ബലഹീനരായ മനുഷ്യരാണെന്ന അവബോധം ഉണ്ടായിരിക്കണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. സഭാശുശ്രൂഷകന് ഒരു “യാഥാസ്ഥിക ധാര്‍മ്മികത”യുണ്ടെന്ന (puritanism) ധാരണയില്‍ ജീവിക്കരുതെന്ന് പാപ്പാ താക്കീതു നല്കി. കളയുടെയുടെയും വിളവിന്‍റെയും യാഥാര്‍ത്ഥ്യബോധം അജപാലന ജീവിതത്തില്‍ ഉള്‍ക്കൊള്ളുകയും കരുതലോടെ ജീവിക്കുകയും വേണം. ലോലമായ മാനുഷികതയില്‍ ശ്രദ്ധാപൂര്‍വ്വവും, അനുദിനമുള്ള പരിശ്രമംകൊണ്ടും ജീവിതവിശുദ്ധി വളര്‍ത്തിയെടുക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.

10. ക്രിസ്തുവിന്‍റെയും മോശയുടെയും പ്രാര്‍ത്ഥനാമാതൃക
ഇങ്ങനെയുള്ള അവസരങ്ങളില്‍ വലിയ സമൂഹവും സാമൂഹ്യ പരിപാടികളുമല്ല പ്രേഷിതജീവിത്തില്‍ ആവശ്യം, മറിച്ച് ആത്മവിശ്വാസമുള്ള കൂട്ടായ്മയാണ് വൈദികര്‍ക്ക് അഭികാമ്യം (Not community, but communion). രഹസ്യത്തില്‍ പ്രാര്‍ത്ഥനയിലുള്ള ദൈവികൈക്യമാണ് കൂട്ടായ്മയുടെ കെട്ടുറപ്പ്. ഏകാഗ്രതയില്ലാതെ ഒരിക്കലും സ്വതന്ത്രമായ സ്നേഹമുണ്ടാകില്ല. രാത്രിയുടെ ഏകാന്തയാമങ്ങളില്‍ പിതാവുമായി പ്രാര്‍ത്ഥനയില്‍ ഐക്യപ്പെട്ട ക്രിസ്തുവിന്‍റെ സുവിശേഷമാതൃക evangelical model വൈദികര്‍ അനുദിനജീവിതത്തില്‍ മാതൃകയാക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ഇസ്രായേല്യരുടെ പുറപ്പാട് അനുഭവം പാപ്പാ ഉദാഹരിച്ചു. ദാഹിച്ചു വരണ്ട ജനം മരുഭൂമിയിലെ മാറായില്‍ ജലം കണ്ടെത്തിയെങ്കിലും, അത് കൈപ്പുള്ളതായിരുന്നു. ജനം പിറുപിറുത്തു. മോശ ദൈവത്തോടു താഴ്മയോടെ പ്രാര്‍ത്ഥിച്ചപ്പോഴാണ് ജലം മധുരമുള്ളതായത്. പൗരോഹിത്യ ജീവിതത്തിലെ കൈപ്പിന്‍റെ അനുഭവങ്ങള്‍ ഇല്ലാതാക്കാന്‍ ദൈവത്തിങ്കലേയ്ക്ക് വൈദികര്‍ ഹൃദ്യമായി തിരിയണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 February 2020, 17:49