പാപ്പാ രോഗിയായ കുട്ടിയോടൊപ്പം... പാപ്പാ രോഗിയായ കുട്ടിയോടൊപ്പം... 

28 ആം ലോക രോഗീദിനത്തിന് പാപ്പായുടെ സന്ദേശം.

2020 ഫെബ്രുവരി മാസം 11ന് ആചരിക്കുന്ന 28ആം ലോക രോഗീദിനത്തിന് അയച്ച സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം" എന്ന വാക്കുകൾ കര്‍ത്താവിന്‍റെ മുറിവേൽക്കപ്പെട്ടവരോടുള്ള മനുഷ്യപുത്രന്‍റെ സഹാനുഭാവമാണ് തെളിയിക്കുന്നതെന്ന് പറഞ്ഞു കൊണ്ടാണ് പാപ്പായുടെ 28 ആം ലോക രോഗീദിനത്തിലേക്കുള്ള സന്ദേശം ആരംഭിക്കുന്നത്. അനുദിനം ഗലീലിയായുടെ വഴികളിൽ താൻ കണ്ടുമുട്ടിയ നിയമത്തിന്‍റെയും, സാമൂഹീക സംവിധാനങ്ങളുടേയും ഭാരവും അടിച്ചമർത്തലും കൊണ്ട് ശരീരത്തിലും ആത്മാവിലും വേദനിക്കുന്ന പാവപ്പെട്ടവർക്കും, രോഗബാധിതർക്കും, ദരിദ്രർക്കും പ്രത്യാശ പകരുന്നവയായിരുന്നു ആ വാക്കുകൾ.  അതേ വാക്കുകളാണ് ഈ 28 ആം ലോക രോഗീദിനത്തിലും  യേശു തന്‍റെ കാരുണ്യവും ആശ്വാസവും പകരുന്ന സാന്നിധ്യവുമേകി മുറിവേൽക്കപ്പെട്ട മനുഷ്യത്വത്തെ നോക്കി ആവർത്തിക്കുന്നത്.  സ്വന്തം ജീവിതത്തിൽ ഈ മുറിവേൽക്കലുഭവിച്ചതുകൊണ്ടും പിതാവിനാൽ ആശ്വസിക്കപ്പെട്ടതുകൊണ്ടുമാണ് യേശുവിന് ഇത് സാധിക്കുന്നതെന്നും ഇത്തരം അനുഭവത്തിലൂടെ കടന്നു പോയവർക്കേ മറ്റുള്ളവരുടെ വേദന അറിയാൻ കഴിയൂ എന്നും പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കി.

പലതരം രോഗ വിഷമതകളുണ്ടെന്നും അതിൽ ചികിൽസിച്ച് ഭേദമാക്കാൻ കഴിയാത്തവയുമുണ്ടെന്നും ഇവയോടുള്ള സമീപനത്തിൽ പലപ്പോഴും നമുക്ക് ഊഷ്മളത നഷ്ടപ്പെടുന്നുണ്ടെന്നും, രോഗികളോടു ഒരു വ്യക്തിപരമായ സമീപനമാണ്, ചികിൽസ മാത്രമല്ല സമഗ്ര മാനുഷ സൗഖ്യത്തിനുതകുന്ന പരിചരണവും കൂടി ആവശ്യമാണെന്നും കാരണം രോഗം ഒരു വ്യക്തിയുടെ ശാരീരിക ക്ഷമത മാത്രമല്ല, ബുദ്ധിപരവും, ആത്മീയവും, സ്നേഹപരവുമായ ബന്ധങ്ങളെയും ബാധിക്കുന്നതാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. രോഗികളോടൊപ്പം അവരുടെ കുടുംബത്തേയും പാപ്പാ അനുസ്മരിച്ചു. യേശുവിൽ ആശ്വസിക്കാൻ രോഗികളെ ക്ഷണിക്കുന്ന പാപ്പാ, സഭ, രോഗബാധിതർക്ക് ആശ്വാസം പകരുന്ന, അനുഗ്രഹവും, അംഗീകാരവും നൽകുന്ന ഒരിടമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ആരോഗ്യ പരിചരണ പ്രവർത്തകരായവരെ അനുമോദിക്കുകയും അവരിലൂടെ ക്രിസ്തുവിന്‍റെ സാന്നിധ്യം അനുഭവിക്കാൻ മനുഷ്യർക്കിടയാവട്ടെ എന്നും രോഗി എന്നതിനേക്കാൾ "വ്യക്തി" എന്ന സംജ്ഞയ്ക്ക് മുൻതൂക്കം കൊടുക്കാനും ഓരോ വ്യക്തിയുടേയും ജീവനും അന്തസ്സും ഉയർത്തിപ്പിടിച്ച് മാരകമായ അസുഖങ്ങളിൽ പോലും ദയാവധം, സഹായിച്ചുള്ള ആത്മഹത്യ (Assisted Suicide) മുതലായവയ്ക്ക് കൂട്ടുനില്‍ക്കാതിരിക്കാനും ആഹ്വാനം ചെയ്തു. അവരുടെ മികവുകൾ ക്രിസ്തീയ ഉപവിയോടു ചേർത്ത് ചികിൽസ തീരുന്നിടത്ത് പരിചരണവും, സൗഖ്യവും പകരുന്ന നടപടികളിലൂടെ രോഗികൾക്ക് ആശ്വാസവും സാന്ത്വനവും നൽകാൻ പാപ്പാ അവരോട് ആവശ്യപ്പെട്ടു.

യുദ്ധ, അക്രമണ മേഖലകളിൽ ശുശ്രൂഷകരാകുന്ന ആരോഗ്യ പരിചരണ പ്രവർത്തകരേയും, അതേപോലെ ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ എത്താത്ത ദാരിദ്ര്യ മേഖലകളിലുള്ളവരേയും അനുസ്മരിച്ച പാപ്പാ തന്‍റെ സന്ദേശത്തിൽ ആരോഗ്യ സംഘടനകളോടും, ലോകം മുഴുവനുള്ള സർക്കാരുകളോടും സാമ്പത്തീക ചിന്തകളാൽ സാമൂഹീക നീതി അവഗണിക്കാതിരിക്കാൻ ആഹ്വാനം ചെയ്തു. രോഗീ ശുശ്രൂഷയിലെ സംവിധാനങ്ങളുടെ കുറവുകൾ പരിഹരിക്കുന്ന സന്നധ സേവകർക്ക് ഹൃദയംഗമമായ നന്ദിയർപ്പിച്ച പാപ്പാ രോഗഭാരം വഹിക്കുന്നവരേയും, അവരുടെ കുടുംബാംഗങ്ങളേയും, രോഗീ ശുശ്രൂഷകരേയും ആരോഗ്യ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സംരക്ഷണത്തിൽ ഭരമേല്‍പ്പിക്കുകയും, തന്‍റെ പ്രാർത്ഥന വാഗ്ദാനം ചെയ്യുകയും ചെയ്ത് അപ്പോസ്തോലീക  ആശീർവ്വാദത്തോടെയാണ് തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 January 2020, 15:29