Vatican News
“Admirabile signum”  എന്ന് അപ്പോസ്തോലിക പ്രബോധനത്തില്‍ പാപ്പാ ഒപ്പ് വയ്ക്കുന്നു. “Admirabile signum” എന്ന് അപ്പോസ്തോലിക പ്രബോധനത്തില്‍ പാപ്പാ ഒപ്പ് വയ്ക്കുന്നു.  (Vatican Media)

ഗ്രേച്ചോ നഗരത്തില്‍ ആദ്യത്തെ പുൽക്കൂട് പാപ്പാ സന്ദര്‍ശിച്ചു.

ഡിസംബർ ഒന്നാം തിയതി ഇറ്റലിയിലെ ഗ്രേച്ചോ നഗരത്തില്‍ ആദ്യമായി പുൽക്കൂട് നിർമ്മിക്കപ്പെട്ട സ്ഥലം സന്ദര്‍ശിച്ചവസരത്തിൽ പുല്‍ക്കൂടിന്‍റെ ചരിത്രം, ദൈവശാസ്ത്ര, സാമൂഹിക, സാംസ്കാരിക, ആത്മീയ വശങ്ങളെ കുറിച്ച് വ്യക്തമാക്കുന്ന “Admirabile signum” എന്ന അപ്പോസ്തോലിക പ്രബോധനത്തില്‍ ഒപ്പു വയ്ക്കുകയും ചെയ്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഡിസംബർ ഒന്നാം തിയതി ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഗ്രേച്ചോയിലേക്കുള്ള തന്‍റെ ഹ്രസ്വയാത്രയ്ക്കിടെ, ഫ്രാൻസിസ് മാർപാപ്പാ അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ആദ്യത്തെ പുല്‍കൂട് നിര്‍മ്മിച്ച സ്ഥലത്ത് പ്രാർത്ഥനയ്ക്കായി അല്‍പസമയം ചിലവഴിച്ചു. പരിശുദ്ധ കന്യകാമറിയം യേശുവിനെ പ്രസവിച്ച ബെദ്ല്ഹേമിലെ ചെറിയ ഗുഹയോടു സാമ്യമുള്ള പുല്‍കൂട്ടില്‍ പതിനാലാം നൂറ്റാണ്ടിലെ ചുവര്‍ചിത്രം കൊണ്ട് ഗുഹയുടെ ചുവരുകൾ അലങ്കരിക്കപ്പെട്ടിരിക്കുന്നു. കന്യകാമറിയം ഉണ്ണിയേശുവിനെ മുലയൂട്ടുന്നതും വിശുദ്ധ ഫ്രാൻസിസ് യേശുവിനെ മുട്ടിന്‍ മേല്‍ നിന്ന് ആരാധിക്കുന്നതും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഇവിടെയെത്തിയ പാപ്പാ “Admirabile signum”  എന്ന അപ്പോസ്തോലിക രേഖയില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. തുടർന്ന് ഫ്രാൻസിസ് മാർപാപ്പാ വിശുദ്ധി നിറഞ്ഞ ആ താഴ്വാരത്തിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തടിച്ചുകൂടിയ വിശ്വസികളുമായി സംസാരിച്ചു.

“ഈ പുണ്യ സ്ഥലത്ത് നില്‍കുമ്പോള്‍ എത്ര ചിന്തകളാണ് മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നത്”  എന്ന് പറഞ്ഞ പാപ്പാ പുൽക്കൂട് നിർമ്മിക്കുന്നതിനായി കണ്ടെത്തുന്ന പാറകൾ ലാളിത്യത്തെ വീണ്ടും കണ്ടെത്താനുള്ള വിളിയായിരിക്കണമെന്ന പ്രചോദനത്തോടെയാണ് അവയെ ഫ്രാന്‍സിസ് കണ്ടെത്തിയെന്ന് ചൂണ്ടികാണിച്ചു.

“ഇവിടെ ധാരാളം വാക്കുകളുടെ ആവശ്യമില്ല,  കാരണം നമ്മുടെ കണ്‍മുന്നിലുള്ള  ഈ പുൽക്കൂട്  അത്യാവശ്യമായതെന്തെന്ന് മനസ്സിലാക്കാൻ ആവശ്യമായ ജ്ഞാനം വേണമെന്ന് നമ്മോടു വെളിപ്പെടുത്തുന്നു. പാപ്പാ വ്യക്തമാക്കി. നമ്മുടെ തിരക്കേറിയ ജീവിതത്തിനിടയിൽ നിശബ്ദതയുടെയും, പ്രാർത്ഥനയുടെയും നിമിഷങ്ങൾ കണ്ടെത്താൻ ഈ പുൽക്കൂട് നമ്മെ ഓർമ്മിപ്പിക്കുന്നു. “നിശബ്ദത, യേശുവിന്‍റെ  മുഖസൗന്ദര്യത്തെക്കുറിച്ചും,  ദൈവപുത്രൻ കാലിത്തൊഴുത്തിൽ ദാരിദ്ര്യത്തിൽ ജനിച്ചവെന്നതിനെ കുറിച്ചും  ധ്യാനിക്കാനും, പ്രാർത്ഥന  ഈ മഹത്തായ സ്നേഹ സമ്മാനത്തിലൂടെ നമ്മെ അത്ഭുതപ്പെടുത്തുന്നതിന് നന്ദി പ്രകടിപ്പിക്കാൻ  ആവശ്യമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. നമ്മുടെ വിശ്വാസത്തിന്‍റെ  മഹത്തായ രഹസ്യം വ്യക്തമാക്കുന്ന “ലളിതവും ആകര്‍ഷണവുമായതാണ് ഈ പുൽക്കൂട് എന്ന് വിശേഷിപ്പിച്ച പാപ്പാ  ദൈവം നമ്മെ സ്നേഹിക്കുന്നു, അവിടുന്ന് ഒരിക്കലും നമ്മെ  തനിച്ചാക്കുന്നില്ലെന്നും വ്യക്തമാക്കി.

“ദൈവം നമുക്ക് നൽകിയ അടയാളം കാണാനും തിരിച്ചറിയാനും ഗുഹയിലേക്ക് പോകുക” എന്ന ക്ഷണം സ്വീകരിച്ച് ബെദ്ല്ഹേമിലെ ഇടയന്മാരെപ്പോലെയാകാം. ഇത് നമ്മുടെ ഹൃദയത്തിൽ സന്തോഷം നിറയ്ക്കുകയും സങ്കടമുള്ളിടത്തെല്ലാം ആ സന്തോഷം കൊണ്ട്ചെല്ലാന്‍ നമ്മെ അനുവദിക്കുകയും ചെയ്യും. ഉണ്ണി യേശുവിനെ നോക്കിക്കാണുകയും, വീട്ടിൽ ഇടമില്ലാത്തതിനാല്‍ പുൽത്തൊട്ടിയിൽ തന്‍റെ പുത്രനെ കിടത്തിയ മറിയത്തോടും ഭർത്താവായ  ജോസഫിനോടൊപ്പം നമ്മെ തിരിച്ചറിയുകയും ചെയ്യാം. രാത്രിയെ പ്രകാശിപ്പിക്കുന്ന, നിസ്സംഗതയെ ഇല്ലാതാക്കുന്ന, സ്വർഗ്ഗീയ പിതാവിനാൽ സ്നേഹിക്കപ്പെടുന്നവരുടെ സന്തോഷത്തിനായി, ഹൃദയങ്ങൾ തുറക്കുവാന്‍ അവിടുത്തെ പുഞ്ചിരി സഹായിക്കട്ടെ! എന്ന് പാപ്പാ ഉപസംഹരിച്ചു.

02 December 2019, 16:15