ഫ്രാന്‍സിസ് പാപ്പാ, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍, ബുധനാഴ്ച (18/12/2019) പ്രതിവാര പൊതുദര്‍ശനം അനുവദിക്കാന്‍ എത്തുന്നു. ഫ്രാന്‍സിസ് പാപ്പാ, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍, ബുധനാഴ്ച (18/12/2019) പ്രതിവാര പൊതുദര്‍ശനം അനുവദിക്കാന്‍ എത്തുന്നു. 

പുല്‍ക്കൂട്: കരവിരുതില്‍ വിരിഞ്ഞ ശാന്തിരൂപം!

"പുല്‍ക്കൂട് ഒരുക്കുകയെന്നാല്‍ ദൈവത്തിന്‍റെ സമീപതയുടെ ആഘോഷമാണ്"- ഫ്രാന്‍സീസ് പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

റോമാപുരി പൊതുവെ കാര്‍മേഘാവൃതമായിരുന്നു ഈ ബുധനാഴ്ച (18/12/19) എന്നിരുന്നാലും വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാല വേദിയാക്കി ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിവിധരാജ്യാക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ ഏഴായിരത്തിലേറെപ്പേര്‍ എത്തിയിരുന്നു. പൊതുദര്‍ശനം അനുവദിക്കുന്നതിനായി പാപ്പാ, ശാലയില്‍ പ്രവേശിച്ചപ്പോള്‍ ജനസഞ്ചയത്തിന്‍റെ  ആനന്ദാരവങ്ങള്‍ ഉയര്‍ന്നു. 

ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, നീങ്ങിയ പാപ്പാ കുഞ്ഞുങ്ങളെ തലോടി ചുംബിച്ച് ആശീര്‍വ്വദിക്കുന്നുണ്ടായിരുന്നു. ഇരുവശത്തു നിന്നും പാപ്പായെ സ്പര്‍ശിക്കുന്നതിന് കരങ്ങള്‍ നീളുന്നതിനി‌ടെ ചിലര്‍ക്ക്   പാപ്പാ ഹസ്തദാനമേകുകയും ചിലരോടു കുശലനാന്വേഷണം നടത്തുകയും ചെയ്തുകൊണ്ട് മുന്നോട്ടു നീങ്ങി. ചിലര്‍ നല്കിയ ചെറുസ്നേഹോപഹാരങ്ങള്‍ പാപ്പാ സ്വീകരിക്കുന്നുമുണ്ടായിരുന്നു. നടന്ന് വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ ഏതാണ്ട് 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സുവിശേഷം:

“(15) ദൂതന്മാര്‍ അവരെവിട്ട്, സ്വര്‍ഗ്ഗത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്മാര്‍ പരസ്പരം പറഞ്ഞു: നമുക്ക് ബത്ലഹേം വരെ പോകാം. കര്‍ത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം.(16) അവര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു” (ലൂക്കാ 2:15,16) .

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ  പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ സന്ദേശം നല്കി.

പ്രഭാഷണ സംഗ്രഹം:

തിരുപ്പിറവിതിരുന്നാളിനുള്ള ഒരുക്കം

ഒരാഴ്ചയ്ക്കുള്ളില്‍ തിരുപ്പിറവിത്തിരുന്നാളാണ്. ഈ തിരുന്നാളിനുള്ള ഒരുക്കത്തിന്‍റെതായ പരക്കം പാച്ചിലിലായിരിക്കുന്ന ഈ വേളയില്‍ നമുക്ക് സ്വയം ചോദിക്കാം: “ഉണ്ണിയേശുവിന്‍റെ ജനനത്തിരുന്നാളിന് ഞാന്‍ എങ്ങനെയാണ് ഒരുങ്ങുന്നത്?” ഈ ഒരുക്കത്തിന്‍റെ ലളിതവും എന്നാല്‍ കാര്യക്ഷമവുമായ ഒരുക്കത്തിന്‍റെ ഒരു രീതിയാണ് പുല്‍ക്കൂട് തയ്യാറാക്കല്‍. ഞാനും ഇക്കൊല്ലം ഈ ശൈലിയാണ് അവലംബിച്ചത്. ആദ്യത്തെ പുല്‍ക്കൂട് തദ്ദേശീയരെ ഉള്‍ക്കൊള്ളിച്ച് വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി ഒരുക്കിയ ഇടമായ ഗ്രേച്ചൊയില്‍ ഞാന്‍ പോയി. പുല്‍ക്കൂട് തയ്യാറാക്കുന്ന പാരമ്പര്യത്തിന്‍റെ പൊരുള്‍, തിരുപ്പിറവിക്കാലത്ത് പുല്‍ക്കൂടിന്‍റെ അര്‍ത്ഥം, എന്താണ് എന്നു വിശദീകരിക്കുന്ന ഒരു കത്ത് ഞാന്‍ തയ്യാറാക്കി.

പുല്‍ക്കൂട്:സജീവ സുവിശേഷം

പുല്‍ക്കൂട് “ജീവനുള്ള സുവിശേഷം പോലെയാണ്”. ഒരുവന്‍ ജീവിക്കുന്നത് എവിടെയാണൊ അവിടെ, അതായത്, ഭവനങ്ങളില്‍, ആശുപത്രികളില്‍, പരിചരണ കേന്ദ്രങ്ങളില്‍, കാരാഗൃഹങ്ങളില്‍, ചത്വരങ്ങളില്‍ എല്ലാം, സുവിശേഷം എത്തിക്കുകയാണ്. അത്, നാം വസിക്കുന്നിടത്ത് നമ്മെ സത്താപരമായ ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു, അതായത്, ദൈവം അദൃശ്യനായി സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്നവനല്ല, പിന്നെയൊ, ഭൂമിയിലേക്കു വരുകയും, മനുഷ്യനായി, പൈതലായിത്തീരുകയും ചെയ്തിരിക്കുന്നു. പുല്‍ക്കൂടുണ്ടാക്കുയെന്നാല്‍ ദൈവത്തിന്‍റെ സാമീപ്യം ആഘോഷിക്കലാണ്. ദൈവം എന്നും സ്വന്തം ജനത്തിന്‍റെ ചാരെ ഉണ്ട്, എന്നാല്‍, ശരീരം ധരിക്കുകയും പിറക്കുകയും ചെയ്തപ്പോള്‍ വളരെ അടുത്തായി, ഏറ്റവും സമീപത്തായി. ദൈവത്തിന്‍റെ സാമീപ്യം ആഘോഷിക്കുകയെന്നാല്‍ ദൈവം യാഥാര്‍ത്ഥ്യമാണെന്ന്, സമൂര്‍ത്തമാണെന്ന്, ജീവനുള്ളവനാണെന്ന്, തുടിപ്പുള്ളവനാണെന്ന്  വീണ്ടും കണ്ടെത്തുകയാണ്. ദൈവം വിദൂരസ്ഥനായ നാഥനല്ല, അകന്നു നില്ക്കുന്ന ഒരു വിധിയാളനല്ല, പ്രത്യുത, അവിടന്ന് നമ്മുടെ അടുത്തേക്കുവരെ ഇറങ്ങിവന്ന എളിമയാര്‍ന്ന സ്നേഹമാണ്. പുല്‍ത്തൊട്ടിയില്‍ ശയിക്കുന്ന ശിശു അവിടത്തെ സ്നിഗ്ദ്ധത നമുക്കു പകര്‍ന്നു തരുന്നു. കൈകള്‍ വിരിച്ചു പിടിച്ചിരിക്കുന്ന രീതിയിലുള്ളതാണ് ഉണ്ണിയേശുവിന്‍റെ ചില രൂപങ്ങള്‍. ദൈവം വന്നിരിക്കുന്നത് നരകുലത്തെ മുഴുവന്‍ ആശ്ലേഷിക്കാനാണ് എന്നാണ് ഈ രൂപങ്ങള്‍ നമ്മോടു പറയുന്നത്. ആകയാല്‍, പുല്‍ക്കൂടിന് മുന്നില്‍ നല്ക്കുകയും നമ്മുടെ ജീവിതം കര്‍ത്താവിനു സമര്‍പ്പിക്കുകയും നമുക്കു പ്രിയപ്പെട്ടവരെക്കുറിച്ചും നമ്മുടെ സാഹചരങ്ങളെക്കുറിച്ചും അവിടത്തോടു സംസാരിക്കുകയും അന്ത്യത്തോടടുക്കുന്ന വര്‍ഷത്തെക്കുറിച്ച് അവിടത്തോടൊന്നു ചേര്‍ന്ന് പുനരവലോകനം ചെയ്യുകയും ആശകളും ആശങ്കകളും അവിടന്നുമായി പങ്കുവയ്ക്കുകയും ചെയ്യുന്നത് മനോഹരമാണ്.

മറിയവും യൗസേപ്പും തിരുക്കുടുംബവും

യേശുവിന്‍റെ ചാരെ മറിയത്തെയും യൗസേപ്പിനെയും നാം കാണുന്നു. ശിശു ദാരിദ്ര്യത്തില്‍ പിറന്നപ്പോള്‍ അവര്‍ക്കുണ്ടായ ചിന്തകളും വികാരങ്ങളും നമുക്ക് ചിന്തിച്ചെടുക്കാന്‍ കഴിയും. സന്തോഷവും ഒപ്പം ഭീതിയും. തിരുക്കുടുംബത്തെ നമുക്ക് ആനന്ദങ്ങളും ആശങ്കകളുമുള്ളതും, നാം ഉറക്കമുണരുകയും ഭക്ഷണം കഴിക്കുകയും, ഉറങ്ങുകയും, ഏറ്റം പ്രിയപ്പെട്ടവരുടെ ചാരെ ആയിരിക്കുകയും ചെയ്യുന്ന  നമ്മുടെ ഭവനങ്ങളിലേക്കു ക്ഷണിക്കാന്‍ സാധിക്കും. പുല്‍ക്കൂട് ഒരു “ഗാര്‍ഹിക സുവിശേഷം” ആണ്. പുല്‍ക്കൂട് എന്നത്  കാലിത്തൊഴുത്തിനെ സൂചിപ്പിക്കുന്നു. “ബത്ലഹേം” എന്ന പദത്തിന്‍റെ  പൊരുളാകട്ടെ “അപ്പത്തിന്‍റെ ഭവനം” എന്നാണ്. കാലിത്തൊഴുത്തും അപ്പത്തിന്‍റെ  ഭവനവും. നാം ഭക്ഷണവും സ്നേഹവും പങ്കുവയ്ക്കുന്ന ഭവനത്തില്‍ ഒരുക്കുന്ന പുല്‍ക്കൂട് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, യേശു ഭോജ്യമാണ്, ജീവന്‍റെ അപ്പമാണ് എന്നാണ്. അവിടന്നാണ് നമ്മുടെ സ്നേഹത്തെ പോഷിപ്പിക്കുന്നത്, മുന്നേറാനും പൊറുക്കാനുമുള്ള ശക്തി നമുക്കേകുന്നത് അവിടന്നാണ്.

പുല്‍ക്കൂടിന്‍റെ ആനുകാലിക പ്രസക്തി

പുല്‍ക്കൂട് മറ്റൊരു ജീവിത പാഠവും നമുക്കേകുന്നു. പലപ്പോഴും ഇന്നിന്‍റെ ഭ്രാന്തമായ താളക്രമത്തിനിടയില്‍ ധ്യാനത്തിനുള്ള ഒരു ക്ഷണമാണ് പുല്‍ക്കൂട്. നിയന്ത്രണത്തിന്‍റെ  പ്രാധാന്യത്തെക്കുറിച്ച് അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മനനാവസ്ഥയില്‍ മാത്രമെ നമുക്ക് നമ്മുടെ ജീവിതത്തില്‍ സത്താപരമായവ എന്തെന്ന് മനസ്സിലാക്കാന്‍ കഴിയുകയുള്ളു. പുല്‍ക്കൂട് വര്‍ത്തമാനകാലപ്രസക്തമാണ്. ഒരോ കുടുംബത്തിന്‍റെയും നിജസ്ഥിതിയാണ് അത്.

അനുദിനം നിരവധി ആയുധങ്ങളും അതിക്രമത്തിന്‍റെ നിരവധി രൂപങ്ങളും ഉല്പാദിപ്പിക്കുകയും അവ കണ്ണുകളിലും ഹൃദയങ്ങളിലും സ്ഥാനം പിടിക്കുകയും ചെയ്യുന്ന ഇന്ന് എക്കാലത്തെയുംകാള്‍ പ്രസക്തമാണ് പുല്‍ക്കൂട്. പുല്‍ക്കൂട് കരവിരുതില്‍ വിരിഞ്ഞ സമാധാനത്തിന്‍റെ രൂപമാണ്. അതുകൊണ്ടുതന്നെയാണ് പുല്‍ക്കൂട്  സജീവ സുവിശേഷം ആകുന്നത്.

ജീവിതപൊരുളിന്‍റെ ആവിഷ്കാരം

പ്രിയ സഹോദരീ സഹോദരന്മാരേ, ജീവിതത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ചുള്ള ഒരു പ്രബോധനവും പുല്‍ക്കുടില്‍ നിന്ന് നമുക്കുള്‍ക്കൊള്ളാന്‍ സാധിക്കും. അനുദിനജീവിത രംഗങ്ങള്‍ നാം അതില്‍ കാണുന്നു: അജഗണങ്ങളെയും ആട്ടിടയരെയും, ഇരുമ്പില്‍ അടിക്കുന്ന കൊല്ലനെയും ധാന്യം പൊടിക്കുന്നവനെയുമെല്ലാം അതില്‍ കാണാം. ചിലപ്പോള്‍ നാടന്‍ പ്രദേശങ്ങളും നമ്മുടെ പ്രദേശങ്ങളിലെ അവസ്ഥകളും അതിലുള്‍ക്കൊള്ളിക്കുന്നു. തീര്‍ച്ചയായും അത് ഉചിതം തന്നെ. കാരണം പുല്‍ക്കൂട് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, യേശു നമ്മുടെ യഥാര്‍ത്ഥ ജീവിത്തിലേക്കു വരുന്നു എന്നാണ്. ഇതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതായത്, എന്നും ഭവനത്തില്‍ ഒരു ചെറു പുല്‍ക്കൂട് തീര്‍ക്കണം, എന്തെന്നാല്‍ അത് ദൈവം നമ്മുടെ പക്കലേക്ക് വന്നതിന്‍റെ  ഓര്‍മ്മയാണ്, നമ്മുടെ ഇടയില്‍ പിറന്നതിന്‍റെ ഓര്‍മ്മയാണ്, അവിടന്ന് നമ്മുടെ ജീവിതത്തില്‍ തുണയാകുന്നു, അവിടന്ന് നമ്മെപ്പോലെ ഒരു മനുഷ്യനാണ്, നമ്മെപ്പോലെ ഒരുവനായിത്തീര്‍ന്നു. അനുദിന ജീവിതത്തില്‍ നാം ഇനിയൊരിക്കലും തനിച്ചല്ല, അവിടന്ന് നമ്മോടുകൂടെ വസിക്കുന്നു. അവിടന്ന് നമ്മുടെ ജീവിതത്തില്‍ വസിക്കുമ്പോള്‍ ജീവന്‍ നവീകരിക്കപ്പെടുന്നു. ജീവന്‍ പുതിയ ജീവിതമാകുമ്പോള്‍ അത് സത്യമായും തിരുപ്പിറവിയാണ്. എല്ലാവര്‍ക്കും തിരുപ്പിറവിയുടെ ആശംസകള്‍! 

സമാപനാഭിവാദ്യവും ആശീര്‍വ്വാദവും    

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, തദ്ദനന്തരം, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്,  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 December 2019, 13:18