SOUTHSUDAN-POLITICS/POPE-CHRISTMAS SOUTHSUDAN-POLITICS/POPE-CHRISTMAS 

തെക്കന്‍ സുഡാനോട് പാപ്പായുടെ നേതൃത്വത്തില്‍ സമാധാനാഭ്യര്‍ത്ഥന

തെക്കന്‍ സുഡാന്‍റെ ഇടക്കാല സര്‍ക്കാരിനോട് പാപ്പാ ഫ്രാന്‍സിസിനോടു ചേര്‍ന്ന് സഭകള്‍ സമാധാനാഭ്യര്‍ത്ഥന നടത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. കൂട്ടുചേര്‍ന്നൊരു സമാധാനാഭ്യര്‍ത്ഥന
ഡിസംബര്‍ 25–Ɔο തിയതി ക്രിസ്തുമസ് ദിനത്തില്‍ രാവിലെ തന്നെയാണ് ആംഗ്ലിക്കന്‍ സഭാതലവന്‍, ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ ബില്‍ബി, പ്രസ്ബിത്തേരിയന്‍ സഭയുടെ മോഡറേറ്റര്‍, തലവന്‍ റവറെന്‍റ് ജോണ്‍ കാല്‍മേഴ്സ് എന്നിവരോടു ചേര്‍ന്ന് സമാധാനത്തിനുള്ള സംയ്കുത അഭ്യര്‍ത്ഥന നടത്തിയത്. തെക്കന്‍ സുഡാന്‍ സമാധാന കരാറുകള്‍ ഒരുക്കുന്ന ക്രിസ്തുമസിന്‍റെയും പുതുവത്സരത്തിന്‍റെയും പവിത്രമായ കാലത്ത് ‍ജനങ്ങള്‍ക്ക് സമാധാനവും സമൃദ്ധിയും കൈവരിക്കുവാന്‍ പോരുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കട്ടെയെന്ന് സംയുക്ത സന്ദേശം ആഹ്വാനംചെയ്തു. സമാധാന ഉടമ്പടിയുണ്ടാക്കാന്‍ ശ്രമിക്കുന്ന ഈ അടിയന്തിര ഘട്ടത്തില്‍ തങ്ങളുടെ പ്രാര്‍ത്ഥനാ സാന്നിദ്ധ്യം തെക്കന്‍ സുഡാനിലെ താല്ക്കാലിക നേതൃത്വത്തിനും ജനങ്ങള്‍ക്കും നേരുന്നതായി മൂന്നു ആത്മീയ നേതാക്കളും സന്ദേശത്തിലൂടെ അറിയിച്ചു.

2. സമാധാനവഴികളിലെ പ്രാര്‍ത്ഥന
അനുരഞ്ജനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാതിയില്‍ നവമായ അര്‍പ്പണത്തോടെ മുന്നേറാന്‍ തെക്കന്‍ സുഡാനിലെ ജനതയെ രക്ഷകനായ ക്രിസ്തു തുണയ്ക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും, ജനങ്ങളില്‍ ഓരോരുത്തരിലും, രാഷ്ട്രത്തില്‍ ആകമാനവും ദൈവാനുഗ്രഹം വളരട്ടെയെന്നും ആശംസിക്കുന്നതായും സന്ദേശം രേഖപ്പെടുത്തി. അവിടത്തെ ജനങ്ങളുടെ കാലടികളെ സമധാന രാജാവായ യേശു നന്മയുടെയും സത്യത്തിന്‍റെയും പാതയില്‍ നയിക്കട്ടെ, എന്ന ആശംസയോടെയാണ് മൂന്നു ആത്മീയ നേതാക്കളും ഒപ്പുവച്ച സംയുക്ത പ്രസ്താവന ഉപസംഹരിച്ചത്.

3. രക്തച്ചൊരിച്ചിലിന് അറുതിവരുത്താന്‍
2011-ല്‍ സ്വാതന്ത്ര്യം നേടിയ ഈ ബഹുഭൂരിപക്ഷം മുസ്ലീങ്ങളുള്ള രാജ്യം രാഷ്ട്രീയമായി കലുഷിതമായ അവസ്ഥയിലാണ്. ഡിസംബര്‍ 25-ന് ക്രിസ്തുമസ് ദിനത്തില്‍പ്പോലും വിമതരും മിലിട്ടറി പിന്‍തുണയോടെയുള്ള താല്ക്കാലിക ഭരണകൂടവും തമ്മിലുണ്ടായ സംഘട്ടനത്തില്‍ കൊലയും കൊലപാതകവും നടന്നതിന്‍റെ പശ്ചാത്തലത്തിലാണ് സമാധാനത്തിനുള്ള സഭകളുടെ സംയുക്ത അഭ്യര്‍ത്ഥന താല്ക്കാലിക സര്‍ക്കാരിന്‍റെ മുന്നില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ അടിയന്തിരമായി മുന്നോട്ടുവച്ചിരിക്കുന്നത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 December 2019, 10:31