ഫ്രാന്‍സീസ് പാപ്പായും  കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമനും ഒരുമിച്ച്, ഒരു പഴയ ചിത്രം 17/09/2019 ഫ്രാന്‍സീസ് പാപ്പായും കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമനും ഒരുമിച്ച്, ഒരു പഴയ ചിത്രം 17/09/2019  

പുനരൈക്യത്തിന് പരസ്പരാദരവിലധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍!

ഫ്രാന്‍സീസ് പാപ്പാ കോണ്‍സ്റ്റന്‍റിനോപ്പിളിലെ ഓര്‍ത്തഡോക്സ് സഭയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ അപ്പസ്തോലന്‍ വിശുദ്ധ അന്ത്രയോസിന്‍റെ തിരുന്നാള്‍ ദിനമായ നവമ്പര്‍ 30-ന് എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമന് തിരുന്നാളാശംസകള്‍ നേര്‍ന്നു, പുനരൈക്യശ്രമങ്ങളുടെ തുടര്‍ച്ച ഉറപ്പു നല്കി.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പാശ്ചാത്യ-പൗരസ്ത്യ ക്രൈസ്തവര്‍ക്കിടയില്‍ സമ്പൂര്‍ണ്ണ ഐക്യം പുനസ്ഥാപിക്കാനുള്ള യത്നം തുടരുകയെന്ന കത്തോലിക്കാസഭയുടെയും തന്‍റെയും ദൃഢ നിശ്ചയം പാപ്പാ കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമന് ഒരിക്കല്‍ക്കൂടി ഉറപ്പുനല്കുന്നു.

കോണ്‍സ്റ്റന്‍റിനോപ്പിളിലെ ഓര്‍ത്തഡോക്സ് സഭയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ അപ്പസ്തോലന്‍ വിശുദ്ധ അന്ത്രയോസിന്‍റെ തിരുന്നാള്‍ ദിനമായ നവമ്പര്‍ 30-ന് പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധിസംഘം വഴി കൊടുത്തയച്ച തിരുന്നാളാശംസാസന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ പുനരൈക്യശ്രമത്തിന്‍റെ  പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ട് ആഗോളകത്തോലിക്കാസഭയുടെ ഈ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഈ തിരുന്നാളിനോടനുബന്ധിച്ച് കോണ്‍സ്റ്റന്‍റിനോപ്പിളില്‍ എത്തിയ പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധിസംഘത്തിന്‍റെ തലവന്‍, ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കുര്‍ത്ത് കോഹ് പാപ്പായുടെ സന്ദേശം എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമന് ശനിയാഴ്ച (30/11/19)കൈമാറി.

അനുവര്‍ഷം ജൂണ്‍ 29-ന് പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാള്‍ ദിനത്തില്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമന്‍റെ ഒരു പ്രതിനിധി സംഘം വത്തിക്കാനിലെത്തി മാര്‍പ്പാപ്പായെ സന്ദര്‍ശിക്കാറുണ്ട്.

കത്തോലിക്കാ-ഓര്‍ത്തോഡോക്സ് സഭകളുടെ സമ്പൂര്‍ണ്ണ പുനരൈക്യശ്രമങ്ങള്‍ ദൈവവിജ്ഞാനീയ സംഭാഷണങ്ങളില്‍ ഒതുങ്ങി നില്ക്കുന്നതല്ലയെന്നും സഭാജീവിതത്തിന്‍റെ ഇതര സരണികളും ഈ പ്രക്രിയയുടെ പൂര്‍ത്തീകരണത്തിന് ആവശ്യമാണെന്നും പാപ്പാ വ്യക്തമാക്കുന്നു.

പരസ്പരാദരവിന്‍റെയും മതിപ്പിന്‍റെയും അധികൃതമായ പ്രവര്‍ത്തികളിലൂടെയുമാണ് കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭകളുടെ ബന്ധങ്ങള്‍ വളരുന്നതെന്നു പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു.

കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭകളുടെ ദൈവശാസ്ത്ര സംഭാഷണ സംയുക്ത അന്താരാഷ്ട്ര സമിതിക്ക് രൂപം നല്കപ്പെട്ടിട്ട് ഇക്കൊല്ലം 4 പതിറ്റാണ്ട് പൂര്‍ത്തിയാകുന്നതും പാപ്പാ തന്‍റെ സന്ദേശത്തില്‍ അനുസ്മരിക്കുന്നു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 November 2019, 12:38