പാപ്പായ്ക്ക് ചുറ്റും ജപ്പാന്‍ ജനത... പാപ്പായ്ക്ക് ചുറ്റും ജപ്പാന്‍ ജനത... 

സമാധാന ദൂതുമായി ഫ്രാന്‍സിസ് പാപ്പാ ജപ്പാനില്‍

ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തി രണ്ടാമത്തെ അപ്പോസ്തോലിക സന്ദർശനത്തോടനുബന്ധിച്ച് നവംബർ 24 ആം തിയതി മദ്ധ്യാഹനം മുതല്‍ 25 ആം തിയതി മദ്ധ്യാഹനം വരെ ജപ്പാനില്‍ നടന്ന പരിപാടികളുടെ സംക്ഷിപ്ത വിവരണം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

നവംബർ 24, 11.15ന് മെത്രാപ്പോലീത്തായുടെ മന്ദിരത്തിലേക്ക് യാത്രയാകാൻ കാറിൽ കയറുന്നതിനു മുമ്പ് പാപ്പായ്ക്ക് ദൈവദാസനായ ജൂലിയാനോ നകൗരായുടെ (1568-1633) ഒരു ചിത്രം നല്‍കി. ജൂലിയാനോ നകൗരാ ക്രിസ്തീയ മതം സ്വീകരിച്ച നാടുവാഴികളുടെ ആവശ്യപ്രകാരം മൂന്നു യുവാക്കൾക്കൊപ്പം റോമിലേക്ക് നയതന്ത്ര യാത്ര നടത്തി. ഈശോസഭയിൽ ചേർന്ന് വൈദീകനാവുകയും, ക്രിസ്ത്യാനികൾക്കെതിരെ നടന്ന പീഡനത്തിൽ രക്ത സാക്ഷിയാകുകയും ചെയ്തു. നാഗസാക്കിയിൽ 2008 നവംബർ 23ന് ജപ്പാനിലെ മറ്റ് 187 രക്തസാക്ഷികൾക്കൊപ്പം ദൈവദാസനായി ഉയർത്തി.

മെത്രാസന മന്ദിരം

മെത്രാസന മന്ദിരം പടിഞ്ഞാറൻ ശൈലിയിൽ തീർത്ത ആധുനീക കെട്ടിടമാണ്. ഇളം നിറത്തിൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിർമ്മിച്ച ഈ കെട്ടിടം ടെൻഷു പാർക്കിനോടു ചേർന്നാണ്. മെത്രാസന മന്ദിരത്തോടു ചേർന്ന് സാന്താ മരിയാ കത്തീഡ്രലും സ്ഥിതിചെയ്യുന്നു. നാഗസാക്കിയിൽ തന്നെയാണ് ജപ്പാനിലെ  വിശുദ്ധരായ 26 രക്തസാക്ഷികളുടെ ബസിലിക്കയുമുള്ളത്. 11.25ന് അവിടെ എത്തിയ പാപ്പായെ 14 സെമിനാരി വിദ്യാർത്ഥികളും നാഗസാക്കിയിൽ തുടങ്ങിയ രണ്ടു സന്യാസസഭകളിൽ നിന്നുള്ള 15 വൈദീകാർത്ഥികളും ചേർന്ന് സ്വീകരിച്ചു. പിന്നീട് പാപ്പാ ഉച്ചഭക്ഷണത്തിനായി പിൻവാങ്ങി. 1.20ന് 600 മീറ്റർ അകലെയുള്ള ബേസ്ബോൾ മൈതാനത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് കൂരിയായിലെ 16 ജോലിക്കാരെയും പാപ്പാ അഭിവാദനം ചെയ്തു.

നാഗസാക്കിയിലെ ബേസ്ബോൾ മൈതാനം

നാഗസാക്കിയിലെ ബേസ്ബോൾ മൈതാനം ചുവപ്പും വെള്ളയും നിന്നുള്ള കല്ലിൽ പണിതീർത്ത പഴയകാല പോർക്കളങ്ങളെ ഓർമ്മിപ്പിക്കുന്നു. നാല് നിലകളായുള്ള സ്റ്റേഡിയത്തിന്‍റെ പണി 1996-97ലാണ് പൂർത്തീകരിച്ചത്. 25000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുള്ള ഈ മൈതാനത്തിൽ പരിശീലനത്തിനായുള്ള  ഒരു ഇൻഡോർ (അന്തർഗൃഹ) ഗ്രൗണ്ടും പ്രാദേശീക ബേസ്ബോളിനെ കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു ശാലയും ഉണ്ട്. സെയ്ന്‍റ്സ് എന്ന പ്രാദേശീക ബേസ്ബോൾ ക്ലബിന്‍റെ നാടാണ് നാഗസാക്കി. 1.30 ന് മൈതാനത്തിലെത്തിയ പാപ്പാ പതിനഞ്ചു മിനിറ്റോളം  വിശ്വാസികളെ അഭിവാദ്യം ചെയ്ത് വലം വച്ചു. 1.45 ന് സങ്കീർത്തി മുറിയിൽ പ്രവേശിച്ചു. തിരുവസ്ത്രങ്ങളണിഞ്ഞ് 2.00 മണിക്ക് ദിവ്യപൂജ ആരംഭിച്ചു. ക്രിസ്തു നാഥന്‍റെ രാജത്വത്തിരുനാൾ ദിവ്യബലി ലാറ്റിൻ ഭാഷയിലാണ് അർപ്പിക്കപ്പെട്ടത്. ഒന്നാം വായന 2 സാമുവൽ 5, 1 - 3 ജപ്പാൻ ഭാഷയിലും രണ്ടാം വായന 1 കൊളോ. 12 - 20 ഇംഗ്ലീഷിലും സുവിശേഷം ലൂക്കാ 23, 35-43 ജപ്പാൻ ഭാഷയിലുമായിരുന്നു. തുടർന്ന് പാപ്പാ സുവിശേഷ പ്രഘോഷണം നടത്തി.

വിശ്വാസികളുടെ പ്രാർത്ഥന സ്പാനിഷ്, കൊറിയൻ, താഗലോഗ്, ജപ്പാനീസ്, വിയറ്റ്നാമി ഭാഷകളിലായിരുന്നു. ദിവ്യബലിക്ക് ശേഷം നാഗസാക്കിയിലെ മെത്രാപ്പോലീത്താ മോൺ. ജോസഫ് മിത്സുവാക്കി താക്കാമി പാപ്പായക്ക് ആശംസകൾ നേർന്നു.  3.30 ന്  സങ്കീർത്തിയിലെത്തി തിരുവസ്ത്രങ്ങൾ മാറിയ ശേഷം പാപ്പാ 32 കി.മി. അകലെയുള്ള നാഗസാക്കി വിമാനത്താവളത്തിലേക്ക് കാറിൽ യാത്രയായി. 4.25ന് തീർത്തും സ്വകാര്യമായ രീതിയിൽ നാഗസാക്കി അതിരൂപതയിലെ 15 വ്യക്തികളെ അഭിവാദനം ചെയ്ത് പാപ്പാ പ്രോട്ടോക്കോളുകളില്ലാതെ വിമാനത്തിൽ 16.35ന് ഹിരോഷിമയിലേക്ക് യാത്രയായി. 461 കി.മി. അകലെയുള്ള ഹിരോഷിമയിലെത്താൻ ഒരു മണിക്കൂറും 10 മിനിറ്റും എടുത്തു. All Nippon Airways ന്‍റെ A321 വിമാനത്തിലായിരുന്നു യാത്ര. 5.45 ന്ഹിരോഷിമാ വിമാനത്താവളത്തിലെത്തിയ പാപ്പായെ ഹിരോഷിമാ മെത്രാൻ മോൺ.അലെക്സിസ് മിത്സുറു ഷിരഹാമായും പൗര, സഭ അധികാരികളും ചേർന്ന് സ്വീകരിച്ചു. രണ്ടു കുട്ടികൾ പാപ്പായ്ക്ക് പുഷ്പങ്ങൾ സമ്മാനിച്ചു.

ഹിരോഷിമാ

1.199 252 നിവാസികളുള്ള ഹിരോഷിമയുടെ പേരിനർത്ഥം വലിയ ദ്വീപ് എന്നാണ്. ചുഗോക്കോ പ്രവിശ്യയുടെ ഏറ്റം വലിയ നഗരം തലസ്ഥാനുമായ ഹിരോഷിമാ ജപ്പാനിലെ ഏറ്റം വലിയ ദ്വീപാണ്. 1589  കടൽ തീരത്ത് ദയിംയോ പ്രഭു കുടുംബത്തിൽപ്പെട്ട മൊറീ തെറുമോട്ടോ ഒരു  കോട്ടപണിത് തലസ്ഥാനമാക്കി. 1600 ൽ തോക്കുഗാവാ ഇയേയാസു മൊറിയെ തോല്‍പ്പിച്ച്  ഹിരോഷിമയുൾപ്പെടെ പല ഭാഗങ്ങളും കീഴടക്കി. 1619ൽ കോട്ട അസാനോ നാക്കിരായുടെ കൈകളിലെത്തി. അദ്ദേഹത്തിന്‍റെ കീഴിൽ ഹിരോഷിമാ പുരോഗമിച്ചു വികസിച്ചു. അസാനോയുടെ പിൻഗാമികൾ പത്തൊമ്പതാം നൂറ്റാണ്ടുവരെ ഭരിച്ചു. 1880 ൽ ഉജീനായിൽ പണിതീർത്ത തുറമുഖം  ജപ്പാന്‍റെ പ്രധാന വ്യാപാര കപ്പൽ തുറമുഖമായി. രണ്ടാം ലോകമഹായുദ്ധകാലത്ത്  ഹിരോഷിമയായിരുന്നു  ചുഗോക്കു പ്രാദേശീക സൈനിക കേന്ദ്രവും നാവീക സൈന്യകേന്ദ്രവും.  1945 ആഗസ്റ്റ് 6 ന്  അമേരിക്കയുടെ B -29 എനോള ഗേയ്   'ലിറ്റിൽ ബോയ്' എന്ന യുറാനിയം ആറ്റോമിക് ബോംബ്  80,000 പേരെ തൽക്ഷണം വധിക്കുകയും ഒരു കൊല്ലത്തിനിടയിൽ അത് 140000 ആയി വർദ്ധിക്കുകയും ചെയ്തു. ഹിരോഷിമ അങ്ങനെ ലോകത്തിൽ ദൗർഭാഗ്യവശാൽ പ്രസിദ്ധമായി. യുദ്ധത്തിന് ശേഷം ഹിരോഷിമയെയും  നശിപ്പിക്കപ്പെട്ട കോട്ടയും, ഷുക്കൈയെൻ തോട്ടവും തുടങ്ങിയ സ്മാരകങ്ങളെയും പുനർനിർമ്മിക്കാനും വലിയ പരിശ്രമങ്ങൾ നടന്നു. 1949 ൽ ജപ്പാൻ പാർലമെന്‍റ് സമാധാന പട്ടണമെന്ന് പ്രഖ്യാപിച്ച ഹിരോഷിമാ ഇന്ന് അന്തർദ്ദേശീയ സമാധാന സമ്മേളനങ്ങളുടെയും സാമൂഹിക കാര്യങ്ങളുടെ കേന്ദ്രവുമാണ്. ആറ്റംബോംബ് പൊട്ടിത്തെറിച്ചയിടത്ത് 1955 ൽ ഉൽഘാടനം ചെയ്ത  Peace Memorial Park ൽ ലോകം മുഴുവനിൽ നിന്നും സന്ദർശകരെത്തി ധ്യാനിക്കുന്നു. ബോംബ് സ്ഫോടനത്തിൽ തകരാതിരുന്ന ഈ പാർക്കിലെ ഏക കെട്ടിടമായ ജെൻബക്കു ഡോം അല്ലെങ്കിൽ Atomic Bomb Dome മനുഷ്യകുല പൈതൃകസമ്പത്തായി 1996 ൽ പ്രഖ്യാപിക്കപ്പെട്ടു.   രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ച ആയുധങ്ങൾ ഉരുക്കി പണിത് ജർമ്മനി സമ്മാനിച്ച "രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ആയുധങ്ങൾ ഇപ്പോൾ സമാധാനത്തി ന്‍റെ അനുസ്മരണമായി മുഴങ്ങുന്നു" എന്ന് ആലേഖനം ചെയ്ത സമാധാനമണികൾ സ്ഥാപിച്ച 45 മീറ്റർ ഉയരമുള്ള മണിമാളിക മുറാനോ തോഗോ എന്ന വാസ്തുശില്‍പി വിഭാവനം ചെയ്ത സമാധാന കത്തീഡ്രലിന്‍റെ ഭാഗമാണ്.

ഹിരോഷിമ രൂപത

31,819 കി.മി.വിസ്തൃതിയിൽ 7,533, 760 നിവാസികളുള്ള രൂപതയിൽ 20. 675 കത്തോലിക്കരുണ്ട്. 47 ഇടവകകളും 41 പള്ളികളും 21 വൈദീകരുമുണ്ട്. 40 വൈദീകരോളം സേവനമനുഷ്ടിക്കുന്ന ഇവിടെ 5 സെമിനാരി വിദ്യാർത്ഥികളും, 46 സന്യാസികളും, 185 സന്യാസിനികളും, 55 വിദ്യാഭ്യാസ സ്ഥാപനങ്ങളും, 10 ഉപവി സ്ഥാപനങ്ങളുണ്ട്. കഴിഞ്ഞ വർഷം 226  പേരുടെ ജ്ഞാനസ്നാനവും നടന്നു.

ഹിരോഷിമാ മെത്രാൻ

നാഗസാക്കി അതിരൂപതയിലെ കമിഗോട്ടോയിൽ 1962 ൽ ജനിച്ച മോൺ. അലേക്സിക്സ് മിത്സുറു ഷിരാഹാമ 1990 ൽ പുരോഹിതനായി, 2016 മെത്രാനായി അഭിഷിക്തനായി. 5.55ന് പാപ്പാ കാറിൽ ഹിരോഷിമയിലെ സമാധാന സ്മാരകത്തിലേക്ക് യാത്രയായി.

സമാധാന സ്മാരക ഉദ്യാനം

1945ൽ ആറ്റം ബോംബ് സ്ഫോടനമുണ്ടായ സ്ഥലത്താണ് ഈ സ്മാരകം ഉയർത്തിയത്. 1954ൽ ജപ്പാനിലെ വാസ്തുശില്‍പിയായ കെൻ സോ താൻഗെ രൂപകല്‍പന ചെയ്ത ഉദ്യാനം 120,000 മീറ്റർ വിസ്തീർണ്ണത്തിൽ ഹരിതയിടങ്ങളാലും വിവിധ സ്മാരകങ്ങളാലും നിറഞ്ഞതാണ്. ഉദ്യാനത്തിന്‍റെ ചിഹ്നം സമാധാനത്തിന്‍റെ സ്മാരകമായ ജെൻബക്കു  ഡോം എന്ന ആറ്റോമിക് ബോംബിന്‍റെ ഗോപുരമാണ്. ബോംബാക്രമണത്തിലെ അഗ്നിബാധയിൽ രൂക്ഷമായി അപകടപ്പെട്ട എന്നാൽ മുഴുവനായും നശിക്കാതിരുന്ന മോട്ടോയാസൂ നദീതീരത്ത്   കുംഭാകൃതിയിൽ നില്‍ക്കുന്ന ഈ സ്മാരകം പുനഃനിർമ്മിക്കാതെ ബോംബാക്രമണത്തിന്‍റെ അടയാളങ്ങളോടെ തന്നെ നിലനിർത്തിയിരിക്കുന്നു. 1915ൽ ജാൻ ലെറ്റ്സൽ എന്ന ചെക് വാസ്തുശില്‍പി വ്യാപാര മേളകൾക്കായി ഹിരോഷിമ നഗരസഭയ്ക്കായി വിഭാവന ചെയ്ത ഇവിടം 1933ൽ സർക്കാർ ഓഫീസുകളാക്കി. 1996 മുതൽ ഇവിടം മനുഷ്യനിർമ്മിതിയുടെ ഏറ്റം വിനാശകശക്തിയുടെ അടയാളമായും, എല്ലാ ന്യൂക്ലിയർ ആയുധങ്ങളുടെ നിർമ്മാർജനത്തിനും ലോകസമാധാനത്തിന് പ്രത്യാശയുടേയും   മനുഷ്യ പൈതൃകമാക്കി യുനെസ്കോ. ഉദ്യാനത്തിൽ സമാധാന സ്മാരക സ്വീകരണമുറിയും, മുൻസിപ്പൽ ഓഡിറ്റോറിയവും, സമാധാനമ്യൂസിയവും ഉണ്ട്.  മ്യൂസിയത്തിനടുത്ത് സ്മാരക കുടീരവും 1964ൽ തെളിയിച്ച സമാധാന ദീപവും കാണാം.  ജപ്പാനിലെ ഏറ്റം പുരാതന മതമായ ഷിൻതോയിസ്റ്റ് പ്രതീകാത്മകതയിൽ നിർമ്മിച്ച ആർച്ച് രൂപത്തിലുള്ള സ്മാരക കുടീരത്തിൽ ആറ്റംബോംബ് ആക്രമണത്തിൽ മരണമടഞ്ഞവരുടെ പേരുകൾ കൊത്തിവച്ചിട്ടുണ്ട്.

സമാധാനത്തിനായുള്ള കൂടിക്കാഴ്ച

6.40 ന് പാപ്പാ ഇവിടെ എത്തിച്ചേർന്നു. അവിടെ കൂടിയിരുന്ന ആയിരക്കണക്കിനാളുകളിൽ 20 മതനേതാക്കളും 20 ബോംബാക്രമണത്തിനിരയായവരും ഉണ്ടായിരുന്നു. സ്മാരകത്തിന്‍റെ അദ്ധ്യക്ഷനും, മേയറും, ഹിരോഷിമയുടെ അസംബ്ളിയുടെ അദ്ധ്യക്ഷനും, മുനിസിപ്പാലിറ്റിയുടെ പ്രധാനിയും ചേർന്ന് പാപ്പായെ സ്വീകരിച്ചു. ബഹുമാന പുസ്തകത്തിൽ ഒപ്പുവച്ചശേഷം പാപ്പാ മത നേതാക്കളേയും ബോംബാക്രമണ ഇരകളെയും അഭിവാദനം ചെയ്തു.  ഇരകളിൽ 2 പേർ പാപ്പായ്ക്ക് നല്‍കിയ പൂക്കൾ അദ്ദേഹം സ്മാരകത്തിൽ അർപ്പിച്ചു.  സമാധാനത്തിന്‍റെ അംബാസഡർ  തിരി നല്‍കി. മണികൾ മുഴങ്ങി.  പിന്നീട് പാപ്പാ നിശബ്ദതയിൽ   പ്രാർത്ഥനാമഗ്നനായി. തുടർന്ന് ഇരകളിൽ രണ്ടു പേരുടെ സാക്ഷ്യം പങ്കുവയ്ക്കലായിരുന്നു.അതിനു ശേഷം പാപ്പാ തന്‍റെ സന്ദേശം നല്‍കി. പ്രഭാഷണനത്തിന് ശേഷം ഫ്രാൻസിസ് പാപ്പാ 7.30ന് കാറിൽ ഹിരോഷിമാ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. 8.15ന് ഹിരോഷിമാ മെത്രാനോടും കൂടെയുണ്ടായിരുന്ന 15 പേരോടും യാത്ര പറഞ്ഞ പാപ്പാ  8.25 ന് വിമാനത്തിൽ ടോക്കിയോക്ക് യാത്രയായി. വിമാനത്തിലാണ് പാപ്പാ അത്താഴം കഴിച്ചത്. 9.50 ന് ടോക്കിയോ -ഹനേഡാ വിമാനത്താവളത്തിൽ വളരെ സ്വകാര്യമായ എത്തിച്ചേരലിനു ശേഷം 10.00 ന് വത്തിക്കാന്‍റെ സ്ഥാനപതി മന്ദിരത്തിലേക്ക് യാത്രയായി. 20 കി.മി. അവിടെ 10.30 ന് പാപ്പാ എത്തിച്ചേർന്നു.

 ടോക്കിയോയില്‍

9.50ന്  പാപ്പാ കാറിൽ ബെല്ലെസാല്ലെ ഹൻ സൊ മോൺലേക്ക് യാത്ര തിരിച്ചു. യാത്രയ്ക്ക് മുമ്പായി സ്കോളാസ് ഒക്കറേൻതെസ് പ്രോഗ്രാമിൽ ഉൾപ്പെട്ട 20 യുവജനങ്ങളെ അഭിവാദനം ചെയ്തു.10.00 മണിക്ക് ബെല്ലെസാല്ലെ ഹൻസൊമോണിലെത്തി.

ബെല്ലെസാല്ലെ ഹൻസൊമോൺ

ബെല്ലെസാല്ലെ ഹൻസൊമോൺ ജപ്പാന്‍റെ തലസ്ഥാന നഗരിയിലെ പ്രധാന സമ്മേളനങ്ങളും, പ്രദര്‍ശനങ്ങളും, സ്വീകരണങ്ങളും, അന്തർദേശീയ സമ്മേളനങ്ങളും നടത്തുന്ന കേന്ദ്രമാണ്. ഇവിടെ വർഷത്തിൽ ഏതാണ്ട് 11000 പരിപാടികൾ നടക്കാറുണ്ട്.

ഫുക്കുഷിമയിലെ ഭൂമികുലുക്കവും, തുടർന്നുണ്ടായ സുനാമിയും, ഫുക്കുഷിമ ന്യൂക്ലിയർ കേന്ദ്രത്തിലെ അപകടത്തിലും ഇരയായവരുമായി പാപ്പായുടെ കൂടിക്കാഴ്ച

ഇവിടെ വച്ചാണ് പാപ്പാ 2011 മാർച്ചിൽ ഫുക്കുഷിമയിലെ ഭൂമികുലുക്കവും, തുടർന്നുണ്ടായ സുനാമിയും, ഫുക്കുഷിമ ന്യൂക്ലിയർ കേന്ദ്രത്തിലെ അപകടത്തിലും ഇരയായവരുമായി പാപ്പായുടെ കൂടിക്കാഴ്ച. ടോക്കിയോയിലെ ആർച്ചുബിഷപ്പും, ഭൂമികുലുക്കവും സുനാമിയും  ഏറ്റവും നാശം വിതച്ച സെന്തായിയിലെ മെത്രാനും ചേർന്ന് പ്രവേശന കവാടത്തിൽ നിന്ന് പാപ്പായെ സ്വീകരിച്ച് ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. അപകടത്തിൽപ്പെട്ട പത്തു പേരുമായി പാപ്പാ സംസാരിച്ചു. തുടർന്ന് അവരിൽ 3 പേർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. അതിനു ശേഷം പാപ്പാ തന്‍റെ പ്രഭാഷണം ആരംഭിച്ചു. തുടര്‍ന്ന് ഒരു ഗാനാലാപനത്തോടെ പാപ്പാ ഓഡിറ്റോറിയത്തില്‍ നിന്ന് 10.50ന് 1.3 കി.മി.ദൂരത്തുള്ള രാജകൊട്ടാരത്തിലേക്ക് കാറിൽ യാത്രയായി.

രാജകൊട്ടാരം

ടോക്കിയോയിലെ രാജകൊട്ടാരം പ്രധാന സ്റ്റേഷന് സമീപം 1603 മുതൽ 18 67 വരെ ജപ്പാൻ ഭരിച്ച തോക്കു ഗവാ കുടുംബത്തിന്‍റെ ആസ്ഥാനമായ ഷോഗൺ,   ഏഡോ കോട്ട സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഇന്ന് ആ കോട്ടയുടെ ഫുഷിമി കൊത്തളത്തിന്‍റെ ഭാഗം  മാത്രമാണ് ദൃശ്യമാവുക.1869 ൽ മെയികി ചക്രവർത്തി തന്നെ ആ സ്ഥാനം ക്യോട്ടോയിൽ നിന്ന് ടോക്കിയോയ്ക്ക് മാറ്റി. അന്നു മുതൽ ഈ കൊട്ടാരമാണ് ഒദ്യോഗീക രാജകീയ ഭവനം. രണ്ടാം ലോകമഹായുദ്ധം തകർത്ത ഈ കൊട്ടാരം പിന്നീട് പുനഃനിർമ്മിക്കപ്പെട്ടു. വലിയ ഉദ്യാനങ്ങളാൽ സമ്പന്നമായ കൊട്ടാര പരിസരത്തുള്ള 300 ഓളം ചെറി മരങ്ങൾ ചുവന്നനിറം പിടിച്ച് പൂക്കുന്ന കാലമുണ്ട്. ഹിഗാഷിഗ്യോയെൻ തോട്ടവും അതിനുള്ളിലെ കൺസർട്ട് ഹാളും മനോഹരമാണ്. ഗായെൻ പാർക്കിന്‍റെ മഹിമയും അതിൽ ഉയർത്തിയ പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ച കുസുണോക്കി മസഷിഗെയുടെ ഓട്ട പ്രതിമയും കൊട്ടാരത്തിന്‍റെ പ്രധാന ആകർഷണമാണ്.

11 മണിക്ക് കൊട്ടാരത്തിലെത്തിയ പാപ്പായെ കൊട്ടാരത്തിന്‍റെ പ്രവേശന കവാടത്തിൽ വച്ച് ചക്രവർത്തി സ്വീകരിച്ച് നടുമുറ്റത്തിലൂടെ സന്ദർശന ശാലയിലേക്ക് ആനയിച്ചു. അവിടെ വച്ച് ഫോട്ടോ എടുത്ത ശേഷം ചക്രവർത്തിയുമായി സ്വകാര്യ സംഭാഷണം നടത്തിയ ശേഷം  ചക്രവർത്തി പാപ്പായെ പ്രധാന കവാടത്തിലെത്തിച്ച് യാത്രയാക്കി.

ജപ്പാൻ ചക്രവർത്തി

ജപ്പാൻ ചക്രവർത്തിയായ നരുഹിട്ടോ, മുൻ ചക്രവർത്തിയായിരുന്ന അകിഹിട്ടോയുടെയും രാജ്ഞിയായിരുന്ന മക്കിക്കോയുടെയും മൂത്ത പുത്രനായി 1960 ൽ ടോക്കിയോയിലെ തോഗു കൊട്ടാരത്തിൽ ജനിച്ചു. ടോക്കിയോയിലെ ഗക്കു ഷുയിൻ യൂണിവേഴ്സിറ്റിയിൽ നിന്ന്  ചരിത്രത്തിൽ ബിരുദം നേടിയ ശേഷം, മെർട്ടൺ കോളേജിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ 3 വർഷത്തെ പഠനത്തിന് ശേഷം ഗക്കുഷുയിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മാനുഷീക ശാസ്ത്രത്തിൽ 1988ൽ ഡോക്ടറേറ്റ് നേടി. ചക്രവർത്തിയായിരുന്ന തന്‍റെ മുത്തച്ഛൻ ഹിരോഷിട്ടോയുടെ മരണത്തോടെ 1989ൽ കിരീടാവകാശിയും, 1991 ൽ സ്ഥാനമേൽക്കുകയും ചെയ്തു. 2019 മെയ് ഒന്നിന് ജമന്തിപ്പൂക്കളുടെ കിരീടമേറുകയും 2019ലെ ഒദ്യോഗീക കിരീടധാരണച്ചടങ്ങിൽ 126ആമത്തെ ചക്രവർത്തിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. മസാക്കൊ ഒവ്വാടായാണ് രാജ്ഞി - ഇവർക്ക് ആയ്കോ എന്ന ഒരു പുത്രിയുമുണ്ട്. 11.30 ന് അമലോൽഭവ മാതാവിന്‍റെ  കത്തീഡ്രലിലേക്ക് പാപ്പാ യാത്ര തിരിച്ചു.

അമലോൽഭവ മാതാവിന്‍റെ കത്തീഡ്രൽ

ബുൺകിയോ എന്ന സ്ഥലത്ത് 1899 ൽ ഗോഥിക് ശൈലിയിൽ പണിതീർത്തതാണ് വി.അമലോൽഭവമറിയത്തിന്‍റെ നാമത്തിലുള്ള ദേവാലയം 1920ൽ കത്തീഡ്രലായി ഉയർത്തപ്പെട്ടു. 1945ൽ രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബാക്രമണങ്ങളിൽ നശിപ്പിക്കപ്പെട്ടു. പുതിയ ദേവാലയം കെൻസോ താൻകെ എന്ന ശില്‍പി 1960 രൂപകല്‍പന ചെയ്ത് 1964ൽ ഉദ്ഘാടനം ചെയ്തതാണ്. ആധുനീകരീതിയിൽ പണി കഴിച്ച ദേവാലയം 40 മീറ്റർ ഉയരമുള്ളതും 8 വളഞ്ഞ ഗതിവിജ്ഞാനീയ രൂപ മതിലുകൾ സ്വർഗ്ഗവുമായുള്ള പിരിമുറുക്കത്തെ വിശദീകരിക്കുന്നു.  സിമന്‍റിൽ തീർത്ത് ഉരുക്ക്‌കൊണ്ട് പൊതിഞ്ഞ ഈ മതിലുകൾ ഒരു വലിയ കുരിശിന്‍റെ രൂപമാണ് തീർക്കുന്നത്. 60 മീറ്റർ ഉയരമുളളതാണ് മണിമാളിക. പള്ളിക്കകം 600 പേർക്കിരിക്കാനും 2000 പേർക്ക് നിൽക്കുവാനുള്ള സൗകര്യമുണ്ട്. പ്രധാന പ്രവേശന കവാടത്തിന് മുകളിലായി രണ്ടു ഭാഗങ്ങളായി ഗായസംഘത്തിനുളളയിടത്തു 2004ൽ നിർമ്മിച്ച മഷോണി ഓപ്പൂസ് 1165 പൈപ്പോർഗൺ ജപ്പാനിൽ വച്ച് ഏറ്റം വലുതാണ്. പള്ളിക്കകത്തെ തനിമയാർന്ന  വെളിച്ച സംവിധാനവും എല്ലാം ചേർത്ത് ഈ കത്തീഡ്രൽ, ഹിരോഷിമയിലെ സമാധാന സ്മാരകം രൂപകല്‍പന ചെയ്ത താങ്കെയുടെ പ്രധാന സൃഷ്ടികളിൽ ഒന്നാണ്. പാശ്ചാത്യ, പൗരസ്ത്യ സംസ്കാരങ്ങളെ കോർത്തിണക്കിയ ഈ കത്തീഡ്രൽ ടോക്കിയോയിലെ വാസ്തുശില്‍പ ആകർഷണങ്ങളിൽ ഏറ്റം പ്രധാനമായ ഒന്നാണ്.

യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച

11.45ന് പാപ്പാ കത്തീഡ്രലിൽ എത്തിച്ചേർന്നു. ടോക്കിയോയിലെ മെത്രാപ്പോലീത്തായും, വികാരിയും, വികാരി ജനറാളും ചേർന്ന് പാപ്പായെ സ്വീകരിച്ചു. പാപ്പായ്ക്ക് ക്രൂശിത രൂപവും തളിക്കാൻ വിശുദ്ധ ജലവും നൽകി അൾത്താര വരെ നീങ്ങിയ പാപ്പയ്ക്ക് രണ്ട് യുവാക്കൾ നൽകിയ പൂക്കൾ പാപ്പാ സക്രാരിക്ക് മുന്നിൽ അർപ്പിച്ചു. നിശബ്ദതയിൽ പ്രാർത്ഥനയിൽ കുറച്ചു നേരം കഴിച്ച ശേഷം പാപ്പാ ഗായക സംഘത്തിന്‍റെ ഗാനാലാപനത്തോടെ പീഠത്തിൽ  എത്തി. തുടർന്ന് 3 യുവാക്കൾ തങ്ങളുടെ സാക്ഷ്യം പറഞ്ഞു. അതിൽ ഒരാൾ കത്തോലിക്കനും, പിന്നെ ബുദ്ധമതക്കാരനും, മറ്റൊരാൾ പ്രവാസിയുമായിരുന്നു. തുടർന്ന് ഗാനാലാപനം. അതിനു ശേഷം പാപ്പാ തന്‍റെ പ്രഭാഷണം നടത്തി. തുടർന്ന് പാപ്പായ്ക്ക് സമ്മാനങ്ങൾ നൽകി. എല്ലാം കഴിഞ്ഞ്  ഗാനാലാപനത്തോടെ പാപ്പായെ കത്തീഡ്രലിന്‍റെ മദ്ധ്യത്തിലൂടെ പുറത്തേക്കാനയിച്ചു. 12.45 ന് കാറിൽ 4.7 കി.മി അകലത്തുള്ള അപ്പോസ്തോലിക  നൂൺഷിയോയുടെ വസതിയിലേക്ക് യാത്ര തിരിച്ചു. 1.00 മണിക്ക് അവിടെ എത്തിയ പാപ്പാ തന്‍റെ സംഘത്തോടൊപ്പമാണ് ഉച്ചഭക്ഷണം കഴിച്ചത്.

ഇതോടെ ജപ്പാനില്‍ നവംബർ 24 ആം തിയതി മദ്ധ്യാഹനം മുതല്‍  25 ആം തിയതി മദ്ധ്യാഹനം വരെയുള്ള പാപ്പായുടെ  പരിപാടികള്‍ പൂര്‍ത്തിയായി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2019, 14:39